UPDATES

ആണവായുധം ആദ്യം പ്രയോഗിക്കില്ലെന്ന നയം ആവശ്യമെങ്കില്‍ മാറ്റും, ഇനി തീരുമാനം സാഹചര്യത്തിനനുസരിച്ചെന്ന് രാജ്‌നാഥ് സിംങ്‌

പൊഖ്റാനിൽ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആണവായുധം സംബന്ധിച്ച രാജ്യത്തിന്റെ പ്രഖ്യാപിതനയത്തിൽ വേണ്ടി വന്നാൽ മാറ്റം വരുത്തുമെന്ന സൂചന നൽകി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ആണവായുധം ആദ്യം പ്രയോഗിക്കില്ലെന്ന നയത്തിൽ മാറ്റം വരുത്തില്ലെന്ന് ഇപ്പോൾ പറയാനാവില്ലെന്ന് അദ്ദേഹം പറയുന്നു.

പൊഖ്റാനിൽ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇന്നുവരെ ആണവായുധം ആദ്യം പ്രയോഗിക്കില്ലെന്നായിരുന്നു നമ്മുടെ നയം, എന്നാല്‍ ഭാവിയിൽ ഇതിൽ മാറ്റം വരുത്തിയേക്കാം. അതെല്ലാം ഭാവിയിലെ സാഹചര്യങ്ങളെ അനുസരിച്ചിരിക്കും- അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

73ാം സ്വാതന്ത്ര ദിനാഘോഷത്തിന് പിന്നാലെ അതിർത്തിയിൽ വെടിനിർത്തൽ കരാര്‍ ലംഘനം റിപ്പോര്‍ട്ട് ചെയ്യുകയും നാല് പാക് സൈനികർ ഇന്ത്യയുടെ തിരിച്ചടിയിൽ കൊല്ലപ്പെടുകയും ചെയ്തതതിന് പിന്നാലെയാണ് പ്രതിരോധ മന്ത്രിയുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.

ആണവായുധങ്ങള്‍ ആദ്യം പ്രയോഗിക്കില്ലെന്നത് പല രാജ്യങ്ങളും പിന്തുടരുന്ന സമീപനമാണ്. ചൈനയാണ് 1964 ല്‍ ഇത്തരത്തിലുള്ള സമീപനം സ്വീകരിച്ചത്.

രണ്ടാം പൊഖ്‌റാന്‍ സ്‌ഫോടനത്തിന് ശേഷമാണ് ഇന്ത്യ ഇത്തരത്തില്‍ ഒരു സമീപനം സ്വീകരിച്ചത്. പ്രതിരോധാവശ്യങ്ങള്‍ക്ക് മാത്രമായിട്ടായിരിക്കും ഇന്ത്യ അണുവായുധം പ്രയോഗിക്കുകയെന്നതായിരുന്നു 1999 ല്‍ ഇന്ത്യ പുറത്തിറക്കിയ ആണവ നയം വ്യക്തമാക്കിയത്.

2010 ല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ശിവശങ്കര്‍ മേനോന്‍ ആദ്യം പ്രയോഗിക്കില്ലെന്ന നയത്തെ, ആണവേതര രാജ്യങ്ങള്‍ക്കെതിരെ പ്രയോഗിക്കില്ലെന്ന രീതിയില്‍ വ്യാഖ്യാനിച്ചിരുന്നു. 2013 ല്‍ അന്നത്തെ ദേശീയ സുരക്ഷ ഉപദേശ കൗണ്‍സില്‍ അംഗമായിരുന്ന ശ്യാം സരണ്‍ പറഞ്ഞത് ഇന്ത്യയ്‌ക്കെതിരെ ഏത് തരത്തിലുള്ള ആണവാക്രമണം ഉണ്ടായാലും വലിയ തോതില്‍ രാജ്യം തിരിച്ചടിക്കുമെന്നായിരുന്നു. ആണാവായുധം ആദ്യം പ്രയോഗിക്കില്ലെന്നായിരുന്നു കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ പ്രധാനമന്ത്രി മോദി പറഞ്ഞതും ആണവായുധം ആദ്യം പ്രയോഗിക്കില്ലെന്നായിരുന്നു.
കാശ്മീര്‍ വിഷയത്തെ തുടര്‍ന്നുള്ള സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ നയം മാറ്റ പ്രഖ്യാപനം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംങ് പ്രഖ്യാപിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്‌

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍