UPDATES

മുസാഫര്‍പൂരിലെ ബാലമരണങ്ങള്‍: ജില്ലയില്‍ ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ഡോക്ടര്‍മാരില്ല; റേറ്റിങ് നടത്താനുള്ള യോഗ്യത പോലുമില്ലെന്ന് സംസ്ഥാന ആരോഗ്യവകുപ്പ്

2018-2019 റേറ്റിങ്ങില്‍ ഈ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളെയൊന്നും ഉള്‍പ്പെടുത്തിയിരുന്നില്ല. 

മസ്തിഷ്കവീക്കം ബാധിച്ച് നൂറിലധികം കുട്ടികള്‍ മരിച്ച ബിഹാറിലെ മുസാഫര്‍പൂര്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലൊന്നിനു പോലും സര്‍ക്കാര്‍ റേറ്റിങ്ങില്‍ പൂജ്യത്തില്‍ കൂടുതല്‍ കിട്ടുകയുണ്ടായില്ലെന്ന് റിപ്പോര്‍ട്ട്. റേറ്റിങ്ങിന് വിധേയമാക്കാന്‍ പോലും യോഗ്യതയുള്ള ഒരു സര്‍ക്കാരാശുപത്രിയും ജില്ലയിലില്ല എന്നാണ് സംസ്ഥാന ആരോഗ്യവകുപ്പിന്റെ ഹെല്‍ത്ത് മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആകെ 103 പ്രൈമറി ഹെല്‍ത്ത് സെന്ററുകളാണ് (പിഎച്ച്സി) ജില്ലയിലുള്ളത്. ഒരു കമ്മ്യൂണിറ്റി ഹെല്‍‌ത്ത് സെന്ററുമുണ്ട്.

ആരോഗ്യവകുപ്പിന്റെ ഹെല്‍ത്ത് മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം പറയുന്നതു പ്രകാരം ഒരു 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പിഎച്ച്സിയില്‍ ഒരു മെഡിക്കല്‍ ഓഫീസറും രണ്ട് നഴ്സ്-മിഡ്‌വൈഫുമാരും വേണമെന്നാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സെന്ററല്ലെങ്കില്‍ ഒരു മെഡിക്കല്‍ ഓഫീസറും ഒരു നഴ്സുമാണ് വേണ്ടത്. ഈ അടിസ്ഥാനപരമായ കാര്യം പോലും ജില്ലയിലെ 103 പിഎച്ച്സികളില്‍ നടപ്പായിട്ടില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2018-2019 റേറ്റിങ്ങില്‍ ഈ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളെയൊന്നും ഉള്‍പ്പെടുത്തിയിരുന്നില്ല.

103 പിഎച്ച്സികളില്‍ 98 എണ്ണത്തിലും മിനിമം ആവശ്യങ്ങളിലൊന്നു പോലും നടപ്പായിട്ടില്ല. അതായത് റേറ്റിങ്ങിന് പരിഗണിക്കാനുള്ള യോഗ്യത പോലുമില്ല. ബാക്കി വരുന്ന അഞ്ച് പിഎച്ച്സികള്‍ക്ക് ആരോഗ്യവകുപ്പിന്റെ ഹെല്‍ത്ത് മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം നല്‍കിയിരിക്കുന്ന റേറ്റിങ് പൂജ്യമാണ്. ഈ റേറ്റിങ് അഞ്ചിലാണ് നടത്തുന്നത്. ഇതില്‍ മൂന്ന് പോയിന്റുകള്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കും രണ്ട് പോയിന്റ് സേവനങ്ങള്‍ക്കുമാണ്. ഈ രണ്ട് കാര്യത്തിലും ജില്ലയിലെ ആശുപത്രികള്‍ വലിയ പരാജയമാണ്.

ഇതുകൂടാതെയും ചില മാനദണ്ഡങ്ങള്‍ ജില്ലയില്‍ പാലിക്കപ്പെട്ടിട്ടില്ല. 30,000 പേര്‍ക്ക് ഒരു പ്രാഥമിക പൊതുജനാരോഗ്യകേന്ദ്രം വേണമെന്നാണ് സംസ്ഥാനത്തിന്റെ കണക്ക്. അങ്ങനെ നോക്കുമ്പോള്‍ മുസാഫര്‍പൂരില്‍ 170 പിഎച്ച്സികള്‍ ആവശ്യമാണ്. ആകെ 103 എണ്ണമാണ് ഇപ്പോഴുള്ളത്.

കടുത്ത വേനല്‍ച്ചൂടും സര്‍ക്കാരിന്റെ ആരോഗ്യപരിപാലനത്തിലെ പിടിപ്പുകേടുമാണ് കുട്ടികളില്‍ വ്യാപകമായി മസ്തിഷ്കവീക്കം (Acute Encephalitis Syndrome) വരാനും നൂറോളം പേര്‍ മരിക്കാനുമിടയാക്കിയതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ശരിയായ പോഷകം കുട്ടികള്‍ക്ക് ലഭിക്കാനുള്ള പദ്ധതികളൊന്നും സര്‍ക്കാര്‍ നടപ്പാക്കിയിരുന്നില്ല. കൂടാതെ മാതാപിതാക്കള്‍ക്ക് ഇക്കാര്യത്തില്‍ വേണ്ടത്ര അറിവുമില്ല. പ്രാഥമികാരോഗ്യ സമ്പ്രദായം ഏറെ പരിതാപകരമായതും പ്രശ്നത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നതിന് കാരണമായി.

2018ല്‍ ഇതേ കാരണം കൊണ്ട് 7 കുട്ടികളാണ് സംസ്ഥാനത്ത് മരണമടഞ്ഞത്. ഇതുതന്നെ ഗൗരവതരമായിട്ടും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും കാര്യമായ നടപടികളൊന്നുമുണ്ടായില്ല. പിന്നീടാണ് ഈ വര്‍ഷം ഇതുവരെ 103 കുട്ടികളാണ് മസ്തിഷ്കവീക്കം മൂലം മരണമടഞ്ഞത്. ഇവരെല്ലാം 10 വയസ്സിനു താഴെ പ്രായമുള്ളവരാണ്.

അതെസമയം പോഷകാഹാരക്കുറവ്, മാതാപിതാക്കളുടെ അവബോധരാഹിത്യം എന്നീ പ്രശ്നങ്ങള്‍ മറച്ചുപിടിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഉയര്‍ന്ന താപനിലയും ലിച്ചിപ്പഴവുമാണ് മരണകാരണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍