UPDATES

ട്രെന്‍ഡിങ്ങ്

15 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സില്ല; നടുക്കുന്ന പരാജയത്തില്‍ സ്തംഭിച്ച് പാര്‍ട്ടി

കേരളം കഴിഞ്ഞാല്‍ കോണ്‍ഗ്രസ്സിന് ആശ്വാസമേകിയത് പഞ്ചാബ് മാത്രമാണ്.

രാജ്യത്തെ 15 സംസ്ഥാനങ്ങളില്‍ ഒരു സീറ്റു പോലും നേടാനാകാതെ കോണ്‍ഗ്രസ്സ് നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും ദയനീയമായ പരാജയം. ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, ചണ്ഡിഗഢ്, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, മണിപ്പൂര്‍, മിസോറം, നാഗാലാന്‍ഡ്, ഡല്‍ഹി, രാജസ്ഥാന്‍, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസ്സിന് ഒരു സീറ്റു പോലുമില്ലാത്തത്. കേരളത്തിലൊഴികെ മറ്റൊരു സംസ്ഥാനത്തും അഭിമാനകരമെന്ന് ഉറച്ച് പറയാവുന്ന ഒരു വിജയം കോണ്‍ഗ്രസ്സിനുണ്ടായിട്ടില്ല. കേന്ദ്രഭരണ പ്രദേശങ്ങളിലും കോണ്‍ഗ്രസ്സിന് സീറ്റില്ല.

മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യം നേടിയത് 41 സീറ്റുകളാണ്.

ബിഹാര്‍, ഗോവ, ജാര്‍ഖണ്ഡ്, കര്‍ണാടക, മധ്യപ്രദേശ്, മേഘാലയ, ഒഡിഷ, പുതുച്ചേരി, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സിന് ലഭിച്ചത് ഒരു സീറ്റ് മാത്രമാണ്. ഒരു സീറ്റ് മാത്രമുള്ള പുതുച്ചേരിയൊഴിച്ചാല്‍ മറ്റിടങ്ങളില്‍ വന്‍ ചുരുങ്ങലാണ് കോണ്‍ഗ്രസ്സിന് സംഭവിച്ചിരിക്കുന്നതെന്നു കാണാം.

മഹാരാഷ്ട്രയിലെ കാര്യം മാത്രമെടുത്താല്‍ തിരിച്ചടി കോണ്‍ഗ്രസ്സിനു മാത്രമല്ലെന്നു കാണാം. എന്‍സിപിക്കും വലിയ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. ആകെ 4 സീറ്റ് മാത്രമാണ് എന്‍സിപി നേടിയത്. കര്‍ണാടകയിലാകട്ടെ കോണ്‍ഗ്രസ്സ്-ജനതാദള്‍ സഖ്യം വെറും 2 സീറ്റിലേക്ക് താഴ്ത്തപ്പെട്ടു.

കേരളം കഴിഞ്ഞാല്‍ കോണ്‍ഗ്രസ്സിന് ആശ്വാസമേകിയത് പഞ്ചാബ് മാത്രമാണ്. ഇവിടെ ബിജെപി 2 സീറ്റ് മാത്രമാണ് നേടിയത്. കോണ്‍ഗ്രസ്സ് എട്ടും എഎപി ഒന്നും സീറ്റുകള്‍ നേടി. ആകെ 13 സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. തമിഴ്നാടാണ് കോണ്‍ഗ്രസ്സിന് ആശ്വാസം നല്‍കിയ മറ്റൊരു സംസ്ഥാനം. ഇവിടെ 35 സീറ്റുകളില്‍ ഏഴെണ്ണം നേടാന്‍ കോണ്‍ഗ്രസ്സിനായി. ഡിഎംകെയുമായി സഖ്യത്തിലായിരുന്നു കോണ്‍ഗ്രസ്സ് ഇവിടെ.

അതെസമയം കോണ്‍ഗ്രസ്സിനുള്ളില്‍ ഈ പരാജയം വലിയ ഭൂകമ്പങ്ങള്‍ക്കാണ് വഴി വെച്ചിരിക്കുന്നത്. അധ്യക്ഷ സ്ഥാനത്തു നിന്നും പിന്മാറാന്‍ താന്‍ തയ്യാറാണെന്ന് രാഹുല്‍ ഗാന്ധി പാര്‍ട്ടിയെ അറിയിച്ചതായാണ് വിവരം. തനിക്ക് സമ്പൂര്‍ണ പരാജയം സംഭവിച്ചുവെന്ന് രാഹുല്‍ സമ്മതിച്ചു കഴിഞ്ഞു. പരാജയത്തിന്റെ ഉത്തരവാദിത്തം താന്‍ പൂര്‍ണമായും ഏറ്റെടുക്കുന്നതായി മുതിര്‍ന്ന നേതാക്കളെ അദ്ദേഹം അറിയിച്ചതായാണ് വിവരം. അമേത്തിയില്‍ നേരിട്ട് വന്‍ തിരിച്ചടിയടക്കമുള്ളവ കോണ്‍ഗ്രസ്സ് അധ്യക്ഷനെ നിരാശനാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ കോണ്‍ഗ്രസ്സ് വര്‍ക്കിങ് കമ്മറ്റി ചേരുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഈ യോഗത്തില്‍ രാഹുലിന്റെ രാജിസന്നദ്ധതയും ചര്‍ച്ചയാകും.

അതെസമയം, 17 സംസ്ഥാനങ്ങളില്‍ 50 ശതമാനത്തിലധികം വോട്ടുവിഹിതമാണ് ബിജെപി നേടിയിരിക്കുന്നത്. “17 സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ ഞങ്ങളെ 50 ശതമാനത്തിലധികം വോട്ട് നല്‍കി അനുഗ്രിച്ചു. അതേസമയം കോണ്‍ഗ്രസിന് വലിയ പരാജയമാണുണ്ടായത്. 17 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പൂജ്യമായി – ബിജെപി ആസ്ഥാനത്ത് നടത്തിയ വിജയാഹ്ലാദ പരിപാടിയില്‍ ബിജെപി പ്രസിഡന്റ് അമിത് ഷാ പറഞ്ഞു,” ബിജെപി ആസ്ഥാനത്ത് നടന്ന വിജയാഹ്ലാദ പരിപാടിയില്‍ പ്രസിഡണ്ട് അമിത് ഷാ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍