UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേന്ദ്രം പുറംതിരിഞ്ഞു തന്നെ: വിദേശത്തു നിന്നുള്ള സഹായങ്ങൾക്ക് വൻനികുതി; ദേശീയദുരന്തമായി പ്രഖ്യാപിക്കില്ല

ഗൾഫ് രാജ്യങ്ങളിലും മറ്റിടങ്ങളിലും നിന്ന് ധാരാളം സാധനങ്ങൾ സന്നദ്ധപ്രവർത്തകർ സംഭരിച്ച് എത്തിക്കുന്നുണ്ട്.

രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ കേരളത്തിലേക്ക് ദുരിതാശ്വാസ സഹായമായി വന്നെത്തിയ വസ്തുക്കൾ കെട്ടിക്കിടക്കുകയാണ്. ദുരിതാശ്വാസത്തിനുള്ള വസ്തുക്കളായതിനാൽ ഇവയുടെ മേൽ നികുതി ചുമത്തരുതെന്ന് കേന്ദ്ര സർക്കാരിനോട് കേരളം അപേക്ഷിച്ചിരുന്നു. എന്നാൽ ഈ അപേക്ഷയെ തള്ളിക്കളയുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

നികുതിയിൽ നിന്ന് ഇവയെ ഒഴിവാക്കുമെന്ന് വ്യോമയാന മന്ത്രാലയം സമ്മതിച്ചിട്ടുണ്ടെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നെങ്കിലും അത്തരമൊരു സഹകരണം ഉണ്ടായിട്ടില്ലെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. വിദേശത്തു നിന്ന് വരുന്ന മറ്റു വസ്തുക്കളെപ്പോലെ തന്നെയേ ഈ സഹായങ്ങളെയും കരുതാനാകൂ എന്നാണ് ഇപ്പോൾ കേന്ദ്ര സർക്കാർ പറയുന്നത്. നേരത്തെ വ്യോമയാന മന്ത്രാലയത്തിന്റേതായി പുറത്തിറങ്ങിയ ഒരു സർക്കുലർ പ്രകാരം ഇത്തരമൊരു ഇളവ് കിട്ടാൻ വകുപ്പുണ്ട്. ഇത് വളരെ നൂലാമാലകളുള്ള സർക്കുലറാണെന്നും ഇതുവഴി സഹായം ലഭ്യമാകില്ലെന്നുമാണ് ഇപ്പോൾ കേന്ദ്രം പറയുന്നത്.

എന്നാൽ ഈ സർക്കുലർ നിലനില്‍ക്കെത്തന്നെ കശ്മീരിലും ബിഹാറിലും പ്രത്യേക ഉത്തരവ് വഴി പുറത്തു നിന്നുള്ള സഹായങ്ങൾക്ക് നികുതി ഇളവുകൾ നൽകിയിരുന്നു. ഇതുപോലൊരു ഇളവ് നൽകണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. ഇത്തരത്തിൽ ഒരു കത്തും കേരളം നൽകിയികരുന്നു. എന്നാൽ കേരളത്തിന് ഈ ഇളവ് നൽകേണ്ടതില്ലെന്നാണ് കേന്ദ്ര സർക്കാർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. നാലുദിവസം കഴിഞ്ഞിട്ടും ഈ കത്തിന് ഒരു മറുപടിയിലും ലഭിച്ചിട്ടില്ല.

നികുതിയിളവ് കിട്ടില്ല എന്നായതോടെ ഈ വസ്തുക്കൾ വിട്ടുകിട്ടാൻ വൻ സംഖ്യ പിരിച്ചെടുക്കേണ്ടി വരും കേരളത്തിന്. കേന്ദ്രത്തിൽ നിന്ന് വേണ്ടത്ര സാമ്പത്തിക സഹായം കിട്ടാത്തതിനാൽ പ്രയാസത്തിലുള്ള കേരളത്തെ സംബന്ധിച്ചിടത്തോളം ഈ വസ്തുക്കള്‍ക്കായുള്ള പണപ്പിരിവ് ബുദ്ധിമുട്ടാകും.

ഗൾഫ് രാജ്യങ്ങളിലും മറ്റിടങ്ങളിലും നിന്ന് ധാരാളം സാധനങ്ങൾ സന്നദ്ധപ്രവർത്തകർ സംഭരിച്ച് എത്തിക്കുന്നുണ്ട്. ഇനിയും ആഴ്ചകളോളം നീളാനിടയുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും പുനരധിവാസ സന്ദർഭങ്ങളിലും ഇവയെല്ലാം വലിയ ഗുണകരമായിരിക്കുമെന്ന് കേരളം പ്രതീക്ഷിച്ചിരുന്നു.

ദേശീയദുരന്തമായി പ്രഖ്യാപിക്കില്ല

കേരളത്തിലെ മഹാപ്രളയം ദേശീയദുരന്തമായി പ്രഖ്യാപിക്കാൻ സാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. ലെവൽ മൂന്ന് (L3) എന്ന ഗണത്തിൽ പെടുത്തുവാനേ സാധിക്കൂനെന്നും കേന്ദ്രം പറഞ്ഞു. ദേശീയദുരന്തം എന്ന പ്രയോഗം പൊതുജനങ്ങൾ ഉഫയോഗിച്ച് പഴകിയ പ്രയോഗം മാത്രമാണെന്നും ഔദ്യോഗികമായി അത്തരമൊരു പ്രയോഗം നിലവിലില്ലെന്നും കേന്ദ്രം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍