UPDATES

ട്രെന്‍ഡിങ്ങ്

ഷെൽറ്റർ ഹോം പീഡനം: നിരവധി ഉന്നതര്‍ക്കെതിരെ മൊഴി നല്‍കിയ പെൺകുട്ടിയെ നാല് ദിവസമായിട്ടും കണ്ടെത്തിയില്ല; തട്ടിക്കൊണ്ടു പോയതെന്ന് സംശയം

ഷെൽറ്റർ ഹോമിൽ കുട്ടികൾ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാറിനും രണ്ട് മുതിർന്ന ഉദ്യോഗസ്ഥർക്കുമുള്ള പങ്ക് സിബിഐ അന്വേഷിക്കണമെന്ന് ഒരു പോക്സോ കോടതി ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഉത്തരവിട്ടത്

പാട്ന മോകാമയിലെ ഷെൽറ്റർ ഹോമിൽ‍ നിന്നും കാണാതായ ഏഴ് പെൺകുട്ടികളിലൊരാളെ കണ്ടെത്താൻ പൊലീസിന് ഇനിയും സാധിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. നാലുദിവസം മുമ്പാണ് കുട്ടികളെ ഷെൽറ്റർ ഹോമില്‍ നിന്നും കാണാതായത്. 16 വയസ്സുള്ള ഈ പെൺകുട്ടിയാണ് മുസാഫര്‍പൂർ ഷെൽറ്റർഹോം ബലാൽസംഗക്കേസുകളിലെ പ്രധാന സാക്ഷികളിലൊരാൾ. പശ്ചിമ ബംഗാളിലെ ദിനജ്പൂർ ജില്ലയിൽ നിന്നുള്ളയാളാണ് ഈ പെൺകുട്ടി.

കുട്ടി ഇപ്പോൾ എവിടെയുണ്ടെന്നതിനെ കുറിച്ച് പൊലീസിന് യാതൊരു വിവരവുമില്ല. പെൺകുട്ടിയെ ഉടനെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് ബിഹാർ ഡിജിപി ഗുപ്തേശ്വർ പാണ്ഡെ പറഞ്ഞു. കുട്ടിയെ കണ്ടെത്താനായി എഴ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ബിഹാറിലും പശ്ചിമബംഗാളിലും അന്വേഷണം നടത്തും. ഒരു സംഘം കുട്ടിയുടെ ഗ്രാമത്തിലേക്ക് പോയെങ്കിലും അവിടെ എത്തിയിട്ടില്ലെന്നാണ് വിവരം ലഭിച്ചത്.

ഈ കുട്ടിയുടെ മൊഴിയിലാണ് നിരവധി ഉന്നത സർക്കാർ ഉദ്യോഗസ്ഥർ അടക്കമുള്ളവർ കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് വെളിവാക്കപ്പെട്ടത്. തന്നെയും തന്റെ കൂട്ടുകാരികളെയും സാമൂഹ്യപ്രവർത്തകനും മാധ്യമപ്രവർത്തകനുമായ ബ്രിജേഷ് താക്കൂർ സ്ഥിരമായി പുറത്തു കൊണ്ടുപോകാറുള്ളതായും പീഡിപ്പിക്കാറുള്ളതായും ഈ പെൺകുട്ടി മൊഴി നൽകിയിരുന്നു. കാണാതായ ഏഴുപേരിൽ അഞ്ചു പേരും പീഡിപ്പിക്കപ്പെട്ടവരാണ്. ആറുപേരെ പൊലീസ് പിന്നീട് കണ്ടെത്തുകയുണ്ടായി. ഈ ഒരാളെ മാത്രമാണ് ഇനി കണ്ടെത്താനുള്ളത്.

ഷെൽറ്റർ ഹോമിൽ കുട്ടികൾ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാറിനും രണ്ട് മുതിർന്ന ഉദ്യോഗസ്ഥർക്കുമുള്ള പങ്ക് സിബിഐ അന്വേഷിക്കണമെന്ന് ഒരു പോക്സോ കോടതി ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉത്തരവിട്ടത് സംസ്ഥാന സർക്കാരിന് വലിയ ക്ഷീണമായിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് പെൺകുട്ടിയെ കാണാതാകുന്നത് എന്നതും ശ്രദ്ധേയമാണ്. അതുകൊണ്ടു തന്നെ കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയതാകാമെന്ന സംശയവും ബലപ്പെടുന്നുണ്ട്.

ബിഹാറിലെ മുസഫര്‍പൂരില്‍ ഷെല്‍ട്ടര്‍ ഹോമില്‍ ഏഴുവയസിനും 12 വയസിനും ഇടയിലുള്ള അനാഥരായ 34 പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെട്ടത് വൻ വിവാദമായി മാറിയിരുന്നു. അഭയകേന്ദ്രത്തിന്റെ നടത്തിപ്പുകാരന്‍ സര്‍ക്കാരുമായി അടുപ്പമുള്ള ബ്രജേഷ് സിംഗ് ഠാക്കൂര്‍ ആണ് എന്നത് ഇതില്‍ ഒരു ഘടകമാണ് എന്ന ആരോപണമുയരുന്നുണ്ട്. ഷെല്‍റ്റര്‍ ഹോമിലെ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട് ബ്രജേഷ് സിംഗിനും അദ്ദേഹത്തിന്റെ എന്‍ജിഒയ്ക്കുമെതിരെ പൊലീസ് കേസെടുത്ത അതേദിവസം തന്നെയാണ് ഇയാള്‍ക്ക് നീതീഷ് സര്‍ക്കാര്‍ ഒരു ടെണ്ടര്‍ അനുവദിച്ചത്. നിതീഷിന്റേത് ക്രിമിനല്‍ മൗനമാണ് എന്ന് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ആരോപിക്കുന്നു.

അതിക്രമത്തിനെതിരെ പ്രതിഷേധിച്ച ഒരു പെണ്‍കുട്ടിയെ കൊന്ന് കുഴിച്ചുമൂടിയതായാണ് ഇരകളില്‍ ഒരാള്‍ പറഞ്ഞത്. പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ല. തുടര്‍ച്ചയായി മയക്കുമരുന്ന് കുത്തിവച്ച് ബലാത്സംഗം ചെയ്യപ്പെട്ട പല പെണ്‍കുട്ടികളെയും ദിവസങ്ങള്‍ നീണ്ട കൌണ്‍സലിംഗിന് ശേഷം പോലും സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ലെന്ന് സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ പറയുന്നു.

Read More: ഈ മിന്നലാക്രമണത്തിൽ വീഴുന്നത് പാകിസ്താൻ മാത്രമല്ല; റാഫേല്‍ ആരോപണങ്ങള്‍ മറച്ചുപിടിക്കാന്‍ മിറാഷിനെ തള്ളിപ്പറയുന്ന വികെ സിങ്ങുമാർ കൂടിയാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍