UPDATES

ഗാന്ധി കുടുംബത്തിനു പുറത്തുള്ളവർക്കും കോൺഗ്രസ്സിനെ നയിക്കാം; ‘ഗാന്ധി മുക്ത കോൺഗ്രസ്സ്’ ബിജെപിയുടെ ലക്ഷ്യമെന്നതും ഓർക്കണം: മണിശങ്കര്‍ അയ്യർ

രാഹുൽ ഗാന്ധി കോൺഗ്രസ്സ് പാർട്ടിയെ നയിക്കുന്നത് നല്ലതായിരിക്കുമെങ്കിലും അദ്ദേഹത്തിന്റെ താൽപര്യം കൂടി പരിഗണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക്സഭാ തെരഞ്ഞെടുപ്പിലെ വമ്പൻ തോൽവിക്കു പിന്നാലെ പാർട്ടിയിലെ ഗാന്ധി കുടുംബത്തിന്റെ ആധിപത്യം സംബന്ധിച്ച് ഉയർന്നുവന്ന വിവാദത്തിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ്സ് നേതാവ് മണിശങ്കർ അയ്യർ. കോൺഗ്രസ്സ് പ്രസിഡണ്ട് സ്ഥാനത്ത് ഗാന്ധി കുടുംബത്തിനു പുറത്തുള്ള ഒരാൾ വരുന്നതിൽ തരക്കേടില്ലെന്നും എന്നാൽ ഗാന്ധി കുടുംബം സംഘടനയിൽ ‘സജീവമായിരിക്കണം’ എന്നുമാണ് അയ്യർ പറയുന്നത്.

ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യം ‘കോൺഗ്രസ്സ് മുക്ത ഭാരതം’ മാത്രമല്ലെന്നും ‘ഗാന്ധി മുക്ത കോൺഗ്രസ്സ്’ കൂടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധി കോൺഗ്രസ്സ് പാർട്ടിയെ നയിക്കുന്നത് നല്ലതായിരിക്കുമെങ്കിലും അദ്ദേഹത്തിന്റെ താൽപര്യം കൂടി പരിഗണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുൽ ഒരു മാസത്തെ സമയമാണ് പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാൻ പാർട്ടിക്ക് നൽകിയിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടിയ അയ്യർ മാധ്യമങ്ങൾ ഊഹങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിച്ച് കാത്തിരിക്കണമെന്ന് വ്യക്തമാക്കി. ഗാന്ധി മുക്ത കോൺഗ്രസ്സ് എന്ന ബിജെപിയുടെ അജണ്ടയിൽ കോൺഗ്രസ്സ് വീഴേണ്ടതില്ലെന്ന് മണിശങ്കർ അയ്യർ പറഞ്ഞു. നെഹ്റു കുടുംബത്തിനു പുറത്തുള്ള നേതാക്കൾ നിരവധിപേർ കോൺഗ്രസ്സിനെ നയിച്ചിട്ടുള്ള ചരിത്രവും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

തെരഞ്ഞെടുപ്പു പരാജയത്തിനു ശേഷം ചേർന്ന പ്രവർത്തക സമിതി യോഗത്തിലാണ് രാഹുൽ പ്രസിഡണ്ട് എന്ന നിലയില്‍ തന്റെ തന്നെ പ്രവർത്തനത്തിലും അതിന്റെ ഫലത്തിലും തനിക്കുണ്ടായ നിരാശ തുറന്ന് പ്രകടിപ്പിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗാന്ധി കുടുംബത്തില്‍നിന്നുതന്നെ ആവണമെന്നില്ലെന്ന് അദ്ദേഹം പറയുകയുണ്ടായി.

പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത രാഹുല്‍ രാജിവെക്കാനുള്ള സന്നദ്ധത അന്ന് യോഗത്തെ അറിയിച്ചിരുന്നു. “നമ്മള്‍ പോരാട്ടം തുടരും. കോണ്‍ഗ്രസിന്റെ അച്ചടക്കമുള്ള പടയാളിയാളിയായി ധീരതയോടെ പോരാടും. എന്നാല്‍ എനിക്ക് പാര്‍ട്ടി അധ്യക്ഷനായി തുടരാന്‍ താത്പര്യമില്ല” -എന്നായിരുന്നു യോഗത്തില്‍ രാഹുലിന്റെ വാക്കുകൾ. എന്നാല്‍ രാഹുലിന്റെ നിർദ്ദേശം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തള്ളിക്കളയുകയായിരുന്നു. 52 സീറ്റുകളാണ് കോണ്‍ഗ്രസിന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടാനായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍