UPDATES

ട്രെന്‍ഡിങ്ങ്

“ഞാൻ ബലാൽസംഗം ചെയ്തിട്ടില്ല; പണം കട്ടിട്ടുമില്ല” -വേവലാതി വേണ്ടെന്ന് അണികളോട് ഡികെ ശിവകുമാർ

“ടെൻഷനാകേണ്ട കാര്യമില്ല. ഞാനൊരു തെറ്റും ചെയ്തിട്ടില്ല. ഞാൻ ബലാൽസംഗം ചെയ്യുകയോ പണം കട്ടെടുക്കുകയോ ചെയ്തിട്ടില്ല. എനിക്കെതിരായി ഒന്നുമില്ല,”

തനിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമന്‍സയച്ചതിൽ വേവലാതിപ്പെടാൻ ഒന്നുമില്ലെന്ന് കർണാടകത്തിലെ കോൺഗ്രസ് നേതാവ് ഡികെ ശിവകുമാർ. സംസ്ഥാനത്ത് കോൺഗ്രസ്സിൽ നേതൃമാറ്റത്തിന് ആലോചന നടക്കുന്നുവെന്നും ഡികെ ശിവകുമാറിനെ നേതൃത്വത്തിലേക്ക് പരിഗണിക്കുന്നുവെന്നും വാര്‍ത്തകൾ വരുന്നതിന്റെ പശ്ചാത്തലത്തിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുതിയ നീക്കവുമായി എത്തിയിരിക്കുന്നത്.

“ടെൻഷനാകേണ്ട കാര്യമില്ല. ഞാനൊരു തെറ്റും ചെയ്തിട്ടില്ല. ഞാൻ ബലാൽസംഗം ചെയ്യുകയോ പണം കട്ടെടുക്കുകയോ ചെയ്തിട്ടില്ല. എനിക്കെതിരായി ഒന്നുമില്ല,” -ഡികെ ശിവകുമാർ മാധ്യമങ്ങളുമായി സംസാരിക്കവെ വ്യക്തമാക്കി.

കള്ളപ്പണം വെളുപ്പിച്ചെന്ന കേസാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. ഇവർ നൽകിയ സമൻസിനെ ചോദ്യം ചെയ്ത് ശിവകുമാർ സമര്‍പ്പിച്ച ഹരജി കർണാടക ഹൈക്കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ തന്റെ 84 വയസ്സുള്ള അമ്മയുടെ പേരിലുള്ള വസ്തുവകകളെല്ലാം വിവിധ അന്വേഷണ ഏജൻസികൾ പിടിച്ചെടുത്തെന്നും തന്നെയാണ് അവർ ബിനാമിയായി കാണുന്നതെന്നും ശിവകുമാർ ആരോപിച്ചു. “എന്റെ ചോരയാകെ അവർ നക്കിയെടുത്തു കഴിഞ്ഞു,” ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ വർഷം സെപ്തംബറിലാണ് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസ് ഡികെ ശിവകുമാറിനെതിരെ ചാർജ് ചെയ്തത്. ശിവകുമാറിനെക്കൂടാതെ ഡൽഹിയിലെ കർണാടക ഭവനിലുള്ള ഒരു ജീവനക്കാരൻ ഹനുമന്തയ്യയെയും കേസിൽ പ്രതിയാക്കിയിരുന്നു.

രാജ്യത്തെ നിയമവ്യവസ്ഥയോട് പൂർണമായും വിധേയമായി അന്വേഷണത്തോട് സഹകരിക്കുമെന്ന് ശിവകുമാർ പറഞ്ഞു. കഴിഞ്ഞദിവസം രാത്രി 9.40നാണ് തനിക്ക് സമന്‍സ് കിട്ടിയത്. അതിവേഗത്തിലുള്ള ഈ നടപടി സംശയാസ്പദമാണെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ ലാക്കോടെയുള്ള നീക്കങ്ങളാണ് തനിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്നതെന്നും ശിവകുമാർ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍