ലവാസയുടെ ഭാര്യ നോവെൽ സിംഘാൾ ലവാസ, സഹോദരി ശകുന്തള ലവാസ, മകൻ ആബിർ ലവാസ എന്നിവർക്കെതിരെയാണ് നടപടികൾ തുടങ്ങിയിരിക്കുന്നത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയും അമിത് ഷായും നടത്തിയ തുടർച്ചയായ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങളിൽ നടപടി സ്വീകരിക്കാത്തതിനെതിരെ വിയോജിപ്പ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസയുടെ കുടുംബാംഗങ്ങൾക്കെതിരെ ആദായനികുതി വകുപ്പ് നോട്ടീസയച്ചു. ലവാസയുടെ മകൻ, സഹോദരി ഭാര്യ എന്നിവരെയാണ് ആദായനികുതി വകുപ്പ് ലക്ഷ്യം വെച്ചിരിക്കുന്നത്. ലവാസയുടെ ഭാര്യക്കെതിരെ കഴിഞ്ഞദിവസമാണ് ആദായ നികുതി വകുപ്പ് നോട്ടീസയച്ചത്.
ലവാസയുടെ ഭാര്യ നോവെൽ സിംഘാൾ ലവാസ, സഹോദരി ശകുന്തള ലവാസ, മകൻ ആബിർ ലവാസ എന്നിവർക്കെതിരെയാണ് നടപടികൾ തുടങ്ങിയിരിക്കുന്നത്.
പീഡിയാട്രീഷ്യനായ ശകുന്തള ലവാസയ്ക്ക് നോട്ടീല് ലഭിച്ചതായി വിവരമുണ്ട്. ഓഗസ്റ്റ് മാസത്തിലാണ് ഇവർക്ക് നോട്ടീസ് ലഭിച്ചത്. ആബിർ ലവാസയുടെ സ്ഥാപനമായ നൂറിഷ് ഓർഗാനിക് ഫുഡ്സ് ലിമിറ്റഡിന്റെ അക്കൗണ്ട് പുസ്തകങ്ങള്‍ ആദായനികുതി വകുപ്പ് പരിശോധിച്ചതായും അറിയുന്നു. ആബിർ ആണ് ഈ കമ്പനിയുടെ ഡയറക്ടർ. ഇദ്ദേഹം കമ്പനിയുടെ 10,000 ഓഹരികളും കൈവശം വെക്കുന്നു.
ആദായനികുതി വകുപ്പ് അക്കൗണ്ടു പരിശോധന നടത്തിപ്പോയതിനു ശേഷം മറ്റൊരു ഇടപെടലും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ആബിർ വ്യക്തമാക്കി.
അശോക് ലവാസ കേന്ദ്ര സര്‍ക്കാരില്‍ സെക്രട്ടറി ആയതിന് ശേഷമാണ് ഭാര്യ വിവിധ കമ്പനികളുടെ ഡയറക്ടര്‍ സ്ഥാനത്തെത്തിയത് എന്ന് ഇന്‍കം ടാക്‌സ് അധികൃതര്‍ പറയുന്നു. 2005ല്‍ നോവല്‍ സിംഗാള്‍ എസ്ബിഐയില്‍ നിന്ന് വിരമിച്ചിരുന്നു. മോദിക്കും അമിത് ഷായ്ക്കുമെതിരെ ഉള്ളതടക്കം 11 പരാതികളില്‍ ആരോപണവിധേയര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമീപനം ചോദ്യം ചെയ്താണ് അശോക് ലവാസ എതിര്‍പ്പ് മുന്നോട്ടുവച്ചത്.
തന്റെ വിയോജിപ്പ് പരിഗണിക്കാത്തതിനാല്‍ കമ്മീഷന്‍ യോഗത്തില്‍ പങ്കെടുക്കുന്നതില്‍ അര്‍ത്ഥമില്ല എന്ന് മേയ് നാലിന് നല്‍കിയ കത്തില്‍ അശോക് ലവാസ വ്യക്തമാക്കിയിരുന്നു. സുതാര്യത വേണമെന്ന തന്റെ ആവശ്യത്തിന് പ്രതികരണം ലഭിക്കാത്തതിനാല്‍ മാതൃകാ പെരുമാറ്റച്ചട്ടം സംബന്ധിച്ച പരാതികള്‍ പരിഗണിക്കുന്നതില്‍ നിന്ന് മാറിനില്‍ക്കുകയാണ് എന്ന് അശോക് ലവാസ പറഞ്ഞിരുന്നു. അതേസമയം മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയും മറ്റൊരു തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്രയും സമാനമായ നിലപാട് സ്വീകരിച്ചതിനാല്‍ ലവാസയുടെ എതിര്‍പ്പ് കമ്മീഷന്‍ തള്ളുകയായിരുന്നു.