UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയത് എൽടിടിഇ; മോദിയുടെ പ്രസ്താവന അനാവശ്യം’ -മുൻ ബിജെപി കേന്ദ്രമന്ത്രി

ഒന്നാംനമ്പർ അഴിമതിക്കാരനായാണ് രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചത് എന്നായിരുന്നു ഒരു തെരഞ്ഞെടുപ്പ് റാലിയിൽ വെച്ച് മോദി നടത്തിയ പ്രസ്താവന.

രാജീവ് ഗാന്ധിക്കെതിരായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തിന് ബിജെപിയിൽ നിന്നു തന്നെ എതിർപ്പുകളുയരുന്നതായി റിപ്പോർട്ട്. മോദിയുടെ പ്രസ്താവന അനാവശ്യമായിരുന്നു എന്നാണ് കർണാടകത്തിൽ നിന്നുള്ള ബിജെപിയുടെ മുൻ പാർലമെന്റംഗവും, വാജ്പേയി മന്ത്രിസഭയിൽ മന്ത്രിയുമായിരുന്ന ശ്രീനിവാസ പ്രസാദ് രംഗത്തു വന്നു.

എൽടിടിഇയാണ് രാജീവ് ഗാന്ധിയെ ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയതെന്ന് ആദ്ദേഹം ചൂണ്ടിക്കാട്ടി. “അഴിമതിയാരോപണങ്ങൾ മൂലമാണ് അദ്ദേഹം മരിച്ചതെന്ന് ആരും വിശ്വസിക്കില്ല. ഞാൻ പോലും വിശ്വസിക്കുന്നില്ല. എനിക്ക് മോദിജിയോട് ഒരുപാട് ബഹുമാനമുണ്ട്. പക്ഷെ രാജീവ് ഗാന്ധിക്കെതിരായ പ്രസ്താവന അനാവശ്യമായിരുന്നു,” – ശ്രീനിവാസ പ്രസാദ് പറഞ്ഞു.

ഒന്നാംനമ്പർ അഴിമതിക്കാരനായാണ് രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചത് എന്നായിരുന്നു ഒരു തെരഞ്ഞെടുപ്പ് റാലിയിൽ വെച്ച് മോദി നടത്തിയ പ്രസ്താവന. ഈ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ്സ് രംഗത്തെത്തിയിരുന്നു.

തൃണമൂൽ കോൺഗ്രസ്സ് നേതാവ് മമതാ ബാനർജി ശക്തമായ ആക്രമണമാണ് മോദിക്കെതിരെ നടത്തിയത്. രാജ്യത്തിനു വേണ്ടി ജീവൻ കൊടുത്തവരെ ബഹുമാനിക്കാനറിയണമെന്ന് അവർ മോദിയോട് പറഞ്ഞു. “രാജീവ് ഗാന്ധിയെ ഇന്നലെ നിങ്ങൾ അഴിമതിക്കാരനെന്ന് വിളിച്ചു. ഇന്ന് നിങ്ങൾ ‘ചുങ്കപ്പിരിവുകാരി’ എന്ന് വിളിക്കുന്നു. ഞാൻ ചുങ്കപ്പിരിവുകാരിയാണെങ്കിൽ നിങ്ങളാരാണ്? മുടി മുതൽ അടി വരെ ചോരയിൽ കുളിച്ചു നിൽക്കുകയല്ലേ നിങ്ങൾ? ജനങ്ങളുടെ ചോരയല്ലേ അത്? കലാപങ്ങൾ, കലാപങ്ങൾ, കലാപങ്ങൾ മാത്രം,” -ബംഗാൾ മുഖ്യമന്ത്രി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍