UPDATES

എന്‍ആര്‍സിയിലല്ല, പൗരത്വ ഭേദഗതി ബില്ലിലാണ് സംഘപരിവാറിന്റെ കണ്ണ്; പൗരത്വ പട്ടികയെ ബിജെപി ഇപ്പോള്‍ എതിര്‍ക്കുന്നതിന് പിന്നില്‍

പൗരത്വ ഭേദഗതി ബില്ല്  വീണ്ടും കൊണ്ടുവരാന്‍ സാധ്യത

അസമില്‍ പൗരത്വ പട്ടിക പുറത്തുവിട്ടതോടെ അതിനെ ശക്തമായി എതിര്‍ക്കുകയാണ് ബിജെപി. കരട് പട്ടിക പുറത്തുവന്നപ്പോള്‍ തന്നെ അതിനെ എതിര്‍ത്തിരുന്ന ബിജെപി പട്ടിക പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടിരിക്കയാണ്. ഇതോടെ സുപ്രീം കോടതിയുടെ മുന്‍കൈയില്‍ തയ്യാറാക്കപ്പെട്ട പട്ടികയെ എല്ലാ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളും എതിര്‍ക്കുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ കുടിയേറ്റത്തെ പതിറ്റാണ്ടുകളായി രാഷ്ട്രീയമായി ഉപയോഗിച്ചിരുന്ന ബിജെപി പട്ടികയെ എതിര്‍ക്കുന്നതെന്തുകൊണ്ടാണ്?

അസമിലേക്ക് കുടിയേറുകയും സര്‍ക്കാര്‍ ആവശ്യപ്പെട്ട രേഖകള്‍ നല്‍കാന്‍ കഴിയാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് പൗരത്വപട്ടികയില്‍നിന്ന് പുറത്താക്കപ്പെടുകയും ചെയ്തവരില്‍ ഹിന്ദുക്കളും ഉണ്ടെന്നതാണ് ഇപ്പോള്‍ മറിച്ചു ചിന്തിക്കാന്‍ ബിജെപിയെ നിര്‍ബന്ധിതമാക്കിയത്. പൗരത്വപട്ടികയില്‍ ഉള്ള പ്രതീക്ഷ പുര്‍ണമായും ഇല്ലാതായെന്നാണ് അസം മന്ത്രി ഹിമാന്ത ബിശ്വ സര്‍മ പറഞ്ഞത്. വിദേശികളെ കണ്ടെത്താനുള്ള ശ്രമം ഇനിയും തുടരണമെന്ന് അദ്ദേഹം വ്യക്തമായി.

ബംഗ്ലാദേശില്‍നിന്നും നേപ്പാളില്‍നിന്നും നിരവധി ഹിന്ദുക്കള്‍ അസമിലെത്തി അവിടെ ജീവിച്ചുവരുന്നുണ്ട്. പൗരത്വ പട്ടിക മാനദണ്ഡങ്ങളില്‍ പെടാതെ ഇവരും പട്ടികയില്‍ ഇടം പിടിച്ചിട്ടില്ല. പൗരത്വ പട്ടിക മൂലം ഹിന്ദുക്കള്‍ കൂടി ഇരയാക്കപ്പെട്ടതോടെയാണ് ഇതിനെതിരെ പാര്‍ട്ടി തിരിഞ്ഞത്. അസമിലെ ബിജെപിയുടെ മുഖ്യ വോട്ടുബാങ്കുകളില്‍ പ്രധാനവും കുടിയേറ്റ ഹിന്ദുക്കളാണ്.

ഈ പ്രശ്‌നം മറികടക്കാന്‍ ഒന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവരാന്‍ ശ്രമിച്ച പൗരത്വ നിയമ ഭേദഗതി വീണ്ടും കൊണ്ടുവരാനുള്ള നീക്കം സര്‍ക്കാര്‍ നടത്തുമെന്നാണ് സൂചന. നേരത്തെ അവതരിപ്പിച്ചപ്പോള്‍ തന്നെ ഏറെ വിവാദമുണ്ടാക്കിയതാണ് പൗരത്വനിയമ ഭേദഗതി. ഇതിലെ വ്യവസ്ഥകള്‍ അനുസരിച്ച് മുസ്ലീങ്ങളൊഴികെ മറ്റ് മതവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കുമെന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്നുള്ള ഹിന്ദു, ബുദ്ധ, ജൈന, പാര്‍സി, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കുമെന്നാണ് വ്യവസ്ഥ. മറ്റ് രാജ്യങ്ങളില്‍ മതപരമായ കാരണങ്ങളാല്‍ ആക്രമണത്തിന് വിധേയരാകുന്നവര്‍ക്ക് സംരക്ഷണം എന്ന രീതിയിലാണ് മുസ്ലീങ്ങള്‍ ഒഴികെയുള്ളവര്‍ക്ക് പൗരത്വം നല്‍കുന്നതിനെ ബിജെപി ന്യായീകരിക്കുന്നത്.

1955-ലെ പൗരത്വ നിയമം ഭേദഗതി ചെയ്ത്, 2014 ഡിസംബര്‍ 31-നകം ഇന്ത്യയില്‍ പ്രവേശിച്ചവര്‍ക്ക് പൗരത്വം നല്‍കാമെന്നാണ് ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്.

Also Read: പൗരത്വ ബില്ലിനെതിരെ അസമില്‍ പ്രതിഷേധം കത്തുന്നു, ബിജെപിക്കുള്ളില്‍ തന്നെ ഭിന്നത രൂക്ഷം

ലോക്സഭയില്‍ പാസ്സാക്കിയെങ്കിലും രാജ്യസഭയില്‍ ഈ നിയമം പാസ്സാക്കിയെടുക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ ശ്രമം കഴിഞ്ഞ തവണ നടന്നിരുന്നില്ല. ഇത്തവണ ഇത് പാസ്സാക്കാന്‍ പറ്റിയാല്‍ ഇപ്പോള്‍ പൗരത്വ പട്ടികയിലെ ബിജെപി ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. കാരണം മുസ്ലീങ്ങളെ പൂര്‍ണമായി ഒഴിവാക്കുകയും മറ്റ് വിഭാഗങ്ങളെ സ്വീകരിക്കുകയും ചെയ്യുന്ന നിയമ ഭേദഗതിയാണ് ബിജെപി ലക്ഷ്യമിടുന്നത്.

ഇതോടെ പൗരത്വ പട്ടിക തയ്യാറാക്കുന്നതിലേക്ക് നയിച്ച അസം കരാറുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഫലത്തില്‍ അര്‍ത്ഥശൂന്യമാകും. പട്ടികയുടെ കാര്യത്തില്‍ അസം സ്റ്റുഡന്റ്‌സ് യൂണിയനും നിരാശ പ്രകടിപ്പിച്ചിരിക്കയാണ്. പട്ടികയ്‌ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ഇവരും വ്യക്തമാക്കിയിട്ടുണ്ട്. കാരണം 1971-ന് മുമ്പ് ഇന്ത്യയിലെത്തിയവര്‍ക്ക് മാത്രമായി പൗരത്വം പരിമിതപ്പെടുത്താനാണ് അസം കരാര്‍ വിഭാവനം ചെയ്തത്. പൗരത്വ നിയമം ഭേദഗതി ചെയ്യുന്നതോടെ മുസ്ലീങ്ങള്‍ ഒഴികെ മറ്റെല്ലാ വിഭാഗത്തില്‍പ്പെട്ടവരുടെയും അസമിലേക്ക് അടക്കം, ഇന്ത്യയില്‍ എവിടേക്കുമുള്ള കുടിയേറ്റം സാധൂകരിക്കപ്പെടും. എന്നാല്‍ ഈ കുടിയേറ്റക്കാരില്‍ മുസ്ലീങ്ങളെ മാത്രം പുറത്തുനിര്‍ത്താനാണ് ബിജെപി ലക്ഷ്യമിടുന്നത്.

പൗരത്വവും കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രശ്‌നം ബംഗാളിലും വലിയ ചലനങ്ങള്‍ സൃഷ്ടിക്കും. ബംഗ്ലാദേശില്‍നിന്നും ബംഗാളിലേക്ക് കുടിയേറിയവരെ കേന്ദ്രീകരിച്ചാണ് ഇവിടെയും ബിജെപിയുടെ നീക്കം. അസം മാതൃകയില്‍ ബംഗാളിലും പൗരത്വ പട്ടിക തയ്യാറക്കുമെന്നായിരുന്നു ബിജെപി നേരത്തെ പറഞ്ഞത്.

Also Read: പൗരത്വ നിയമം: വടക്കു- കിഴക്കൻ സംസ്ഥാനങ്ങളിലെ ബിജെപി സഖ്യങ്ങളിൽ ഭിന്നത; എതിർപ്പുമായി പ്രാദേശിക പാർട്ടികൾ

പൗരത്വ പട്ടിക സുപ്രീം കോടതിയുടെ നിയന്ത്രണത്തില്‍ നടത്തുന്നതിനാല്‍ അതില്‍ മതപരമായ മുന്‍വിധികള്‍ ഉണ്ടാക്കിയെടുക്കുക പ്രയാസമാണ്. അതുകൊണ്ട് തന്നെ ഒന്നുകില്‍ ഇതുമായി ബന്ധപ്പെട്ട് പുതിയ നിയമനിര്‍മ്മാണം കൊണ്ടുവരികയോ, അല്ലെങ്കില്‍ പൗരത്വ നിയമ ഭേദഗതിയുമായി മുന്നോട്ടുപോവുകയോ ആണ് ബിജെപി താത്‌പര്യപ്പെടുന്നതെന്നാണ് സൂചന. പൌരത്വ പട്ടികയില്‍ ഒഴിവാക്കപ്പെട്ടവരെ പൌരന്മാരാക്കാനുള്ള നടപടിയാണ് എന്ന് വ്യാഖ്യാനിക്കുകയും ചെയ്യാം. അപ്പോഴും പൗരത്വ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടുന്ന മുസ്ലീങ്ങളുടെ ജീവിതം ഡിറ്റന്‍ഷന്‍ സെന്ററുകളിലായിരിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍