UPDATES

‘മതാചാരത്തിൽ യുക്തിക്ക് ഇടമില്ല’: ശബരിമല സ്ത്രീപ്രവേശനത്തെ എതിർത്തത് ബഞ്ചിലെ വനിതാ ജഡ്ജി

ഭരണഘടനയുടെ പതിന്നാലാം വകുപ്പിനെ മാത്രം ആശ്രയിച്ച് മതാചാരങ്ങളെ വിലയിരുത്തുന്നത് ശരിയല്ലെന്ന് അവർ പറഞ്ഞു.

ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച വാദപ്രതിവാദങ്ങളിൽ വിവിധ കക്ഷികൾക്കായി ഹാജരായ ഒമ്പത് അഭിഭാഷകർ സ്ത്രീനിരോധനത്തെ അനുകൂലിച്ച് രംഗത്തുണ്ടായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ, കേരള സർക്കാർ എന്നിവരുടേതടക്കം അഞ്ച് കക്ഷികളുടെ അഭിഭാഷകർ സ്ത്രീനിരോധനത്തെ എതിർത്തു. അഞ്ചംഗ ഭരണഘടനാ ബഞ്ചിലെ ഏക വനിതാ അംഗമായ ഇന്ദു മൽഹോത്ര സ്ത്രീനിരോധനത്തെ അനുകൂലിച്ചാണ് നിലപാടെടുത്തത് എന്നതും ചരിത്രത്തിൽ പ്രത്യേകമായി ശ്രദ്ധിക്കപ്പെടുന്ന ഒന്നായി.

ഭരണഘടനയുടെ പതിന്നാലാം വകുപ്പിനെ മാത്രം ആശ്രയിച്ച് മതാചാരങ്ങളെ വിലയിരുത്തുന്നത് ശരിയല്ലെന്ന് അവർ പറഞ്ഞു. നിയമത്തിനു മുന്നിൽ എല്ലാവരും സമന്മാരാണെന്ന് പറയുന്ന വകുപ്പാണ് ആർട്ടിക്കിൾ പതിന്നാല്. ജാതിയോ മതമോ ലിംഗമോ ജനനസ്ഥലമോ വംശമോ അടിസ്ഥാനമാക്കി യാതൊരു വിവേചനവും പാടില്ലെന്ന് അനുശാസിക്കുന്ന ഭരണഘടനയുടെ വകുപ്പാണിത്. മതപരമായ വൈകാരികപ്രശ്നങ്ങൾ ഏറെയുള്ള ഒരു പ്രശ്നത്തെ കോടതിക്ക് സാധാരണമെന്ന പോലെ ഇടപെടാനാകില്ലെന്നും അവർ പറഞ്ഞു.

യുക്തിപരമായ ആലോചനകൾ മതപരമായ വിഷയങ്ങളിൽ എടുത്തുകൊണ്ടുവരുന്നതിനെയും ഇന്ദു മൽഹോത്ര വിമർശിച്ചു. മതപരമായ ആചാരങ്ങൾ എന്തെല്ലാമെന്ന് നിശ്ചയിക്കേണ്ടത് അതാത് മതങ്ങളാണ്. കോടതിയല്ല. ഭരണഘടന അനുവദിക്കുന്ന കാര്യമാണ് എല്ലാ മതങ്ങള്‍ക്കും അവരവരുടെ ആചാരങ്ങൾ പാലിക്കാനുള്ള അവകാശം. ഏതെങ്കിലും വ്യക്തിക്ക് അന്യായം തോന്നിയാലല്ലാതെ കോടതി അവയിലൊന്നും ഇടപെടരുതെന്നും ഇന്ദു മൽഹോത്രയുടെ വിധിന്യായം പറഞ്ഞു.

ഇപ്പോഴത്തെ വിധി ശബരിമലയെ മാത്രമല്ല ബാധിക്കുകയെന്നും ഇന്ദു മൽഹോത്ര പറഞ്ഞു. പലതരത്തിള്ള അനുരണനങ്ങൾ ഈ വിധിക്കുണ്ടാകാം.

മതപരമായ വിശ്വാസങ്ങൾക്കും ഭരണഘടന അനുശാസിക്കുന്ന വിവേചനവിരുദ്ധമായ തത്വങ്ങൾക്കുമിടയിൽ ഒരു സംതുലനം സാധ്യമാകേണ്ടതുണ്ട്. ശബരിമല ഒരു മത ഉപശാഖയാണെന്ന വാദങ്ങളെയും ഇന്ദു മൽഹോത്ര പിന്തുണച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍