UPDATES

ട്രെന്‍ഡിങ്ങ്

പിന്തുണ പിന്‍വലിക്കുകയാണ് എന്ന് എന്‍പിഎഫ്; മണിപ്പൂരിലെ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍

ബിജെപി സഖ്യകക്ഷിയായ തങ്ങളെ വേണ്ട വിധം പരിഗണിക്കുന്നില്ല എന്നാണ് എന്‍പിഎഫിന്റെ പരാതി.

മണിപ്പൂരില്‍ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയാണ് എന്ന് എന്‍പിഎഫ് (നാഗ പീപ്പിള്‍സ് ഫ്രണ്ട്). ഞങ്ങള്‍ പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ചു. നാഗാലാന്‍ഡ് മുന്‍ മുഖ്യമന്ത്രിയും എന്‍പിഎഫ് നേതാവുമായ ടിആര്‍ സെലിയാങ് ആണ് ഇക്കാര്യം ആദ്യം അറിയിച്ചത്. നാഗാലാന്‍ഡ് തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുക – എന്‍പിഎഫ് സംസ്ഥാന പ്രസിഡന്റ് മരുംഗ് മകുംഗ പറഞ്ഞു. എന്‍പിഎഫ് വക്താവ് അചുംബെമോ കികോണും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് ഇക്കാര്യം പറഞ്ഞു.

ബിജെപി സഖ്യകക്ഷിയായ തങ്ങളെ വേണ്ട വിധം പരിഗണിക്കുന്നില്ല എന്നാണ് എന്‍പിഎഫിന്റെ പരാതി. നാല് എംഎല്‍എമാരാണ് 60 അംഗ നിയമസഭയില്‍ എന്‍പിഎഫിനുള്ളത്. 31 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എന്‍പിപിയുടെ (നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി) നാല് എംഎല്‍എമാരുടേയും പിന്തുണ ബിജെപിക്കാണ്.

28 സീറ്റ് നേടിയ കോണ്‍ഗ്രസാണ് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായത്. എന്നാല്‍ 21 സീറ്റ് നേടിയ ബിജെപിയെയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി സര്‍ക്കാരിന് പിന്തുണ നല്‍കിയിരുന്നു. ഇതില്‍ ഏഴ് എംഎല്‍എമാരും ഇപ്പോളും കോണ്‍ഗ്രസില്‍ നിന്ന രാജി വച്ചിട്ടില്ല. ഇവരെ അയോഗ്യരാക്കണം എന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ വൈ ഖേംചന്ദിനും ഗവര്‍ണര്‍ നജ്മ ഹെപ്തുള്ളയ്ക്കും കോണ്‍ഗ്രസ് കത്ത് നല്‍കിയിരുന്നു. എന്‍പിഎഫ് കോണ്‍ഗ്രസുമായി സഹകരിച്ചേക്കും എന്നാണ് റിപ്പേര്‍ട്ട്. എന്‍പിഎഫില്‍ നിന്ന് ഔദ്യോഗികമായ യാതൊരു അറിയിപ്പും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ല എന്നാണ് ബിജെപി മന്ത്രി തോംഗാം ബിശ്വജിത്ത് സിംഗ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍