UPDATES

ഇന്ത്യ

അസ്താനയ്‌ക്കെതിരായ കൈക്കൂലി അന്വേഷണത്തില്‍ അജിത് ഡോവലും പ്രധാനമന്ത്രിയുടെ ഓഫീസും ഇടപെട്ടു: സിബിഐ ജോയിന്റ് ഡയറക്ടര്‍

രാകേഷ് അസ്താനയ്‌ക്കെതിരായ കൈക്കൂലി കേസിന് മേല്‍നോട്ടം വഹിച്ചിരുന്നത് എംകെ സിന്‍ഹയായിരുന്നു. സിബിഐയില്‍ ഡയറക്ടറായിരുന്ന അലോക് വര്‍മയും അസ്താനയും തമ്മിലുള്ള സംഘര്‍ങ്ങള്‍ക്ക് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥലം മാറ്റിയ ഉദ്യോഗസ്ഥരില്‍ ഒരാളുമാണ് എംകെ സിന്‍ഹ.

സിബിഐ സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരായ സിബിഐ അന്വേഷണത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇടപെട്ടതായി ജോയിന്റ് ഡയറക്ടര്‍ എംകെ സിന്‍ഹ. അന്വേഷണത്തില്‍ ഇടപെട്ട അജിത് ഡോവല്‍ സര്‍ച്ചുകള്‍ തടഞ്ഞതായും എംകെ സിന്‍ഹ സുപ്രീം കോടതിയില്‍ പറഞ്ഞു. ദ ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാകേഷ് അസ്താനയ്‌ക്കെതിരായ കൈക്കൂലി കേസിന് മേല്‍നോട്ടം വഹിച്ചിരുന്നത് എംകെ സിന്‍ഹയായിരുന്നു. സിബിഐയില്‍ ഡയറക്ടറായിരുന്ന അലോക് വര്‍മയും അസ്താനയും തമ്മിലുള്ള സംഘര്‍ങ്ങള്‍ക്ക് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥലം മാറ്റിയ ഉദ്യോഗസ്ഥരില്‍ ഒരാളുമാണ് എംകെ സിന്‍ഹ.

കൈക്കൂലി ഇടപാടിലെ രണ്ട് ഇടനിലക്കാര്‍ ഡോവലിന്റെ അടുപ്പക്കാരാണ്. കേന്ദ്ര കല്‍ക്കരി സഹമന്ത്രി ഹരിഭായ് പാര്‍ത്ഥി ഭായ് ചൗധരിക്ക് കൈക്കൂലി നല്‍കിയതായും ആരോപണം ഉന്നയിച്ച ഹൈദരാബാദിലെ ബിസിനസുകാരന്‍ സന സന സതീഷ് ബാബു പറഞ്ഞിട്ടുണ്ട്. ഗുജറാത്തില്‍ നിന്നുള്ള എംപിയായ പാര്‍ത്ഥിഭായ് ചൗധരി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വളരെ അടുപ്പം പുലര്‍ത്തുന്ന നേതാവായാണ് അറിയപ്പെടുന്നത്. റോ ഉദ്യോഗസ്ഥന്‍ സമന്ത് ഗോയല്‍, ഒരു സംഭാഷണത്തില്‍ പറയുന്നത് പ്രധാനമന്ത്രിയുടെ ഓഫീസ് എല്ലാം ശരിയാക്കിയിട്ടുണ്ട് എന്നാണ്. അതേദിവസം രാത്രി അസ്താന കേസ് അന്വേഷമിച്ച മുഴുവന്‍ ഉദ്യോഗസ്ഥരേയും സ്ഥലം മാറ്റി.

മോയിന്‍ ഖുറേഷി കേസില്‍ സിവിസി (സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷണര്‍) കെവി ചൗധരിയെ കണ്ടിരുന്നതായി സന സതീഷ് ബാബു പറഞ്ഞതായി എംകെ സിന്‍ഹ കോടതിയെ അറിയിച്ചു. സിബിഐ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ, കേന്ദ്ര നിയമ സെക്രട്ടറി സുരേഷ് ചന്ദ്ര നവംബര്‍ 11ന് സന സതീഷ് ബാബുവിനെ ഫോണില്‍ ബന്ധപ്പെടുകയും സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

കൈക്കൂലി ഇടപാടിലെ ഇടനിലക്കാരായ മനോജ് പ്രസാദിന്റെയും (ദുബായിലുള്ള മനോജ് പ്രസാദിനെ അറസ്റ്റ് ചെയ്തിരുന്നു) സോമേഷ് പ്രസാദിന്റേയും പിതാവായ ദിനേശ്വര്‍ പ്രസാദ് റോയുടെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ജോയിന്റ് സെക്രട്ടറിയായാണ് വിരമിച്ചത്. അജിത് ഡോവലുമായി അടുത്ത ബന്ധമാണ് ദിനേശ്വര്‍ പ്രസാദിനുള്ളത്. അജിത് ഡോവലുമായി അടുത്ത ബന്ധമുണ്ടായിട്ടും തന്നെ അറസ്റ്റ് ചെയ്ത് സിബിഐ ആസ്ഥാനത്ത് കൊണ്ടുവന്നതിലുള്ള ആശ്ചര്യവും അമര്‍ഷവും മനോജ് പ്രസാദ് പ്രകടിപ്പിച്ചിരുന്നു.

അജിത് ഗോയലിനെ പ്രധാനപ്പെട്ട വ്യക്തിപരമായ പ്രശ്‌നത്തില്‍ സോമേഷും സമന്ത് ഗോയലും സഹായിച്ചിരുന്നതായി മനോജ് പ്രസാദ് പറഞ്ഞിരുന്നു. ഇന്റര്‍പോളില്‍ നോമിനിയെ നിയമിക്കുന്നതില്‍ നിന്ന് ഇന്ത്യ സ്വയം പിന്മാറിയതാണ്. ഫ്രാന്‍സിലെ ലിയോണില്‍ ഇന്റര്‍പോള്‍ ആസ്ഥാനത്ത് പ്രതിനിധിയായി ജോയിന്റ് എകെ ശര്‍മയെ നിയമിക്കുന്നതില്‍ നിന്നാണ് പിന്മാറിയത്.

രാകേഷ് അസ്താനയ്‌ക്കെതിരെ ഒക്ടോബര്‍ 15ന് കൈക്കൂലി കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ഒക്ടോബര്‍ 17ന് ഡയറക്ടര്‍ അലോക് വര്‍മ ഇക്കാര്യം അജിത് ഡോവലിനെ അറിയിച്ചിരുന്നു. ഡോവല്‍ ഉടന്‍ തന്നെ വിവരം അസ്താനയെ അറിയിച്ചു. തന്നെ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്ന് അസ്താന ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥന്‍ എകെ ബാസി, അസ്താനയുടെ ഫോണുകള്‍ പിടിച്ചെടുക്കാനും റെയ്ഡ് നടത്താനും അനുമതി തേടിയിരുന്നു. എന്നാല്‍ സിബിഐ ഡയറക്ടര്‍ ഇത് നല്‍കിയില്ല. എന്‍എസ്എയുടെ അനുമതി കിട്ടിയില്ല എന്നാണ് ഡയറക്ടര്‍ പറഞ്ഞത് – സിന്‍ഹ ഹര്‍ജിയില്‍ പറയുന്നു.

ഡി വൈ എസ് പി ദേവേന്ദ്ര കുമാറിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയപ്പോള്‍ സിബിഐ ഡയറക്ടര്‍ ഇടപെട്ട് തടഞ്ഞിരുന്നു. മനോജ് പ്രസാദിന്റെ അറസ്റ്റിന് ശേഷം എകെ ബാസിക്ക് ഡല്‍ഹി പൊലീസ് സ്‌പെഷല്‍ സെല്‍ ഡിസിപിയുടെ കോള്‍ വന്നു. എന്നാല്‍ ബാസി കോള്‍ എടുത്തില്ല. പിന്നീട് സ്‌പെഷല്‍ സെല്‍ ഇന്‍സ്‌പെക്ടര്‍ വിളിച്ച് മനോജിനെ അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിച്ചു. ഈ അന്വേഷണത്തിന് നിര്‍ദ്ദേശം വന്നിരിക്കുന്നത് കാബിനറ്റ് സെക്രട്ടറിയേറ്റില്‍ നിന്നാണ്.

സിബിഐ ഡയറക്ടറെ നീക്കാനും അലോക് വര്‍മയേയും അസ്താനയേയും അവധിയില്‍ വിടാനുമുള്ള നിര്‍ദ്ദേശം ഒക്ടോബര്‍ 23ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് എന്ന് സമന്ത് ഗോയലിന്റെ സംഭാഷണം ഉദ്ധരിച്ച് എംകെ സിന്‍ഹ പറയുന്നു. സന സതീഷ് ബാബുവിനെ സ്വാധീനിക്കാനായി പല തവണ നിയമ സെക്രട്ടറി സുരേഷ് ചന്ദ്ര ബന്ധപ്പെട്ടു. നിരവ് മോദി കേസുമായി ബന്ധപ്പെട്ട് താന്‍ ലണ്ടനിലാണ് എന്നാണ് സുരേഷ് ചന്ദ്ര പറഞ്ഞത്. കേന്ദ്ര സര്‍ക്കാര്‍ നിങ്ങളെ സംരക്ഷിക്കും എന്ന് കാബിനറ്റ് സെക്രട്ടറി പികെ സിന്‍ഹി അറിയിച്ചിട്ടുണ്ട്. ഇത് നിങ്ങളോട് പറയാന്‍ വേണ്ടി കഴിഞ്ഞ നാല് – അഞ്ച് ദിവസമായി ബന്ധപ്പെടാന്‍ ശ്രമിക്കുകയായിരുന്നു എന്ന് സുരേഷ് ചന്ദ്ര, സന സതീഷ് ബാബുവിനോട് പറഞ്ഞിരുന്നു. ഒക്ടോബര്‍ 13ന് നിര്‍ണായക മാറ്റമുണ്ടാകുമെന്നും 14ന് തന്നെ കാണണമന്നും സന ബാബുവിനോട് സുരേഷ് ചന്ദ്ര ആവശ്യപ്പെട്ടിരുന്നു.

വായനയ്ക്ക്: https://goo.gl/3WSpk5

അസ്താന എന്ന കണ്ണിലുണ്ണി അഥവാ സിബിഐയെ അവസാനിപ്പിക്കുമ്പോള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍