UPDATES

ട്രെന്‍ഡിങ്ങ്

കെപിഎസ് ഗില്‍: ഇന്ത്യ ഒരു ഇടുങ്ങിയ ജനാധിപത്യരാജ്യമാക്കിയതില്‍ അദ്ദേഹത്തിന്റെ പങ്കു കൂടി ചര്‍ച്ച ചെയ്യാം

വെള്ളിയാഴ്ച ന്യൂഡല്‍ഹിയില്‍ വച്ച് അന്തരിച്ച കന്‍വര്‍ പാല്‍ സിംഗ് ഗില്‍ രാജ്യത്തെ ഏറ്റവും പ്രശസ്തനായ പോലീസ് ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു

വെള്ളിയാഴ്ച ന്യൂഡല്‍ഹിയില്‍ വച്ച് അന്തരിച്ച കന്‍വര്‍ പാല്‍ സിംഗ് ഗില്‍ രാജ്യത്തെ ഏറ്റവും പ്രശസ്തനായ പോലീസ് ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു.

ഇന്ത്യ എന്ന ആശയം അല്ലെങ്കില്‍ അതിന്റെ ജനാധിപത്യപരമായ അടിസ്ഥാനം കുലുങ്ങപ്പെടാത്ത ഒന്നല്ലെന്ന മുന്നറിയിപ്പിന്റെ പ്രതിനിധിയായി ഗില്‍ തന്റെ ജീവിതകാലം മുഴുവന്‍ വര്‍ത്തിച്ചു. അതിന്റെ നിയമങ്ങള്‍ എളുപ്പത്തില്‍ വളച്ചൊടിക്കാനും ഭേദിക്കാനും കഴിയുമെന്ന്, അനന്തമായ ഉദാരസാധ്യതകളാണ് അതിനുള്ളതെന്ന്, ദേശീയതയുടെ പേരില്‍ ഏത് അതിക്രമവും പൊതുജന മധ്യത്തില്‍ ന്യായീകരിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം ആവര്‍ത്തിച്ച് തെളിയിച്ചു.

നരേന്ദ്ര മോദി സര്‍ക്കാര്‍ അത്തരം സ്വഭാവ സവിശേഷതകളെല്ലാം എല്ലാ ദിവസവും പിന്തുടരുന്ന ഇന്നത്തെ ഇന്ത്യയില്‍ കെപിഎസ് ഗില്ലിന്റെ ജീവിതത്തെ കുറിച്ചുള്ള ആഴത്തിലുള്ള ഒരു വിശകലനം അത്യന്താപേക്ഷിതമായി തീരുന്നു. ഗുജറാത്ത് കലാപത്തിന്റെ ഔദ്യോഗികവും അനൗദ്യോഗികവുമായ രേഖകളില്‍ വലിയ പ്രാപ്യതയില്ലായിരുന്നെങ്കില്‍ പോലും കലാപങ്ങളില്‍ മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കാന്‍ ഗില്‍ കാണിച്ച വ്യഗ്രത കേവലം യാദൃച്ഛികം മാത്രമായിരിക്കാം.

ഐതിഹാസിക പോലീസ് ഉദ്യോഗസ്ഥന്‍
സിഖ് കലാപത്തെ നിശ്ചയദാര്‍ഢ്യത്തോടെയും എന്നാല്‍ വിവാദപരമായും അടിച്ചമര്‍ത്തിയതിന്റെ പേരില്‍ ‘പഞ്ചാബിലെ സിംഹം’ എന്നും ‘അമാനുഷ പോലീസുകാരന്‍’ എന്നും വിശേഷിപ്പിക്കപ്പെട്ടിരുന്ന ഗില്‍, ഗുജറാത്ത്, ചത്തീസ്ഗഢ് സര്‍ക്കാരുകളുടെ ഉപദേശകനായും ഹോക്കി ഫെഡറേഷന്റെ സാരഥിയായും സുരക്ഷ പ്രശ്‌നങ്ങളില്‍ പ്രമുഖ നിരീക്ഷകനായും പ്രവര്‍ത്തിച്ചു. ഒരു സിവില്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയിലുള്ള സംഭാവനകള്‍ മാനിച്ച് 1989-ല്‍ രാജ്യം പദ്മശ്രീ പുരസ്‌കാരം നല്‍കി അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു.

1958 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ ഗില്‍, അസമില്‍ ജോലി ചെയ്യുമ്പോഴാണ് തന്റെ ആദ്യകാല പ്രശസ്തി നേടിയെടുത്തത്. അവിടെ അദ്ദേഹം നടത്തിയ അസംബന്ധപൂരിതമായ പ്രവര്‍ത്തനങ്ങളും ആക്രമണോത്സുകമായ പോലീസ് നടപടികളും അദ്ദേഹത്തിന് ആരാധകരെയും വിമര്‍ശകരെയും നേടിക്കൊടുത്തു. അസമിലുള്ള കാലം മുതല്‍ വിവാദങ്ങള്‍ അദ്ദേഹത്തിന്റെ സ്ഥിരം ചങ്ങാതിയായി മാറി. ഒരു മനുഷ്യനെ ചവിട്ടിക്കൊന്നു എന്ന ആരോപണം അദ്ദേഹം നേരിട്ടെങ്കിലും കേസ് കോടതിയില്‍ ഇഴഞ്ഞുനീങ്ങപ്പെടുകയും രണ്ട് ദശാബ്ദങ്ങള്‍ക്ക് ശേഷം ഗില്‍ കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്തു.

1984ലാണ് സ്വന്തം സംസ്ഥാനമായ പഞ്ചാബിലേക്ക് ഗില്‍ മടങ്ങുന്നത്. 1988 മുതല്‍ 1990 വരെയും 1991 മുതല്‍ 1995 വരെയും രണ്ട് കാലഘട്ടത്തില്‍ അദ്ദേഹം ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസായി സേവനം അനുഷ്ടിച്ചു. സിഖ് തീവ്രവാദം അടിച്ചമര്‍ത്തുന്നതില്‍ ഗില്‍ ചരിത്രപരമായ പങ്ക് തന്നെയാണ് നിര്‍വഹിച്ചത്.

പോലീസ് ഏറ്റുമുട്ടലുകള്‍ വര്‍ദ്ധിപ്പിക്കാനും തീവ്രവാദികളെ കൊല്ലുകയും കണ്ടെത്തുകയും ചെയ്യുന്ന പോലീസുകാര്‍ക്കും ചാരന്മാര്‍ക്കും പ്രതിഫലം വര്‍ദ്ധിപ്പിക്കാനുമുള്ള നടപടികള്‍ ഗില്‍ സ്വീകരിച്ചു. കൊടുംപീഢനങ്ങളെ കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് ഇത് കാരണമായെങ്കിലും പോലീസ് നിരകളില്‍ ഗില്‍ പ്രീതിഭാജനമായി മാറി. മനുഷ്യാവകാശങ്ങളും ഭരണഘടനാപരമായ ഔചിത്യങ്ങളും അദ്ദേഹം ജനാലയ്ക്ക് പുറത്തേക്ക് വലിച്ചെറിഞ്ഞു. പക്ഷെ അദ്ദേഹം സൃഷ്ടിച്ച ഫലങ്ങള്‍ രാഷ്ട്രീയ സ്ഥാപനങ്ങള്‍ക്കും ഭൂരിപക്ഷം മാധ്യമങ്ങള്‍ക്കും ഹിതകരമായിരുന്നു. കോടതികള്‍ പിന്നീട് ഇടപെടുകയും ചില തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്‌തെങ്കിലും.

1988ല്‍ നടത്തിയ ബ്ലാക് തണ്ടര്‍ ഓപ്പറേഷനിലൂടെയാണ് ഗില്‍ യഥാര്‍ത്ഥത്തില്‍ ദേശീയ, അന്തര്‍ദേശീയ ശ്രദ്ധ നേടിയെടുത്തത്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ കൊലപാതകത്തിനും സിഖ് കൂട്ടക്കൊലയ്ക്കും കാരണമാക്കിക്കൊണ്ട് സുവര്‍ണ ക്ഷേത്രത്തിന് വലിയ കേടുപാടുകള്‍ വരുത്തിയ 1984ലെ ബ്ലൂസ്റ്റാര്‍ ഓപ്പറേഷന്‍ അപ്പോഴും പൊതു ഓര്‍മ്മകളില്‍ സജീവമായിരുന്നു. മാധ്യമങ്ങളെ അകറ്റി നിറുത്താതെ 1988ല്‍ ഗില്‍ നേതൃത്വം നല്‍കിയ പോലീസ് നടപടി ക്ഷേത്രത്തിന് വലിയ കേടുപാടുകളൊന്നും വരുത്തിയില്ല എന്ന് മാത്രമല്ല, ഭീകരര്‍ക്ക് വലിയ ക്ഷതം ഏല്‍പ്പിക്കുകയും ചെയ്തു. 43 സിഖ് തീവ്രവാദികള്‍ കൊല്ലപ്പെടുകയും 67 പേര്‍ കീഴടങ്ങുകയും ചെയ്തു എന്നാണ് ഔദ്യോഗിക രേഖകള്‍ പറയുന്നത്.

വിവാദങ്ങളുടെ സഹോദരന്‍
വിവാദങ്ങള്‍ ഗില്ലിന്റെ ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായിരുന്നു. ഗില്ലിന്റെ മേല്‍നോട്ടത്തില്‍ പഞ്ചാബ് പോലീസ് നടത്തിയ നിരവധി മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് മനുഷ്യാവകാശ സംഘടനകള്‍ തെളിവുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നിരപരാധികളായവര്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിന് സിഖ് യുവാക്കളെ പോലീസ് നിയമവിരുദ്ധമായി കസ്റ്റഡില്‍ എടുക്കുകയും പീഢിപ്പിക്കുകയും കൊല്ലുകയും ചെയ്തിട്ടുണ്ട്.

പാറക്കല്ലുകളില്‍ കെട്ടിത്താഴ്ത്തിയ ശവശരീരങ്ങള്‍ നദികളില്‍ ഒഴുകി നടന്നു. ഭീകരവാദികള്‍ എന്ന് സംശയിക്കപ്പെടുന്നവരെ വേട്ടയാടുന്നതിനായി സംസ്ഥാന പോലീസ് രാജ്യത്ത് മുഴുവന്‍ കറങ്ങി നടന്നു. സംസ്ഥാനത്ത് കെട്ടഴിച്ചുവിടപ്പെട്ട പോലീസ് ഭീകരതയെ കുറിച്ച് നിരീക്ഷികര്‍ ലേഖനങ്ങള്‍ എഴുതാന്‍ തുടങ്ങി.

1991ല്‍ പഞ്ചാബ് കലാപം രൂക്ഷമായപ്പോള്‍, 1992ല്‍ ഗില്ലിനെ ഡിജിപിയാക്കി മടക്കിക്കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഇടപെട്ടു. 1993 ഓടെ പഞ്ചാബിലെ കലാപങ്ങള്‍ നാടകീയമായ രീതിയില്‍ കുറഞ്ഞു. ഈ പ്രക്രിയയ്ക്കിടയില്‍ കശ്മീരികള്‍ക്കും വടക്ക് കിഴക്കന്‍ മേഖലയിലെയും മധ്യഇന്ത്യയിലേയും ആദിവാസികള്‍ക്കും പരാതിയുള്ള ഒരു പോലീസ് നടപടി ക്രമം ഗില്‍ സൃഷ്ടിച്ചെടുത്തു. അതാണ് ഇന്ത്യന്‍ സേനകള്‍ ഇന്നും പിന്തുടരുന്നത്.

ഇത്തരത്തില്‍ നിഷ്‌കരുണമായ പോലീസ് നടപടിയിലൂടെയാണ് ഇന്ത്യ അതിന്റെ മാര്‍ഗ്ഗം സ്വയം നഷ്ടപ്പെടുത്തുന്നത്. ഇന്ന് ഇന്ത്യ ഒരു ഇടുങ്ങിയ ജനാധിപത്യമായി മാറിയിട്ടുണ്ടെങ്കില്‍ അത് ഗില്ലിനെയും അതുപോലെയുള്ള സ്ത്രീകളും പുരുഷന്മാരും സൃഷ്ടിച്ച മാതൃകകളാണ് അടിസ്ഥാന കാരണം. ഇന്ദിര ഗാന്ധിയുടെ സായുധ രാഷ്ട്രീയത്തിന് നന്ദി പറയുക. പോലീസില്‍ ഗില്ലിന്റെ ഇതിഹാസം വളര്‍ന്നുകൊണ്ടേയിരിക്കുന്നു.

പഞ്ചാബ് സമാധാനത്തിന്റെ ഒരു കാലഘട്ടത്തിലേക്ക് കടക്കുന്നതിനും ഗില്ലിന്റെ ശക്തമായ നടപടികള്‍ കാരണമായി. ആ പ്രക്രിയയില്‍ രാജ്യത്ത് തീവ്രവാദ വിരുദ്ധ നടപടികള്‍ക്ക് ഒരു രൂപരേഖയും അദ്ദേഹം സൃഷ്ടിച്ചു.

വിവാദങ്ങള്‍ ഗില്ലിന്റെ ജീവിതത്തിന്റെ ഭാഗവും ഭാഗപത്രവുമായിരുന്നു. രൂപന്‍ ബജാജ് എന്ന ഐഎഎസ് ഓഫീസറെ ലൈംഗികമായി അപമാനിച്ചു എന്ന കുറ്റത്തിന്റെ പേരില്‍ 1996ല്‍ ഗില്ലിനെ ഒരു വിചാരണ കോടതി മൂന്ന് മാസം തടവിന് ശിക്ഷിച്ചു. പിന്നീട് സുപ്രീം കോടതി ശിക്ഷ നല്ലനടപ്പായി ചുരുക്കി.

ഇതിനിടിയില്‍ വിവിധ സംസ്ഥാനങ്ങളും ശ്രീലങ്ക വരെയും ഗില്ലിന്റെ ഉപദേശങ്ങള്‍ തേടി. ഗോധ്ര അനന്തര മുസ്ലീം വിരുദ്ധ കലാപം നടന്ന് ഏതാനും മാസങ്ങള്‍ക്ക് ശേഷം സംസ്ഥാന സര്‍ക്കാരിന്റെ ഉപദേശകനായി ഗില്ലിനെ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി നിയമിച്ചു. മാവോയിസത്തെ ചെറുക്കുന്നതിന് ചത്തീസ്ഗഢ് സര്‍ക്കാരിന്റെ ഉപദേശകനായി 2005 മുതല്‍ 2009 വരെ ഗില്‍ പ്രവര്‍ത്തിച്ചു.

നൂറുകണക്കിന് പഞ്ചാബികളുടെ നിഗൂഢ മരണത്തിന്റെ ചുരുളുകള്‍ ഇപ്പോഴും അഴിയാതെ ഇരിക്കുമ്പോഴും, ഇന്നത്തെ ഇന്ത്യയിലെ രോഷാകുലരായ സുരക്ഷ സേനയ്ക്കും അര്‍ദ്ധ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള മാധ്യമ സംവാദങ്ങള്‍ക്കും നിര്‍വികാര രാഷ്ട്രീയത്തിനും അടിത്തറയായി മാറിയ ഒരു പോലീസ് നടപടിയുടെ രൂപകല്‍പ്പന ബാക്കി വെച്ചാണ് ഗില്‍ നമ്മെ വിട്ടുപോകുന്നത്.

ഇവിടെ ജീവിക്കുന്ന ഓരോ പൗരന്റെയും മനുഷ്യാവകാശം സംരക്ഷിക്കുന്ന ഒരു സ്വതന്ത്ര ജനാധിപത്യമായി ഇന്ത്യ എപ്പോഴെങ്കിലും മാറണമെങ്കില്‍ ഗില്ലിന്റെ ഓര്‍മകള്‍ക്ക് മാന്യമായ ഒരു ശവസംസ്‌കാരം നല്‍കുകയും അദ്ദേഹം ഇരകളാക്കിയവര്‍ക്ക് നീതി ലഭ്യമാക്കുകയും ചെയ്യണം. പഞ്ചാബിലെ സമാധാനം ആഘോഷിക്കപ്പെടുന്നതില്‍ മാത്രം അത് ഒതുങ്ങുന്നില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍