UPDATES

ഹൈദരാബാദ് സര്‍വകലാശാലയില്‍ ‘ചൂണ്ടുവിരൽ’ നീളുന്നത് എങ്ങോട്ട്? ഇടതുപക്ഷത്തെ അശ്ലീലമായി കാണുന്ന മാധ്യമ കണ്ണടകള്‍

വൈകാരികതയിൽ തുടങ്ങി വൈകാരികതയിൽ ഒടുങ്ങുന്ന, കേവലം ശത്രുകേന്ദ്രീകൃതമായ ഈ രാഷ്ട്രീയത്തിന്റെ പരാജയം ഹിന്ദുത്വത്തെയോ അംബേദ്‌കർ തന്നെ അധസ്ഥിത വർഗ്ഗത്തിന്റെ പ്രധാന ശത്രുവായി കണ്ട മുതലാളിത്തത്തെയോ ബ്രഹ്മണ്യത്തെയോ ചെറുത്തുതോൽപ്പിക്കാനുള്ള ഒരു പ്രോഗ്രാമാറ്റിക് സമീപനം ഇല്ല എന്നത് തന്നെയാണ്.

“അഞ്ചോ ആറോ വർഷങ്ങൾക്ക് മുൻപാണ്. കൊച്ചിയിൽ നിന്നും എറണാകുളം രൂപതയുടെ കീഴിൽ പ്രസിദ്ധീകരിച്ച ‘സത്യദീപം’ വാരികയുടെ സുവർണ ജൂബിലി ആഘോഷത്തിനോടനുബന്ധിച്ചു സംഘടിപ്പിച്ച മാധ്യമ സെമിനാർ ആണ് വേദി. കേരളത്തിലെ പ്രമുഖരായ (ക്രിസ്ത്യൻ) മാധ്യമപ്രവർത്തകരും (ക്രിസ്ത്യൻ) മാധ്യമവിമർശകരും വേദിയിലുണ്ട്. മലയാള മനോരമയുടെ എക്സിക്യൂട്ടീവ് എഡിറ്റർ തോമസ് ജേക്കബിന്റെ പ്രബന്ധാവതരണത്തിനു ശേഷമുള്ള ചോദ്യോത്തര വേളയിൽ ഒരു മാധ്യമവിദ്യാർത്ഥിയുടെ ആകാംഷയോടെ ഞാനൊരു ചോദ്യം ചോദിച്ചു. ചോദ്യം ഇതായിരുന്നു: അഫ്‌ഗാനിസ്ഥാനിൽ അമേരിക്കൻ സൈനികാക്രമണങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ മലയാള മനോരമ എന്തിനായിരുന്നു വാർത്തകളിൽ പ്രാദേശിക വകഭേദങ്ങൾ കാണിച്ചത് ? മലബാർ എഡിഷനിൽ ഒന്നാം പേജിൽ വന്ന വാർത്തകളും ചിത്രങ്ങളും ആയിരുന്നില്ല മനോരമയുടെ മറ്റു എഡിഷനുകളിൽ വന്നത്.

ഓണത്തിനോടനുബന്ധിച്ചു മനോരമ മലയാളത്തിലാദ്യമായി ഒരേ ദിവസം രണ്ടു പത്രം ഇറക്കിത്തുടങ്ങിയ സമയം കൂടിയായിരുന്നു അത്. സൗമ്യതയോടും അതിലേറെ സത്യസന്ധതയുടെയും തോമസ് ജേക്കബ് മറുപടി പറഞ്ഞിതിങ്ങനെയാണ്: “തേങ്ങ ഉദ്പാദനം കൂടുതലുള്ള നാട്ടിൽ തേങ്ങക്കും വെളിച്ചെണ്ണക്കും വില കൂട്ടണമെന്നും തേങ്ങ ഉപഭോഗം കൂടുതലുള്ള നാട്ടിൽ അവയുടെ വില കുറയ്ക്കണമെന്നും ഒരേ പത്രം ഒരേ ദിവസം എഡിറ്റോറിയൽ എഴുതുന്ന കാലവും വിദൂരത്തൊന്നുമല്ല’. മറ്റൊരു വിവരം കൂടി തോമസ് ജേക്കബ് വെളിപ്പെടുത്തി; കണ്ണൂരിൽ ദേശാഭിമാനിയെ പിന്നിലാക്കാൻ മനോരമയ്ക്ക് യാതൊരു പ്രയാസവുമില്ല . സിപിഎമ്മിന്റെ ഏതൊരു പരിപാടിയും ദേശാഭിമാനിയേക്കാൾ കമനീയമായി മനോരമ റിപ്പോർട്ട് ചെയ്താൽ ഒരു സഖാവും ആ ദിവസം ദേശാഭിമാനി വാങ്ങില്ലെന്നും (മനോരമ വാങ്ങുമെന്നും) ഞങ്ങൾക്ക് ഉറപ്പുണ്ട്.” (നുഐമാൻ, മാധ്യമ മേൽക്കോൽമയുടെ കാലം, ഐ പി ബി)

ഹൈദരാബാദ് സർവകലാശാലയിലെ വിദ്യാർത്ഥി രാഷ്ട്രീയത്തെ താത്പര്യപൂർവ്വം നിരീക്ഷിക്കുന്ന ഒരു പൂർവ്വ വിദ്യാർത്ഥി എന്ന നിലയിലും, ലിബറൽ, മതനിരപേക്ഷ, ഇടതുപക്ഷ ആശയങ്ങൾ ഉൾകൊള്ളുന്ന രാഷ്ട്രീയത്തെ അനുഭാവപൂർവ്വം സമീപിക്കുന്ന ഒരാളെന്ന നിലയിലുമാണ് ഈ കുറിപ്പെഴുതുന്നത്.

ഹൈദരാബാദ് സർവകലാശാലയിൽ രോഹിത് വെമുലയുടെ മരണത്തിനു ശേഷം ഇടതു- ദളിത് രാഷ്ട്രീയങ്ങൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണം എന്ന പ്രഖ്യാപനവുമായാണ് മനോരമ ചാനൽ സംപ്രേക്ഷണം (Apr 29, 2018) ചെയ്ത ‘ചൂണ്ടുവിരൽ’ എന്ന പരിപാടി ആരംഭിക്കുന്നത്. അന്വേഷണത്തിനൊടുവിൽ എത്തുന്ന നിഗമനം വ്യവസ്ഥാപിത ഇടതുപക്ഷം രോഹിത് വെമുലയെ “ആഘോഷിച്ച ശേഷം” സൗകര്യപൂർവം മറക്കുന്നു എന്നാണ്. അന്വേഷണത്തിൽ നിന്ന് നിഗമനത്തിലേക്കെത്തുവാൻ അവലംബിച്ച രീതിശാസ്ത്രത്തിന്റെ പിഴവുകളും അതിലെ മാധ്യമ അധാർമ്മികതയും വിരൽചൂണ്ടുന്നത് പുറത്തേക്കല്ല; രാഷ്ട്രീയ തെറ്റിദ്ധരിപ്പിക്കലുകൾ പോലും കച്ചവടവത്കരിക്കുന്ന മുതലാളിത്ത മാധ്യമ സംസ്കാരത്തിന്റെ ഉള്ളിലേയ്ക്ക് തന്നെയാണ്.

ഇടതു – ദളിത് രാഷ്ട്രീയങ്ങൾ തമ്മിലുള്ള ബന്ധത്തെ അന്വേഷണ വിധേയമാക്കുന്ന അവതാരകൻ വ്യവസ്ഥാപിത ഇടതുപക്ഷത്തെ പ്രതിനിധീകരിക്കുന്ന ഒരു വിദ്യാർത്ഥിയെയോ, എന്തിനു എ.എസ്.എ (അംബേദ്‌കര്‍ സ്റ്റുഡന്റ്റ്സ് അസോസിയേഷന്‍) യ്ക്കു പുറത്തുള്ള ഒരു പ്രതിനിധിയെയോ അഭിമുഖ വിധേയമാക്കിയില്ല എന്നത് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യത്തിനെ തന്നെ സംശയത്തിലാഴ്ത്തുന്നു. സത്യസന്ധമായ ഒരു അന്വേഷണമായിരുന്നെങ്കിൽ ഏകപക്ഷീയമായ വിധിയെഴുത്തിനു മുമ്പ്, വിമർശിക്കപ്പെടുന്നവരുടെ (ഇടതുപക്ഷം) ഭാഗത്തുനിന്നുള്ള വീക്ഷണം കൂടി മനസ്സിലാക്കാനുള്ള മിനിമം മാധ്യമ മര്യാദ ആകാമായിരുന്നു. ഇടതു- ദളിത് രാഷ്ട്രീയങ്ങൾ തമ്മിലുള്ള ആരോഗ്യപരമായ സഖ്യവും ചർച്ചകളും നിലനിന്നിരുന്ന ഒരു ചരിത്രമുള്ള ക്യാമ്പസ്സിലെ ഈ രാഷ്ട്രീയങ്ങൾ തമ്മിലുള്ള സമകാലിക ബന്ധം അന്വേഷിക്കുന്നിടത്ത്‌ ഇടതുപക്ഷ നിലപാടിനെ അദൃശ്യവത്കരിക്കുന്നതിലൂടെ അവതാരകൻ നടത്തുന്നത് രാഷ്ട്രീയ തെറ്റിദ്ധരിപ്പിക്കലാണ്; അല്ലെങ്കിൽ അതിനു ചൂട്ടുപിടിലാണ്.

ഇത് അവതാരകന് സംഭവിച്ച കേവലമായ തെറ്റല്ല. മറിച്ചു, മുമ്പ് സൂചിപ്പിച്ച മാധ്യമ സംസ്കാരത്തിന്റെ യുക്തിയുക്തമായ സമാപ്തിയാണ്. കച്ചവടവും ലാഭവും മൂലാധാരമാക്കിയ മുതലാളിത്ത വ്യവസ്‌ഥിതി പരിപോഷിപ്പിക്കുന്ന മാധ്യമ സംസ്കാരത്തിന്റെ. ഇവിടെയാണ് ഇടത്- ദളിത് രാഷ്ട്രീയങ്ങൾ തമ്മിലുള്ള ആരോഗ്യപരമായ വിമർശനങ്ങൾക്കും ചർച്ചകൾക്കും ഉപരി അവയെ നിർബന്ധമായും എതിർ ചേരികളിൽ പ്രതിഷ്ഠിക്കുന്ന നരേഷനുകൾ (അവതാരകന്റേതടക്കം) പ്രചരിക്കുന്നത്. ഇത്തരത്തിൽ രാഷ്ട്രീയ അഭിപ്രായങ്ങൾ തന്നെ മുതലാളിത്ത വ്യവസ്ഥിതിയിൽ വിപണനമൂല്യമുള്ള വസ്തുവായി മാറുമ്പോൾ പൊതുമണ്ഡലങ്ങൾക്കുണ്ടാകുന്ന പരിവർത്തനങ്ങളുടെയും അവ പ്രോത്സാഹിപ്പിക്കുന്നതരം നാർസിസിസ്റ്റ് പ്രവണതകളുടെയും അടിസ്ഥാനത്തിൽ കൂടിയാണ് അവതാരകൻ ആവർത്തിച്ചുദ്ധരിക്കുന്ന “പുതിയകാലത്തിന്റെ പുതിയ രാഷ്ട്രീയം” ചർച്ച ചെയ്യേണ്ടത്.

“പുതിയ കാലത്തിന്റെ പുതിയ രാഷ്ട്രീയം” എന്നതുകൊണ്ട് അവതാരകൻ വിവക്ഷിക്കുന്നത് ഹിന്ദുത്വ ഭീകരതയ്ക്കെതിരെ ഉണ്ടായിവരുന്ന ദളിത് – മുസ്ലിം ഐക്യം, അതിൽ ഇടതുപക്ഷത്തിന്റെ അഭാവം, തെരുവിലിറങ്ങുന്ന ആൾക്കൂട്ടത്തിലുള്ള പ്രതീക്ഷ എന്നിവയാണ്. അല്ലെങ്കിൽ, ചരിത്രപരവും ആശയപരവുമായി ഒരുപാട് വൈരുദ്ധ്യങ്ങൾ നിലനിൽക്കുന്ന ദളിത് – മുസ്ലിം (ഇസ്ലാമിസ്ററ്?) ഐക്യം എന്ന സങ്കൽപ്പത്തോടുള്ള നിരുപാധികമായ അഭിനിവേശം, ഇടതുപക്ഷത്തോടുള്ള വെറുപ്പ് (അഥവാ അറപ്പ്), ‘സ്വാഭാവിക’ ആൾക്കൂട്ട രാഷ്ട്രീയത്തോടുള്ള കാൽപ്പനിക പ്രണയം എന്നിവയാണെന്നു തെളിച്ചു പറയാം. ഇതാണ് ചൂണ്ടുവിരൽ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ നിലപാടിന്റെ കാതൽ. സെക്യൂലറിസത്തെയും, ലിബറലിസത്തെയും ഇടതുപക്ഷത്തേയും അശ്ലീല പദങ്ങളായി പൊതുമണ്ഡലത്തിൽ ചിത്രീകരിക്കുന്ന ആ രാഷ്ട്രീയം, ഇരവാദത്തിലും വരേണ്യ/മധ്യവർഗത്തിന്റെ അപരാധബോധത്തിന്മേലുമാണ് (guilt) കെട്ടിപടുത്തുന്നത്. അതിന്റെ മാർക്കറ്റിലുമാണ്.

വൈകാരികതയിൽ തുടങ്ങി വൈകാരികതയിൽ ഒടുങ്ങുന്ന, കേവലം ശത്രുകേന്ദ്രീകൃതമായ ഈ രാഷ്ട്രീയത്തിന്റെ പരാജയം ഹിന്ദുത്വത്തെയോ അംബേദ്‌കർ തന്നെ അധസ്ഥിത വർഗ്ഗത്തിന്റെ പ്രധാന ശത്രുവായി കണ്ട മുതലാളിത്തത്തെയോ ബ്രഹ്മണ്യത്തെയോ ചെറുത്തുതോൽപ്പിക്കാനുള്ള ഒരു പ്രോഗ്രാമാറ്റിക് സമീപനം ഇല്ല എന്നത് തന്നെയാണ്. അവിടെ ‘സംഘ്’ സ്‌പോൺസേർഡ് ആൾക്കൂട്ട ഹർത്താലുകൾ ആഘോഷിക്കപ്പെടുകയും, നവലിബറൽ ഹിന്ദുത്വത്തെ മുട്ടുമടക്കാൻ ശേഷിയുള്ള ആദിവാസി-ദളിത് കർഷകർ നയിച്ച വ്യവസ്‌ഥാപിത ഇടതുപക്ഷ മുന്നേറ്റങ്ങളും തെലങ്കാനയിൽ രൂപപ്പെട്ടുവരുന്ന ബഹുജൻ ഇടത് മുന്നണിയും (BLF) അദൃശ്യമാക്കപ്പെടുകയും ചെയ്യും. ഒരു പക്ഷെ, സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ വിഷമമേറിയ അത്തരം ബഹുജന മുന്നേറ്റങ്ങൾക്കായുള്ള ശ്രമങ്ങൾ നടത്തുന്നതു കൊണ്ടുമാവാം വിചാരണപോലുമില്ലാതെ ഇടതുപക്ഷത്തെ ‘ചൂണ്ടുവിരൽ’ പ്രതിക്കൂട്ടിലാക്കുന്നത്. അതുകൊണ്ടുതന്നെ, മുതലാളിത്ത മാധ്യമ സംസ്കാരത്തോടും ഹിന്ദുത്വത്തോടും തോൾചേർന്നു വ്യവസ്‌ഥാപിത ഇടതുപക്ഷത്തെ നവരാഷ്ട്രീയത്തിന്റെ എതിർ ചേരിയിൽ പ്രതിഷ്ഠിച്ചു തളർത്താൻ ശ്രമിക്കുന്ന പുതിയകാലത്തിന്റെ ‘ചൂണ്ടുവിരൽ’ രാഷ്ട്രീയത്തിന്റെ പൊള്ളത്തരം തിരിച്ചറിയേണ്ടതുണ്ട്.

വിശാഖ് മധുസൂദനന്‍

വിശാഖ് മധുസൂദനന്‍

ഹൈദരാബാദ് സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ഥി, സാമൂഹ്യ നിരീക്ഷകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍