UPDATES

ഇന്ധനവില: സര്‍ക്കാര്‍ പറയുന്നതില്‍ എന്തെങ്കിലും വാസ്തവമുണ്ടോ? ഇതാ കണക്കുകള്‍

സംസ്‌കരിച്ച പെട്രോളിയം ഉല്‍പന്നങ്ങളുടെ വില റിഫൈനറികളുടെ സാമ്പത്തിക കാര്യക്ഷമതയേയും ആഭ്യന്തരമായി നിലനില്‍ക്കുന്ന രാഷ്ട്രീയ ചട്ടക്കൂടുകളേയും ആശ്രയിച്ചിരിക്കും.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി, പ്രത്യേകിച്ചും 90-കളുടെ അവസാനം മുതല്‍ തന്നെ ഇന്ത്യയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന രാഷ്ട്രീയ, സാമ്പത്തിക പ്രശ്നമാണ് ഇന്ധനവില വര്‍ദ്ധന. എന്നാല്‍ 90-കളുടെ അവസാന വര്‍ഷങ്ങളുടെ ഇടവേളകളിലാണ് ഇവ തലക്കെട്ടുകളില്‍ സ്ഥാനം പിടിച്ചിരുന്നതെങ്കില്‍, 21-ാം നൂറ്റാണ്ടില്‍ പ്രത്യേകിച്ചും രണ്ടാം പതിറ്റാണ്ടില്‍ അത് ഓരോ മാസവും മാധ്യമ ശ്രദ്ധ നേടി. ഇപ്പോള്‍ ഇന്ധന വിലയുടെ അവലോകന പ്രക്രിയ ദൈനംദിന രീതിയില്‍ നടപ്പിലാക്കിയിരിക്കുകയാണ്.

ഉല്‍പ്പന്നങ്ങളുടെ വില നിശ്ചയിക്കുന്നതില്‍ വ്യത്യസ്ത മാര്‍ഗങ്ങളാണ് സാമ്പത്തികശാസ്ത്ര സിദ്ധാന്തങ്ങള്‍ മുന്നോട്ട് വെക്കാറുള്ളത്. എന്നാല്‍ എണ്ണ കമ്പനികള്‍ എന്ത് വിലയിടല്‍ തന്ത്രമാണ് പിന്തുണരുന്നതെന്ന് വ്യക്തമല്ലെന്ന് മാത്രമല്ല അത് പൊതുജനങ്ങളോട് വെളിപ്പെടുത്താറുമില്ല. വിലകളുടെ മുകളിലേക്കുള്ള പ്രയാണം പൊതുവില്‍ അയവുള്ളതും താഴേക്കുള്ള പ്രയാണം വഴക്കമില്ലാത്തതുമായിരിക്കും. എന്നാല്‍ ഇന്ധന വിലകളില്‍ ഉണ്ടാവുന്ന വര്‍ദ്ധന എല്ലാ പ്രതീക്ഷകള്‍ക്കും ഭാവനകള്‍ക്കും അപ്പുറമാണ്. ഒരിക്കലും അവസാനിക്കാത്തതും മിക്കപ്പോഴും അനാവശ്യവുമായ ഈ സ്ഥിരമായ വില വര്‍ദ്ധനയ്ക്ക് പിന്നിലെ കാരണങ്ങളെ അഭിസംബോധന ചെയ്യുക എന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. അന്താരാഷ്ട്ര കമ്പോളത്തിലുണ്ടാവുന്ന ക്രൂഡ് ഓയിലിന്റെ വില വര്‍ദ്ധനയെ കുറിച്ചാണ് നേരത്തെ സര്‍ക്കാരും എണ്ണ കമ്പനികളും പരാതിപ്പെട്ടിരുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ സബ്‌സിഡികള്‍ മൂലമുണ്ടായ സഞ്ചിത നഷ്ടം എല്ലാ എണ്ണ കമ്പനികള്‍ക്കും കനത്ത നഷ്ടം വരുത്തിവെച്ചിട്ടുണ്ടെന്നും അവര്‍ അവകാശപ്പെടുന്നു. എന്നാല്‍ അത്തരം ഒരു വാദഗതിക്ക് ഇനി നിലനില്‍പ്പില്ല. ഇന്ത്യന്‍ പൗരന്മാര്‍, പ്രത്യേകിച്ചും ഇത്തരക്കാരും താഴ്ന്ന വരുമാനം ഉള്ളവരും അനുഭവിക്കുന്ന അസുഖകരവും നാശോന്മുഖവുമായ ഈ സ്ഥിതിവിശേഷത്തിനുള്ള പ്രധാന കാരണങ്ങള്‍ നമുക്കൊന്ന് പരിശോധിക്കാം.

ഇന്ധന വിലയുടെ രാഷ്ട്രീയവും അതിന്റെ സാമ്പത്തികവും തമ്മില്‍ വളരെ ഇഴുകിച്ചേര്‍ന്നിരിക്കുന്നതിനാല്‍ തന്നെ ഒരു സാമ്പത്തിക വിദഗ്ധന് ഇവയെ വിഭജിക്കുക എന്നത് വളരെ പ്രയാസമാണ്. യഥാര്‍ത്ഥത്തില്‍ പെട്രോളിയം മേഖലയുടെ ചലനാത്മകതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും അതുകൊണ്ടുതന്നെ പെട്രോളിയം മേഖലയില്‍ വിലകള്‍ നിശ്ചയിക്കലും രാഷ്ട്രീയവേദികളില്‍ തന്നെയാണ് നടക്കുന്നത്. എന്നിരുന്നാല്‍ തന്നെയും സമ്പദ്ഘടനയുടെ ഏറ്റവും നിര്‍ണായക മേഖകളിലൊന്നായ പെട്രോളിയം വില നിശ്ചയിക്കലിന്റെ സാമ്പത്തികശാസ്ത്രം അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്.

ഇടനില ഉല്‍പ്പന്നങ്ങള്‍ (intermediate inputs) എന്ന നിലയില്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് എതൊരു സാമ്പത്തികരംഗത്തും സുപ്രധാന പങ്കുണ്ട്. ഇറക്കുമതിയെ കൂടുതലായി ആശ്രയിക്കുന്നതിന് പകരം ഉല്‍പന്നം ആഭ്യന്തരമായി ഉല്‍പാദിപ്പിക്കാനുള്ള ഇന്ത്യയുടെ നയത്തിന് പ്രധാന വെല്ലുവിളിയാകുന്നത് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഭീമമായ ഇറക്കുമതി ചിലവാണ്. 1973ലെയും 1978ലെയും പെട്രോളിയം പ്രതിസന്ധിയും പെട്രോളിയം ഉല്‍പ്പന്നങ്ങളും പ്രത്യേകിച്ചും എല്‍പിജിയുടെ സുസ്ഥിരമായ വില വര്‍ദ്ധനയും ലോക സമ്പദ്ഘടനയോടൊപ്പം ഇന്ത്യന്‍ സാമ്പത്തികരംഗത്തിനും വലിയ ബാധ്യതയാണ് കഴിഞ്ഞ കാലങ്ങളില്‍ വരുത്തിയത്. ലോക കമ്പോളത്തിന് ഇന്ത്യന്‍ സാമ്പത്തികരംഗം തുറന്നു കൊടുത്ത പരിഷ്‌കരണ പദ്ധതി ഇന്ത്യയുടെ പെട്രോളിയം മേഖലയില്‍ പുതിയ പ്രതിസന്ധികള്‍ സൃഷ്ടിച്ചു. വഴക്കമാര്‍ന്ന പുതിയ വിനിമയ നിരക്ക് സംവിധാനത്തിന് കീഴില്‍ വിനിമയ നിരക്കുകളിലുണ്ടായ ഏറ്റക്കുറച്ചിലുകളായിരുന്നു ഇതിന് പ്രധാന കാരണം. ഈ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ പെട്രോളിയം മേഖലയില്‍ സംഭവിക്കുന്ന വിശാല പ്രവണതകള്‍ നമുക്കൊന്ന് പരിശോധിക്കാം.

ഇന്ത്യന്‍ പെട്രോളിയം കമ്പോളത്തിന്റെ ഘടന
ക്രൂഡ് ഓയില്‍ എന്ന ഫോസില്‍ ഇന്ധനമാണ് പെട്രോളിയമായും വാതകമായും ലൂബ്രിക്കന്റുകളായും സംസ്‌കരിച്ചെടുക്കുന്നത്. എന്നാല്‍ സംസ്‌കരിച്ച പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയിപ്പോള്‍ വലിയ അളവില്‍ ഇറക്കുമതി ചെയ്യുന്നില്ല. ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുകയും അത് പൊതുമേഖല, സ്വകാര്യമേഖല റിഫൈനറികളില്‍ സംസ്‌കരിച്ച് പെട്രോളിയം ഉല്‍പ്പന്നങ്ങളായി മാറ്റുകയുമാണ് നമ്മള്‍ ചെയ്യുന്നത്. അന്താരാഷ്ട്ര കമ്പോളമാണ് ക്രൂഡ് ഓയില്‍ വില നിയന്ത്രിക്കുന്നത്. എന്നാല്‍ സംസ്‌കരിച്ച പെട്രോളിയം ഉല്‍പന്നങ്ങളുടെ വില റിഫൈനറികളുടെ സാമ്പത്തിക കാര്യക്ഷമതയേയും ആഭ്യന്തരമായി നിലനില്‍ക്കുന്ന രാഷ്ട്രീയ ചട്ടക്കൂടുകളേയും ആശ്രയിച്ചിരിക്കും. ഈ സാഹചര്യത്തിലാണ് കാര്യക്ഷമതയുടെയും ഏതൊരു സമൂഹത്തിന്റെയും രാഷ്ട്രീയ ഘടകങ്ങളുടെയും നേരിട്ടുള്ള സൂചകം എന്ന് വിശേഷിപ്പിക്കാവുന്ന പെട്രോളിയം വിലയില്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിലവിലുള്ള വ്യതിയാനങ്ങളെ കുറിച്ചുള്ള പരിശോധന കൗതുകകരമാകുന്നത്. ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ശരാശരി ചിലവിന്റെ അടിസ്ഥാനത്തിലാണ് വ്യാപാര സ്ഥാപനങ്ങള്‍ വില നിശ്ചയിക്കുന്നതെന്ന് തത്വത്തില്‍ പറയാം. ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വിലയിലെ ഏറ്റക്കുറച്ചിലുകളുടെ വ്യാപ്തി നിശ്ചയിക്കുന്നത് രാഷ്ട്രീയ കാലാവസ്ഥയാണ്. ഇവിടെയാണ് പെട്രോളിയം ഉല്‍പന്നങ്ങളുടെ സബ്‌സിഡിയെ സംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നത്.

പിഒഎല്‍ ഉല്‍പ്പന്നങ്ങുടെ സംസ്‌കരണത്തിനിടയില്‍ പാഴാവുന്ന ക്രൂഡ് ഓയിലിന്റെ വ്യാപ്തി

(അവലംബം: ഇന്ത്യന്‍ പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് സ്റ്റാറ്റിറ്റിക്സ്‌- 2010-11)

ക്രൂഡ് ഓയിലും പിഒഎല്‍ ഉല്‍പന്നങ്ങളും തമ്മിലുള്ള അസംസ്‌കൃത-സംസ്‌കൃത അനുപാതമാണ് പട്ടിക ഒന്നില്‍ കാണുന്നത്. 80-കളിലും 90-കളിലും ഉല്‍പ്പാദന നഷ്ടം 10-12 ശതമാനം ആയിരുന്നെങ്കില്‍ സാങ്കേതികവിദ്യയുടെ നവീകരണത്തോടെ 2011-12ല്‍ അത് രണ്ട് ശതമാനമായി കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. മറ്റേതൊരു ഉല്‍പ്പാദന പ്രക്രിയയുമായി താരതമ്യം ചെയ്യുമ്പോഴും, ഉപോല്‍പ്പന്നങ്ങളുടെ സാധ്യതകള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ രണ്ട് ശതമാനം ഉല്‍പ്പാദന നഷ്ടം തള്ളിക്കളയാവുന്ന ഒന്നാണെന്ന് ആര്‍ക്കും വ്യക്തമാകും. അതായത് അന്താരാഷ്ട്ര കമ്പോളത്തിലെ ക്രൂഡോയില്‍ വിലയുടെ സഞ്ചാരവുമായി നേരിട്ട് ബന്ധപ്പെടുത്താവുന്നതാണ് ഇന്ത്യയിലെ ഇന്ധനവിലയെന്നാണ് ഇത് വ്യക്തമാക്കുന്നത്. പക്ഷെ ഇന്ത്യയില്‍ അത് അങ്ങനെയാണോ നിശ്ചയിക്കപ്പെടുന്നത്? ഇന്ധന വില നിശ്ചയിക്കുന്നതില്‍ എന്തെങ്കിലും തരത്തിലുള്ള ശാസ്ത്രീയ, സാമ്പത്തിക മാനദണ്ഡങ്ങള്‍ സര്‍ക്കാരും എണ്ണ കമ്പനികളും പിന്തുടരുന്നുണ്ടോ? ഈ സാഹചര്യത്തില്‍, അന്താരാഷ്ട്ര കമ്പോളത്തിലെ ക്രൂഡ് ഓയിലിന്റെയും പിഒഎല്‍ ഉല്‍പ്പന്നങ്ങളുടെയും കഴിഞ്ഞ എട്ട് വര്‍ഷത്തെ വില നീക്കങ്ങള്‍ ഒന്ന് പരിശോധിക്കുന്നത് ഉചിതമായിരിക്കും.

അന്താരാഷ്ട്ര-ആഭ്യന്തര കമ്പോളങ്ങളിലെ വിലയുടെ സഞ്ചാരം
ഇന്ത്യയില്‍ ഉണ്ടാവുന്ന നിസാരമായ ഉല്‍പ്പാദനനഷ്ടത്തിന്റെ അളവ് പരിശോധിക്കുന്ന ഏതൊരാളും പെട്രോളിയം ഉല്‍പന്നങ്ങളുടെ ആഭ്യന്തര, അന്താരാഷ്ട്ര കമ്പോളങ്ങളിലെ വിലകള്‍ തമ്മില്‍ നേരിട്ടുള്ള പാരസ്പര്യം ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കുക. അന്താരാഷ്ട്ര കമ്പോളത്തിലെ ക്രൂഡ് ഓയില്‍ വിലയുമായി ബന്ധപ്പെടുത്തി പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെ വിലകളുടെ സഞ്ചാരമാണ് ഒന്ന്, രണ്ട്, മൂന്ന് ചിത്രങ്ങളില്‍ കാണിച്ചിരിക്കുന്നത്. എല്‍പിജിയുടേത് ഒഴിച്ചുള്ള വിലകള്‍ ക്രൂഡ് ഓയില്‍ വിലയിലെ മാറ്റങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഇതില്‍ നിന്നും മനസിലാക്കാം. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദന നഷ്ടം നിസാരമാണെന്നും അസംസ്‌കൃത വസ്തുവിന്റെ വിലയുമായി ഉല്‍പന്നത്തിന്റെ വില നേരിട്ടുള്ള അനുപാതത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്നുമാണ് ഇത് ആവര്‍ത്തിക്കുന്നത്.

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധനയെ കുറിച്ചുള്ള ചര്‍ച്ചകളിലൊക്കെ സര്‍ക്കാരും എണ്ണ കമ്പനികളും അന്താരാഷ്ട്ര വില സൂചികകളെ ആശ്രയിക്കുകയും ഇന്ത്യന്‍ വില സൂചികകളെ കുറിച്ച് പരാമര്‍ശിക്കാതിരിക്കുകയുമാണ് പതിവ്. ഇങ്ങനെ ചെയ്യുന്നതിലൂടെ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിശ്ചയിക്കുന്ന പ്രക്രിയയില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നത് എന്ന് വ്യക്തമായി മനസിലാക്കുന്നതിനായി ഇന്ത്യയിലെ മൊത്തം വില സൂചികയും ക്രൂഡ് ഓയില്‍ വിലയും തമ്മിലുള്ള ബന്ധം ഒന്ന് താരതമ്യം ചെയ്യുന്നത് ഉചിതമായിരിക്കും.

(ഗ്രാഫ് 1,2,3. അവലംബം: ഇന്ത്യന്‍ പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് സ്റ്റാറ്റിറ്റിക്സ്‌- 2010-11)

ചില വര്‍ഷങ്ങളില്‍ ഉണ്ടായിട്ടുള്ള വളരെ സൂക്ഷ്മമായ വ്യതിയാനങ്ങള്‍ ഒഴിച്ചു നിറുത്തിയാല്‍ അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വില കഴിഞ്ഞ 15 മുതല്‍ 16 വര്‍ഷങ്ങള്‍ക്കിടയില്‍ ഏകദേശം സ്ഥിരമാണ് എന്ന് നാല്, അഞ്ച്, ആറ്, ഏഴ് എന്നീ ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്. എന്നാല്‍ ക്രൂഡ് ഓയില്‍ വിലയുടെ മൊത്ത വില സൂചികയില്‍ നിന്നും മൊത്തത്തില്‍ കടകവിരുദ്ധമാണ് ഉല്‍പ്പന്ന വിലയെന്ന് കാണാന്‍ സാധിക്കും. സര്‍ക്കാര്‍ നല്‍കിയിരുന്ന സമൃദ്ധമായ സബ്‌സിഡിയുടെ ഫലമായി 2005ന് മുമ്പ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില ക്രൂഡ് ഓയിലിന്റെ വിലയെക്കാള്‍ വളരെ താഴെയായിരുന്നു. അക്കാലത്ത് ഇന്ത്യയിലുണ്ടായിരുന്ന എണ്ണ കമ്പനികളെല്ലാം പൊതുമേഖല സ്ഥാപനങ്ങളായിരുന്നുവെന്നും വിലകള്‍ സര്‍ക്കാര്‍ നേരിട്ട് നിശ്ചയിക്കുകയായിരുന്നുവെന്നുമുള്ള ഒരു പ്രധാന വസ്തുതയും ഇവിടെ കണക്കിലെടുക്കേണ്ടതുണ്ട്. സ്വകാര്യ കമ്പനികള്‍ രംഗത്തേക്ക് കടന്നുവന്നതോടെ സര്‍ക്കാര്‍ സബ്‌സിഡികള്‍ പിന്‍വലിക്കാന്‍ തുടങ്ങി. വില നിശ്ചയിക്കാന്‍ എണ്ണ കമ്പനികള്‍ക്ക് അധികാരം ലഭിച്ചതോടെ സംഭവങ്ങളില്‍ ഗുരുതരമായ മലക്കംമറിച്ചില്‍ ഉണ്ടായി. 2005-06ന് ശേഷം ഉല്‍പാദന നഷ്ടം ഗണ്യമായി കുറഞ്ഞിട്ടും ഇന്ത്യയിലെ ഇന്ധന വില ക്രൂഡ് ഓയില്‍ വിലയെക്കാള്‍ വളരെ ഉയര്‍ന്ന നിരക്കിലാണെന്ന് ആര്‍ക്കും വ്യക്തമാകും. അതുകൊണ്ടുതന്നെ, അന്താരാഷ്ട്ര കമ്പോളത്തിലെ ക്രൂഡ് ഓയിലിന്റെ വിലയും മുന്‍കാല സബ്‌സിഡി എന്ന ഉമ്മാക്കിയും ചൂണ്ടിക്കാട്ടി ഇന്ത്യയിലെ ഇന്ധന വില തുടര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന സര്‍ക്കാരിന്റെയും കമ്പനികളുടെ വാദം അപ്രസക്തമായി തീരുന്നു.

അസംസ്കൃത എണ്ണയുടെ മൊത്തവില സൂചികയും പെട്രോളിയം ഉത്പന്നങ്ങളും

(അവലംബം: ഹാന്‍ഡ്ബുക്ക് ഓഫ് സ്റ്റാറ്റിറ്റിക്സ് ഓണ്‍ ഇന്ത്യന്‍ എക്കോണമി, ആര്‍.ബി.ഐ (2010-11)

(ഗ്രാഫ് 5,6,7. www.indiastat.com)

ദൈനംദിന വില നിശ്ചയിക്കല്‍ പ്രക്രിയ നിലവില്‍ വന്നതോടെ, ഇന്ധന വിലയിലുണ്ടാകുന്ന വര്‍ദ്ധന വാണം പോലെ കുതിച്ചുയരുന്ന പ്രക്രിയ കൂടുതല്‍ വ്യാപകമായി.

വില വര്‍ദ്ധിപ്പിക്കുന്നതിനുള്ള ന്യായീകരണമായി മുന്‍കാലങ്ങളില്‍ പറഞ്ഞിരുന്ന കാരണങ്ങള്‍ ഇവയായിരുന്നു:
1. മുന്‍കാല സബ്‌സിഡിയുടെ നഷ്ടം നികത്തുന്നതിന്
2. നിശ്ചിത വിനിമയ നിരക്കുകള്‍ മൂലം ക്രൂഡ് ഓയിലിന് ഉണ്ടാകുന്ന അനിയന്ത്രിതമായ വിലവര്‍ദ്ധന.

വിനിമയ നിരക്കുകള്‍ ഇപ്പോള്‍ മാറിമറിയുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ രൂപയുടെ മുല്യശോഷണം മൂലം വിനിമയ നിരക്കുകളില്‍ വ്യതിയാനങ്ങള്‍ സംഭവിക്കുന്നു എന്നാണ് പുതിയ ന്യായീകരണം. എന്നാല്‍ ക്രൂഡ് ഓയില്‍ വിലയെ വിനിമയ നിരക്കുകളുമായി തുലനം ചെയ്തുകൊണ്ട് നടത്തുന്ന വിശകലനങ്ങള്‍ (ക്രൂഡ് ഓയില്‍ വിലയും പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലയും ഒരേ അനുപാതത്തില്‍ മുന്നോട്ട് പോകുന്നു എന്ന അനുമാനത്തില്‍) എല്ലാം തന്നെ, ക്രൂഡ് ഓയില്‍ വിലയില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇന്ത്യയില്‍ വന്‍ ചിലവ് കുറവാണ് സംഭവിച്ചിട്ടുള്ളത് എന്നാണ് സൂചിപ്പിക്കുന്നത്. പെട്ടെന്ന് മനസിലാക്കാന്‍ സാധിക്കുന്ന വിധത്തില്‍ ക്രൂഡ് ഓയിലിന്റെ ലിറ്റര്‍ പ്രകാരമുള്ള വില കൂടി ഉള്‍ക്കൊള്ളുന്ന പട്ടിക താഴെ കൊടുത്തിട്ടുണ്ട്.

എന്നാല്‍ മുകളില്‍ പറയുന്ന വാദഗതികള്‍ക്കെല്ലാം കടകവിരുദ്ധമായി ഈ പറഞ്ഞ കാലഘട്ടത്തിലൊക്കെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുതിച്ചുയരുന്ന പ്രവണത തുടരുന്നതായി കാണാന്‍ സാധിക്കും. മുകളില്‍ കൊടുത്തിരിക്കുന്ന പട്ടികയിലെ അവസാന രണ്ട് കോളങ്ങളില്‍ നിന്നും, ക്രൂഡ് ഓയില്‍ വില കുറയുന്നതായും എന്നാല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധിക്കുന്നതായും കാണാന്‍ സാധിക്കും.

ഹരി കുറുപ്പ് കെ.കെ

ഹരി കുറുപ്പ് കെ.കെ

അസി. പ്രൊഫസര്‍, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇകണോമിക്സ്, ഗവ. കോളേജ്, കാസര്‍ഗോഡ്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍