UPDATES

ട്രെന്‍ഡിങ്ങ്

ജനത്തിനുള്ള പെട്രോള്‍ വിലയില്‍ അഞ്ചു പൈസ കുറവില്ല; പട്ടേലിന്റെ പ്രതിമാ നിര്‍മാണത്തിന് എണ്ണക്കമ്പനികള്‍ വക 200 കോടി രൂപ

തുക നല്‍കുന്നത് കമ്പനികളുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്ന്

ഗുജറാത്തില്‍ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ നിര്‍മിക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികളോട് 200 കോടി രൂപ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പറേഷനും (ഒ.എന്‍.ജി.സി) ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും (ഐ.ഒ.സി) ഇതിനകം തന്നെ തങ്ങളുടെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (സിഎസ്ആര്‍) ഫണ്ടില്‍ നിന്ന് 50 കോടി രൂപ നല്‍കാന്‍ തീരുമാനമെടുത്തു കഴിഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റ് പൊതുമേഖലാ എണ്ണക്കമ്പനികളോട് 25 കോടി രൂപ വീതം നല്‍കാനാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുത്തനെ ഇടിഞ്ഞിട്ടും ഇന്ത്യയില്‍ ഇന്ധന വിലയില്‍ കുറവുവരുത്തുന്നില്ല എന്നു മാത്രമല്ല, കൂടുതല്‍ ലാഭം കൊയ്യാന്‍ എണ്ണക്കമ്പനികളെ അനുവദിക്കുന്നു എന്ന ആരോപണം ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സിഎസ്ആര്‍ ഫണ്ടില്‍ നിന്നും അല്ലാതെയും വന്‍തുക പ്രതിമാ നിര്‍മാണത്തിന് നല്‍കാനുള്ള തീരുമാനം ഉണ്ടായിരിക്കുന്നതും.

എന്നാല്‍ സര്‍ക്കാരില്‍ നിന്ന് ഇതുസംബന്ധിച്ച് രേഖാ മൂലം നിര്‍ദേശം നല്‍കാതെ, വാക്കാലാണ് ഫണ്ട് നല്‍കാന്‍ ഉത്തരവിട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. സിഎസ്ആര്‍ റിവ്യൂ മീറ്റിംഗ് നടക്കുന്നതിനിടയ്ക്ക് ഇത്തരമൊരു നിര്‍ദേശം അറിയിക്കുകയായിരുന്നുവെന്നും രേഖാമൂലം ഉത്തരവില്ലെന്നും ഉന്നതോദ്യോഗസ്ഥനെ ഉദ്ധരിച്ചു കൊണ്ട് റിപ്പോര്‍ട്ട് പറയുന്നു. ഓയില്‍ ഇന്ത്യ ലിമിറ്റഡ്, ഗെയില്‍ ഇന്ത്യ ലിമിറ്റഡ്, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവര്‍ 25 കോടി രൂപ വീതം നല്‍കും. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിമാ നിര്‍മാണത്തിന് ആവശ്യമാകുമെന്ന് കരുതുന്ന 1,040 കോടി രൂപയുടെ അഞ്ചിലൊന്നായിരിക്കും ഈ തുക.

കമ്പനി നിയമത്തിലെ ഷെഡ്യൂള്‍ VII അനുസരിച്ച് സിഎസ്ആര്‍ ഫണ്ട് ഇത്തരത്തില്‍ വിനിയോഗിക്കുന്നതിന് സാധിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം തുടങ്ങിയ കാര്യങ്ങളില്‍, പ്രത്യേകിച്ച് ആദിവാസി മേഖലകളില്‍ ഈ പണം ചെലവഴിക്കണമെന്നാണ്. അതിനൊപ്പം, പാരിസ്ഥിതിക നിലനില്‍പ്പ്, ദേശീയ സ്മാരകങ്ങളുടെ സംരക്ഷണം, കല, സംസ്‌കാരം തുടങ്ങിയ കാര്യങ്ങള്‍ക്കും ഈ ഫണ്ട് വിനിയോഗിക്കാം എന്നതിന്റെ മറവിലാണ് പട്ടേല്‍ പ്രതിമാ നിര്‍മാണത്തിന് തുക നല്‍കുന്നത്. സ്വച്ഛ് ഭാരത് പദ്ധതികള്‍ക്കായി ഒ.എന്‍.ജി.സിയുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്ന് 33 ശതമാനം നല്‍കണമെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.

പ്രതിമാ നിര്‍മാണത്തിനായി ഗുജറാത്തിലെ പൊതുമേഖലാ കമ്പനികള്‍ കൈയയച്ച് സഹായമാണ് നല്‍കുന്നത്. ഇതുവരെ 104.88 കോടി രൂപ ഇത്തരത്തില്‍ സമാഹരിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. ഗുജറാത്ത് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍- 17 കോടി, ഗുജറാത്ത് സ്‌റ്റേറ്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് – 15.88 കോടി, ഗുജറാത്ത് മിനറല്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍- 15 കോടി, ഗുജറാത്ത് സ്‌റ്റേറ്റ് ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡ്- 10 കോടി, സര്‍ദാര്‍ സരോവര്‍ നര്‍മദ നിഗം ലിമിറ്റഡ്- 10 കോടി എന്നിങ്ങനെയാണ് ഈ കണക്ക്.

ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ദാര്‍ പട്ടേലിനെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഏറെ വിവാദമായിരുന്നു. കോണ്‍ഗ്രസുകാരനായിരുന്ന പട്ടേലിനെ ഏറ്റെടുക്കാനുള്ള സംഘപരിവാറിന്റെ ശ്രമം തന്നെയായിരുന്നു ഇതില്‍ പ്രധാനം. ഇതിന്റെ ഭാഗമായി കൂടിയാണ് ഗുജറാത്തിലെ നര്‍മദ ജില്ലയില്‍ പട്ടേലിന്റെ 182 മീറ്റം പൊക്കമുള്ള സ്റ്റാച്യൂ ഓഫ് യൂണിറ്റി നിര്‍മിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ലോകത്തിലെ ഏറ്റവും പൊക്കം കൂടിയ പ്രതിമയായിരിക്കും ഇതെന്നാണ് കണക്കാക്കപ്പെടുന്നത്.

2014-ല്‍ നിര്‍മാണം ആരംഭിച്ച പ്രതിമ 2018 ഒക്‌ടോബറിനു മുമ്പ് പൂര്‍ത്തിയായിരിക്കണം എന്നാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ലാര്‍സണ്‍ ആന്‍ഡ് ടുബ്രോയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. 2019-ലെ ലോക്‌സഭാ പൊതുതെരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ടാണ് ഈ തീയതി നിശ്ചയിച്ചിരിക്കുന്നത് എന്നാണ് കരുതുന്നത്. പ്രതിമ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ 20,000 ചതുരശ്ര മീറ്റര്‍ പരന്നു കിടക്കുന്ന, കൃത്രിമ തടാകം ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രം എന്ന നിലയിലായിരിക്കും പദ്ധതി ഉണ്ടാവുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍