UPDATES

ട്രെന്‍ഡിങ്ങ്

‘മുസ്ലിം കോളനി’യിൽ പോകില്ലെന്ന് ഓല ഡ്രൈവർ; മാധ്യമപ്രവർത്തകന് ഭീഷണി, വഴിയില്‍ ഇറക്കിവിട്ടു

സംഭവം സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും വാർത്തകൾ വന്നുതുടങ്ങുകയും ചെയ്തതോടെയാണ് ഓല നടപടിയെടുക്കാൻ മുതിർന്നത്.

ഡല്‍ഹിയിലെ ജാമിയ നഗറിലേക്ക് ഓല കാബ് ബുക്ക് ചെയ്ത മാധ്യമപ്രവർത്തകന് ഡ്രൈവറുടെ ഭീഷണി. ജാമിയ മുസ്ലിം കോളനിയാണെന്നും വൃത്തികെട്ട സ്ഥലത്തേക്ക് താൻ പോകില്ലെന്നും അശോക് കുമാർ എന്ന കാബ് ഡ്രൈവർ പറയുകയായിരുന്നു. ദക്ഷിണ ഡല്‍ഹിയിലെ ബികെ ദത്ത് കോളനിയിൽ നിന്നാണ് വൈകിട്ട് ഒമ്പതു മണിയോടെ പ്രശസ്തമായ ജാമിയ മിലിയ യൂണിവേഴ്സിറ്റിക്ക് അടുത്തുള്ള വീട്ടില്‍ പോകാന്‍ മാധ്യമപ്രവർത്തകനായ അസദ് അഷ്റഫ് കാബ് ബുക്ക് ചെയ്തത്.

ജാമിയയിലേക്കാണ് തനിക്ക് പോകേണ്ടതെന്നും അതിനു വേണ്ടിയാണ് കാബ് ബുക്ക് ചെയ്തതെന്നും പറഞ്ഞ അസദിനെ കാബ് ഡ്രൈവർ അധിക്ഷേപിച്ചു. ഒടുവില്‍ ഏറെ നേരത്തെ തര്‍ക്കത്തിന് ശേഷമാണ് ഡ്രൈവര്‍ യാത്രയ്ക്ക് സമ്മതിച്ചത്. എന്നാല്‍, തനിക്ക് പോകേണ്ട വഴിയല്ല പോകുന്നതെന്ന് മനസിലായതോടെ അസദ് അപകടം മണത്തു. ഡ്രൈവര്‍ ഒരു ഒറ്റപ്പെട്ട സ്ഥലത്ത് ഇതിനിടെ വണ്ടി നിര്‍ത്തി. തുടര്‍ന്നും അധിക്ഷേപം ആരംഭിച്ചതോടെ അസദ് ഓലയുടെ എമര്‍ജന്‍സി വിഭാഗത്തില്‍ ബന്ധപ്പെട്ടു.

ഇതിനോട് ഉടന്‍ തന്നെ പ്രതികരിച്ച ഓല, വേറെ ഒരു വാഹനം സ്ഥലത്തേക്ക് അയയ്ക്കാമെന്നും സുരക്ഷയെ കരുതി വാഹനത്തിനു പുറത്തിറങ്ങി നില്‍ക്കാനും ഉപദേശിച്ചു. ഇതിനിടെ ഡ്രൈവര്‍ ‘തന്റെ ആളുകളെ’യും വിളിച്ച് സ്ഥലത്ത് എത്താന്‍ ആവശ്യപ്പെടുന്നത് കേട്ടതോടെ കാര്യങ്ങള്‍ പന്തിയല്ലെന്ന് മനസിലാക്കി അസദ് വാഹനത്തിനു പുറത്തിറങ്ങി. തുടര്‍ന്നും നിരന്തരം ഓലയെ ബന്ധപ്പെട്ടെങ്കിലും കാര്യമായ പ്രതികരണം ഉണ്ടായില്ലെന്ന് അസദ് പറയുന്നു. ഇതിനിടെ പോലീസ് കണ്‍ട്രോള്‍ റൂമിലും വിളിച്ച് വിവരം അറിയിച്ചെങ്കിലും തണുത്ത പ്രതികരണമായിരുന്നു.

ഇതിനിടെ ഡ്രൈവര്‍ സ്ഥലം വിട്ടിരുന്നു. അര മണിക്കൂറോളം കാത്തിരുന്നിട്ടും ഓല അയയ്ക്കുമെന്ന് പറഞ്ഞ വാഹനം വരാതായതോടെ ഇനിയും അവിടെ തുടരുന്നത് പന്തിയല്ലെന്ന് മനസിലാക്കി അസദ് മെട്രോ സ്റ്റേഷന്‍ ഉള്ള ദിശയിലേക്ക് ഓടുകയായിരുന്നു. അവിടെ എത്തിയപ്പോള്‍ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന പോലീസ് വാഹനത്തിലുള്ളവരോട് വിവരം പറഞ്ഞപ്പോള്‍ പോലീസ് സ്റ്റേഷനില്‍ എത്തി രേഖാമൂലം പരാതി നല്‍കാനായിരുന്നു പോലീസിന്റെ മറുപടി എന്ന് അസദ് പറയുന്നു.

ഇതിനിടെ ഓല കസ്റ്റമർ കെയറിന് താൻ നൽകിയ പരാതിയുടെ സ്ക്രീൻ ഷോട്ടുകളടക്കം ഷെയർ ചെയ്തപ്പോഴും ഓല പ്രതികൂലമായാണ് പ്രതികരിച്ചത് എന്ന് അസദ് പറയുന്നു. പ്രശ്നം പരിഹരിച്ചു കഴിഞ്ഞതാണെന്നായിരുന്നു അവരുടെ മറുപടി. എന്നാൽ, പ്രശ്നം പരിഹരിക്കപ്പെട്ടില്ലെന്നും താൻ വഴിയിൽ ഉപേക്ഷിക്കപ്പെട്ടെന്നും അസാദ് പറഞ്ഞു.

സംഭവം സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും വാർത്തകൾ വന്നുതുടങ്ങുകയും ചെയ്തതോടെയാണ് ഓല നടപടിയെടുക്കാൻ മുതിർന്നത്. ഡ്രൈവറെ പുറത്താക്കിയെന്നും തങ്ങൾക്ക് മതേതരമായ നിലപാടാണ് ഉള്ളതെന്നും കാണിച്ച് ഓല ട്വീറ്റ് ചെയ്തു. അസദിനുണ്ടായ അനുഭവം തങ്ങളെ ഞെട്ടിച്ചെന്നും ഓല കാബ്സ് പറഞ്ഞു.

നേരത്തെയും സമാനമായ സംഭവമുണ്ടായിരുന്നു. ഏപ്രിൽ മാസത്തിൽ, ഓല ഡ്രൈവർ മുസ്ലിമായതിനാൽ ട്രിപ്പ് റദ്ദാക്കിയെന്നും ജിഹാദികൾ‌ക്ക് പണം നൽകാനാകില്ലെന്നും വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകനെന്ന് സ്വയം വിശേഷിപ്പിക്കുന്നയാൾ ട്വിറ്റ് ചെയ്തു. തങ്ങൾ പ്രവർത്തിക്കുന്നത് ഒരു ജനാധിപത്യ രാജ്യത്താണെന്നും ഡ്രൈവർമാരെയും ഉപഭോക്താക്കളെയും ജാതി-മതാടിസ്ഥാനത്തിൽ വിഭജിക്കാൻ തങ്ങൾക്കാകില്ലെന്നും ഓല അതിന് മറുപടി നൽകി രംഗത്തു വന്നിരുന്നു.

പ്രസംഗങ്ങളിലും ട്വിറ്ററിലും നിറയെ വര്‍ഗീയവിഷം, വെറുപ്പ്: പുതിയ ‘മോദി മന്ത്രി’യുടെ വിശേഷങ്ങള്‍

ഞങ്ങള്‍ ബിജെപി ഭക്തരല്ല, ഇന്ത്യക്കാരാണ്, ജീവിക്കാന്‍ അനുവദിക്കൂ; വിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ത്ഥ്‌

ഇന്ത്യ, ഇസ്രയേല്‍; പകയുടെയും വെറുപ്പിന്റെയും ഭയപ്പെടുത്തുന്ന സമാനതകള്‍

കുട്ടിച്ചാവേറുകളെ കൊല്ലാന്‍ വിടുന്ന ഇസ്ലാമിക് സ്റ്റേറ്റ്

അസഹിഷ്ണുതയുടെ ‘നല്ല ദിനങ്ങള്‍’; മോദിയുടെ ഇന്ത്യ – പങ്കജ് മിശ്ര എഴുതുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍