UPDATES

ട്രെന്‍ഡിങ്ങ്

‘ഒരൊറ്റ ഇന്ത്യ ഒരൊറ്റ തിരഞ്ഞെടുപ്പ്’ എന്ന സംഘപരിവാര്‍ അജണ്ട

ഒരു ഏകശിലാ ഭരണം എന്നത് തന്നെയാണ് തോൽവി മുന്നിൽ കാണുന്ന ഈ ഘട്ടത്തില്‍ മോദിയും അമിത് ഷായും വിഭാവനം ചെയ്യുന്നത്

കെ എ ആന്റണി

കെ എ ആന്റണി

‘ഒരൊറ്റ ഇന്ത്യ ഒരൊറ്റ തിരഞ്ഞെടുപ്പ്’ എന്ന മുദ്രാവാക്യം നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടേതാണ്. ഇതേ മുദ്രാവാക്യം തന്നെയാണ് ഇന്നലെ ഡൽഹിയിൽ ചേർന്ന നീതി ആയോഗിന്റെ നാലാം ജനറൽ കൌൺസിൽ യോഗത്തിൽ മോദിജി പ്രധാനമായും മുന്നോട്ടുവെച്ചതെന്നും ‘ദി ഹിന്ദു’ റിപ്പോർട്ട് ചെയ്യുന്നു. കാലം തെറ്റി പെയ്യുന്ന മഴ പോലെ ഓരോ സംസ്ഥാനങ്ങളിലെയും സര്‍ക്കാരിനെ തീരുമാനിക്കുന്ന തിരഞ്ഞെടുപ്പുകൾ ഇനിയങ്ങോട്ട് വേണ്ടെന്നും എല്ലാ തെരഞ്ഞെടുപ്പുകളും ലോക്സഭ തിരഞ്ഞെടുപ്പിനൊപ്പം നടക്കണമെന്നുമാണ് മോദിജിയുടെ എളിയ അഭ്യർത്ഥന. കൂട്ടത്തിൽ ഒരു കാര്യം കൂടി യോഗത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രിമാരെ മോദിജി തെര്യപ്പെടുത്താൻ മറന്നില്ല. സകലമാന ലോക രാഷ്ട്രങ്ങളും സന്ദർശിച്ച തനിക്കു കിട്ടിയ ഉപദേശം ഇത് തന്നെയാണെന്നും ഇതിനൊപ്പം കോർപറേറ്റുകളെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സൂക്ഷിക്കണമെന്നും ഇത് രണ്ടും മാത്രമാണ് സമ്പൂർണ്ണ വികസനത്തിലേക്കുള്ള ഏക മാർഗം എന്നതുമായിരുന്നു ഇത്. ഇക്കാര്യങ്ങളത്രയും അതാതു സംസ്ഥാനങ്ങൾ ചർച്ച ചെയ്തു വിവരം വൈകാതെ അറിയിക്കണമെന്ന് പറയാനും മോദിജി മറന്നില്ല.

ഇതൊരു ഭീഷണിയാണ്. അതും ഇത്തിരി കടുത്ത ഒന്ന്. എന്നെ ഭരിക്കാൻ വിട്ടില്ലെങ്കിൽ മൊത്തം ശരിയാക്കിത്തരാം എന്ന ഭീഷണി. യോഗത്തിനു ശേഷം പ്രഖ്യാപിക്കപ്പെട്ട പദ്ധതി വിഹിതം സംബന്ധിച്ച കണക്കു പരിശോധിച്ചാൽ തന്നെ എല്ലാം സുവ്യക്തമാണ്. ഇനിയങ്ങോട്ട് എല്ലാം മോദി – അമിത് ഷാ ദ്വന്ദം തീരുമാനിക്കും, തങ്ങൾക്കൊപ്പം നടന്നോളു എന്നത് തന്നെയാണ് മുന്നോട്ടുവെക്കുന്ന ഏക അജണ്ട. പണ്ട് നാട്ടുരാജ്യങ്ങൾക്കും അംഗരാജ്യങ്ങൾക്കും മുൻപിൽ വൈദേശികർ വെച്ച അതേ കുറുക്കൻ തന്ത്രങ്ങൾ തന്നെ നവ ഇന്ത്യയിലും ഒരു ഫാസിസ്റ്റ് ഭരണകൂടം എത്ര ലളിതമായി അവതരിപ്പിച്ചു ഫലിപ്പിക്കാൻ ശ്രമിക്കുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണം കൂടിയായി വേണം വികസന മധുരം പുരട്ടിയ ഇത്തരം ഉപാധികളെ നോക്കിക്കാണാൻ എന്നു തന്നെ വേണം കരുതാൻ.

മോദിജി നിറുത്തിയിടത്തു നിന്ന് തന്നെയാണ് നീതി ആയോഗ് ഉപാധ്യക്ഷൻ രാജീവ് കുമാർ പറഞ്ഞു തുടങ്ങിയതും. കേന്ദ്ര സർക്കാർ കാലാകാലമായി സംസ്ഥാനങ്ങൾക്ക് നൽകിവരുന്ന പദ്ധതി വിഹിതം തൊട്ടു ദുരിത നിവാരണ ഫണ്ട് പോലും കിട്ടണമെങ്കിൽ മോദിജി പറഞ്ഞതിന് ആദ്യം റാൻ മൂളൂ എന്നിട്ടാകാം ബാക്കി കാര്യങ്ങൾ എന്ന് പറഞ്ഞു ഇന്നലത്തെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട യോഗ തീരുമാനങ്ങൾ ബ്രീഫു ചെയ്തു അവസാനിപ്പിച്ചതും. മോദിജിയുടെ അല്ലെങ്കിൽ അയാളെ വെച്ച് ഒരു തരം പാവക്കൂത്ത് നടത്തുന്ന അമിത് ഷായുടെ കുട്ടി ശങ്കരൻ മാത്രമാണ് ഇപ്പറഞ്ഞ രാജീവ് കുമാർ എന്ന കാര്യവും അത്ര രഹസ്യമായ കാര്യമൊന്നുമല്ലല്ലോ. യോഗത്തിൽ കേരളം ഉൾപ്പടെ 23 സംസ്ഥാനങ്ങളിൽ നിന്നുള്ള മുഖ്യമന്ത്രിമാരും ആൻഡമാൻ ഗവർണറും പങ്കെടുത്തു എന്നും ഡൽഹി, ഗോവ, ജമ്മു-കാശ്മീർ, ഒഡിഷ, മണിപ്പുർ, മിസോറാം, സിക്കിം, ത്രിപുര എന്നിവിടങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തില്ലെന്നും പത്ര വാർത്തയിൽ നിന്നും വ്യക്തമാണ്. ഇതിൽ നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കാതിരുന്നത് അവിടെ മഴക്കെടുതി ഉള്ളതുകൊണ്ടാണെന്നു ഒരു വിശദീകരണവും നമ്മുടെ മോദിക്കൊത്ത ചങ്കരൻ എന്ന് തന്നെ വിശേഷിപ്പിക്കാവുവുന്ന രാജീവ് കുമാർ നൽകിയിട്ടുണ്ട്. വലിയ മഴക്കെടുതിയൊന്നും നിലവിൽ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ഡൽഹി ഒഴികെയുയുള്ള ഇവയെല്ലാം എന്നിരിക്കെ ഈ കളവു യോഗത്തിൽ പങ്കെടുത്ത മറ്റു മുഖ്യമന്ത്രിമാരോ അവരുടെ പ്രധിനിധികളോ വിഴുങ്ങിയോ ആവോ!

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും സംഘവും പ്രതിഷേധ സമരത്തിലാണ്. പക്ഷെ അവിടെയും ഒരു ലെഫ്റ്റനന്റ് ഗവർണർ ഉണ്ടല്ലോ. ആൻഡമാനിലെ ഗവർണർക്കു പങ്കെടുക്കാമെങ്കിൽ എന്തുകൊണ്ട് പുതുച്ചേരി ഉടച്ചു വാർത്തു ബി ജെ പി ആക്കിക്കളയും എന്ന് വാശി പിടിക്കുന്ന കിരൺ ബേദിയോ, ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ സുഖ ചികിത്സയിലാണെങ്കിൽ അവിടുത്തെ ഗവർണറോ പങ്കെടുത്തില്ല എന്ന ചോദ്യത്തിനൊന്നും മോദി ഭരണത്തിൽ പ്രസക്തിയില്ല. അല്ലെങ്കിൽ തന്നെ നമ്മുടെ പാവം കുമ്മനം ജി മിസോറാമിൽ നിന്നും പനിയും ജലദോഷവുമൊന്നുമില്ലാതെ ഗൃഹദുരിതം മാറാത്തവനെപോലെ ഇങ്ങു കേരളത്തിൽ വന്നു ഓടിനടക്കേണ്ടതുണ്ടോ. മിസോറാമിലെ പരിവർത്തിത നസ്രാണികളെ ഭയന്നു മാർ ക്രിസോസ്റ്റത്തിന്റെ കാലു പിടിക്കാൻ മാത്രം വന്നതല്ല കുമ്മനം ജി. തനിക്കു പണി തന്നവർക്കു മറുപണി ഒരുക്കാൻ കൂടിയാണീ കേരള സന്ദർശനം എന്നും വേണമെങ്കിൽ കരുതാം.

പാവം കുമ്മനം ജി അവിടെ നിൽക്കട്ടെ. ഒരാൾ സംഘപരിവാർ ആയിപ്പോയെന്നു കരുതി ലോറി ഇടിപ്പിച്ചു കൊല്ലുന്നത് ഒട്ടും ശരിയല്ല. പോരെങ്കിൽ ഇന്നലെ കുമ്മനം ജി സ്വന്തം നാട്ടുകാരെ മിസോറാമിലേക്കു ക്ഷണിച്ചിട്ടുണ്ട്. എല്ലാവരുമല്ല, കുറച്ചു പേർ എന്നൊക്കെ പറയുമ്പോഴും ആ മനസ്സിൽ തെല്ലു നന്മ ബാക്കിനിൽക്കുന്നു എന്നു തന്നെ വേണം കരുതാൻ. ഇനിയിപ്പോൾ കുമ്മനം ജി ക്ഷണിച്ചില്ലെങ്കിലും പലരും അവിടെ എത്തുമെന്നും അദ്ദേഹത്തെ ദ്രോഹിക്കുമെന്നതും മറ്റൊരു കാര്യം. അതൊക്കെ പിന്നീട് ഒരു അവസരത്തിലേക്കു തല്‍ക്കാലം മാറ്റി വെക്കുന്നു. നമുക്ക് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ ഒരൊറ്റ ഇന്ത്യ ഒരൊറ്റ തിരഞ്ഞെടുപ്പ് എന്ന സ്വപ്നത്തിലേക്കു തന്നെ മടങ്ങാം.

ഇതൊരു അഭ്യർഥനയല്ല, ഒരു സംഘ പരിവാർ അജണ്ടയാണ്. കേവലം പതിമൂന്നു ദിവസം മാത്രം നീണ്ട എ ബി വാജ്‌പേയി സർക്കാരിൽ നിന്നും പഠിച്ച പാഠം മാത്രമല്ല സംഘപരിവാർ ബുദ്ധിയെ ഒറ്റയടിക്ക് മുഴുവനായും സ്വാംശീകരിച്ചുവെന്നു അവകാശപ്പെടുന്ന അമിത് ഷായുടെ തലയിൽ ഉള്ളത്. ഒരു പക്ഷെ ആർ എസ് എസ്സിന്റെ പൂർവരൂപം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന നാസി തന്ത്രങ്ങളാണ് ആ കഷണ്ടി തലയ്ക്കുള്ളിൽ നൃത്തം വെയ്ക്കുന്നത്. ഒരു ഏകശിലാ ഭരണം എന്നത് തന്നെയാണ് തോൽവി മുന്നിൽ കാണുന്ന ഈ ഘട്ടത്തിൽ അയാൾ വിഭാവനം ചെയ്തിരിക്കുന്നത്. എല്ലായിടത്തും ഒരുമിച്ചു തിരഞ്ഞെടുപ്പ് നടന്നാൽ സകലതും അട്ടിമറിച്ചു വിജയം ഉറപ്പിക്കാനുള്ള കുറുക്കു വഴി തന്നെയാണ് തേടുന്നത്. ഇല്ലെങ്കിൽ ഒരു പട്ടാള ഭരണത്തിന് കളമൊരുക്കി സമ്പൂർണ ഹിന്ദു രാഷ്ട്രം എന്ന ആഗ്രഹം സഫലീകരിച്ചിരിക്കും എന്നും കൂടിയാണ് ഇന്നലെ ആവർത്തിക്കപ്പെട്ട ഒരൊറ്റ ഇന്ത്യ ഒരൊറ്റ തിരഞ്ഞെടുപ്പ് എന്ന മുദ്രാവാക്യം മുന്നോട്ടു വെക്കുന്നത്. ഇന്ത്യ ഒരൊറ്റ രാജ്യം എന്നൊക്കെ പറയുമ്പോഴും ഇത് ഒരു ഫെഡറൽ സംവിധാനമാണെന്നും കാഴ്മീർ മുതൽ ഇങ്ങു കേരളം വരെ ഒരൊറ്റ തിരഞ്ഞെടുപ്പ് തിയ്യതി എന്നത് അതാതു സംസ്ഥാങ്ങളിലെ കാലാവസ്ഥാ വ്യതിയാനവും പ്രാദേശിക ഉത്സവ അവധി വിചാരങ്ങളും കണക്കിലെടുത്താൽ ഒരിക്കലും നടക്കാത്ത കാര്യമാണെന്നും അറിയായ്കയല്ല എന്നതു കൂടി കൂട്ടിവായിക്കുമ്പോൾ എല്ലാം വ്യക്തമാണ്. ഇനി അങ്ങോട്ട് കാത്തിരുന്നു കാണുക തന്നെ.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍