UPDATES

ട്രെന്‍ഡിങ്ങ്

നരേന്ദ്ര മോദി മുന്നോട്ടു വയ്ക്കുന്ന ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ നടപ്പിലായാല്‍ എന്ത് സംഭവിക്കും? അറിയേണ്ടതെല്ലാം

ഇന്ത്യന്‍ ഫെഡറല്‍ ഘടനയ്ക്ക് എതിരാണ് സംയുക്ത തെരഞ്ഞെടുപ്പെന്ന് വിമര്‍ശകര്‍

രാജ്യത്ത് ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേ അവസരത്തില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. 2014-ല്‍ ഒന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ ഈ നിലപാടാണ് ബിജെപി സ്വീകരിച്ചിരുന്നത്. രാജ്യത്ത് എല്ലായിടത്തും എല്ലാ മേഖലകളിലും ഒരേ ഘട്ടത്തില്‍ തെരഞ്ഞടുപ്പ് നടത്തുന്നത് ഒട്ടേറെ പ്രശ്‌നങ്ങള്‍ക്കുള്ള ഒറ്റമൂലിയായിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ ഭരണഘടന ഭേദഗതി ഉള്‍പ്പെടെയുള്ള നടപടികള്‍ ആവശ്യമായതിനാല്‍ പ്രധാനമന്ത്രി ഇന്ന് സര്‍വകക്ഷിയോഗം വിളിച്ചിരിക്കയാണ്. ഇതില്‍ എത്ര പാര്‍ട്ടികള്‍ പങ്കെടുക്കുമെന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ടിഡിപി തലവന്‍ എന്‍. ചന്ദ്രബാബു നായിഡുവും യോഗത്തില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും ഒന്നിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതിനെ കോണ്‍ഗ്രസ് എതിര്‍ക്കുമെന്നാണ് സൂചന. ഇടതുപാര്‍ട്ടികള്‍ ഇക്കാര്യത്തിലുള്ള എതിര്‍പ്പ് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.

നീതി ആയോഗ് നേരത്തെ ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. പിന്നീട് ലോ കമ്മീഷനും ഇതേ തരത്തിലുളള ശുപാര്‍ശകള്‍ മുന്നോട്ടുവെച്ചു. രാജ്യം സ്ഥിരമായി തെരഞ്ഞെടുപ്പ് മൂഡിലാണെന്നും ഇതു നയപരമായും ഭരണപരമായും ഉള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നാണ് സംയുക്ത തെരഞ്ഞെടുപ്പിനുള്ള ന്യായീകരണമായി അതിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ഒരു തെരഞ്ഞെടുപ്പ് കഴിയുമ്പോഴേക്ക് മറ്റൊരു തെരഞ്ഞെടുപ്പ് എന്ന മട്ടിലാണ് രാജ്യത്ത് കാര്യങ്ങള്‍. കഴിഞ്ഞ വര്‍ഷം അവസാനമാണ് രാജസ്ഥാനിലും മധ്യപ്രദേശിലും ചത്തീസ്ഗഡിലും തെരഞ്ഞെടുപ്പ് നടന്നത്. ഇതുകഴിഞ്ഞ് രണ്ട് മാസമാകുമുമ്പ് പൊതുതെരഞ്ഞെടുപ്പിന്റെ പ്രക്രിയ ആരംഭിച്ചു. ഇനി മാസങ്ങള്‍ക്കുള്ളില്‍ തന്നെ മറ്റ് ചില സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകള്‍ നടക്കേണ്ടതുണ്ട്. ഇങ്ങനെ നിരന്തരം തെരഞ്ഞെടുപ്പ് ആവര്‍ത്തിക്കുന്നത് നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിനും അമിതമായ ചെലവിനും കാരണമാകുമെന്നും ഒരുമിച്ചുള്ള തെരഞ്ഞെടുപ്പിന് വേണ്ടി വാദിക്കുന്നവര്‍ പറയുന്നു.

ലോ കമ്മീഷനും ഇതേ നിലപാട് തന്നെയാണുളളത്. ജമ്മു കശ്മീര്‍ ഒഴികെയുള്ള സംസ്ഥാനങ്ങളിലും ലോക്‌സഭകളിലും ഒന്നിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് അവര്‍  ശുപാര്‍ശ ചെയ്തത്.

സുരക്ഷ സേനയുടെ അമിതമായ ജോലി ഭാരവും ഭരണ ചിലവും ഇത് കുറയ്ക്കുമെന്നും ലോ കമ്മീഷന്‍ പറയുന്നു. ഇതിനപ്പുറം പൊതു ചെലവ് കുറയ്ക്കുന്നതിനും ഇത് സഹായകരമാകും.
ഇതിന് സഹായകരമായ രീതിയില്‍ ഭരണഘടന ഭേദഗതികള്‍ നടപ്പിലാക്കണമെന്നതാണ് ലോ കമ്മീഷന്റെ മറ്റൊരു പ്രധാന ശുപാര്‍ശ. ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കുന്നതിനെ എതിര്‍ക്കുന്നവര്‍ അതിന്റെ പരിമിതികളെ പര്‍വതീകരിച്ച് കാണുകയാണെന്നും ലോ കമ്മീഷന്‍ കഴിഞ്ഞ വര്‍ഷം നല്‍കിയ ശുപാര്‍ശകളില്‍ പറയുന്നു.
എന്നാല്‍ ഈ വാദങ്ങളെ തള്ളുന്ന നിലപാടാണ് സംയുക്ത തെരഞ്ഞെടുപ്പിനെ എതിര്‍ക്കുന്നവര്‍ സ്വീകരിക്കുന്നത്.

ഏകീകൃത വ്യവസ്ഥ എന്നത് അടിച്ചേല്‍പ്പിക്കാനാണ് ഇത്തരമൊരു നീക്കമെന്നും വിമര്‍ശകര്‍ പറയുന്നു. ആദ്യം ജിഎസ്ടിയിലൂടെ നികുതി ഘടന ഏകീകരിച്ചു. ഇനി തെരഞ്ഞെടുപ്പും. ഇത് ഭരണഘടന വിരുദ്ധമാണെന്നാണ് വിമര്‍ശകര്‍ എതിര്‍പ്പിനുള്ള പ്രധാന കാരണമായി പറയുന്നത്. ഇന്ത്യ പോലുള്ള ഒരു ഫെഡറല്‍ സംവിധാനത്തില്‍ ഇത് പ്രായോഗികമല്ലെന്നതും അവര്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനങ്ങളിലെയും ദേശീയ തലത്തിലേയും രാഷ്ട്രീയ സാഹചാര്യങ്ങള്‍ വ്യത്യസ്തമാണെന്ന് ഇവര്‍ പറയുന്നു. തെരഞ്ഞെടുപ്പുകളെ അനിവാര്യമാക്കുന്ന ചില സന്ദര്‍ഭങ്ങളുണ്ടാകാറുണ്ട്. രാഷ്ട്രീയ അസ്ഥിരയെ തുടര്‍ന്ന് ഒരു സംസ്ഥാനത്ത് നിലവിലുള്ള സര്‍ക്കാരിന് രാജിവെയ്‌ക്കേണ്ടിവരുകയും മറ്റൊരു സര്‍ക്കാര്‍ നിലവിലുള്ള കക്ഷിസമവാക്യത്തിനിടയില്‍ സാധ്യമാകാതെ വരികയും ചെയ്താല്‍ എന്ത് ചെയ്യുമെന്നാണ് ഇവര്‍ ചോദിക്കുന്നത്. സംയുക്ത തെരഞ്ഞെടുപ്പ് സംവിധാനം നിലവില്‍ വന്നാല്‍ നിയമസഭയില്‍ ഭൂരിപക്ഷം ഇല്ലെങ്കിലും അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കാനുള്ള അവസരം നിലവിലുള്ള പാര്‍ട്ടിക്ക് കിട്ടും. അല്ലെങ്കില്‍ ഇവിടെ ബാക്കി കാലം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടി വരും. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണ് ഇതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ജനാധിപത്യ വിരുദ്ധമായ നീക്കമാണെന്നാണ് പുതിയ ഭരണ പരിഷ്‌ക്കാരത്തെ എതിര്‍ക്കുന്നവര്‍ പറയുന്നത്.

നേരത്തെ ഈ പരിമിതി ചൂണ്ടിക്കാട്ടിയപ്പോള്‍ ബിജെപി നേതാവും ഉപരാഷ്ട്രപതിയുമായിരുന്ന ഭൈറോണ്‍ സിംങ് ഷെഖാവത്ത് ഒരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരുന്നു. നിയമസഭകളില്‍ അവിശ്വാസം കൊണ്ടുവരണമെങ്കില്‍ ബദല്‍ സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള പ്രായോഗിക പദ്ധതിയും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഉണ്ടാകണമെന്നാണ് അദ്ദേഹം നിര്‍ദ്ദേശിച്ചത്. അതായത് ഭരിക്കുന്ന പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടപെട്ടാലും, ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ലെങ്കില്‍ പ്രതിപക്ഷത്തിന് അവിശ്വാസം കൊണ്ടുവരാന്‍ കഴിയില്ല. ഇത് ജനാധിപത്യ തത്വങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നും നടപ്പിലാക്കാന്‍ ഭരണഘടനയില്‍ ഭേദഗതി വേണ്ടിവരുമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

ഇത്തരത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് ദേശീയ പാര്‍ട്ടികള്‍ക്ക് അനുകൂലമായി സാഹചര്യം സൃഷ്ടിക്കുമെന്നാണ് മറ്റൊരു ആക്ഷേപം. ദേശീയ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ അജണ്ട തീരുമാനിക്കുമെന്നാണ് ഈ വാദം ഉന്നയിക്കുന്നവര്‍ പറയുന്നത്. ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും തെരഞ്ഞെടുപ്പ് നടന്ന 77 ശതമാനം മണ്ഡലങ്ങളിലും വോട്ടര്‍മാര്‍ ഒരേ രാഷ്ട്രീയ പാര്‍ട്ടിയെ തന്നെയാണ് ദേശീയ തലത്തിലും സംസ്ഥാന തലത്തിലും തെരഞ്ഞെടുക്കുന്നതെന്നാണ് ഇത് സംബന്ധിച്ച കണക്കുകള്‍ തെളിഞ്ഞത്. ദേശീയ പാര്‍ട്ടികള്‍ അജണ്ടകള്‍ നിശ്ചയിക്കുന്നതിന്റെ തെളിവായിട്ടാണ് സംയുക്ത തെരഞ്ഞെടുപ്പിനെ എതിര്‍ക്കുന്നവര്‍ പറയുന്നത്.

ജനാധിപത്യത്തെ പണച്ചിലവിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നത് ശരിയല്ലെന്നാണ് വിമര്‍ശകരുടെ മറ്റൊരു വാദം. ജനാധിപത്യം എന്നത് ജനാഭിലാഷം പ്രതിഫലിപ്പിക്കുന്ന ആശയമാണെന്നും അതിനെ സാമ്പത്തിക അടിസ്ഥാനത്തില്‍ വിശദീകരിക്കുന്നതാണെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ഇതേ പണക്കൊഴുപ്പിനെ തന്നെ ആയുധമാക്കി പൊതു തെരഞ്ഞെടുപ്പിനൊപ്പം സംസ്ഥാനങ്ങളിലും അധികാരം പിടിക്കാനുള്ള ബിജെപിയുടെ നീക്കമാണ് ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന പദ്ധതിയെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. 2014 മുതല്‍ മറ്റു പാര്‍ട്ടികളെക്കാള്‍ വന്‍തോതില്‍ പണം ചെലവഴിച്ചുള്ള പ്രചാരണമാണ് ബിജെപി നടത്തിയത്. ഇത് സംസ്ഥാന തെരഞ്ഞെടുപ്പുകളെയും ബാധിക്കുമെന്നും ഇത്തരത്തില്‍ പണം ചെലവഴിക്കാന്‍ സാധിക്കാത്ത ചെറു കക്ഷികള്‍ ഉള്‍പ്പെടെ ഭാവിയില്‍ അപ്രസക്തരാകുമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍