UPDATES

ട്രെന്‍ഡിങ്ങ്

ഒരു ദളിത്‌ വിദ്യാര്‍ഥിക്ക് വേണ്ടി സംസാരിച്ചതിനാണ് പ്രസാദ് പന്ന്യനെ സസ്പെന്‍ഡ് ചെയ്തത്; രാഷ്ട്രപതിക്ക് 1100 അക്കാദമിക്കുകളുടെ തുറന്ന ഹര്‍ജി

സര്‍വകലാശാലയെ സംഘപരിവാര്‍ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഇടമായി മാറ്റുകയാണെന്നും ആരോപണമുണ്ട്.

അക്കാദമിക പണ്ഡിതർക്കും ധൈഷണികർക്കുമെതിരെ നടക്കുന്ന ആക്രമണങ്ങളിൽ രാഷ്ട്രപതിയുടെ ഇടപെടലാവശ്യപ്പെട്ട് വിവിധ സർവ്വകലാശാലകളിലെ അധ്യാപകരും അന്താരാഷ്ട്ര പ്രശസ്തരായ അക്കാദമിക്കുകളും തുറന്ന ഹർജി നൽകി. കാസറഗോഡ് സ്ഥിതി ചെയ്യുന്ന കേരള കേന്ദ്ര സർവ്വകലാശാലയിൽ അധ്യാപകർക്കെതിരെ നടക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് സർവ്വകലാശാലയുടെ വിസിറ്റർ കൂടിയായ രാഷ്ട്രപതിക്ക് അധ്യാപകർ തുറന്ന ഹർജി നൽകിയത്. ഇംഗ്ലീഷ്-താരതമ്യപഠന വിഭാഗത്തിന്റെ തലവനായ അസോസിയേറ്റ് പ്രൊഫസർ ഡോ. പ്രസാദ് പന്ന്യനെ സർവ്വകലാശാല സസ്പെൻഡ് ചെയ്തതിലെ അന്യായം 1100-ലേറെപ്പേര്‍ ഒപ്പുവച്ച ഈ തുറന്ന ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

തന്റെ ഭാഗം വിശദീകരിക്കാൻ പോലും അവസരം നൽകാതെയാണ് പ്രസാദ് പന്ന്യനെ സർവ്വകലാശാല സസ്പെൻഡ് ചെയ്തതെന്നും സ്വാഭാവികനീതിയുടെ ലംഘനമാണ് ഇതിൽ നടന്നിരിക്കുന്നതെന്നും ഹർജി ചൂണ്ടിക്കാട്ടി. സർവ്വീസ് ചട്ടങ്ങളുടെ ലംഘനവും നടന്നിട്ടുള്ളതായി ഹർജി പറഞ്ഞു.

ഒപ്പുവച്ചവരില്‍ സിസെക്, ജൂഡിത് ബട്ലര്‍, ഫ്രെഡറിക് ജയിംസണ്‍, ഏറ്റിനി ബാലിബാര്‍, റാഡ ഇവ്കോവിക്, ബില്‍ ആഷ്ക്രോഫ്റ്റ്, ഗൌരി വിശ്വനാഥന്‍, കെന്നത് സുരിന്‍, ഗായത്രി ചക്രവര്‍ത്തി സ്പിവാക്, അകീല്‍ ബില്‍ഗ്രാമി, ഏരിയല്‍ ഡോര്‍ഫ്മാന്‍, വികെന്‍ ബര്‍ബേറിയന്‍ തുടങ്ങിയവരും ഉള്‍പ്പെടുന്നു.

ഒരു നിസ്സാര സംഭവത്തിന്റെ പേരിൽ സർവ്വകലാശാല കടുത്ത നടപടിയെടുത്ത് ദിവസങ്ങളോളം ജയിലിലടച്ച ദളിത് വിദ്യാർത്ഥിക്കു വേണ്ടി സംസാരിച്ചതിനാണ് പ്രസാദ് പന്ന്യനെ സസ്പെൻഡ് ചെയ്തതെന്ന് ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു. വിഖ്യാതമായ എഡ്വേർഡ് സെയ്ദ് ഫെല്ലോഷിപ്പിന് അർഹത നേടിയ യുവപണ്ഡിതനെയാണ് സർവ്വകലാശാല ലക്ഷ്യം വെച്ചിരിക്കുന്നത്. ഇത് അക്കാദമിക ലോകത്തിനു നേരെയുള്ള ആക്രമണമാണെന്നും ഹർജി രാഷ്ട്രപതിയെ അറിയിക്കുന്നു.

മൗലികാവകാശങ്ങൾക്കും അഭിപ്രായസ്വാതന്ത്ര്യത്തിനും നേകെയുള്ള കടന്നുകയറ്റമായാണ് തങ്ങൾ സർവ്വകലാശാലയുടെ നീക്കങ്ങളെ കാണുന്നതെന്നും ഹർജി പറയുന്നു. തന്റെ പാണ്ഡിത്യം കൊണ്ടും ഉയർന്ന സാമൂഹ്യബോധം കൊണ്ടും മൂല്യപരമായ സവേദനശേഷി കൊണ്ടും കേരള കേന്ദ്ര സർവ്വകലാശാലയുടെ ഭാവി മുഖങ്ങളിലൊന്നായി മാറേണ്ട ഒരു യുവപണ്ഡിതനെ ലക്ഷ്യം വെച്ച് ആക്രമിച്ച് നിശ്ശബ്ദനാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും രാഷ്ട്രപതിക്ക് നൽകിയ തുറന്ന ഹരജിയിൽ അക്കാദമിക പണ്ഡിതർ ആരോപിച്ചു. പ്രസാദ് പന്ന്യനെതിരായ അച്ചടക്ക നടപടി പിൻവലിക്കാൻ രാഷ്ട്രപതി ഇടപെടണമെന്നും ഹർജി ആവശ്യപ്പെട്ടു.

എംജി യൂനിവേഴ്സിറ്റി അധ്യാപകന്‍ സനൽ മോഹൻ, ഡല്‍ഹി യൂണിവേഴ്സിറ്റി അധ്യാപകരായ സച്ചിൻ നാരായണൻ, യാസർ അറാഫത്ത് എന്നീവരുടെ മുന്‍കൈയിലാണ് രാഷ്ട്രപതിക്കുള്ള ഹർജി തയ്യാറാക്കിയത്. കേരള കേന്ദ്ര സർവ്വകലാശാലയിൽ ദീർഘനാളായി അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമെതിരെ വൈസ് ചാൻസിലർ, രജിസ്ട്രാർ തുടങ്ങിയവർ നടത്തുന്ന പലതരത്തിലുള്ള ആക്രമണങ്ങൾ വാർത്തയായിരുന്നു. സര്‍വകലാശാലയെ സംഘപരിവാര്‍ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഇടമായി മാറ്റുകയാണെന്നും ആരോപണമുണ്ട്.

കാസറഗോഡ് കേന്ദ്ര സർവ്വകലാശാലയിൽ എബിവിപിയുടെ ഗണേശചതുർത്ഥി ആഘോഷം, സൈന്യത്തെ വിന്യസിക്കാൻ സംഘപരിവാർ ലോബി ശ്രമിക്കുന്നതായി വിവരം

വിമതസ്വരങ്ങളെ അടിച്ചമര്‍ത്തുക, ദളിത്‌, ന്യൂനപക്ഷങ്ങളെ പുറത്താക്കുക; കേരളത്തിലെ സ്വന്തം കേന്ദ്ര സര്‍വകലാശാല മോഡലാണ്

സംഘപരിവാര്‍ തീട്ടൂരങ്ങൾ കാസറഗോഡ് കേരള കേന്ദ്ര സർവ്വകലാശാല നടപ്പാക്കുന്ന വിധം; വിദ്യാർത്ഥികളും അദ്ധ്യാപകരും വേട്ടയാടപ്പെടുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍