UPDATES

ട്രെന്‍ഡിങ്ങ്

ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ മോദി തന്നെ; മോദിയുടെ ജനപ്രീതി കുറഞ്ഞു, രാഹുലിന്റെ കൂടിയെന്നും അഭിപ്രായ സര്‍വേ

കഴിഞ്ഞ വര്‍ഷം 44 ശതമാനം ആളുകള്‍ മോദിയുടെ നേതൃത്വത്തില്‍ തൃപ്തരായിരുന്നെങ്കില്‍ ഇപ്പോഴത്തെ സര്‍വെയില്‍ അത് 37 ശതമാനമായി ഇടിഞ്ഞിട്ടുണ്ട്. രാഹൂല്‍ ഗാന്ധിയുടെ ജനകീയത ഒമ്പത് ശതമാനത്തില്‍ നിന്നും 20 ശതമാനമായി വര്‍ദ്ധിച്ചിട്ടുണ്ട്.

ഇപ്പോള്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനായാസം രണ്ടാമതൊരു ഊഴം കൂടി ലഭിക്കുമെന്ന് എബിപി ന്യൂസ്-ലോകനീതി-സിഎസ്ഡിഎസ് സര്‍വെ വ്യക്തമാക്കുന്നു. ഭരണവിരുദ്ധ വികാരം സാവധാനം ഉടലെടുക്കുന്നുണ്ടെങ്കിലും തല്‍ക്കാലം അത് ബിജെപി ഭരണത്തിന് ഭീഷണിയാവില്ലെന്നാണ് സര്‍വെ വ്യക്തമാക്കുന്നത്. യുപിഎയുടെയും കോണ്‍ഗ്രസിന്റെയും വോട്ടുവിഹിതം വര്‍ദ്ധിച്ചുവരുന്നതായും സര്‍വെ വ്യക്തമാക്കുന്നു. എന്നാല്‍ ഇവര്‍ക്ക് ചില ഭാഗങ്ങളില്‍ ലഭിക്കുന്ന നേട്ടങ്ങള്‍ക്ക് വില കൊടുക്കേണ്ടി വരുന്നത് മറ്റ് പ്രതിപക്ഷ പാര്‍ട്ടികളാണെന്നതാണ് ബിജെപിയ്ക്ക് നേട്ടമാവുന്നത്.

ഇപ്പോള്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ കേന്ദ്രത്തിലെ ഭരണമുന്നണിയായ എന്‍ഡിഎ സഖ്യം 301 നേടുമെന്നാണ് വ്യാഴാഴ്ച പ്രസിദ്ധീകരിച്ച സര്‍വെ ഫലങ്ങള്‍ പറയുന്നത്. 2014 ഏപ്രില്‍-മേയ് മാസങ്ങളിലായി നടന്ന പൊതുതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം 336 സീറ്റുകളിലാണ് വിജയിച്ചത്. 2017 മേയില്‍ നടത്തിയ സമാനമായ ഒരു സര്‍വെയില്‍ എന്‍ഡിഎ സഖ്യം 331 സീറ്റില്‍ വിജയിക്കുമെന്നാണ് പ്രവചിക്കപ്പെട്ടിരുന്നത്. ബിജെപിയുടെ വോട്ട് വിഹിതത്തില്‍ 2014നെ അപേക്ഷിച്ച് മൂന്ന് ശതമാനം വര്‍ദ്ധനയുണ്ടാവുമെന്ന് സര്‍വെ പറയുന്നു. എന്നാല്‍ 2017 മേയില്‍ നടത്തിയ സര്‍വെയെക്കാള്‍ അഞ്ച് ശതമാനം കുറവാണിത്. 2014ല്‍ എന്‍ഡിഎ സഖ്യകക്ഷികള്‍ക്ക് ഏഴ് ശതമാനം വോട്ടു വിഹിതം ഉണ്ടായിരുന്നത് ആറ് ശതമാനമായി കുറയുമെന്നും സര്‍വെ പറയുന്നു.

2014ല്‍ ജയിച്ച 59 സീറ്റുകള്‍ക്ക് പകരം യുപിഎ 127 സീറ്റുകള്‍ നേടുമെന്നാണ് സര്‍വെ പറയുന്നത്. എന്നാല്‍ എന്‍ഡിഎ വിരുദ്ധ, യുപിഎ വിരുദ്ധ കക്ഷികളുടെ സീറ്റുകളില്‍ വലിയ ഇടിവുണ്ടാവും. 2014ല്‍ നേടിയ 145 സീറ്റുകള്‍ക്ക് പകരം നിലവില്‍ അവര്‍ക്ക് 115 സീറ്റുകള്‍ മാത്രമേ നേടാനാകൂവെന്നും സര്‍വെ പ്രവചിക്കുന്നു. കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം 25 ശതമാനമായി വര്‍ദ്ധിക്കും. 2014നെ അപേക്ഷിച്ച് നാല് പോയിന്റിന്റെ വര്‍ദ്ധനയാണ് കോണ്‍ഗ്രസിന് ഉണ്ടാവുക. ഭരണവിരുദ്ധ വികാരം ബിജെപിയുടെ വോട്ട് വിഹിതത്തില്‍ വിള്ളലുകല്‍ സൃഷ്ടിക്കുകയാണെന്ന് സിഎസ്ഡിഎസ് ഡയറക്ടര്‍ സഞ്ജയ് കുമാര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ എന്‍ഡിഎ കക്ഷികള്‍ക്കെല്ലാം കൂടി ലഭിക്കുന്ന നാല്‍പത് ശതമാനം വോട്ടുവിഹിതം അവരെ കേവല ഭൂരിപക്ഷം നേടാന്‍ സഹായിക്കുമെന്ന് കുമാര്‍ വിവരിക്കുന്നു.

ഇന്ത്യയിലെ ഏറ്റവും ജനകീയനായ നേതാവായി നരേന്ദ്ര മോദി തുടരുന്നു. എന്നാല്‍ ഈ ജനപിന്തുണയിലും ഇടിവ് സംഭവിച്ചിട്ടുണ്ട്, കഴിഞ്ഞ വര്‍ഷം 44 ശതമാനം ആളുകള്‍ മോദിയുടെ നേതൃത്വത്തില്‍ തൃപ്തരായിരുന്നെങ്കില്‍ ഇപ്പോഴത്തെ സര്‍വെയില്‍ അത് 37 ശതമാനമായി ഇടിഞ്ഞിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ ജനകീയത ഒമ്പത് ശതമാനത്തില്‍ നിന്നും 20 ശതമാനമായി വര്‍ദ്ധിച്ചിട്ടുണ്ട്. ജനുവരി ഏഴിനും ഇരുപതിനും ഇടയില്‍ 19 സംസ്ഥാനങ്ങളില്‍ നിന്നുള്ള 175 ലോക്‌സഭ നിയോജകമണ്ഡലങ്ങളിലാണ് സര്‍വെ നടത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍