UPDATES

ട്രെന്‍ഡിങ്ങ്

തെരഞ്ഞെടുപ്പിന് മുമ്പ് ‘ചായ് വാല’, തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ‘റാഫേൽ വാല’; പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അവിഹിത ഇടപെടൽ; രൂക്ഷ ആക്രമണവുമായി പ്രതിപക്ഷം

“ഗോധ്രയിലും മറ്റിടങ്ങളിലും കലാപമുണ്ടായതിനു ശേഷം മാത്രമാണ് അയാളിവിടെ എത്തിയത്. റാഫേൽ കുംഭകോണത്തിന്റെ സൂത്രധാരനാണ്. നോട്ടുനിരോധനത്തിന്റെ സൂത്രധാരനാണ്. ധാർഷ്ട്യമാണ് അയാളുടെ കൈമുതൽ.”

റാഫേൽ കരാറില്‍ ഇടപെടുന്നതിനായി പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതിരോധ മന്ത്രാലയം നിയോഗിച്ച ഉടമ്പടി സംഘത്തെ മറികടന്ന് തീരുമാനങ്ങളെടുക്കുന്ന വിധത്തിൽ സമാന്തരമായി ഒരു സംവിധാനം സൃഷ്ടിച്ചുവെന്ന എൻ റാമിന്റെ റിപ്പോർട്ട് ദി ഹിന്ദു പത്രത്തിൽ വന്നത് ഇന്ന് രാവിലെയാണ്. പാർലമെന്റിന്റെ ഇരുസഭകളെയും പിടിച്ചുകുടുക്കിയ വെളിപ്പെടുത്തലുകളാണ് ഈ റിപ്പോർട്ടിലുണ്ടായിരുന്നത്. ലോകസഭയിൽ ഇതിനെ എതിർത്ത് സംസാരിക്കവെ നിർമല സീതാരാമൻ നടത്തിയ പ്രസ്താവന റാമിന്റെ റിപ്പോർട്ടിനെ സ്ഥിരീകരിക്കുന്നതും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെ ഉറപ്പിക്കുന്നതുമായി മാറി.

2015 നവംബർ 24ന് അന്നത്തെ പ്രതിരോധ മന്ത്രിയും ഇപ്പോഴത്തെ ഗോവൻ മുഖ്യമന്ത്രിയുമായ മനോഹർ പരീക്കറുമായി പ്രതിരോധ സെക്രട്ടറിയായിരുന്ന ജി മോഹൻ കുമാർ നടത്തിയ ഫയൽ ആശയവിനിമയമാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്. റാഫേൽ വിമാനങ്ങൾ വാങ്ങുന്നതിനുള്ള കാര്യങ്ങൾ വേഗത്തിൽ നീക്കാനായി പ്രതിരോധമന്ത്രാലയം ഒരു ഉടമ്പടി സംഘത്തെ (Negotiation Team) നിയോഗിച്ചിരുന്നു. ഈ സംഘത്തിന്റെ പ്രവർത്തനങ്ങള്‍ക്ക് സമാന്തരമായി പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഫ്രഞ്ച് അധികൃതരുമായും റാഫേൽ കമ്പനിയുമായും ആശയവിനിമയം നടത്തുന്ന വിഷയമാണ് ജി മോഹൻ കുമാർ ഫയലിൽ എഴുതിയത്. ഇത്തരത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തരമായി പ്രവര്‍ത്തിക്കുന്നത് പ്രതിരോധമന്ത്രാലയം നിയോഗിച്ച് ഉടമ്പടി സംഘത്തിന്റെ വിലപേശൽ ശേഷി കുറയ്ക്കുകയാണെന്നും അത് ഫ്രാൻസിന് അനുകൂലമായി കരാർ എത്തിച്ചേരുന്നതിലേക്ക് നയിക്കുമെന്നുമുള്ള ഗൗരവമേറിയ പ്രശ്നമാണ് പ്രതിരോധ സെക്രട്ടറി ജി മോഹൻകുമാർ ഉന്നയിച്ചത്.

ഈ ഫയൽക്കുറിപ്പിനെ മന്ത്രി മനോഹർ പരീക്കർ ആശങ്കയോടെ കണ്ടുവെന്ന് അതിന് അദ്ദേഹം നൽകിയ മറുപടിയിൽത്തന്നെ വ്യക്തമായിരുന്നു. ‘എല്ലാം നന്നായിത്തന്നെ പോകുന്നു’വെന്ന് മറുകുറിപ്പ് ഫയലിലെഴുതിയ പരീക്കർ പ്രതിരോധ സെക്രട്ടറി ‘അമിതമായി പ്രതികരിക്കുന്നു’വെന്ന സൂചനയും നൽകി. ‘ഒന്നും പേടിക്കാനില്ലെന്ന് മനോഹർ പരീക്കർ ഫയലിൽ എഴുതിയിരുന്നല്ലോ, അതെന്താണ് ദി ഹിന്ദുവിന്റെ റിപ്പോർട്ടിൽ കാണാതിരുന്നത്’ എന്ന ചോദ്യവുമായി ലോകസഭയിൽ പ്രസംഗിച്ച ഇപ്പോഴത്തെ പ്രതിരോധമന്ത്രി നിർമല സീതാരാമന് അതൊരു കെണിയായി മാറി. നിർമല സീതാരാമന്റെ ഈ വാദം തന്നെ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അവിഹിതമായ ഇടപെടൽ റാഫേൽ കരാറിൽ ഉണ്ടായിരുന്നെന്ന് ഉറപ്പിക്കുന്നുണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു.

‘എന്റെ മാധ്യമപ്രവർത്തനത്തിന് നിർമല സീതാരാമന്റെ സർട്ടിഫിക്കറ്റ് വേണ്ട’

മാധ്യമങ്ങൾ റാഫേൽ വിഷയത്തിൽ പക്ഷപാതപരമായ ഇടപെടലാണ് നടത്തുന്നതെന്ന് നിർമല സീതാരാമൻ ആരോപിച്ചു. ‘ദി ഹിന്ദു’വിൽ ഡിഫൻസ് സെക്രട്ടറിയുടെ നോട്ട് മാത്രമാണ് വന്നിരിക്കുന്നതെന്ന് നിർമ്മല സീതാരാമൻ ചൂണ്ടിക്കാട്ടി. ഹിന്ദുവിന്റെയും തന്റെയും മാധ്യമപ്രവർത്തനത്തിന് നിർമല സീതാരാമന്റെ സർട്ടിഫിക്കറ്റ് വേണ്ടെന്ന കടുത്ത ഭാഷയിലുള്ള തിരിച്ചടി എൻ റാമിന്റെ ഭാഗത്തു നിന്നുണ്ടായി. നിർമല സീതാരാമന് അദ്ദേഹം ഇപ്രകാരം ഒരുപദേശം നൽകുകയും ചെയ്തു: “നിങ്ങൾ ഈ ഇടപാടിൽ ഉൾപ്പെട്ടിട്ടില്ല. പ്രതിരോധത്തിലായവരെ ന്യായീകരിച്ച് നിങ്ങളെന്തിനാണ് കുഴപ്പത്തിൽ ചാടുന്നത്?” -അദ്ദേഹം ചോദിച്ചു.

ശക്തമായ വാദഗതികളുമായി പ്രതിപക്ഷവും രംഗത്തു വന്നു. ഏതാണ്ടൊരു പരിഹാസത്തോടെയാണ് കെജ്രിവാൾ ട്വീറ്റ് ചെയ്തത്. ഇന്നത്തെ റാഫേൽ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ സ്വതന്ത്രമായ സിബിഐ പ്രധാനമന്ത്രിയുടെ ഓഫീസ് റെയ്ഡ് ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ‘സ്വതന്ത്രമായ സിബിഐ’ എന്ന് ഉദ്ധരണിയിലിട്ടാണ് കെജ്രിവാൾ നൽകിയത്. ബിജെപിയുടെ രാഷ്ട്രീയ എതിരാളികളുടെ വീടുകളും ഓഫീസുകളും സിബിഐ റെയ്ഡ് ചെയ്യുന്നുവെന്ന ആരോപണങ്ങളുടെ പശ്ചാത്തലം കൂടി മുൻനിർത്തിയുള്ളതാണ് കെജ്രിവാളിന്റെ ട്വീറ്റ്. തന്റെ ഓഫീസിലും കൊൽക്കത്ത പൊലീസ് കമ്മീഷണറുടെ ഓഫീസിലും സിബിഐ ചെയ്തതു പോലെ എല്ലാ ഫയലുകളും കണ്ടുകെട്ടണമെന്നും അദ്ദേഹം ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.

‘രാഹുലിന്റെ ലക്ഷ്യം കരാർ റദ്ദാക്കൽ’

മോദിയും ഷായും ചേർന്നുള്ള കൂട്ടുകെട്ട് രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തിന്റെ നട്ടെല്ല് തകർക്കുകയാണെന്ന് കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചു. എന്തുകൊണ്ടാണ് ഫ്രഞ്ച് പ്രധാനമന്ത്രി പ്രധാനമന്ത്രി മോദിയെ കള്ളനെന്ന് വിളിച്ചതെന്ന് അദ്ദേഹം ചോദിച്ചു. പ്രധാനമന്ത്രി 30,000 കോടി രൂപ മോഷ്ടിച്ച് തന്റെ സുഹൃത്ത് അനിൽ അംബാനിക്കായി ഒഴുക്കിക്കൊടുത്തിരിക്കുകയാണെന്നത് വ്യക്തമാണെന്ന് രാഹുൽ പറഞ്ഞു. കാവൽക്കാരൻ കള്ളനാണെന്ന് വീണ്ടും തെളിഞ്ഞിരിക്കുന്നു. ഈ പ്രസ്താവന വന്നതിനു പിന്നാലെ രാഹുലിനെയും അദ്ദേഹം പ്രധാനമന്ത്രിക്കു നേരെ പ്രയോഗിച്ച ഭാഷയെയും വിമർശിച്ച് കാര്യങ്ങൾ തിരിച്ചുവിടാനുള്ള ശ്രമമാണ് ബിജെപി നടത്തിയത്. ക്രിയാത്മകമായ വാദങ്ങളുന്നയിക്കാൻ രാഹുലിന് ശേഷിയില്ലെന്നും ബിജെപി പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ പ്രസ്താവന കോൺഗ്രസ്സിന്റെ രാഷ്ട്രീയ പാപ്പരത്തെത്തെയാണ് കാട്ടുന്നതെന്ന് ബിജെപി നേതാക്കളായ പ്രഭാത് ഝായും വിനയ് സഹസ്രാബുധെയും ആരോപിച്ചു. രാഹുൽ ഗാന്ധി നുണകൾ മാത്രമാണ് പ്രചരിപ്പിക്കുന്നത്. അവയെ ഏറ്റെടുക്കാൻ രാജ്യത്ത് ആരുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

റാഫേൽ വിമാനക്കരാർ റദ്ദാക്കിക്കുക എന്ന ഏകലക്ഷ്യം വെച്ചാണ് രാഹുൽ ഗാന്ധി പ്രവർത്തിക്കുന്നതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ ആരോപണമുന്നയിച്ചു. വിദേശശക്തികളാണ് രാഹുലിനു പിന്നിലുള്ളത്. ബഹുരാഷ്ട്ര കമ്പനികൾക്കു വേണ്ടിയാണ് രാഹുലിന്റെ കളികൾ. ഇന്ത്യൻ വ്യോമസേനയെക്കുറിച്ച് രാഹുലിനോ കോൺഗ്രസ്സിനോ യാതൊരു ആശങ്കയുമില്ലെന്നും ജാവദേക്കർ ആരോപിച്ചു. രാഹുൽ ഗാന്ധി യൂറോപ്പിലേക്ക് നടത്തിയ യാത്രയിൽ ഒരു പ്രതിരോധ ആയുധനിര്‍മാതാവുമായി കൂടിക്കണ്ടെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.

അതെസമയം ദേശീയ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ പരസ്യമാക്കി കോൺഗ്രസ്സ് തെറ്റിദ്ധാരണ പരത്തുകയാണെന്ന് കേന്ദ്രമന്ത്രി എംഎ നഖ്‌വി പറഞ്ഞു.

പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും പ്രധാനമന്ത്രിയെ നേരിട്ട് വിമർശിച്ച് രംഗത്തെത്തുകയുണ്ടായി. മോദിക്ക് ഇന്ത്യയെ അറിയില്ലെന്ന് അവർ പറഞ്ഞു. ഗോധ്രയിലും മറ്റിടങ്ങളിലും കലാപമുണ്ടായതിനു ശേഷം മാത്രമാണ് അയാളിവിടെ എത്തിയത്. റാഫേൽ കുംഭകോണത്തിന്റെ സൂത്രധാരനാണ്. നോട്ടുനിരോധനത്തിന്റെ സൂത്രധാരനാണ്. ധാർഷ്ട്യമാണ് അയാളുടെ കൈമുതൽ. -മമത പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ചായക്കടക്കാരനാകുന്ന മോദി തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ റാഫേൽ മുതലാളിയാകുന്നുവെന്ന പരിഹാസവും മമത തൊടുത്തു.

എയർ മാർഷൽ എസ്ബിപി സിൻഹ രംഗത്ത്

ഇതിനിടയിൽ ഈ വിവാദങ്ങള്‍ക്കെല്ലാം കാരണമായ ഫയൽ നോട്ടിനെ തള്ളിപ്പറഞ്ഞ് എയർ മാർഷൽ എസ്ബിപി സിൻഹ രംഗത്തെത്തി. റാഫേൽ ഉടമ്പടി സംബന്ധിച്ച് ഫ്രാൻസുമായി നടത്തിയ നീക്കുപോക്കുകളിൽ ഇന്ത്യൻ സംഘത്തെ നയിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. ഈ നോട്ടും റാഫേൽ വിമാനം വാങ്ങുന്നതുമായി ബന്ധപ്പെട്ട വിലപേശലുകളും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഈ നോട്ടിന് തുടക്കം കുറിച്ച എസ്‌കെ ശര്‍മ റാഫേൽ കൂടിയാലോചനാ സംഘത്തിൽ അംഗമായിരുന്നില്ല. പിന്നെ ആർക്കു വേണ്ടിയാണ് അദ്ദേഹം ഈ നോട്ട് തുടങ്ങി വെച്ചതെന്നും അദ്ദേഹം ചോദിച്ചു. തന്റെ വിയോജനക്കുറിപ്പിനെ തള്ളിപ്പറയാൻ പക്ഷെ അതെഴുതിയ അന്നത്തെ പ്രതിരോധ സെക്രട്ടറി ജി മോഹൻ കുമാർ തയ്യാറായില്ല. എന്നാൽ, റാഫേൽ വിമാനങ്ങളുടെ വിലയിടലുമായി പ്രസ്തുത കുറിപ്പിന് ബന്ധമില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. കൂടിയാലോചനകളെന്നാൽ അത് വിലയിടൽ സംബന്ധിച്ചുള്ളത് മാത്രമല്ലെന്നും മോഹൻ കുമാർ പറഞ്ഞു.

ജി മോഹൻ കുമാറിന്റെ എതിര്‍പ്പ് എയര്‍ സ്റ്റാഫിലെ ഡപ്യൂട്ടി സെക്രട്ടറി എസ്‌കെ ശര്‍മ 2015 നവംബര്‍ 24-ന് രേഖപ്പെടുത്തുകയും പ്രതിരോധ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയും അക്വിസിഷേന്‍ മാനേജറും (എയര്‍) ഡയറക്ടര്‍ ജനറല്‍ (അക്വിസിഷന്‍) സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ശർമയ്ക്ക് പക്ഷെ കൂടിയാലോചനാ സംഘവുമായി ബന്ധമില്ലെന്നാണ് എസ്ബിപി സിൻഹ പറയുന്നത്.

സംഭവത്തിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നായിരുന്നു കോൺഗ്രസ്സ് ലോകസഭാ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ പ്രതികരണം. ഇതുവഴി മാത്രമേ സത്യം പുറത്തുവരികയുള്ളൂ. പ്രധാനമന്ത്രിയുടേതടക്കം നിരവധി വിശദീകരണങ്ങൾ തങ്ങൾ കേട്ടുകഴിഞ്ഞതായും ഇനിയും വിശദീകരണങ്ങൾ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

റാഫേൽ കരാർ

മുൻ യുപിഎ സർക്കാർ ഫ്രാൻസുമായി ഏർപ്പെട്ട റാഫേൽ കരാറിൽ 2014ൽ അധികാരത്തിലെത്തിയ എൻഡിഎ സർക്കാർ നിർണായകമായ മാറ്റങ്ങൾ വരുത്തിയതാണ് വിവാദങ്ങൾക്ക് കാരണമായത്. 2015 ഏപ്രിൽ മാസത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഫ്രാൻസ് സന്ദർശനത്തോടെ കരാറിൽ ഗൗരവപ്പെട്ട മാറ്റങ്ങൾ വന്നു, 136 യുദ്ധവിമാനങ്ങൾ വാങ്ങാനായി യുപിഎ സർക്കാരുണ്ടാക്കിയ കരാർ മാറ്റിയ എൻഡിഎ സർക്കാർ, വിമാനങ്ങളുടെ എണ്ണം 36 ആയി കുറയ്ക്കുകയാണുണ്ടായത്. ഇതുവഴി സാമ്പത്തിനേട്ടമുണ്ടായില്ലെന്നു മാത്രമല്ല, വിമാനങ്ങളുടെ വില കുത്തനെ ഉയരുകയും മുൻ കരാറിനെക്കാൾ ഉയർന്ന തുകയിലെത്തുകയും ചെയ്തു.

റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിര്‍ണായ വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലൊന്നും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ കരാറിലുണ്ടായിരുന്നെന്ന് പറയുന്നില്ല. ഡപ്യൂട്ടി ചീഫ് ഓഫ് എയര്‍ സ്റ്റാഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കരാർ പൂർത്തീകരിച്ചതെന്നായിരുന്നു സർക്കാരിന്റെ നിലപാട്. ഇതിനെ ഖണ്ഡിക്കുന്ന കാര്യങ്ങളാണ് ഇന്ന് ദി ഹിന്ദു പത്രം പുറത്തുകൊണ്ടു വന്നിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍