UPDATES

ട്രെന്‍ഡിങ്ങ്

എക്‌സിറ്റ് പോള്‍ തിരിച്ചടിയില്‍ അമ്പരന്ന് പ്രതിപക്ഷം; അണിയറയില്‍ തിരക്കിട്ട ആലോചനകള്‍

ആത്മവിശ്വാസം ചോര്‍ന്നെങ്കിലും പ്രവചിക്കപ്പെട്ടതുപോലെ കാര്യങ്ങള്‍ 23-ന് സംഭവിക്കില്ല എന്നാണ് പ്രതിപക്ഷം കരുതുന്നത്

പ്രതിപക്ഷം ഇനിയെന്തു ചെയ്യും? ഏഴു എക്‌സിറ്റ് പോള്‍ സര്‍വെകളില്‍ അഞ്ചെണ്ണം ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് കൃത്യമായ ഭൂരിപക്ഷം പ്രവചിക്കുമ്പോള്‍ രണ്ടെണ്ണം ഭൂരിപക്ഷത്തിന് നേരിയ കുറവ് മാത്രമാണ് കാണിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പോളിംഗ് ഇന്നലെയാണ് നടന്നത് എങ്കിലും ഇത്തവണ മികച്ച പ്രകടനം പ്രതിപക്ഷ പാര്‍ട്ടികള്‍ കാഴ്ചവയ്ക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു നേതാക്കള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ നിരവധി കൂടിക്കാഴ്ചകള്‍ ഇതിനകം തന്നെ തുടങ്ങുകയും ചെയ്തിരുന്നു. വിവിധ പ്രതിപക്ഷ നേതാക്കളുടെ കണക്കുകള്‍ അനുസരിച്ച് യാതൊരു വിധത്തിലും സംഭവിക്കാന്‍ സാധ്യതയില്ലാത്ത ഒന്നാണ് ഇന്നലെ പുറത്തു വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എന്നാണ് ആ ക്യാംപുകളില്‍ നിന്ന് ലഭിക്കുന്ന വിവരം.

വോട്ടെണ്ണല്‍ ദിവസമായ 23-ന് യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി യുപിഎ കക്ഷികളുടെ യോഗം വിളിച്ചിട്ടുണ്ട്. ഇതിനൊപ്പം, യുപിഎയ്ക്ക് പുറത്തു നില്‍ക്കുന്ന യുപിയിലെ മഹാഗഡ്ബന്ധന്‍ കക്ഷികളില്‍ പ്രധാനികളായ സമാജ്‌വാദി പാര്‍ട്ടിയുടെ അഖിലേഷ് യാദവ്, ബിഎസ്പി അധ്യക്ഷ മായാവതി, തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി തുടങ്ങിയവരെ കൂടി യോഗത്തില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു ഊര്‍ജിതമാക്കിയിട്ടുണ്ട്. നായിഡു ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും എന്‍സിപി തലവന്‍ ശരത് പവാറുമായും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായും രണ്ടാം വട്ട ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന്റെ തലേന്ന് അദ്ദേഹം ലക്‌നൗവിലെത്തി മായാവതിയേയും അഖിലേഷിനേയും കാണുകയും ചെയ്തിരുന്നു. ഇന്നോ നാളെയോ നായിഡു കല്‍ക്കത്തയിലെത്തി മമത ബാനര്‍ജിയെ കാണുമെന്നും സൂചനയുണ്ട്.

ഇന്നലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വരുന്നതിന് തൊട്ടു മുമ്പു വരെ യുപിയില്‍ നിന്നുള്ള ബിഎസ്പി കേന്ദ്രങ്ങള്‍ പുറത്തു വിട്ടിരുന്ന വിവരം മായാവതി ഇന്നോ നാളെയോ ഡല്‍ഹിയില്‍ എത്തുമെന്നും രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയേക്കും എന്നുമായിരുന്നു. എക്‌സിറ്റ് പോളില്‍ ബിജെപിക്കും എന്‍ഡിഎയ്ക്കും ഇത്രയധികം മുന്നേറ്റം പ്രവചിക്കപ്പെട്ടിരിക്കുന്നത് പ്രതിപക്ഷ പാര്‍ട്ടികളെ അമ്പരപ്പിക്കുകയും ചെയ്യുന്നുണ്ട്. വിവിധ പ്രതിപക്ഷ കക്ഷി നേതാക്കള്‍ പങ്കുവച്ച വിവരങ്ങള്‍ അനുസരിച്ച് എന്‍ഡിഎയ്ക്ക് അവര്‍ നല്‍കിയിരിക്കുന്ന സീറ്റെണ്ണം 220-230 ആണ്. ബിജെപി 190 സീറ്റുകള്‍ക്കപ്പുറം കടക്കില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. യുപിയില്‍ അഖിലേഷും മായാവതിയും ചേര്‍ന്ന് 50 മേല്‍ സീറ്റുകള്‍ നേടുമെന്നും കോണ്‍ഗ്രസിന് 120 സീറ്റുകള്‍ക്ക് ലഭിക്കുമെന്നുമായിരുന്നു പ്രതിപക്ഷത്തെ കണക്കുകൂട്ടല്‍. കോണ്‍ഗ്രസിനൊപ്പം, ഡിഎംകെ, എന്‍സിപി, ആര്‍ജെഡി തുടങ്ങിയ യുപിഎ കക്ഷികള്‍ ചേരുകയും മഹാഗഡ്ബന്ധന്‍ കക്ഷികളും ഒപ്പം മമതയും കൂടി ചേര്‍ന്നാല്‍ കേവല ഭൂരിപക്ഷം ഉറപ്പിക്കാം എന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടല്‍.

Also Read: വീണ്ടും മോദിയെന്ന് എക്‌സിറ്റ് പോളുകള്‍; കേരളത്തില്‍ യുഡിഎഫ് എന്ന് ഒന്നൊഴികെയുള്ള എല്ലാ സര്‍വേകളും

അതിനൊപ്പം, നായിഡുവിന്റെ ബദ്ധശത്രുക്കളായ തെലങ്കാന രാഷ്ട്രസമിതി നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര റാവു, വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ജഗന്‍ മോഹന്‍ റെഡ്ഡി എന്നിവരെ കൂടി യുപിഎ പക്ഷത്തേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളും കോണ്‍ഗ്രസ് നേതൃത്വത്തില്‍ ആരംഭിച്ചിരുന്നു. പി. ചിദംബരത്തേയും ഡിഎംകെ നേതാവ് എംകെ സ്റ്റാലിനേയുമാണ് കോണ്‍ഗ്രസ് ഇതിനായി ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍ തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ-ബിജെപി മുന്നണി പ്രതീക്ഷിച്ചതിനേക്കാള്‍ മുന്നേറ്റമുണ്ടാക്കുമെന്നും ബംഗാളില്‍ മമതയ്ക്ക് തിരിച്ചടി കിട്ടിയേക്കുമെന്ന എക്‌സിറ്റ് പോള്‍ വിവരങ്ങള്‍ പ്രതിപക്ഷ ക്യാംപിനെ തെല്ലെന്നുലച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വളരെ കരുതലോടെയുള്ള നീക്കങ്ങളാണ് ഇനി അഭികാമ്യമെന്നാണ് നേതാക്കള്‍ പറയുന്നത്. മമത ബാനര്‍ജി പ്രതിപക്ഷ ഐക്യത്തിനായി ഇന്നലെയും ആഹ്വാനം ചെയ്തത് ഇതുകൂടി മുന്നില്‍ കണ്ടാണെന്നും നേതാക്കള്‍ പറയുന്നു.

കോണ്‍ഗ്രസിന് 140 സീറ്റ് വരെ ലഭിക്കുമെന്ന് പാര്‍ട്ടി നേതാക്കള്‍ പറയുമ്പോഴും 100 സീറ്റ് ഏതായാലും കടക്കുമെന്ന ആത്മവിശ്വാസം മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ പങ്കുവച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ തവണത്തെ 44 സീറ്റില്‍ നിന്ന് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞേക്കില്ല എന്ന സൂചനയും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നുണ്ട്. അതുകൊണ്ടു തന്നെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയെ നിര്‍ദേശിക്കുന്നതിനേക്കാള്‍ ഏതുവിധേനെയും ബിജെപിയേയും നരേന്ദ്ര മോദിയേയും അകറ്റി നിര്‍ത്തുക എന്നതിനു തന്നെയാണ് കോണ്‍ഗ്രസ് പ്രാമുഖ്യം നല്‍കുന്നത്.

Also Read: രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിജെപി തന്നെ; നിയമസഭ തിരഞ്ഞെടുപ്പിലെ നേട്ടം ആവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിനാകില്ല

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എന്തു തന്നെയായാലും എന്‍ഡിഎ കേവല ഭൂരിപക്ഷത്തിലേക്ക് എത്തില്ല എന്നു തന്നെയാണ് പ്രതിപക്ഷ ക്യാംപ് ഇപ്പോഴും ഉറപ്പിച്ചു പറയുന്നത്. 250-നു മേല്‍ സീറ്റുകള്‍ എന്‍ഡിഎ നേടിയേക്കാമെന്ന സാഹചര്യം ഉള്ളപ്പോള്‍ 23-ന് ശേഷമുള്ള കരുനീക്കങ്ങള്‍ വളരെ പ്രാധാന്യമുള്ളതാണെന്ന് പ്രതിപക്ഷ നേതൃത്വം കരുതുന്നു. എന്‍ഡിഎ ഇതര, ബിജെപി ഇതര കക്ഷികളെയായിരിക്കും ബിജെപി നേതൃത്വം ഇതിനായി ആശ്രയിക്കുക എന്നതു കൊണ്ടു തന്നെ കോണ്‍ഗ്രസ് നേതൃത്വവും ഇവരെ തങ്ങള്‍ക്കൊപ്പം ഉറപ്പിച്ചു നിര്‍ത്താനാകുമോ എന്നാണ് ശ്രമിക്കുന്നത്. എന്തായാലും ആത്മവിശ്വാസം ചോര്‍ന്നെങ്കിലും പ്രവചിക്കപ്പെട്ടതുപോലെ കാര്യങ്ങള്‍ 23-ന് സംഭവിക്കില്ല എന്നാണ് പ്രതിപക്ഷം കരുതുന്നതും.

Also Read: കല്ലട ബസ്: 500 അന്തര്‍സംസ്ഥാന ബസുകള്‍ക്കെതിരെ 20 ദിവസം കൊണ്ട് ചുമത്തിയ പിഴ 1.32 കോടി രൂപ; എന്നിട്ടും നിയമലംഘനങ്ങള്‍ക്ക് കുറവില്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍