UPDATES

ദേശസുരക്ഷ, ഭീകരത; മോദി സര്‍ക്കാരിന്റെ നിലപാടുകള്‍ക്ക് മുന്നില്‍ മറുപടി പറയാനില്ലാതെ കോണ്‍ഗ്രസ്; പ്രതിപക്ഷത്തെ ഒറ്റപ്പെട്ട ശബ്ദമായി ഒവൈസി

കോണ്‍ഗ്രസ് കൊണ്ടുവന്ന നിയമങ്ങള്‍ ശക്തിപെടുത്തുകയാണ് ചെയ്യുന്നതെന്ന് അമിത് ഷാ

രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ദേശ സുരക്ഷയുമായി ബന്ധപ്പെട്ട ഭേദഗതികള്‍ ലോക്‌സഭ പാസ്സാക്കി കൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് മൂന്നു കാശ്മീരി യുവാക്കളെ 23 വര്‍ഷത്തെ തടവിന് ശേഷം കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടത്. 1996-ല്‍ നടന്ന ബോംബ് സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ടാണ് മുഹമ്മദലി, ലത്തീഫ് അഹമ്മദ് വാജ, മിര്‍സ നിസാര്‍ എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ ജീവിതം പിന്നീട് വിവിധ ജയിലുകളിലായിരുന്നു. ഒടുവില്‍ 23 വര്‍ഷത്തിന് ശേഷം സ്‌ഫോടനങ്ങളുമായി ഇവര്‍ക്ക് ബന്ധമില്ലെന്ന് കണ്ട് കോടതി വെറുതെ വിടുകയായിരുന്നു.

ഏകദേശം ഇതേ സമയത്തായിരുന്നു യുഎപിഎ നിയമ ഭേദഗതി ബില്ല് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ഭീകരതയോട് കേന്ദ്ര സര്‍ക്കാര്‍ ഒട്ടും സഹിഷ്ണുത കാണിക്കില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു ആഭ്യന്തര മന്ത്രി അമിത്ഷാ ബില്ല് അവതരിപ്പിച്ച് സംസാരിച്ചത്. അര്‍ബന്‍ നക്‌സലുകളെ ശക്തമായി നേരിടുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇന്ത്യന്‍ തടവറയില്‍ അടയ്ക്കുകയും വര്‍ഷങ്ങള്‍ക്ക് ശേഷം കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയക്കുകയും ചെയ്യുന്നതിനെക്കുറിച്ചോ അന്വേഷണ ഏജന്‍സികള്‍ ആളുകളെ തെറ്റായി പ്രതിചേര്‍ക്കുന്നതിനെക്കുറിച്ചോ അദ്ദേഹം ഒന്നും പറഞ്ഞില്ല. സമീപകാലത്തൊന്നും ഒരു കേന്ദ്ര സര്‍ക്കാരും തങ്ങളുടെ നയം നടപ്പിലാക്കാന്‍ ഇത്രയേറെ തിടുക്കം കാട്ടിക്കാണില്ല. എന്‍ഐഎ ഭേദഗതി, യുഎപിഎ ഭേദഗതി, മുത്തലാഖ് ബില്ല്, വിവരാവകാശ നിയമ ഭേദഗതി എന്നിങ്ങനെയുള്ള ബില്ലുകളാണ് ദിവസങ്ങള്‍ക്കുള്ളില്‍ ലോക്‌സഭയില് അവതരിപ്പിച്ച് പാസ്സാക്കിയത്.

എന്നാല്‍ ഇതില്‍ ദേശസുരക്ഷയും ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട രണ്ട് പ്രധാന ഭേദഗതികള്‍ക്കെതിരെ വോട്ടുചെയ്യാന്‍ പ്രധാനപ്പെട്ട ദേശീയ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉണ്ടായില്ല. എന്‍ഐഎ ഭേദഗതി ബില്ലിനെ അനുകൂലിക്കണമെന്ന സമീപനമായിരുന്നു കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി സ്വീകരിച്ചത്. വോട്ടെടുപ്പ് ആവശ്യമായി വന്നപ്പോള്‍ ഇറങ്ങി പോവുകയും ചെയ്തു. എന്നാല്‍ ഭേദതിയെ എതിര്‍ത്ത് വോട്ടു ചെയ്യാന്‍ സിപിഎം തയാറായി. എന്‍ഐഎയുടെ അന്വേഷണ വ്യാപ്തി കൂട്ടുന്നതാണ് ഭേദഗതി ബില്ല്. ഇതോടെ ഇതുവരെ സംസ്ഥാന പൊലീസ് അന്വേഷിച്ചിരുന്ന പല കേസുകളും ഇനി സ്വമേധയാ എന്‍ഐഎയ്ക്ക് ഏറ്റെടുക്കാന്‍ കഴിയും. സംസ്ഥാനങ്ങളുടെ അധികാരങ്ങളെ വല്ലാതെ പരിമിതപ്പെടുത്തുന്നതാണ് ഈ ബില്ല്. സമീപകാലത്ത് ജി എസ് ടി അടക്കം ഇന്ത്യന്‍ ഫെഡറലിസത്തെ ഇല്ലാതാക്കുന്ന നിരവധി ബില്ലുകളില്‍ ഒടുവിലത്തേത്. എന്നാല്‍ ഇതിനെതിരെ കാര്യമായ പ്രതിരോധമുയര്‍ത്താന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. ഭീകരതയുടെ മനുഷ്യത്വവിരുദ്ധവും രാഷ്ട്രവിരുദ്ധവുമായ മാനങ്ങളെക്കുറിച്ചും ഭേദഗതിയുടെ ആവശ്യത്തെക്കുറിച്ചുമുള്ള അമിത് ഷായുടെ വാക്കുകള്‍ക്ക് രാഷ്ട്രീയമായ മറുപടി പറയാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ തയ്യാറായില്ല, അല്ലെങ്കില്‍ കഴിഞ്ഞില്ല.

എന്‍ഐഎ ഫെഡറല്‍ സംവിധാനത്തെയാണ് ബാധിക്കുന്നതെങ്കില്‍ ഇന്ത്യയിലെ നിയമവ്യവസ്ഥിതിയെ തന്നെ അട്ടിമറിക്കുന്നതായിരുന്നു യുഎപിഎ നിയമഭേദഗതി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഒരു വ്യക്തിയെ ഭീകരനായി പ്രഖ്യാപിക്കാന്‍ അധികാരം നല്‍കുന്നതാണ് ഭേദഗതി ബില്ല്. കോടതി ഒരാളെ കുറ്റക്കാരനായി വിധിക്കുന്നതിന് മുമ്പ് തന്നെ അന്വേഷണ ഏജന്‍സിക്ക് അയാളെ ഭീകരനായി പ്രഖ്യാപിച്ച് സ്വത്ത് കണ്ടുകെട്ടുന്നതടക്കമുളള നടപടികള്‍ സ്വീകരിക്കാന്‍ കഴിയും. ഈ നിയമ ഭേദഗിതിക്കെതിരെയും കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ള കക്ഷികള്‍ എതിര്‍ത്ത് വോട്ടുചെയ്തില്ല. ഭേദഗതിക്കെതിരായ ചെറിയ വിമര്‍ശനങ്ങള്‍ മാത്രം ഉന്നയിക്കാനാണ് കോണ്‍ഗ്രസ് തയ്യാറായത്.

യുഎപിഎയും എന്‍ഐഎയും അടക്കമുളള സംവിധാനങ്ങള്‍ ഇന്ത്യയില്‍ നടപ്പിലാക്കിയത് കോണ്‍ഗ്രസ് സര്‍ക്കാരുകളാണ്. ഈ അന്വേഷണ ഏജന്‍സികളുടെയും നിയമത്തിന്റെയും ഇരകളാണ് നേരത്തെ സൂചിപ്പിച്ച മുഹമ്മദലിയെപോലുള്ളവര്‍. അന്വേഷണ സംഘം തെറ്റായി പ്രതി ചേര്‍ക്കപ്പെടുന്നതെങ്ങനെ, അതിന് ജാതിയും മതവും അടക്കമുള്ള പശ്ചാത്തലങ്ങള്‍ കാരണമാകുന്നുവോ എന്ന പ്രശ്‌നം പോലും ഗൗരവത്തോടെ ഉന്നയിക്കാന്‍ മുഖ്യ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞില്ല.

എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയാണ് ഈ നിയമഭേദഗതികളെക്കുറിച്ച് കാര്യമായ വിമര്‍ശനം ഉന്നയിച്ചത്. ദേശ സുരക്ഷയേയും ഭീകരതയേയും കുറിച്ച് കോണ്‍ഗ്രസ് സ്വീകരിച്ചിരുന്ന സമീപനത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ ബിജെപി നടപ്പിലാക്കുന്നതെന്നായിരുന്നു അദ്ദേഹം ഉന്നയിച്ച വിമര്‍ശനം. യുഎപിഎ ഭേദഗതി ഒന്നാം യുപിഎ സര്‍ക്കാര്‍ നടപ്പിലാക്കുമ്പോള്‍ പാടില്ലെന്ന് പറഞ്ഞത് ഓര്‍ത്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. നിരവധി മുസ്ലീംങ്ങളും ദളിതരും യുഎപിഎ നിയമത്തിന്റെ ഇരകളായി മാറ്റപ്പെടുന്ന വസ്തുതകള്‍ മറച്ചുപിടിച്ചുകൊണ്ടുള്ള വാദങ്ങളാണ് സര്‍ക്കാര്‍ ഉന്നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിനെതിരെ ഒവൈസി ഉന്നയിച്ച വാദങ്ങളാണ് നിയമ ഭേദഗതിയെ ന്യായികരിക്കാന്‍ സര്‍ക്കാരും മുന്നോട്ടു വെച്ചത്. നിങ്ങള്‍ തുടങ്ങിവെച്ചതില്‍നിന്ന് മുന്നോട്ടുപോകുകയാണെന്നാണ് കോണ്‍ഗ്രസിനെ നോക്കി അമിത് ഷാ പറയുകയും ചെയ്തത്. ഇതോടെ ഭീകരതയെക്കുറിച്ചും ദേശ സുരക്ഷയെക്കുറിച്ചുമുള്ള ബിജെപിയുടെ വ്യാഖ്യാനങ്ങള്‍ക്ക് ലോക്‌സഭയില്‍ ബദല്‍ അവതരിപ്പിക്കാനുള്ള മുഖ്യ പ്രതിപക്ഷങ്ങളുടെ ശേഷിയില്ലായ്മ കൂടിയാണ് കഴിഞ്ഞ ദിവസത്തെ ചര്‍ച്ചകളില്‍ തെളിഞ്ഞത്. അസദുദ്ദീന്‍ ഒവൈസിയുടെ പ്രസംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായതും മറ്റൊരു ബദല്‍ ശബ്ദം ഉയരാത്തതിന്റെ പശ്ചാത്തലത്തിലാണ്.

കാശ്മീര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, എന്‍ആര്‍സി തുടങ്ങിയ വിഷയങ്ങളിലും ബിജെപി അവരുടെ പ്രഖ്യാപിത നിലപാടുകളുമായി ധൃതിയില്‍ മുന്നോട്ടുപോകുമ്പോള്‍, അടിസ്ഥാനപരമായി ബദല്‍ സമീപനങ്ങള്‍ മുന്നോട്ടുവെയ്ക്കാനാവാതെ അപ്രസക്തരാവുകയാണ് മുഖ്യ പ്രതിപക്ഷ പാര്‍ട്ടികള്‍. ഭരണ തലത്തില്‍ സുതാര്യത ഉറപ്പാക്കുന്നതിന് വേണ്ടി കൊണ്ടുവന്ന വിവരാവകാശ നിയമ ഭേദഗതി ഭൂരിപക്ഷമില്ലാതിരുന്നിട്ടു പോലും രാജ്യസഭയിലും പാസ്സാക്കിയെടുക്കാന്‍ ഭരണകക്ഷിക്ക് സാധിച്ചത് ഇതിന്റെ തന്നെ ഭാഗമാണ്.

Read More: ‘സംഘപരിവാര്‍ ഭീഷണി കേരളത്തിൽ അനുവദിക്കില്ല’; അടൂരിനെ അധിക്ഷേപിച്ച ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനെതിരെ വ്യാപക പ്രതിഷേധം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍