UPDATES

കോണ്‍ഗ്രസിന്റെ ‘ആം ആദ്മി’ വിരോധം പ്രതിപക്ഷ ഐക്യത്തെ ദുര്‍ബലപ്പെടുത്തുമോ? കോണ്‍ഗ്രസിനെ മറ്റ് പാര്‍ട്ടികള്‍ പഠിപ്പിക്കുന്ന രാഷ്ട്രീയം

നിങ്ങള്‍ ഉണ്ടായാലും ഇല്ലെങ്കിലും ഞങ്ങള്‍ക്ക് ചെയ്യാനുള്ളത് ഞങ്ങള്‍ ചെയ്യും എന്ന സന്ദേശം. രാജ്യത്തെ രാഷ്ട്രീയ യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ അവരോട് ആവശ്യപ്പെടുകയാണ് മറ്റ് പ്രതിപക്ഷ കക്ഷികള്‍.

ഡല്‍ഹിയില്‍ ലെഫ്.ഗവര്‍ണറെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ഭരണ സ്തംഭനത്തിനെതിരെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ അതിന്റെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രക്ഷോഭം ദേശീയ രാഷ്ട്രീയത്തില്‍ വഴിത്തിരിവാവുകയാണ്. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് ബിജെപിക്കെതിരായ പ്രത്യയശാസ്ത്ര യുദ്ധമായി പ്രഖ്യാപിച്ച് പ്രതിപക്ഷ ഐക്യത്തിന് കോണ്‍ഗ്രസ് ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഡല്‍ഹിയില്‍ അവര്‍ സ്വീകരിക്കുന്ന, ബിജെപിയെ സഹായിക്കുന്ന സമീപനം പ്രതിപക്ഷ ഐക്യത്തിന്റെ സ്വഭാവത്തില്‍ തന്നെ മാറ്റം വരുത്തുന്നത്. ബിജെപിയുടെ ബി ടീം ആയാണ് കോണ്‍ഗ്രസ് ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നത് എന്ന എഎപിയുടെ ആരോപണം അവര്‍ക്ക് നിസാരമായി തള്ളാനാകില്ല. മറ്റ് പല പാര്‍ട്ടികളേയും കോണ്‍ഗ്രസ് അങ്ങനെ വിശേഷിപ്പിക്കുമ്പോള്‍ പ്രത്യേകിച്ചും.

ഡല്‍ഹിയില്‍ നിന്ന് ആം ആദ്മി പാര്‍ട്ടിയെ പുകച്ചുപുറത്തുചാടിക്കുക എന്ന ലക്ഷ്യത്തില്‍ ഊന്നി ലെഫ്.ഗവര്‍ണറുടേയും കേന്ദ്ര സര്‍ക്കാരിന്റേയും നടപടികളെ നിസംഗതയോടെ കാണുകയും കേജ്രിവാളിനേയും എഎപിയേയും കുറ്റപ്പെടുത്താന്‍ സമയം നീക്കി വയ്ക്കുകയുമാണ് അവര്‍. എന്നാല്‍ ഇതേ സമയം രാഹുല്‍ ഗാന്ധിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ കെജ്രിവാളിന് ശക്തമായ പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നു. രാജ്യസഭ ഉപാധ്യക്ഷനായിരുന്ന പിജെ കുര്യന്റെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് നടക്കുന്ന ഉപാധ്യക്ഷ തിരഞ്ഞെടുപ്പാണ് പ്രതിപക്ഷ ഐക്യത്തിലെ വ്യത്യസ്ത ധാരയെ സജീവമാക്കുന്നത്. ഒരര്‍ത്ഥത്തില്‍ 2019ലെ സാധ്യതകള്‍ സംബന്ധിച്ച് കോണ്‍ഗ്രസിനെ ഇതര രാഷ്ട്രീയ കക്ഷികള്‍ ചില കാര്യങ്ങള്‍ പഠിപ്പിക്കുക കൂടിയാണ്. നിങ്ങള്‍ ഉണ്ടായാലും ഇല്ലെങ്കിലും ഞങ്ങള്‍ക്ക് ചെയ്യാനുള്ളത് ഞങ്ങള്‍ ചെയ്യും എന്ന സന്ദേശം. രാജ്യത്തെ രാഷ്ട്രീയ യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ അവരോട് ആവശ്യപ്പെടുകയാണ് മറ്റ് പ്രതിപക്ഷ കക്ഷികള്‍.

മമത ബാനര്‍ജിയും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവുമെല്ലാം ഉള്‍ക്കൊള്ളുന്ന ഫെഡറല്‍ മുന്നണിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ മരവിച്ചിരിക്കുന്നതിന് ഇടയിലാണ് നാല് ബിജെപി ഇതര, കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ കക്ഷികളുടെ നേതാക്കളും മുഖ്യമന്ത്രിമാരുമായ മമത ബാനര്‍ജി, ചന്ദ്രബാബു നായിഡു, എച്ച്ഡി കുമാരസ്വാമി, പിണറായി വിജയന്‍ എന്നിവര്‍ ഡല്‍ഹിയില്‍ യോഗം ചേരുകയും കെജ്രിവാളിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും വിഷയത്തില്‍ ഇടപെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നേരിട്ട് ആവശ്യപ്പെട്ടും രാഷ്ട്രീയ നീക്കം ശക്തമാക്കുന്നത്. കര്‍ണാടകയില്‍ കുമാരസ്വാമിയുടെ സത്യപ്രതിഞ്ജ ചടങ്ങില്‍ കണ്ട വിശാല പ്രതിപക്ഷ ഐക്യത്തിന്റെ ലക്ഷണങ്ങളില്‍ നിന്ന് വഴി മാറി നടക്കുന്നതാണ് ഈ കൂടിച്ചേരല്‍. ആം ആദ്മി പാര്‍ട്ടി പ്രധാനമന്ത്രി ഔദ്യോഗിക വസതിയിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുത്തിരുന്നു.

രാജ്യസഭ ഉപാധ്യക്ഷ സ്ഥാനത്തേക്ക് ബിജു ജനതാ ദളിനെ പിന്തുണക്കാനാണ് നാല് മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ധാരണയായത് എന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ പ്രതിപക്ഷത്തിന് 115 അംഗങ്ങളും എന്‍ഡിഎയ്ക്ക് 108 പേരുമാണ് രാജ്യസഭയിലുള്ളത്. ഇതുവരെ തീരുമാനമെടുക്കാത്ത 17 പേര്‍ നിര്‍ണായകമാണ്. ടിആര്‍സ് – ആറ്, വൈ എസ് ആര്‍ കോണ്‍ഗ്രസ് – രണ്ട്, ബിജു ജനത ദള്‍ – ഒമ്പത് എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില. ടിആര്‍എസും വൈഎസ്ആറും പ്രതിപക്ഷത്തും ബിജെപി ക്യാമ്പിലും ഒരുപോലെ അടുപ്പങ്ങള്‍ സൂക്ഷിക്കുന്നുണ്ട്. ഇരു പാര്‍ട്ടികളും ബിജെപി സഖ്യത്തിലേയ്ക്ക് പോകാന്‍ വലിയ താല്‍പര്യം കാണിക്കുന്നുമുണ്ട്. ഒട്ടുമിക്ക എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടേയും നേതാക്കള്‍ കുമാരസ്വാമിയുടെ സത്യപ്രതിഞ്ജയ്‌ക്കെത്തിയപ്പോളും ചന്ദ്രശേഖര്‍ റാവു തലേ ദിവസം വന്നു പോയതും ജഗന്‍മോഹന്‍ റെഡ്ഡി വിട്ടുനിന്നതും ശ്രദ്ധിയ്ക്കുക. ബിജെപി (69) കഴിഞ്ഞാല്‍ കോണ്‍ഗ്രസ് (51) ആണ് രാജ്യസഭയില്‍ ഏറ്റവും അംഗങ്ങളുള്ള പാര്‍ട്ടി. എന്നാല്‍ കോണ്‍ഗ്രസിന് യാതൊരു ഇളവും നല്‍കേണ്ടെന്നാണ് ഇതര പാര്‍ട്ടികളുടെ തീരുമാനം. മമത ബാനര്‍ജിയും ചന്ദ്രബാബു നായിഡുവും രാജ്യസഭ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട സമീപനം സംബന്ധിച്ച് നേരത്തെ തന്നെ സംസാരിച്ച് ധാരണയിലെത്തിയിരുന്നതായാണ് റിപ്പോര്‍ട്ട്.

ബിജു ജനതാ ദള്‍ അധ്യക്ഷനും ഒഡീഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായിക് ബിജെപിക്കെതിരായി കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ കക്ഷികളുമായുള്ള ചര്‍ച്ചകളില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി സജീവമാണ്. ആര്‍എസ്എസിന്റെ പരിപാടിയില്‍ പങ്കെടുത്ത് വിവാദമുണ്ടാക്കിയ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും ഈ നീക്കത്തില്‍ സജീവമാണ് എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബിജെപിക്കെതിരായി ദേശീയ തലത്തിലുള്ള പ്രതിപക്ഷ ഐക്യം ഏത് തരത്തിലായിരിക്കണം എന്നത് സംബന്ധിച്ച് ഭിന്നതകള്‍ രൂക്ഷമാണ്. വ്യത്യസ്ത ധാരകള്‍ പ്രതിപക്ഷ ഐക്യത്തെ ദുര്‍ബലപ്പെടുത്തുകയാണോ ശക്തിപ്പെടുത്തുകയാണോ ചെയ്യുക എന്നത് സംബന്ധിച്ച് സംവാദങ്ങള്‍ സജീവമാണ്.

ഓരോ സംസ്ഥാനത്തും അവിടങ്ങളിലെ രാഷ്ട്രീയ സാഹര്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ തരത്തിലുള്ള തിരഞ്ഞെടുപ്പ് തന്ത്രം സ്വീകരിക്കുക എന്നതും ബിജെപി വിരുദ്ധ വോട്ടുകള്‍ ഏറ്റവും പ്രായോഗികമായ തരത്തില്‍ ഏകോപിപ്പിക്കുക, അത് ഭിന്നിച്ച് ബിജെപി ജയിക്കുന്ന അവസ്ഥ ഒഴിവാക്കുക എന്നതുമാണ് സിപിഎം മുന്നോട്ടുവച്ചിരിക്കുന്ന അടവുനയം. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യം പൂര്‍ത്തിയായ ശേഷമുള്ള തിരഞ്ഞെടുപ്പാനന്തര സഖ്യസാധ്യതകളാണ് മിക്ക കക്ഷികളും പ്രായോഗികമായി കാണുന്നത്. ഈ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്ന സങ്കുചിത രാഷ്ട്രീയ സമീപനം പ്രശ്‌നങ്ങളുണ്ടാക്കും. മൂന്നാം മുന്നണിയുടെ ഏറ്റവും ശക്തരായ വക്താക്കള്‍ ആയിരുന്ന ഇടതുപാര്‍ട്ടികള്‍ 2004 മുതല്‍ ഇതില്‍ താല്പര്യം കാണിക്കാത്തത് ബിജെപി ഇതര വോട്ടുകള്‍ ഭിന്നിക്കുന്നത് ഒഴിവാക്കാനാണ്.

ഡല്‍ഹിയിലേതിന് സമാനമായ സാഹചര്യങ്ങളില്‍ ലെഫ്.ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ ഭരണത്തിലെ ഇടപെടല്‍ കൊണ്ട് പൊറുതിമുട്ടിയിരിക്കുന്നത് വി നാരായണ സ്വാമിയുടെ കോണ്‍ഗ്രസ് സര്‍ക്കാരാണ്. ഇടതുപാര്‍ട്ടികള്‍ അടക്കമുള്ള കക്ഷികള്‍ ഡല്‍ഹിയിലും പുതുച്ചേരിയിലും ലെഫ്.ഗവര്‍ണര്‍മാരെ ഉപയോഗിച്ച് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള മോദി സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കെതിരെ രംഗത്ത് വരുമ്പോള്‍ കോണ്‍ഗ്രസിന് പുതുച്ചേരിയെ കുറിച്ച് മാത്രമേ പ്രതിഷേധമുള്ളൂ. ഡല്‍ഹിയില്‍ കെജ്രിവാളിനും ആം ആദ്മി പാര്‍ട്ടിക്കുമെതിരായ നീക്കങ്ങളുടെ ഭാഗമായി ലെഫ്.ഗവര്‍ണറേയും ഐഎഎസ് ഉദ്യോഗസ്ഥരേയും ഉപയോഗിച്ച് സൃഷ്ടിക്കുന്ന ഭരണ പ്രതിസന്ധിയില്‍ അവര്‍ യാതൊരു പ്രശ്‌നവും കാണുന്നില്ല.

രാജ്യസഭ ഉപാധ്യക്ഷ തിരഞ്ഞെടുപ്പിലും ഒരു വിട്ടുവീഴ്ചയ്ക്ക് കോണ്‍ഗ്രസ് തയ്യാറായാല്‍ അത് ഉചിതമായിരിക്കും. ഏറ്റവും വലിയ പ്രതിപക്ഷ കക്ഷി എന്നതൊക്കെ അവര്‍ മാറ്റി വച്ചാല്‍ അത് പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിന് സഹായകമാകും. കഴിഞ്ഞ 10 വര്‍ഷമായി കോണ്‍ഗ്രസ് പ്രതിനിധിയാണ് രാജ്യസഭാ ഉപാദ്ധ്യക്ഷന്‍. എന്നാല്‍ 2019 ലക്ഷ്യം വച്ച് മുന്നോട്ടുനീങ്ങുന്ന അവരെ സംബന്ധിച്ച് ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ച് പോയി ബിജെപി ജയിക്കുന്നതിനുള്ള സാഹചര്യം ഒഴിവാക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. പ്രത്യേകിച്ച് പ്രവചനാതീതവും ക്ഷിപ്രവുമായ നീക്കങ്ങളിലൂടെ മമത അടക്കമുള്ള നേതാക്കള്‍ പ്രതിപക്ഷ ധാരണകളെ കുറിച്ച് ആശയക്കുഴപ്പം ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോള്‍. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ല എന്ന് മമത ബാനര്‍ജി തുറന്നടിച്ചിരിക്കുന്നു. ഈയടുത്ത് ബിജെപിയുമായി തെറ്റി എന്‍ഡിഎ വിട്ട ടിഡിപിക്കും സിപിഎമ്മിലെ ഒരു വിഭാഗത്തിനും കോണ്‍ഗ്രസിനോട് ഒരു തരത്തിലുമുള്ള ധാരണയുണ്ടാക്കുന്നതിനും താല്‍പര്യമില്ല. ശക്തമായ എതിര്‍പ്പമുണ്ട്.

ഒറ്റയ്ക്ക് ഭരിക്കാമെന്ന മോഹം 2004ല്‍ തന്നെ കോണ്‍ഗ്രസ് തല്‍ക്കാലത്തേയ്ക്ക് ഉപേക്ഷിച്ചിരിക്കുന്ന സാഹര്യത്തില്‍ പ്രധാനമന്ത്രിയാകാനുള്ള ഒരുക്കങ്ങള്‍ രാഹുല്‍ ഗാന്ധി മാറ്റി വയ്‌ക്കേണ്ടി വരും. ഇത് നിലനില്‍പ്പിന്റെ പോരാട്ടമായി അദ്ദേഹം തന്നെ കാണുന്ന സാഹചര്യത്തില്‍. ബിഹാറിലും കര്‍ണാടകയിലുമെല്ലാം ബിജെപിയെ തകര്‍ത്തെറിയും എന്ന ആത്മവിശ്വാസത്തില്‍ പ്രതിപക്ഷ ഐക്യം കരുത്ത് കാട്ടുന്നു. രാജസ്ഥാനിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് വിജയ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നു. ഇങ്ങനെയൊരു സാഹചര്യത്തില്‍ ഡല്‍ഹിയില്‍ സ്വീകരിക്കുന്നത് പോലൊരു രാഷ്ട്രീയ സമീപനം അവര്‍ക്ക് തിരിച്ചടി മാത്രമേ ഉണ്ടാക്കൂ. ഉത്തര്‍പ്രദേശിലെയും മഹാരാഷ്ട്രയിലേയും ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ സിറ്റിംഗ് സീറ്റുകള്‍ പിടിച്ചെടുത്ത് പ്രതിപക്ഷ കക്ഷികള്‍ നേടിയ വിജയമാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ദിശാസൂചി. ഗോരഖ്പൂരും ഫൂല്‍ഫൂരും കൈരാനയും ഭണ്ഡാര ഗോണ്ഡിയയുമെല്ലാമാണ് ബിജെപിക്കെതിരെ 2019ല്‍ പ്രതിപക്ഷം ഒന്നിച്ച് നിന്നാല്‍ എന്ത് സംഭവിക്കും എന്ന് കാണിച്ചുതരുന്നത്. മഹാരാഷ്ട്രയിലെ പാല്‍ഗഡും മറ്റൊരു സൂചനയാണ്. പ്രതിപക്ഷം ഭിന്നിച്ചുനിന്നാല്‍ എന്ത് സംഭവിക്കും എന്നതിന്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍