UPDATES

സഖ്യ – സര്‍ക്കാര്‍ രൂപീകരണം: പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം മേയ് 21ന്; ചന്ദ്രബാബു നായിഡു രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തി

വിവിപാറ്റ് വിഷയവും ആന്ധ്രയിലെ വ്യാപക ഇവിഎം തകരാറുകളും നായിഡുവും രാഹുലും ചര്‍ച്ച ചെയ്തു.

ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് രണ്ട് ദിവസം മുമ്പ് മേയ് 21ന് കേന്ദ്രത്തിലെ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേരും. ടിഡിപി അധ്യക്ഷനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ കണ്ട് ചര്‍ച്ച നടത്തി. വിവിപാറ്റ് വിഷയവും ആന്ധ്രയിലെ വ്യാപക ഇവിഎം തകരാറുകളും നായിഡുവും രാഹുലും ചര്‍ച്ച ചെയ്തു. വിവിപാറ്റുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഹിയറിംഗില്‍ പങ്കെടുക്കുന്നതിനായാണ് നായിഡു ഡല്‍ഹിയിലെത്തിയത്. 50 ശതമാനം വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണം എന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണം നടത്തുന്നതിനായി പശ്ചിമ ബംഗാളിലേയ്ക്ക് പോകുന്നതിന് മുന്നോടിയായാണ് ചന്ദ്രബാബു നായിഡു ഡല്‍ഹിയിലെത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസിലെ ബംഗാളിലെ പ്രചാരണത്തില്‍ രാഹുല്‍ ഗാന്ധി കടന്നാക്രമിച്ചെങ്കിലും ഇരു പാര്‍ട്ടികളും രമ്യതയിലെയ്ക്ക് എത്തിയിരിക്കുകയാണ്. ബംഗാളിലെ പുരുളിയയില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയില്‍ മമത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച രാഹുല്‍ ഗാന്ധി, മമതയോട് മൃദുസമീപനമാണ് കാണിച്ചത്. ഫെഡറല്‍ മുന്നണി എന്ന പേരില്‍ ബിജെപി ഇതര, കോണ്‍ഗ്രസ് ഇതര മുന്നണിയുടെ ആശയവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, കേരള മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതിന് പിന്നാലെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ സഖ്യചര്‍ച്ചകള്‍ ഊര്‍ജ്ജിതമാക്കിയത് എന്ന വിലയിരുത്തലുകളുണ്ട്. ബിജെപിയുടെ ബി ടീം ആയാണ് ചന്ദ്രശേഖര്‍ റാവുവിന്റെ ടിആര്‍എസിനെ (തെലങ്കാന രാഷ്ട്രസമിതി) കോണ്‍ഗ്രസ് വിശേഷിപ്പിക്കുന്നത്.

മാര്‍ച്ച് 23ന് മാള്‍ഡയിലെ പൊതുയോഗത്തില്‍ രാഹുല്‍ മമതയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മമതയാണെങ്കില്‍ രാഹുലിനേയോ കോണ്‍ഗ്രസിനേയോ കാര്യമായി ആക്രമിക്കാതെ കുട്ടിക്കളി എന്ന് പറഞ്ഞ് ഒഴിവാക്കുകയും ചെയ്തു. നവീന്‍ പട്‌നായികിന്റെ ബിജു ജനതാദള്‍, ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളെല്ലാം ബിജെപി, കോണ്‍ഗ്രസ് ചേരികളില്‍ ചേരാതെ നില്‍ക്കുകയാണ്. യുപിഎയിലെ കക്ഷികളായ ജനതാദള്‍ എസ് ഡിഎംകെ അടക്കമുള്ള പാര്‍ട്ടികളേയും മൂന്നാം മുന്നണിയിലേയ്ക്ക് ചന്ദ്രശേഖര്‍ റാവു ക്ഷണിച്ചിരുന്നു. അതേസമയം ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ നിയമസഭ ഉപതിരഞ്ഞെടുപ്പുകള്‍ ബാക്കിയുള്ളതിനാല്‍ പ്രചാരണത്തിരക്കിലാണ് എന്ന് പറഞ്ഞ് ചന്ദ്രശേഖര്‍ റാവുവുമായുള്ള ചര്‍ച്ച ഒഴിവാക്കിയിരിക്കുകയാണ്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ഫെഡറല്‍ മുന്നണിയെ തള്ളിക്കളഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍