UPDATES

പ്രതിപക്ഷ ഐക്യത്തിന് ബിജെപി വിരുദ്ധ മനോഭാവം മതി; മുന്നോട്ട് പോകാന്‍ രാഷ്ട്രീയ അജണ്ട വേണം

അജണ്ട തീരുമാനിക്കാനുള്ള നേതാവിന്റെ മികവാണ് നരേന്ദ്ര മോദി പ്രകടിപ്പിക്കുന്നത്

മേയ് ഒന്നിന് ഡല്‍ഹിയില്‍ സംഘടിപ്പിച്ച മധു ലിമ അനുസ്മരണ പരിപാടി ബിജെപിക്കെതിരായി വിശാല പ്രതിപക്ഷ ഐക്യം രൂപപ്പെടാനുള്ള സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. രാജ്യത്തെ പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിരുന്ന മധു ലിമായയെ അനുസ്മരിക്കാന്‍ എന്‍ഡിഎ മുന്നണിക്ക് പുറത്തുള്ള എല്ലാ പാര്‍ട്ടികളും ഒത്തുകൂടി. ഈ വിശാല പ്രതിപക്ഷ മുന്നണി അത്ര എളുപ്പമല്ല, അസാധ്യവുമല്ല. ഇത്തരത്തിലുള്ള ബിജെപി വിരുദ്ധ മുന്നണിക്ക് ലഭിക്കുന്ന ആദ്യ അവസരം ജൂണില്‍ നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പാണ്. എന്നാല്‍ ഏറ്റവും വലിയ വെല്ലുവിളി 2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് തന്നെയാണ്. അപ്പോള്‍ ഈ വിശാല ഐക്യത്തിന്റെ ഭാഗമായി നില്‍ക്കുന്ന പാര്‍ട്ടികള്‍ തമ്മില്‍ തന്നെ ഏറ്റുമുട്ടേണ്ടി വരും എന്ന കാര്യത്തില്‍ സംശയമില്ല.

ഏറ്റവും ഒടുവില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും വിവിധ സംസ്ഥാനങ്ങളിലെ തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പുകളിലും ബിജെപി വ്യക്തമായ മേല്‍ക്കൈ നേടിയ സാഹചര്യത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഐക്യം ശക്തമാക്കുന്നത്. ബിജെപി വിരുദ്ധതയാണ് പ്രതിപക്ഷ പാര്‍ട്ടികളെ ഒരു കുടക്കീഴിലേയ്ക്ക് കൊണ്ടുവരുന്നത്. 1960കളില്‍ സോഷ്യലിസ്റ്റ് നേതാവ് രാം മനോഹര്‍ ലോഹ്യയുടെ നേതൃത്വത്തില്‍ രൂപപ്പെട്ട കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയ ഐക്യവുമായി ഇതിന് സാമ്യമുണ്ട്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ചില നേട്ടങ്ങളൊക്കെ ഉണ്ടാക്കാന്‍ ലോഹ്യയുടെ രാഷ്ട്രീയത്തിന് കഴിഞ്ഞു. ഈ രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നു മധു ലിമായെ. എന്നാല്‍ ലോഹ്യയുടെ മരണ ശേഷം കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയം ഇന്ദിരാവിരുദ്ധ രാഷ്ട്രീയമായി മാറി. ഇന്ദിരാ ഗാന്ധിയുടെ വ്യക്തിത്വത്തില്‍ ഊന്നിയുള്ള എതിര്‍പ്പില്‍ കേന്ദ്രീകരിച്ചത് കോണ്‍ഗ്രസ് വിരുദ്ധര്‍ക്ക് ദോഷം ചെയ്തു. പുരോഗമന സ്വഭാവമുള്ള തീരുമാനങ്ങളും നടപടികളും കൊണ്ട് ഇന്ദിര ശക്തിയോടെ സ്വയം പുനര്‍നിര്‍മ്മിച്ചു. ഇതാണ് 70-കളുടെ ആദ്യം കണ്ടത്. മധു ലിമായെ അനുസ്മരണ ചടങ്ങില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് ഈ കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ദിര ഗാന്ധിയുടെ വ്യക്തിത്വത്തെ ആക്രമിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച എതിര്‍ചേരിയെ ജനങ്ങള്‍ തള്ളിക്കളഞ്ഞു.

ശക്തമായ ഒരു ബദല്‍ രാഷ്ട്രീയ മുന്നണിക്ക് പ്രായോഗികമായ ഒരു പദ്ധതി ആവശ്യമുണ്ട്. അജണ്ട തീരുമാനിക്കാനുള്ള നേതാവിന്റെ മികവാണ് നരേന്ദ്ര മോദി പ്രകടിപ്പിക്കുന്നത്. സ്വച്ഛ് ഭാരത് പദ്ധതി, ഉജ്ജ്വല ഗ്യാസ്, കള്ളപ്പണവേട്ടയുടെ പേരില്‍ നടപ്പാക്കിയ നോട്ട് നിരോധനം തുടങ്ങിയ നടപടികളിലെല്ലാം മോദി ഭരണനിര്‍വഹണം കാര്യക്ഷമമാണെന്നുള്ള തരത്തില്‍ പ്രതീതിയുണ്ടാക്കാന്‍ ശ്രമിച്ചു. എന്നാല്‍ പ്രതിപക്ഷത്തിന്റെ ആക്രമണം പലപ്പോഴും മോദിയുടെ വ്യക്തിത്വത്തില്‍ കേന്ദ്രീകരിച്ചു പോയി.

മോദിക്കും ബിജെപിക്കുമെതിരെ വെറുതെ വിമര്‍ശനങ്ങള്‍ നടത്തിയത് കൊണ്ട് മാത്രം കാര്യമില്ല എന്നും ബിജെപി സെറ്റ് ചെയ്യുന്ന അജണ്ടയില്‍ വീണു പോകാതെ പ്രതിപക്ഷം സ്വന്തം അജണ്ട സെറ്റ് ചെയ്യുകയാണ് ആദ്യം വേണ്ടതെന്നും ബിഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ യുണൈറ്റഡ് ദേശീയ അധ്യക്ഷനുമായ നിതീഷ് കുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ബിജെപി വിരുദ്ധ മുന്നണി രൂപീകരിക്കുകയാണെങ്കില്‍ അതിന്റെ പ്രധാന മുഖങ്ങളിലൊന്ന് ആകുമെന്ന് കരുതുന്നയാളാണ് നിതീഷ്. രാഷ്ട്രീയമായ നിലനില്‍പ്പിനും തെരഞ്ഞെടുപ്പു വിജയങ്ങള്‍ക്കും അത്തരത്തില്‍ ലക്ഷ്യബോധമുള്ള അജണ്ടകള്‍ ആവശ്യമാണ്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നതും അത് തന്നെയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍