UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അന്താരാഷ്ട്ര ആയുധ കമ്പോളത്തിലെ മോദിയുടെ കറക്കം

Avatar

ടീം അഴിമുഖം

നമുക്ക് നരേന്ദ്ര മോദിയെ മാത്രം കുറ്റംപറയാന്‍ സാധിക്കില്ല. സ്വന്തം സൈനിക ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി വിദേശ സൈനികായുധ വിതരണക്കാരെ അമിതമായി ആശ്രയിക്കുന്ന നമ്മുടെ തുടര്‍സര്‍ക്കാരുകളുടെ ‘മഹത്തായ പാരമ്പര്യം’ സംരക്ഷിക്കുക മാത്രമാണ് അദ്ദേഹവും ചെയ്യുന്നത്. 

ഫ്രഞ്ച് കമ്പനിയായ ഡെസാള്‍ട്ടില്‍ നിന്നും 36 റാഫേല്‍ ഫൈറ്റര്‍ ജറ്റുകള്‍ വാങ്ങാനുള്ള ഇന്ത്യയുടെ ഉദ്ദേശം കഴിഞ്ഞയാഴ്ച നരേന്ദ്ര മോദി പാരീസില്‍ പ്രഖ്യാപിച്ചതോടെ, ആലോചനാരഹിതമായ, ചോദ്യം ചെയ്യപ്പെടേണ്ട ഒരു തന്ത്രത്തിന്റെ അവസാന ഉദാഹരണത്തിന് കളമൊരുങ്ങി. ഈ കരാറിലൂടെ ഇന്ത്യയ്ക്ക് വരുന്ന ചിലവ് 7.5 ബില്യണ്‍ ഡോളറിന് (ഏകദേശം 45000 കോടി രൂപ) മുകളില്‍ വരും. 

വ്യോമസേനയുടെ അടിയന്തിര പ്രവര്‍ത്തനാവശ്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള രാഷ്ട്രീയ വിജയം എന്ന് തീരുമാനത്തെ സര്‍ക്കാരും മുഖ്യധാര മാധ്യമങ്ങളും പാടിപ്പുകഴ്ത്തുമ്പോഴും ഉത്തരം ലഭിക്കാത്ത നിരവധി ചോദ്യങ്ങള്‍ അവശേഷിക്കുന്നു. എന്ന് മാത്രമല്ല കുറഞ്ഞപക്ഷം നാല് ദശകങ്ങളെങ്കിലും സ്വന്തം കഴുത്തില്‍ മുറുകുന്ന ഒരു കുരുക്കാണ് കരാറിലൂടെ ഇന്ത്യ സ്വയം എടുത്തണിയുന്നതെന്ന് യുക്തിപൂര്‍വമായ ഒരു വിലയിരുത്തലില്‍ നിന്നും വ്യക്തമാവുകയും ചെയ്യും. 

അതെ. നമ്മുടെ വ്യോമസേനയ്ക്ക് യുദ്ധവിമാനങ്ങളുടെ അടിയന്തിരാവശ്യം ഉണ്ടെന്നുള്ളത് ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്. അനുവദിക്കപ്പെട്ട 42-ന്റെ സ്ഥാനത്ത് ഇപ്പോഴുള്ള വിമാനവ്യൂഹശക്തി വെറും 34 മാത്രമാണ്. അടിന്തിരമായി നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ യുദ്ധവിമാനങ്ങളുടെ എണ്ണം ഇനിയും കുറയുകയും ചെയ്യും. അതുകൊണ്ട് തന്നെ കൂടുതല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങേണ്ടത് രാജ്യത്തിന്റെ സുരക്ഷാ കാര്യങ്ങളുമായി ബന്ധപ്പെട്ട ആവശ്യം തന്നെയായിരിക്കാം.  

എന്നാല്‍ മോദി സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിക്കുന്ന നടപടികളിലൂടെ ഇന്ത്യന്‍ സേനയെ ദീര്‍ഘകാലത്തില്‍ മികച്ച ഒരു യുദ്ധസന്നാഹമാക്കി മാറ്റാനുള്ള യാതൊരു സാധ്യതകളും കാണുന്നില്ല തന്നെ. വിദേശ ആയുധ വിതരണക്കാരെ അമിതമായി ആശ്രയിക്കുക എന്ന പതിവ് രീതി തുടരുക മാത്രമാണ് ഈ സര്‍ക്കാരും ചെയ്യുന്നത്. സ്വാതന്ത്ര്യം കിട്ടി നിരവധി വര്‍ഷങ്ങള്‍ക്ക് ശേഷവും, കമ്മ്യൂണിസം തകരുന്നത് വരെ, ഇന്ത്യ ആയുധങ്ങള്‍ക്കായി സോവിയറ്റ് യൂണിയനെയാണ് പൂര്‍ണമായും ആശ്രയിച്ചിരുന്നത്. 

1990-കളുടെ ഇരുണ്ട ദശകത്തിന് ശേഷം കാര്‍ഗില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ, കരുത്തുറ്റ ഒരു സൈന്യത്തിന്റെ ആവശ്യകത ഇന്ത്യയ്ക്ക് ബോധ്യപ്പെടുകയും കൂടുതല്‍ വിതരണക്കാരെ അന്വേഷിക്കാന്‍ തുടങ്ങുകയും ചെയ്തു. റഷ്യയില്‍ നിന്നും പരമാവധി ആയുധങ്ങള്‍ നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനോടൊപ്പം ന്യൂഡല്‍ഹി ഇസ്രായേലില്‍ നിന്നും പിന്നീട് യുഎസില്‍ നിന്നും ആയുധങ്ങള്‍ വാങ്ങാന്‍ തുടങ്ങി. ചരിത്രപരമായി ചില ആയുധങ്ങള്‍ വിതരണം ചെയ്തിരുന്ന ഫ്രാന്‍സ്, യുകെ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളും ഇന്ത്യയുടെ വര്‍ദ്ധിച്ച ആവശ്യം കണ്ടറിഞ്ഞ് രംഗത്തെത്തി. 

അങ്ങനെ ഈ പതിറ്റാണ്ടിന്റെ തുടക്കത്തോടെ ഇന്ത്യ ലോകത്തിലെ തന്നെ ഏറ്റവും വലിയ സൈനികോപകരണ ഇറക്കുമതിക്കാരായി. ആയുധ ഇടപാടുകളെ കുറിച്ചുള്ള ഏറ്റവും ആധികാരിക രേഖയായ സ്റ്റോക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കുകള്‍ പ്രകാരം 2004-08നും 2009-13നും ഇടയില്‍ ഇന്ത്യയുടെ പ്രധാന ആയുധ ഇറക്കുമതി 111 ശതമാനം കണ്ട് വര്‍ദ്ധിച്ചിട്ടുണ്ട്. ആയുധ കമ്പോളത്തില്‍ ബില്യണ്‍ കണക്കിന് ഡോളറുകള്‍ ചിലവഴിക്കുന്ന സൗദി അറേബ്യ പോലുള്ള രാജ്യങ്ങളുമായാണ് ഇക്കാര്യത്തില്‍ നമ്മുടെ ചങ്ങാത്തം. 

1990-കളുടെ തുടക്കത്തില്‍ വരെ വിദേശ ആയുധവിതരണക്കാരെ ആശ്രയിച്ചിരുന്ന ചൈന ഇതിനിടിയില്‍ ഒരു വ്യത്യസ്ത കഥയെഴുതി. അവരുടെ സൈനികോപകരണ ഇറക്കുമതി നാടകീയമായി ചുരുങ്ങി എന്ന് മാത്രമല്ല ഇന്ന് ലോകത്തിലെ അതിവേഗം വളരുന്ന സൈനികോപകരണ കയറ്റുമതിക്കാരുമാണ് അവര്‍. 

മോദിയുടെ ഇപ്പോഴത്തെ റാഫേല്‍ ഇടപാട് ഒന്ന് ശ്രദ്ധിക്കുക. നിരവധി പരീക്ഷണങ്ങള്‍ക്ക് ശേഷം റാഫേല്‍ തിരഞ്ഞെടുക്കപ്പെട്ടതോടെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി MMRCA (ഇടത്തരം വിവിധോദ്ദേശ്യ യുദ്ധവിമാനങ്ങള്‍) യുടെ കീഴില്‍പ്പെടുത്തി 126 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനായി ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഫ്രഞ്ച് കമ്പനിയായ ഡസാള്‍ട്ടാണ് റാഫേല്‍ വിമാനങ്ങള്‍ നിര്‍മ്മിക്കുന്നത്. 

യഥാര്‍ത്ഥ വിലയായ 10 ബില്യണ്‍ ഡോളര്‍ (60,000 കോടി രൂപ) വളരെ കുറവാണെന്ന് പറഞ്ഞ് ഫ്രഞ്ച് പക്ഷം അതിന്റെ ഇരട്ടിത്തുകയായ 120,000 കോടി രൂപ ആവശ്യപ്പെട്ടതോടെ ചര്‍ച്ചകളുടെ സൗഹൃദാന്തരീക്ഷം നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ പരാജയപ്പെടും എന്ന ഘട്ടത്തില്‍ എത്തിയപ്പോള്‍ ഫ്രഞ്ച് സംഘം വേവലാതിപ്പെടുകയും എങ്ങനെയും ഇടപാട് നേടിയെടുക്കുന്നതിനായി അധികാരത്തിന്റെ ഇടനാഴികളില്‍ കയറിയിറങ്ങാന്‍ ആരംഭിക്കുകയും ചെയ്തു. യുഎസിന് പുറത്തുള്ള ആയുധഇടപാടുകളില്‍ ഏറ്റവും വലുതായ ഇത് നേടിയെടുക്കേണ്ടത് ഇപ്പോള്‍ മാന്ദ്യം അനുഭവിക്കുന്ന ഫ്രഞ്ച് സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം അനിവാര്യമായിരുന്നു. 

അങ്ങനെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഫ്രാന്‍സിന് മേല്‍ സമ്മര്‍ദം ചെലുത്താനുള്ള സുവര്‍ണാവസരം വീണ് കിട്ടിയെങ്കിലും മോദി സര്‍ക്കാര്‍ അത് നഷ്ടപ്പെടുത്തി എന്ന് മാത്രമല്ല ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന സമീപനം സ്വീകരിക്കുകയും ചെയ്തു. ഫ്രാന്‍സിന് വളരെ പ്രയോജനകരമായ ഒരു കരാറാണ് അവര്‍ വച്ചുനീട്ടിയത്. ഇത്രയും വലിയ ഒരു കരാറായതിനാല്‍ ചില ഇളവുകള്‍ അനുവദിക്കുന്നതിന് ഡസാള്‍ട്ടിനും ഫ്രാന്‍സിനും മുകളില്‍ സമ്മര്‍ദം ചെലുത്താന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നു. എന്നാല്‍ അതിനുള്ള എല്ലാ സാധ്യതകളും ഇപ്പോള്‍ അടഞ്ഞിരിക്കുകയാണ്. ഇതിന്റെ പ്രത്യക്ഷഫലങ്ങള്‍ ഇനിയെന്തായിരിക്കും? 

ഇന്ത്യ റാഫേല്‍ വാങ്ങുകയാണെങ്കില്‍ പോലും കൂടുതല്‍ വാങ്ങുന്നത് ഫ്രാന്‍സിന്റെ ഔദാര്യത്തിലായിരിക്കും. അവര്‍ വിമാനം പൂര്‍ണമായും ഇവിടെ വച്ച് ഘടിപ്പിക്കാമെന്ന് സമ്മതിച്ചാല്‍ പോലും അതിന്റെ മുഴുവന്‍ നിയന്ത്രണവും ഫ്രഞ്ച് കമ്പനിക്ക് ലഭിക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ ഉടമ്പടി. 

മറ്റെല്ലാ ആഗോള ആയുധ കച്ചവടക്കാരെയും പോലെ തന്നെ ഫ്രഞ്ചുകാരും വിലപേശാന്‍ മിടുക്കന്മാരാണ്. മുംബൈയില്‍ സ്‌കോര്‍പ്പിയോണ്‍ അന്തര്‍വാഹിനി നിര്‍മ്മിക്കുന്ന കാര്യം പരിശോധിച്ചാല്‍ തന്നെ ഇക്കാര്യം വ്യക്തമാകും. 2005ലെ ഒരു കരാര്‍ പ്രകാരം ഫ്രാന്‍സിലായിരുന്നു സ്‌കോര്‍പ്പിയോണുകള്‍ നിര്‍മ്മിച്ചുകൊണ്ടിരുന്നത്. ഇപ്പോള്‍ അന്തര്‍വാഹിനിയുടെ ഭാഗങ്ങള്‍ കൂട്ടിയോജിപ്പിക്കുന്നത് മുംബൈയിലാണ്. ഫ്രഞ്ചുകാര്‍ വിലപേശല്‍ ശക്തമാക്കുകയും ഇന്ത്യ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തതോടെ ഏതാനും ആയിരം കോടികളാണ് ഇപ്പോള്‍ നമ്മള്‍ അധികമായി നല്‍കേണ്ടി വന്നിരിക്കുന്നത്. 

അതിന്റെ ജനങ്ങളെയും ഭൂവിഭാഗങ്ങളും രക്ഷിക്കുക എന്ന അടിസ്ഥാന ഉദ്ദേശത്തോടെയാണ് ആധുനിക രാജ്യങ്ങള്‍ രൂപം കൊള്ളുന്നത്. അതുകൊണ്ട് തന്നെ അതിന്റെ നിലനില്‍പ്പിന് ശക്തമായ സൈന്യം അത്യന്താപേക്ഷിതമാണ്. അപ്പോള്‍ മൂര്‍ച്ചയുള്ള ഒന്നായി അതിന്റെ സൈന്യത്തെ വളര്‍ത്തിയെടുക്കുക എന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. പക്ഷെ അത് ഒരു ഗ്രാമീണനായ സാധാരണക്കാരനെ പോലെ അന്താരാഷ്ട്ര ആയുധ കമ്പോളങ്ങളില്‍ കറങ്ങി നടക്കുന്നത് കൊണ്ടുമാത്രം നേടിയെടുക്കാന്‍ സാധിക്കുന്ന കാര്യമല്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍