UPDATES

ചന്ദ്രശേഖര്‍ റാവുവിനെതിരെ കര്‍ഷക രോഷം; മകൾക്കെതിരെ 200 കർഷകർ പത്രിക സമർപ്പിച്ചു

മഞ്ഞൾ ഉൾപ്പെടെയുള്ള കാർഷിക വിളയുടെ താങ്ങുവില 5,000ത്തിൽ നിന്നം 15,000ത്തിലേക്ക് ഉയർത്തണമെന്നാണ് കർഷകർ മുന്നോട്ട് വയ്ക്കുന്ന പ്രധാന ആവശ്യം.

കാർഷിക രംഗത്തെ പ്രതിസന്ധികൾ പരിഹരിക്കുന്നതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടെന്ന് ആരോപിച്ച് തെലങ്കാനയിൽ കർഷകരുടെ വേറിട്ട പ്രതിഷേധം. നിസാമാബാദിൽ നിന്നും വീണ്ടും ജനവിധി തേടുന്ന തെങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കെ കവിതയ്ക്കെതിരെ 200 കർഷകരാണ് നാമ നിർദേശപത്രിക സമർപ്പിച്ചു. പത്രികാ സമർപ്പണത്തിന്റെ അവസാന ദിനമായിരുന്ന തിങ്കളാഴ്ച റിട്ടേണിങ്ങ് ഓഫീസറുടെ കാര്യാലയത്തിന് മുന്നിൽ കർഷകരുടെ നീണ്ട നിരയായിരുന്നു രൂപം കൊണ്ടത്. മഞ്ഞൾ, ചോളം കർഷകരായിരുന്നു ഇതിൽ ഭൂരിഭാഗവും. സ്വതന്ത്ര സ്ഥാനാർഥികളായാണ് ഇവർ പത്രിക സമർപ്പിച്ചത്.

നിസാമാബാദ്, ജഗതിയാൽ ജില്ലകളിൽ നിന്നുള്ളവരാണ് പത്രിക സമർപ്പിച്ചവരിൽ ഭൂരിഭാഗവും. സംഭവത്തെതുടർന്ന് കനത്ത സുരക്ഷയായിരുന്നു റിട്ടേണിങ്ങ് ഓഫീസറായ ജില്ലാ കളക്ടറുടെ ഓഫീസിൽ ഒരുക്കിയത്. വലിയ തോതിൽ പോലീസ് വിന്യാസവും ഓഫീസിന് പരിസരത്ത് നിരോധനാജ്ഞയും ഏർപ്പെടുത്തിയിരുന്നു.

കുറഞ്ഞ വേതനം പോലും ഉറപ്പാക്കുന്നതിൽ ഭരണകൂടങ്ങൾ പരാജയപ്പെട്ടെന്ന് ആരോപിച്ച് സംസ്ഥാനത്തെ കരിമ്പ് കർഷരും പ്രതിഷേധ സൂചകമായി നാമനിര്‍ദേശ പത്രിക സമർപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ മകൾക്കെതിരെ സമർപ്പിക്കപ്പെട്ടിട്ടുള്ള നാമനിർദേശ പത്രികയുടെ വ്യക്തമായ കണക്ക് വരും ദിവസങ്ങളിൽ മാത്രമേ വ്യക്തമാവു. നേരത്തെ, കർഷക വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് നിസാമാബാദിൽ ആയിരം കർഷകരെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കുമെന്നും കർഷക നേതാവായ രാജറെഡ്ഡി അറിയിച്ചിരുന്നു.

മഞ്ഞൾ ഉൾപ്പെടെയുള്ള കാർഷിക വിളയുടെ താങ്ങുവില 5,000ത്തിൽ നിന്നം 15,000ത്തിലേക്ക് ഉയർത്തണമെന്നാണ് കർഷകർ മുന്നോട്ട് വയ്ക്കുന്ന പ്രധാന ആവശ്യം. നിസാമാബാദിലെ മഞ്ഞള്‍ ബോർഡിനോട് കാലാകാലങ്ങളിൽ ഉയർത്തിവരുന്ന ആവശ്യങ്ങളിൽ ഒന്നാണ് ഇത്. അതേസമയം, കർഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സർക്കാർ ഇടപെടുമെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, ദേശീയ മഞ്ഞൾ വികസന ബോർഡ് സ്ഥാപിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തുമെന്നും കെ കവിതയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കർഷകരുടെ ആവശ്യം കേന്ദ്ര സർക്കാർ പരിഗണിക്കും വരെ വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും കവിത കഴിഞ്ഞ ദിവസം പ്രതികരിച്ചു. അതേസമയം, ബിജെപിയാണ് കർഷകരെ പ്രകോപിപ്പിക്കുന്നതെന്നും അവർ ആരോപിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍