UPDATES

ഇന്ത്യയിലെ മെഡിക്കല്‍ വിദ്യാഭ്യാസം അധോലോക വ്യവസായമായി വളരുമ്പോള്‍

ഇന്ത്യയിലെ സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ പ്രതിവര്‍ഷം 60,000 കോടി രൂപ ക്യാപ്പിറ്റേഷന്‍ ഫീസായി പിരിച്ചിരുന്നുവെന്നാണ് ഏറ്റവും വിശ്വസനീയമായ കണക്കുകള്‍

അടുത്തകാലത്ത് ആരോഗ്യ വിദ്യാഭ്യാസരംഗത്ത് പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കുന്നതു വരെ ഇന്ത്യയില്‍ എമ്പാടുമായി സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ പ്രതിവര്‍ഷം 60,000 കോടി രൂപ ക്യാപ്പിറ്റേഷന്‍ ഫീസായി പിരിച്ചിരുന്നുവെന്നാണ് ഏറ്റവും വിശ്വസനീയമായ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിവേഗത്തില്‍ പുഷ്ടിപ്പെട്ടുകൊണ്ടിരുന്ന ഈ വ്യവസായത്തില്‍ നീറ്റ് (നാഷണല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്) ഏര്‍പ്പെടുത്തിക്കൊണ്ട് പ്രവേശനനടപടികള്‍ പരിഷ്‌കരിക്കാനുള്ള സുപ്രീം കോടതിയുടെ നീക്കത്തിനും ഒന്നും ചെയ്യാന്‍ സാധിച്ചില്ലെന്നാണ് രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ നിന്നും വരുന്ന നിരവധി സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.

ഈ സാഹചര്യത്തിലാണ്, തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു ദിവസക്കൂലി തൊഴിലാളിയുടെ മകളായ അനിത എന്ന 17-കാരി ഇന്ത്യയില്‍ ഇന്നുള്ള ഏത് മെഡിക്കല്‍ കോളേജിലേക്കും പ്രവേശനം ലഭിക്കുന്ന ഏകജാലക സംവിധാനമായ നീറ്റിനെ വെല്ലുവിളിക്കാനുള്ള ധൈര്യം കാണിച്ചത്. സുപ്രീം കോടതി വരെ നീണ്ട പോരാട്ടത്തിന് ശേഷം, തന്റെ നിഷ്‌കളങ്കമായ ധൈര്യത്തിലൂടെ പ്രവേശനം നേടാം എന്ന് അവള്‍ പ്രതീക്ഷിച്ചിരുന്ന, മെഡിക്കല്‍ വിദ്യാഭ്യാസം എന്ന സങ്കീര്‍ണ ലോകത്തില്‍ നിന്നും രക്ഷപെടാനായി തൂങ്ങി മരിച്ചുകൊണ്ട് അവള്‍ പരാജയം സമ്മതിച്ചു.

അനിത ശരിയായിരുന്നു എന്ന് പറയാനുള്ള പ്രവൃത്തിപരമായ പരിജ്ഞാനം നമുക്കില്ല. പക്ഷെ, കഴിഞ്ഞ ഏതാനും ദശാബ്ദങ്ങള്‍ക്കിടയില്‍ രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസത്തില്‍ സംഭവിച്ച പിഴവുകളെ നിരവധി തലങ്ങളില്‍ അവര്‍ പ്രതിനിധാനം ചെയ്യുന്നുണ്ട്. അസൗകര്യങ്ങളുടെ കൂമ്പാരമായ മെഡിക്കല്‍ കോളേജുകളെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധനകള്‍ക്ക് തയ്യാറെടുപ്പിക്കുന്നതിനായി ശവശരീരങ്ങള്‍ മുതല്‍ നവജാത ശിശുക്കളെ വരെ വാടകയ്ക്ക് നല്‍കുന്ന സ്ഥാപനങ്ങള്‍ ഈ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമോ? വ്യാജ ലൈബ്രറികള്‍, കപട അധ്യാപകര്‍, വ്യാജ വിദ്യാര്‍ത്ഥികള്‍ തുടങ്ങി ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ നിബന്ധനയിലുള്ള എന്തും വ്യാജമായി നല്‍കാന്‍ ഇവര്‍ പ്രാപ്തരാണ്.

ഡോക്ടര്‍മാരെ സൃഷ്ടിക്കുന്നതിനായി വ്യാജ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഈ കച്ചവടം മധ്യപ്രദേശില്‍ പുതിയ ഒരു തലത്തിലേക്ക് കടന്നപ്പോള്‍ അതിന്റെ ഫലമായുണ്ടായ നേട്ടത്തെ ഇപ്പോള്‍ ‘വ്യാപം അഴിമതി’ എന്ന് വിശേഷിപ്പിക്കുന്നു. ‘പരീക്ഷ തൊഴിലാളികള്‍’ ഒരു നിശ്ചിത തുക വാങ്ങി എന്‍ട്രന്‍സ് പരീക്ഷ എഴുതുകയും തങ്ങള്‍ക്ക് പണം നല്‍കിയ വിദ്യാര്‍ത്ഥികള്‍ പരീക്ഷ പാസായി എന്ന് ഉറപ്പാക്കുകയും ചെയ്യും. അങ്ങനെ ഒട്ടും കഴിവില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പോലും മെഡിക്കല്‍ സീറ്റ് ഉറപ്പായും ലഭിക്കുമെന്ന് അവര്‍ ഉറപ്പാക്കുന്നു.

വര്‍ഷങ്ങളായി എംസിഐയുടെ തലവന്‍ ഡോ. കേതന്‍ ദേശായി കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായപ്പോള്‍ വിഷയം സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ പെടുകയും ശുദ്ധീകരണ പ്രക്രിയയ്ക്ക് പരമോന്നത കോടതി ഉത്തരവിടുകയും ചെയ്തു. ഇതിന്റെ ഫലമായ ജസ്റ്റിസ് ലോധയുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റിക്ക് രൂപം നല്‍കി. മുന്‍ സിഎജി വിനോദ് റായ് കമ്മിറ്റിയിലെ അംഗങ്ങളില്‍ ഒരാളാണ്. നിരവധി സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് എംസിഐ നല്‍കിയിരുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അവര്‍ നിരസിക്കുകയും ചില നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും വ്യവസ്ഥാനുസാരിയായ ചില മാറ്റങ്ങള്‍ക്ക് ശ്രമിക്കുകയും ചെയ്തു.


എന്നാല്‍ ഏറെ മതിപ്പുണ്ടായിരുന്ന ലോധ കമ്മിറ്റിക്ക് പോലും ഇന്ത്യയിലെ മെഡിക്കല്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പുഷ്ടിപ്രാപിച്ചുകൊണ്ടിരിക്കുന്ന അധോലോക വ്യവസായത്തിന് നിര്‍ണായക കോട്ടം വരുത്തുന്ന ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ശ്രദ്ധിക്കുക, ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത് ഒരു വര്‍ഷം പിരിക്കപ്പെടുന്ന ക്യാപിറ്റേഷന്‍ ഫീസ് 60,000 കോടി രൂപയാണെന്ന് വിശ്വസനീയ കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. ഇത്രയും പണത്തിന് സ്വാഭാവികമായും നല്ലൊരു ശതമാനം ആളുകളെയും നിശബ്ദരാക്കാന്‍ സാധിക്കും. അതുകൊണ്ടുതന്നെയാണ് വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട മധ്യപ്രദേശില്‍ നിരവധി ദുരൂഹ മരണങ്ങള്‍ പ്രകടമായെങ്കിലും യാതൊരു രാഷ്ട്രീയ പ്രത്യഘാതവും സൃഷ്ടിക്കാത്തത്.

കഴിഞ്ഞ ആഴ്ചയാണ് നീറ്റുമായി ബന്ധപ്പെട്ട ഏറ്റവും ഒടുവിലത്തെ പ്രശ്‌നം ഒരു ഹൈക്കോടതിയില്‍ ഉന്നയിക്കപ്പെട്ടത്. ബിരുദാന്തര മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് വേണ്ടിയുള്ള നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഒരു പൊതുതാല്‍പര്യ ഹര്‍ജി വ്യാപം അഴിമതിക്കെതിരെ പോരാടുന്ന ഡോ. ആനന്ദ് പൈ ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഇവിടെ എംബിബിഎസ് എന്‍ട്രന്‍സിനെ കുറിച്ചല്ല പറയുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കണം.

ബിരുദാനന്തര കോഴ്‌സുകള്‍ക്കുള്ള 2016ലെ എന്‍ട്രന്‍സുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ ഉണ്ടാവുകയും അഴിമതി ആരോപണങ്ങള്‍ ഉയരുകയും ചെയ്തതായി ഡല്‍ഹി പോലീസ് ഇതിനകം തന്നെ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദശകങ്ങള്‍ക്കിടയില്‍ രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസം സ്വകാര്യ മെഡിക്കല്‍ കോളേജുകളുടെ ഒരു കൂട്ടത്തിനായി തുറന്നുകൊടുത്തതോടെ നമ്മള്‍ സൃഷ്ടിച്ച ഡോക്ടര്‍മാരുടെ ഗുണനിലവാരം കുത്തനെ ഇടിഞ്ഞു. വലിയ ക്യാപ്പിറ്റേഷന്‍ ഫീസുകള്‍ സംഭാവന നല്‍കിയോ അല്ലെങ്കില്‍ മെഡിക്കല്‍ പരീക്ഷകളില്‍ തങ്ങളുടെ സ്ഥാനം സുരക്ഷിതമാക്കുന്നതിനായി വളഞ്ഞവഴികള്‍ സ്വീകരിക്കുകയോ ചെയ്തവരാണ് ഇവരില്‍ ഭൂരിപക്ഷവും.

ആ വര്‍ഷങ്ങളിലെ ഉത്പന്നങ്ങളായിരുന്നവര്‍ ഇപ്പോള്‍ ഡോക്ടര്‍മാരാണ്. ഇവരില്‍ ഭൂരിപക്ഷവും നല്ല ഡോക്ടര്‍മാരായി മാറി എന്ന് നമ്മള്‍ വിശ്വസിച്ചാല്‍ പോലും, വഞ്ചകരും ആരോഗ്യശുശ്രൂഷയോട് ഒരു താല്‍പര്യവും പ്രകടിപ്പിക്കാത്ത വിദ്യാര്‍ത്ഥികളും ഇപ്പോള്‍ ഡോക്ടര്‍മാരായി വിലസുന്നുണ്ട്. അവരുടെ കൈകളിലാണ് ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ തങ്ങളുടെ ജീവന്‍ വിശ്വസിച്ച് ഏല്‍പ്പിക്കുന്നത്.

ഈ സാഹചര്യത്തിലാണ് ഒരു സാധാരണ തൊഴിലാളിയുടെ മകളായ അനിത പോരാട്ടം നടത്തിയത്. നീറ്റ് പരീക്ഷയില്‍ അവിഹിതമായി ഇടപെട്ടിട്ടായാല്‍ പോലും കഴിവുകളില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസം പ്രാപ്യമാക്കുകയും നിലവിലുള്ള സ്ഥിതി തുടരുന്നതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഇന്ത്യയില്‍ എമ്പാടുമുള്ള ശക്തികളെ കുറിച്ച് ആ പെണ്‍ കുട്ടിക്ക് അറിയാമോയിരുന്നോ എന്നതാണ് ഇപ്പോള്‍ പ്രസക്തമാവുന്ന ചോദ്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍