UPDATES

‘വേദനയോടെ ബിജെപി വിടുന്നു’: രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ശത്രുഘ്നൻ സിൻഹയുടെ പ്രഖ്യാപനം

രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച ഏറെ പ്രോത്സാഹനജനകവും ഊർജദായകവുമായിരുന്നെന്നും സിൻഹ പറയുകയുണ്ടായി.

ഏറെനാളായി ബിജെപിയുമായി അകൽച്ചയിലുള്ള മുതിർന്ന നേതാവ് ശത്രുഘ്നൻ സിൻഹ കോൺഗ്രസ്സിൽ ചേരുന്ന തീരുമാനം പ്രഖ്യാപിച്ചു. കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് സിൻഹ ഈ പ്രഖ്യാപനം നടത്തിയത്. ഇരുവരുടെയും കൂടിക്കാഴ്ചയ്ക്കു ശേഷം ഒരുമിച്ചെടുത്ത ചിത്രം ചർച്ചയാകവെയാണ് സിൻഹയുടെ തീരുമാനം വന്നത്.

“വേദനയോടെ ബിജെപിയുടെ പുറത്തേക്ക്. രാഷ്ട്രനിർമാതാക്കളുടെ കുടുംബത്തിലെ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന നേതാവിന്റെ കീഴിൽ, എന്റെ പ്രിയസുഹൃത്ത് ലാലു യാദവിനൊപ്പം പ്രതീക്ഷയോടെ…” -സിൻഹ ട്വീറ്റ് ചെയ്തു.

ബിഹാറിലെ പാറ്റ്നയാണ് ശത്രുഘ്നൻ സിൻഹയുടെ മണ്ഡലം, ഇവിടെ നിന്ന് പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി സിൻഹ മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ പത്തു വർഷമായി സിന്‍ഹ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.

രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച ഏറെ പ്രോത്സാഹനജനകവും ഊർജദായകവുമായിരുന്നെന്നും സിൻഹ പറയുകയുണ്ടായി. ബിജെപിയിൽ നിന്നുള്ള ആക്രമണങ്ങളെ ഏറെ അന്തസ്സോടെയാണ് താൻ കൈകാര്യം ചെയ്തതെന്ന് രാഹുല്‍ പറഞ്ഞുവെന്നും സിൻഹ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പാറ്റ്ന സാഹിബ് മണ്ഡലത്തിൽ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദാണ് ഇത്തവണ എൻഡിഎ സ്ഥാനാർത്ഥി. നരേന്ദ്രമോദിയെയും അമിത് ഷായെയും തുറന്ന് വിമർശിക്കുന്നത് ശീലമാക്കിയിരുന്നു ശത്രുഘ്നൻ സിൻഹ. കൊൽക്കത്തയിൽ നടന്ന പ്രതിപക്ഷ സമ്മേളനത്തിൽ ഇദ്ദേഹം പങ്കെടുക്കുകയും ചെയ്തു. പാർട്ടിക്കെതിരെയല്ല, മറിച്ച് പാർട്ടിയെ വൺമാൻ ആർമിയാക്കി മാറ്റിയവർക്കെതിരെയാണ് താൻ നിലപാടെടുത്തതെന്ന് അദ്ദേഹം പറയുകയുണ്ടായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍