UPDATES

വിദേശം

ഇന്ത്യ-പാക് ബന്ധം ഒരു വെടിമരുന്നുപെട്ടി; ഈ കാര്യത്തിലെങ്കിലും ട്രംപ് പറഞ്ഞത് ശരിയാണ്

Avatar

ബര്‍ഖ ദത്ത് 
(വാഷിംഗ്ടണ്‍ പോസ്റ്റ്)

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് ആകെ തലതിരിഞ്ഞവനെപോലെ, അടക്കിനിര്‍ത്താനാകാത്തവണ്ണം കോമാളിയാകുമ്പോഴും അയാള്‍ തര്‍ക്കമില്ലാത്തവണ്ണം ശരിയായ രണ്ടു പ്രസ്താവനകള്‍ പുറപ്പെടുവിച്ചു. ആദ്യത്തേത് യു.എസിലെ വിമാനതാവളങ്ങള്‍ ഒരു മൂന്നാം ലോക രാജ്യത്തിലെപ്പോലെ (അങ്ങനെ വിളിക്കുന്ന) മോശമാണെന്നാണ്. രണ്ടാമത്തേത്, ഇന്ത്യ-പാകിസ്ഥാന്‍ ബന്ധം വളരെ, വളരെ അപകടകരമായ ഒരു വെടിമരുന്നുപെട്ടിയാണ് എന്നാണ്.

ഇക്കാലത്ത് ഒരു കാര്യത്തിലും ഏകാഭിപ്രായമില്ലാത്ത ഇന്ത്യക്കാരും പാകിസ്ഥാന്‍കാരും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ മധ്യസ്ഥം വഹിക്കാമെന്ന ട്രംപിനെ വാഗ്ദാനം കേട്ടു അല്പം അസ്വസ്ഥതയോടെ ഒന്നിച്ചാണ് ചിരിക്കുന്നത്. പക്ഷേ അറിയാതെയെങ്കിലും വന്‍വാചകമടിക്കാരന്‍ സ്ഥാനാര്‍ത്ഥി അടുത്ത യു എസ് പ്രസിഡണ്ടിന്റെ ആദ്യ മുന്‍ഗണനകളിലൊന്ന് ആവശ്യപ്പെടുന്ന വിദേശകാര്യ വെല്ലുവിളിയെയാണ് പരാമര്‍ശിച്ചത്.

ഹിലാരി ക്ലിന്‍റന്‍ വിജയിക്കുകയാണെങ്കില്‍ ഇന്ത്യ കാണിക്കുന്ന തന്ത്രപരമായ നിയന്ത്രണം തുടരുമെന്ന് അവര്‍ക്ക് ഉറപ്പിക്കാനാകില്ല. സാമ്പ്രദായികമായ പാകിസ്ഥാന്‍ നയത്തില്‍ മാറ്റം വരുത്തിക്കൊണ്ട് അത്യധികം അപായകരമായ ആദ്യ നീക്കങ്ങളും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിക്കഴിഞ്ഞു. പഴയ നിയമങ്ങള്‍ ഇപ്പോള്‍ ബാധകമല്ല.

മോദിയുടെ 2014-ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പാകിസ്ഥാനോടുള്ള അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ മൃദുസമീപനത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ഇസ്ലാമാബാദിന്റെ പിന്തുണയുള്ള ഭീകരവാദികളോട് കര്‍ക്കശ സമീപനം എടുക്കുമെന്നു വാഗ്ദാനം ചെയ്യുകയും ചെയ്തു. തന്റെ 56 ഇഞ്ച് നെഞ്ചുവിരിവിനെക്കുറിച്ചുള്ള അയാളുടെ വീരസ്യം പറച്ചില്‍ സര്‍ക്കാരിന്റെ കാര്‍ക്കശ്യത്തിന്‍റെ അലങ്കാരപ്രയോഗമായിരുന്നു. പക്ഷേ കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ മറ്റേത് പ്രധാനമന്ത്രിയെക്കാളും വലിയ രാഷ്ട്രീയ വിജയവുമായി അധികാരത്തിലെത്തിയ മോദി വാസ്തവത്തില്‍ സമാധാനത്തിനായുള്ള ഒരു കണ്ണുംപൂട്ടിയ ചൂതാട്ടത്തിനാണ് തിരിഞ്ഞത്.

മെയ് 2014-നു ചരിത്രത്തിലാദ്യമായി മോദി ഒരു പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയെ-നവാസ് ഷരീഫിനെ-സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചു. ഡിസംബര്‍ 2015-നു തന്റെ യാത്രാ പരിപാടിയില്‍ മാറ്റം വരുത്തി, അത്യസാധാരണമായ ഒരു നാടകീയ നീക്കത്തില്‍, ലാഹോറില്‍ ഷരീഫിന്റെ ജന്മദിനാഘോഷത്തില്‍ മോദി പങ്കെടുത്തു. അതിനു ശേഷം ഇന്ത്യന്‍ വ്യോമസേനയുടെ താവളത്തില്‍ ഭീകരാക്രമണം ഉണ്ടായപ്പോള്‍, പാകിസ്ഥാന്‍ ചാരസംഘടനയായ ഐ എസ് ഐയില്‍ നിന്നുള്ള ഒരാളടക്കമുള്ള  പാകിസ്ഥാന്‍ അന്വേഷകരെ അതിനുള്ളില്‍ കടക്കാന്‍ അനുവദിച്ചു മോദി ആ നിലപാട് കാത്തു. അതും അത്തരത്തില്‍ ആദ്യമായിട്ടായിരുന്നു.

ഈ നിലപാടുകള്‍ പരാജയപ്പെട്ടപ്പോള്‍  പാകിസ്ഥാനോട് കര്‍ക്കശ നിലപാടുകള്‍ എടുക്കാനും മോദി ഇതേ രീതി ഉപയോഗിച്ചു. ഒരു പ്രാദേശിക വിഘടനവാദി നേതാവ് ബൂര്‍ഹാന്‍ വാനിയുടെ കൊലപാതകത്തോടെ കാശ്മീര്‍ താഴ്വരയില്‍ പൊട്ടിപ്പുറപ്പെട്ട കലാപമാണ് നയം മാറ്റത്തിന് അടിയന്തര കാരണമായത്. ഈ ആഭ്യന്തര കുഴപ്പത്തില്‍ പാകിസ്ഥാന് പങ്കുണ്ടെന്ന് മോദി സര്‍ക്കാര്‍ കരുതുന്നു.

വാനിയെ ഒരു ഇര-നായകനാക്കി അന്താരാഷ്ട്ര തലത്തില്‍ അവതരിപ്പിക്കാനുള്ള ഷരീഫ് സര്‍ക്കാരിന്റെ ശ്രമങ്ങളെ ബലൂചിസ്ഥാനില്‍ പാകിസ്ഥാന്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ ഉയര്‍ത്തിക്കാട്ടിയാണ് ഇന്ത്യ നേരിട്ടത്. സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ മോദി ഈ വിഷയം ആവര്‍ത്തിച്ചു പറഞ്ഞു. ഇത് മുന്‍ സര്‍ക്കാരുകളുടെ നിലപാടുകളില്‍ നിന്നുള്ള പ്രകടമായ മാറ്റമായിരുന്നു. ഇന്ത്യ പാകിസ്ഥാനെ മാത്രമല്ല ചൈനയെയും വെല്ലുവിളിക്കുകയാണ്. ക്സിങ് ജിയാങ്ങിനെ ബലൂചിസ്ഥാനിലെ ഗ്വാദര്‍ തുറമുഖവുമായി ബന്ധിപ്പിക്കാനുള്ള ബീജിങ്ങിന്റെ ശ്രമങ്ങളില്‍ ഈ പ്രവിശ്യക്ക് നിര്‍ണായക സ്ഥാനമുണ്ട്.

അതിനിടയിലാണ് 19 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട കാശ്മീരിലെ ഇന്ത്യന്‍ സൈനികത്താവളത്തിന് നേരെയുള്ള ആക്രമണം ഉണ്ടാകുന്നത്. പതിനൊന്നു ദിവസത്തിന് ശേഷം നിയന്ത്രണ രേഖ കടന്നു ഇന്ത്യന്‍ സൈന്യം, ഇന്ത്യയിലേക്കുള്ള സായുധ നുഴഞ്ഞുകയറ്റക്കാര്‍ക്ക് പാകിസ്ഥാന്‍ സേന സഹായം നല്‍കുന്ന ഭീകരവാദി താവളങ്ങള്‍ ഒരു മിന്നലാക്രമണത്തിലൂടെ തകര്‍ത്തതായി മോദി സര്‍ക്കാര്‍ പരസ്യപ്രഖ്യാപനം നടത്തി. അത്തരത്തിലൊരു വെളിപ്പെടുത്തല്‍ ആദ്യമായിരുന്നു.

പാകിസ്ഥാന് ഭീകരവാദത്തിനുള്ള പിന്തുണയ്ക്ക് ഏറെ വില നല്‍കിക്കാനുള്ള ഇന്ത്യയുടെ പുതിയ രീതിയാണിത്. ഭീകരവാദത്തിനെതിരെ കര്‍ശനമായ തിരിച്ചടി നല്‍കുന്നതില്‍ നിന്നു ഇന്ത്യയെ പിന്തിരിപ്പിക്കുന്ന ആണവ സംഘര്‍ഷ സാധ്യത പരസ്യമായി വെല്ലുവിളിക്കപ്പെട്ടിരിക്കുന്നു.

ഇന്ത്യയുടെ സന്ദേശം പാകിസ്ഥാന് മാത്രമല്ല, ആണവ പ്രതിബന്ധം മേഖലയിലെ സംഘര്‍ഷത്തിനുള്ള മരുമരുന്നായിക്കണ്ട യു.എസ് അടക്കമുള്ള രാജ്യങ്ങള്‍ക്കുകൂടിയാണ്. ഇന്ത്യയുടെ സൈനികമായ തിരിച്ചടി സങ്കല്‍പ്പത്തിനപ്പുറത്തുള്ള വിനാശം സൃഷ്ടിച്ചേക്കാം എന്ന് ജോര്‍ജ് പെര്‍കോവിച്ചും, ടോബി ഡാല്‍റ്റനും പോലുള്ള എഴുത്തുകാര്‍ (Not War, Not Peace) വാദിക്കുന്നു. പക്ഷേ അത് ഇതുവരെ സംഭവിച്ചിട്ടില്ല. സംഘര്‍ഷത്തിന്റെ വേദി ജമ്മു കാശ്മീരിലെ 124 മൈല്‍ നീളത്തിലുള്ള അന്താരാഷ്ട്ര അതിര്‍ത്തിയിലും, 450 മൈല്‍ നീളത്തിലുള്ള നിയന്ത്രണ രേഖയിലുമായി നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. 13 വര്‍ഷം പഴക്കമുള്ള ഒരു വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ച്ചയുടെ നിഴലിലാണ്. ചെറുകിട ആയുധങ്ങള്‍ പോലും നിശബ്ദമായിരുന്ന ഒരു പ്രദേശത്തേക്ക് മോര്‍ട്ടാര്‍ ഷെല്ലാക്രമണം തിരിച്ചുവന്നിരിക്കുന്നു.

ഇന്ത്യ-പാക് സംഘര്‍ഷം ആളിക്കത്തിയാല്‍ എങ്ങനെയാകും യു.എസ് പ്രതികരിക്കുക? ഇന്ത്യയില്‍ മറ്റൊരു ഭീകരാക്രമണം നടന്നാല്‍ കണക്കുകൂട്ടലുകളെല്ലാം പിഴച്ചേക്കാം.

ട്രംപിന്റെ അവ്യക്തമായ സാമാന്യവത്കരണങ്ങളില്‍ നിന്നും വിഭിന്നമായി അസന്തുലിതമായ ഒരു യുദ്ധത്തില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ ഭരണകൂടം പതിറ്റാണ്ടുകളായി ഭീകരവാദത്തെ ഒരായുധമാക്കി ഉപയോഗിച്ചത് എങ്ങനെയെന്ന് ക്ലിന്‍റന് ധാരണയുണ്ട്. ഇത്തരം നിഴല്‍ യുദ്ധങ്ങള്‍ അവരുടെ സൈന്യത്തിന്റെ മാത്രമല്ല പാകിസ്ഥാന്റെ, അവരുടെ പരമാധികാര താത്പര്യങ്ങളാണ് എന്ന് പാകിസ്ഥാന്റെ ചാര സംഘടന ഐ എസ് ഐ കരുതുന്നതായി 2014-ല്‍ ഞാന്‍ നടത്തിയ ഒരഭിമുഖത്തില്‍ അവര്‍ പറഞ്ഞിരുന്നു. അയല്‍ക്കാരനെ മാത്രമേ കടിക്കൂ എന്ന് വിശ്വസിച്ച് അടുക്കളപ്പുറത്ത് വിഷപ്പാമ്പുകളെ വളര്‍ത്തുന്ന പോലെയാണിത് എന്ന്, ജിഹാദികളും മറ്റ് തീവ്രവാദികാലും പാകിസ്ഥാനെ ആഭ്യന്തരമായി വിഴുങ്ങാന്‍ തുടങ്ങിയതിനെ സൂചിപ്പിച്ച്  ക്ലിന്‍റന്‍ പറഞ്ഞു.

പാക്കിസ്ഥാന്‍ ആസ്ഥാനമായ ലെഷ്കര്‍ ഇ ത്വയിബയുടെ മേധാവിയും, 2008 നവംബര്‍ 26-ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹഫീസ് സയിദിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 10 ദശലക്ഷം ഡോളര്‍ സമ്മാനമായി നല്കുമെന്ന് വിദേശകാര്യ സെക്രട്ടറിയായിരിക്കെ ക്ലിന്‍റന്‍ പ്രഖ്യാപിച്ചിരുന്നു. മുംബൈ ഭീകരാക്രമണത്തില്‍ 6 യു.എസ് പൌരന്‍മാരടക്കം 166 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് ശേഷം സംയമനം പാലിക്കാന്‍ ഇന്ത്യക്ക് എത്ര ബുദ്ധിമുട്ടായിരിക്കും എന്നത് താന്‍ ശരിക്കും മനസിലാക്കിയെന്ന് അവര്‍ പറഞ്ഞു.

ഈ സംയമനം ഇനി എല്ലായ്പ്പോഴും ഉണ്ടാകുമെന്ന് കരുതേണ്ട-അതാണ് ഇന്ത്യ വാഷിംഗ്ടണ് നല്‍കുന്ന സന്ദേശം. പാകിസ്ഥാനിലെ ഒളിത്താവളത്തില്‍ നിന്നും ഒസാമ ബിന്‍ ലാദനെ വധിച്ച ദൌത്യത്തിന് മേല്‍നോട്ടം വഹിച്ചതില്‍ അഭിമാനം കൊള്ളുന്ന ക്ലിന്‍റന്‍, പാകിസ്ഥാനോടുള്ള നയത്തില്‍ ആ കാര്‍ക്കശ്യം കാണിക്കുമെന്ന പ്രതീക്ഷ ഇന്ത്യയ്ക്കുണ്ട്. സൈനിക സഹായത്തിന് കയ്യയച്ച പണക്കിഴിയില്ല, ഭീകരവാദി സംഘങ്ങളെ ഇല്ലാതാക്കാന്‍ കര്‍ശനമായ സാമ്പത്തിക സമ്മര്‍ദവും ഇന്ത്യയെയും പാകിസ്ഥാനെയും ഒരേ ഗണത്തില്‍പ്പെടുത്താത്ത വിദേശ നയ വ്യാകരണവും ആണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.

സെപ്തംബറില്‍ വിര്‍ജീനിയയില്‍ സംഭാവനാ ദാതാക്കളുടെ ഒരു അടച്ചിട്ട യോഗത്തില്‍ പാകിസ്ഥാനില്‍ ഒരു ജിഹാദി അട്ടിമറിക്കും, ചാവേര്‍ ആണവ അക്രമികള്‍ക്കുമുള്ള സാധ്യത ക്ലിന്‍റന്‍ എടുത്തുകാട്ടിയിരുന്നു. അവര്‍ക്കത് പിടികിട്ടിയിട്ടുണ്ട്. പാകിസ്ഥാനുമായി വിചാരിച്ചതിലും നേരത്തെ അവര്‍ക്ക് കാര്യങ്ങള്‍ തുറന്നു പറയേണ്ടി വരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍