UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുഹൃത്തുക്കളെ മാറ്റാം; അയല്‍ക്കാരെ മാറ്റാനാകില്ല – പറഞ്ഞത് വാജ്പേയിയാണ്; മോദിയുടെ മുന്‍ഗാമി

Avatar

ടീം അഴിമുഖം

നയതന്ത്രം മറ്റ് വഴികളിലൂടെയുള്ള യുദ്ധമാണെന്നാണ് പറച്ചില്‍. അതുകൊണ്ട് നയതന്ത്ര പ്രാധാന്യമുള്ള വിഷയങ്ങളില്‍ ഉപയോഗിക്കുന്ന വാക്കുകളും സൂക്ഷിച്ചു തെരഞ്ഞെടുക്കണം. അതുകൊണ്ടുതന്നെ ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്ഥാനെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ ഇനിയും ദിവസങ്ങളോളം ചര്‍ച്ച ചെയ്യപ്പെടും.

ആ പ്രസംഗത്തില്‍ രണ്ട് പ്രധാന ഘടകങ്ങളാണ് ഉണ്ടായിരുന്നത്: ബലൂചിസ്ഥാന്‍ വിഷയത്തിലെ ഒളിയമ്പുകള്‍, ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു പരാമര്‍ശം നടത്തുന്നത്; പാക് അധീന കാശ്മീരും ഗില്‍ഗിത്തും സംബന്ധിച്ചതായിരുന്നു അടുത്ത പരാമര്‍ശം. 2014-ല്‍ അധികാരമേല്‍ക്കുമ്പോള്‍ യുദ്ധവെറിയുടെ മൈതാനപ്രസംഗങ്ങള്‍ നടത്തിയിരുന്നിടത്തുനിന്നും 2015 ഡിസംബറിലെ ലാഹോര്‍ സന്ദര്‍ശനത്തിനിടയില്‍ തന്റെ പാകിസ്ഥാന്‍ നയത്തില്‍ പല കാതം പിന്നിട്ട മോദിയുടെ നയത്തില്‍ സാരമായ മാറ്റങ്ങളാണ് ഇത് സൂചിപ്പിക്കുന്നത്.

1998-ലെ ആണവ പരീക്ഷണത്തിന് ശേഷം മേഖലയില്‍ ഭദ്രത നിലനിര്‍ത്താനായിരുന്നു ഇന്ത്യ പ്രാഥമികമായും തന്ത്രപരമായി ശ്രമിച്ചത്. 1999-ല്‍ കാര്‍ഗില്‍ യുദ്ധകാലത്ത് നിയന്ത്രണ രേഖ കടക്കാതിരിക്കാനും 2001-2002ല്‍ സംഘര്‍ഷാന്തരീക്ഷം മുറുകിയപ്പോള്‍ അത് കൈവിട്ടുപോകാതിരിക്കാനും ഇന്ത്യ ശ്രദ്ധിച്ചത് അതുകൊണ്ടാണ്. മുംബൈ ഭീകരാക്രമണത്തിന് ശേഷവും ന്യൂഡല്‍ഹിയുടെ  നയങ്ങള്‍ രൂപപ്പെടുത്തുമ്പോള്‍ ഈ ഘടകങ്ങള്‍ മുന്നിട്ടുനിന്നു. പാകിസ്ഥാനിലെ ചെറു യുദ്ധങ്ങളെയും കലാപങ്ങളെയും ഇന്ത്യ പിന്തുണയ്ക്കാഞ്ഞത് ഈ കാരണം കൊണ്ടാണ്. ആണവായുധങ്ങള്‍ പരമ്പരാഗത ആയുധങ്ങളുടെയോ യുദ്ധത്തിന്റെയോ ആഘാതമായിരിക്കില്ല ഉണ്ടാക്കുക എന്ന തിരിച്ചറിവും ഇതിലുണ്ടായിരുന്നു. യുദ്ധവിജയം എന്നത് അര്‍ത്ഥശൂന്യമായ ഒരു വാക്കായി മാറും. പക്ഷേ ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ചൂതാട്ടപ്പകിട എറിയാന്‍ തീരുമാനിച്ചിരിക്കുന്നു. ഏറ്റവും മോശമായ കാലത്തുപോലും ഇന്ത്യയുടെ പാകിസ്ഥാന്‍ നയത്തില്‍ നിലനിര്‍ത്തിയിരുന്ന ഒരു നിര്‍ണായക നിലപാടിനെ മോദി കയ്യൊഴിയുകയാണ്. പാകിസ്ഥാനിലെ പ്രശ്നങ്ങള്‍, പ്രത്യേകിച്ചും ബലൂചിസ്ഥാനില്‍ ഇടക്കിടെ പൊട്ടിപ്പുറപ്പെടുന്ന വംശീയ-ദേശീയ പ്രശ്നങ്ങള്‍, കാശ്മീര്‍ വിഷയമുന്നയിക്കുന്ന പാകിസ്ഥാനെ പ്രതിരോധത്തിലാക്കാന്‍ ഉപയോഗിക്കാമെന്ന് കുറച്ചുകാലമായുള്ള ആലോചനയാണ്. പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം ഇതിന് ഔദ്യോഗിക സ്ഥിരീകരണം നല്കി എന്നുമാത്രം. ഈ നയമാറ്റത്തിന്റെ പ്രത്യാഘാതങ്ങള്‍ വരും ദിവസങ്ങളില്‍ അഴിഞ്ഞുവരാനിരിക്കുന്നതേയുള്ളൂ- ഇന്ത്യയിലെ വിദേശകാര്യ വിദഗ്ദ്ധന്മാര്‍ കരുതുംപോലെ അത്ര സുഖകരമായൊരു പരിപാടിയാകില്ല ബലൂചിസ്ഥാനില്‍ പോയുള്ള മറുപടിക്കളി.

തീര്‍ച്ചയായും മറ്റ് സാധ്യതകളുണ്ട്. പ്രധാനമന്ത്രിയുടെ പ്രസംഗം പാകിസ്ഥാന്‍ നയത്തിലെ അദ്ദേഹത്തിന്റെ മാറ്റത്തില്‍ നിരാശരായ തീവ്ര ദേശീയവാദി അനുഭാവികളുടെ പിന്തുണ തിരിച്ചുപിടിക്കാനായിരിക്കാം. അല്ലെങ്കില്‍, ഇക്കാര്യത്തെക്കുറിച്ച് പ്രധാനമന്ത്രി വേണ്ടത്ര ആലോചന നടത്തിയിരിക്കില്ല. രണ്ടാമത്തേതാണ് കാര്യമെങ്കില്‍ അത് സ്വാതന്ത്ര്യ ദിനപ്രസംഗത്തിലെ മറ്റ് ഭാഗങ്ങളുമായി പൊരുത്തപ്പെടും. LED ബള്‍ബുകളുടെ ഉപയോഗം തൊട്ട് പാചകവാതക വിതരണം വരെ പ്രധാനമന്ത്രി കുറെ വാചകമടിച്ചെങ്കിലും മുന്‍ഗണനാക്രമത്തിന്റെ ചട്ടക്കൂടിനെക്കുറിച്ചൊന്നും പറഞ്ഞില്ല. നാനാത്വത്തില്‍ ഏകത്വത്തെക്കുറിച്ച് മോദി പറഞ്ഞെങ്കിലും രാജ്യത്തെങ്ങും ഉണ്ടാകുന്ന വര്‍ഗീയ സംഘര്‍ഷങ്ങളെ എങ്ങനെ നേരിടും എന്നതിനെക്കുറിച്ച് മിണ്ടിയില്ല. സാമൂഹ്യനീതിയെക്കുറിച്ച് പറഞ്ഞെങ്കിലും ദളിതര്‍ക്കെതിരെ പെരുകുന്ന അതിക്രമങ്ങളെക്കുറിച്ച് നിശബ്ദനായിരുന്നു.

പക്ഷേ ഇതിനെക്കുറിച്ചൊന്നു ചിന്തിച്ച് നോക്കുക: ലോകത്തിലെത്തന്നെ ഏറ്റവും കുറച്ചു ഏകീകൃതമായ മേഖലയാണ് തെക്കനേഷ്യ. ലോക ജനസംഖ്യയുടെ 16.5 ശതമാനം വരുന്ന ഇവിടെ ലോക വാണിജ്യത്തില്‍ വെറും 2 ശതമാനം പങ്കാണുള്ളത്. മേഖലയിലെ രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം അവയുടെ മൊത്തം വ്യാപാരത്തിന്റെ വെറും 6 ശതമാനം മാത്രമാണ്. മേഖലയുടെ ജി ഡി പിയുടെ 2 ശതമാനവും. സമാധാനപരമായ ഒരു അയല്‍പ്പക്കം ഇല്ലാതെ ഒരു രാജ്യത്തിനും ശരിക്കുള്ള ആഗോള ശക്തിയാകാന്‍ കഴിയില്ല.

ഏഷ്യ ആഗോള ശ്രദ്ധ നേടുന്ന ഒരു സാമ്പത്തിക, സാമൂഹ്യ സമുച്ചയമായി മാറുന്ന ഇക്കാലത്ത് തെക്കനേഷ്യയിലെ ഈ തര്‍ക്കങ്ങള്‍ ആ സാധ്യതയെ ചുരുക്കുകയാണ്. തെക്കനേഷ്യയിലെ നേതൃസ്ഥാനത്തുള്ള രാജ്യമായും ആഗോള രംഗത്ത് ഒരു നിര്‍ണായക രാഷ്ട്രീയ, സാമ്പത്തിക ശക്തിയായും മാറാന്‍ ഇന്ത്യ ആഗ്രഹിക്കുന്നുമുണ്ട്. നിര്‍ഭാഗ്യവശാല്‍ തങ്ങളുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ അയല്‍ക്കാരനുമായി ഇടപെടുന്നതിലെ ഇടുങ്ങിയ കാഴ്ച്ചപ്പാട് അതിനെ ദുര്‍ബലമാക്കുകയാണ്. തെക്കനേഷ്യയിലെ ഒരു നേതൃസ്ഥാനം ഇന്ത്യ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പാകിസ്ഥാനുമായുള്ള ഇടപെടലില്‍ ഇന്ത്യ കൂടുതല്‍ ദീര്‍ഘവീക്ഷണം പുലര്‍ത്തിയേ മതിയാകൂ. രാഷ്ട്രീയ,സാമ്പത്തിക രംഗങ്ങളിലെ മുരടിപ്പാണ് പാകിസ്ഥാന്‍ നേരിടുന്ന പ്രതിസന്ധി. പാകിസ്ഥാനുമായുള്ള ബന്ധത്തില്‍ ഇന്ത്യയുടെ നയത്തില്‍ മാതൃകാപരമായ മാറ്റം കൂടിയേ തീരൂ. വാസ്തവത്തില്‍ മോദി അത് പ്രകടിപ്പിച്ചതാണ്. അദ്ദേഹമത് വളരെ ആലോചിച്ചു ചെയ്തതാണെങ്കില്‍ 2015-ലെ ആ ക്രിസ്തുമസ് ദിനത്തില്‍ ലാഹോറില്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ വസതിയില്‍ നടത്തിയ ആ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയാണ് പ്രകടമാക്കേണ്ടത്. തീര്‍ച്ചയായും അതൊന്നും എളുപ്പമല്ല. കാശ്മീരില്‍ കുഴപ്പങ്ങളുണ്ടാക്കുന്നത് പാകിസ്ഥാന്‍ തുടരുകയും ചെയ്യും. പക്ഷേ ഇന്ത്യ-പാക് ബന്ധത്തില്‍ സംഭാഷണങ്ങള്‍ക്ക് പകരം വെക്കാന്‍ മറ്റെന്തെങ്കിലും ഉണ്ടാകുന്നതിന് അതൊന്നും ന്യായമാകുന്നില്ല. വാജ്പേയി പറഞ്ഞ കാര്യമാണ് മോദി ഓര്‍ക്കേണ്ടത്; “നമുക്ക് സുഹൃത്തുക്കളേ മാറ്റാം, പക്ഷേ നമുക്ക് നമ്മുടെ അയല്‍ക്കാരെ മാറ്റാനാകില്ല.” 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍