UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാക്കിസ്ഥാന്‍ മാറിയില്ലെങ്കില്‍ ഇന്ത്യ തെക്കനേഷ്യയെ സ്വന്തം നിലയില്‍ നിര്‍വചിക്കും

Avatar

അഴിമുഖം പ്രതിനിധി

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നിരവധിയായ സംഘര്‍ഷങ്ങള്‍ സാര്‍കിനെ (SAARC) അപ്രസക്തമാക്കുകയാണ്. നവംബര്‍ 2014-ല്‍ കാഠ്മണ്ടുവില്‍ 18-മത് സാര്‍ക് ഉച്ചകോടിയുടെ സമാപന ചടങ്ങ് ദക്ഷിണേഷ്യയിലെ നേതാക്കള്‍ മുഴുവന്‍ താമസിക്കുന്ന കാഠ്മണ്ഡുവിലെ ആഡംബര ഹോട്ടലായ Soaltee-നു തൊട്ടടുത്തുള്ള ഇന്ത്യയുടെ മാധ്യമ കേന്ദ്രത്തില്‍ നിന്നും മാധ്യമപ്രവര്‍ത്തകരുടെ ഒരു വലിയ സംഘം കാണുകയാണ്; ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും തണുത്ത അകലം പാലിച്ചിരുന്നു. അതിന്റെ തലേന്ന് മുംബൈ ഭീകരാക്രമണത്തിന്റെ ആറാം വാര്‍ഷികം കൂടിയായിരുന്നു. പാകിസ്ഥാന്റെ എതിര്‍പ്പുമൂലം കണക്ടീവിറ്റിയുമായി ബന്ധപ്പെട്ട ഒരു ഉഭയക്ഷി കരാര്‍ തടസപ്പെട്ടു. ഇന്ത്യയെ അലോസരപ്പെടുത്തിക്കൊണ്ട് ചൈനയെ കൂട്ടായ്മയില്‍ അംഗമാക്കുന്നതിനായി പാകിസ്ഥാന്‍ ഏറെ ശ്രമിക്കുകയും ചെയ്തു.

സംഘര്‍ഷം നിറഞ്ഞ ഈ അന്തരീക്ഷത്തില്‍ പെട്ടന്ന് ആഹ്ലാദസ്വരങ്ങള്‍ ഉയര്‍ന്നു. മാധ്യമപ്രവര്‍ത്തകര്‍ ചിരിച്ചു; ഒടുവില്‍ മോദിയും ഷെരീഫും ഹസ്തദാനം ചെയ്തിരിക്കുന്നു. മാധ്യമങ്ങള്‍ക്ക് തലക്കെട്ട് കിട്ടി. ആതിഥേയരായ നേപ്പാള്‍ സര്‍ക്കാരിന് ആശ്വാസമായി. ഉച്ചകോടി രക്ഷപ്പെട്ടിരിക്കുന്നു. 

ഈ വര്‍ഷം അവസാനം ഇസ്ലാമാബാദില്‍ നടക്കുന്ന സാര്‍ക് ഉച്ചകോടിയില്‍ നിന്നും പിന്‍മാറാനുള്ള ഇന്ത്യയുടെ തീരുമാനം ഈ രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഈ മേഖലാ സംവിധാനത്തെ എങ്ങനെ ബന്ദിയാക്കുന്നു എന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണ്. അതിര്‍ത്തി കടന്നുള്ള ഭീകരവാദവും അംഗരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഒരു അംഗരാജ്യത്തിന്റെ തുടര്‍ച്ചയായ ഇടപെടലുകളും ഉച്ചകോടിക്കാവശ്യമായ അന്തരീക്ഷത്തെ ഇല്ലാതാക്കി എന്ന് ന്യൂഡല്‍ഹി വ്യക്തമാക്കുന്നു.

‘മേഖലാ സഹകരണത്തിന് പ്രധാനമന്ത്രി പ്രതിജ്ഞാബദ്ധമാണ്. ഇതാണ് അയല്‍പക്കം-ആദ്യം എന്ന നയത്തിലും മറ്റ് നിരവധി മേഖലാ മുന്‍കൈ നീക്കങ്ങളിലും തെളിഞ്ഞത്. പക്ഷേ ആ രാജ്യം ഭീകരവാദത്തിന്റെയും ഭീകരാക്രമണങ്ങളുടെയും പ്രായോജകരായി നില്‍ക്കുമ്പോള്‍ പാകിസ്ഥാനിലേക്ക് പോകുന്നത് അസംബന്ധമാണ്,’ നയതന്ത്ര വൃത്തങ്ങള്‍ പറഞ്ഞു. 

ഇരുരാജ്യങ്ങളും തമ്മിലുള്ള അവിശ്വാസത്തിന്റെ പശ്ചാത്തലത്തില്‍ മാത്രമേ ഈ തീരുമാനത്തെ മനസിലാക്കാനാകൂ. 1980-കളില്‍ സാര്‍ക് ആദ്യം രൂപം കൊണ്ടപ്പോള്‍ പാകിസ്ഥാന്റെ നേതൃത്വത്തിലുള്ള കുറച്ചു രാജ്യങ്ങള്‍ എന്ന നിലയിലാണ് ഇന്ത്യ അതിനെ കണ്ടത്. അതിനു വലിയ ശ്രദ്ധ കൊടുത്തുമില്ല. പിന്നീട് ഇന്ത്യ സുസ്ഥിര മേഖലയുടെയും സാമ്പത്തിക സഹകരണം ശക്തിപ്പെടുന്നതിന്റെയും പ്രാധാന്യം തിരിച്ചറിഞ്ഞപ്പോള്‍ ഇന്ത്യയുടെ സാമ്പത്തിക പദ്ധതികളില്‍ തങ്ങള്‍ കുരുങ്ങിപ്പോകുമോ എന്ന ആശങ്കയായി പാകിസ്ഥാന്. തങ്ങളുടെ വീറ്റോ അധികാരം ഉപയോഗിച്ച് തെക്കനേഷ്യയുടെ ഇന്ത്യക്കനുകൂലമായ പദ്ധതികള്‍ അവര്‍ തടഞ്ഞു. പാകിസ്ഥാന്‍ ഇല്ലാത്ത ഒരു തെക്കനേഷ്യന്‍ മേഖലാ സഹകരണത്തിനായി ഇന്ത്യ ശ്രമിക്കുമെന്നാണ് ചൊവ്വാഴ്ച്ചത്തെ തീരുമാനം നല്‍കുന്ന സൂചന. ഉഭയകക്ഷി, ഉപ മേഖല ചാലുകളിലൂടെ ഇത് നടപ്പാക്കാനാണ് ഇന്ത്യ ശ്രമിക്കുക. കഴിഞ്ഞ സാര്‍ക് ഉച്ചകോടിയില്‍ മോദി ഇതിന്റെ സൂചനകള്‍ നല്‍കിയിരുന്നു. 

വിവിധ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധങ്ങളിലെ നേട്ടങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. ‘ബന്ധങ്ങള്‍ സാര്‍കിന് അകത്തും പുറത്തും വളരും, നാമെല്ലാവരുമായും, നമ്മില്‍ ചിലരുമായും.’ സൂചന വളരെ വ്യക്തമായിരുന്നു. പാകിസ്ഥാന്‍ ഒപ്പം വരാന്‍ തയ്യാറല്ലെങ്കില്‍ ഇന്ത്യ സ്വന്തം നിലയില്‍ കാര്യങ്ങള്‍ നടത്തും. ബംഗ്ലാദേശ്, ഭൂട്ടാന്‍, ഇന്ത്യ, നേപ്പാള്‍ കൂട്ടായ്മ (BBIN) ഇതിന്റെ ഒരുദാഹരണമാണ്. 

ഈ സമീപനത്തിന്റെ പരിമിതികളും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. ഭൂമിശാസ്ത്രത്തെ അവഗണിക്കാനാകില്ല. പാകിസ്ഥാനെ കണക്കിലെടുക്കാതെ, അവിടുത്തെ ജനങ്ങളെ പരിഗണിക്കാതെ തെക്കനേഷ്യയുടെ വണ്ടിക്ക് ഏറെ ദൂരം പോകാനാകില്ല.

എന്തായാലും ഇന്ത്യന്‍ അധികൃതര്‍ ഇപ്പോള്‍ തങ്ങളുടെ ഉദ്ദേശം വ്യക്തമാക്കിക്കഴിഞ്ഞു. പാകിസ്ഥാന്റെ സമീപനങ്ങള്‍ മാറിയില്ലെങ്കില്‍ ന്യൂഡല്‍ഹി തെക്കന്‍ ഏഷ്യയെ സ്വന്തമായ നിലയില്‍ നിര്‍വചിക്കും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍