UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒടുവില്‍ മോദി സര്‍ക്കാര്‍ തിരിച്ചറിയുന്ന പാകിസ്ഥാനെന്ന യാഥാര്‍ത്ഥ്യം

Avatar

ടീം അഴിമുഖം

ഇന്ത്യയുടെ മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവുവിന്, ഷേക്സ്പിയരുടെ വരികള്‍ എടുത്തുപറയാന്‍ വലിയ ഇഷ്ടമാണ്. തിംഫുവിലെ സുഖശീതളമായ അന്തരീക്ഷത്തില്‍ (ഫെബ്രുവരി,2011) അവര്‍ കിങ് ലിയറില്‍ നിന്നുള്ള വരികള്‍ ചൊല്ലി: Ripeness is all.

അതായത്, ജീവിതം അതിന്റെ സ്വാഭാവികമായ ചാക്രികാന്ത്യത്തിലെത്തും വരെ നിലനിന്നുപോവുകയല്ലാതെ മനുഷ്യര്‍ക്ക് വേറെ വഴികളൊന്നുമില്ല എന്നാണ്.

2008-ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനുമായുള്ള തകര്‍ന്ന സംഭാഷണപ്രക്രിയ പുനരുജ്ജീവിപ്പിക്കാനുള്ള ദൌത്യമായിരുന്നു റാവുവിന്റേത്. ഇസ്ലാമാബാദില്‍ ഇരു രാജ്യങ്ങളിലേയും വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ ആറ് മാസം മുമ്പ് നടന്ന പ്രതികൂലഫലങ്ങളുണ്ടാക്കിയ ഒരു കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പാകിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറി സല്‍മാന്‍ ബഷീറുമായാണ് റാവു തിംഫുവില്‍ ചര്‍ച്ച നടത്തിയത്.

മറ്റൊരുതരത്തില്‍  മുന്‍ പ്രധാനമന്ത്രി എ ബി വാജ്പേയി സ്വന്തം ശൈലിയില്‍ പറഞ്ഞത് തന്നെയാണ്- “നമുക്ക് നമ്മുടെ അയല്‍ക്കാരെ മാറ്റാനാകില്ല”-റാവു ഷേക്സ്പിയറെ കടമെടുത്ത് പറഞ്ഞതും. പക്ഷേ പാകിസ്ഥാനുമായി സമാധാനം കാംക്ഷിച്ച പ്രധാനമന്ത്രിയെ മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലായിട്ടും, യു പി എ-2-ആം സര്‍ക്കാര്‍ മുംബൈ ആക്രമണാനന്തര വിശ്വാസരാഹിത്യത്തെ മറികടക്കുന്നതില്‍ തപ്പിത്തടഞ്ഞു വീണു.

പാകിസ്ഥാന്‍ നയത്തെക്കുറിച്ചുള്ള ആദ്യഘട്ടത്തിലെ കരണം മറിച്ചിലുകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ശേഷം മോദി സര്‍ക്കാര്‍ ഇപ്പോള്‍ യാഥാര്‍ത്ഥ്യത്തിലേക്ക് അടുക്കുകയാണ്. അതായത് യാഥാര്‍ത്ഥ്യബോധത്തിലൂന്നിയ ഒരു പാകിസ്ഥാന്‍ നയം വേണമെന്ന്. വാചകക്കസര്‍ത്തും വിദേശകാര്യ മന്ത്രാലയത്തിന്റെ തിരിഞ്ഞുകളികളും കൊണ്ടൊന്നും പാകിസ്ഥാനുമായുള്ള ഇടപെടലിന്റെ പ്രാധാന്യം കുറയ്ക്കാനാകില്ല.

ഇരു രാഷ്ട്രങ്ങളിലെയും ദേശീയ സുരക്ഷ ഉപദേഷ്ടാക്കള്‍ ഞായറാഴ്ച്ച ബാങ്ഗോക്കില്‍ യാഥാര്‍ത്ഥ്യബോധത്തോടെയാണ് ഇടപെട്ടത്. അത് കാത്തുസൂക്ഷിക്കുകയും മുന്നോട്ട് കൊണ്ടുപോവുകയും ചെയ്യേണ്ടതുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫും ജൂലായില്‍ ഉഫായിലും പിന്നെ നവംബര്‍ 30നു പാരീസില്‍ നടത്തിയ ചെറുകൂടിക്കാഴ്ച്ചയ്ക്കുമിടയ്ക്ക് ഇരുപക്ഷവും പ്രശ്നങ്ങളെ ഇഴകീറി നോക്കുകയായിരുന്നു.

കൃത്യമായ ഇടവേളകളിലാണ് അത് ചെയ്തത്. ഇന്ത്യയിലും പാകിസ്ഥാനിലുമുള്ള പല ടെലിവിഷന്‍ ചാനലുകളും  ഗാഗ്വാ വിളികളും വെല്ലുവിളികളുമായി കളം നിറഞ്ഞു.

പരസ്പര ബന്ധത്തെയും വിശ്വാസത്തെയും ഒരടി മുന്നോട്ട്,രണ്ടടി പിന്നോട്ടു എന്ന നിലയില്‍ വലിച്ചിഴയ്ക്കുന്ന അടിസ്ഥാന പ്രശ്നങ്ങളെ തിരിച്ചറിയാനും അംഗീകരിക്കാനും അയല്‍രാഷ്ട്രങ്ങള്‍ തയ്യാറായില്ലെങ്കില്‍ ഉഫായോ, ബാങ്ഗോക്കോ മുന്നോട്ടുവെച്ച ആവേശം വെറും നീര്‍ക്കുമിളയാകും. ദേശീയ സുരക്ഷ ഉപദേഷ്ടാക്കള്‍ തമ്മില്‍ ഭീകരവാദം മാത്രം ചര്‍ച്ച ചെയ്യാനാണ്  ഉഫാ പ്രസ്താവന ആവശ്യപ്പെടുന്നത് എന്ന ഇന്ത്യയുടെ വിടുവായത്തരം പരാജയത്തിലേക്കെ നയിക്കൂ. ബാങ്ഗോക്കില്‍ രണ്ടു ഉന്നതോദ്യഗസ്ഥരും കുറെക്കൂടി അര്‍ത്ഥപൂര്‍ണമായ സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടതിന്റെ കാരണം അവര്‍ എല്ലാ വിഷയങ്ങളും  ചര്‍ച്ച ചെയ്തു എന്നതാണ്: ജമ്മു കാശ്മീര്‍, ഭീകരവാദം, നിയന്ത്രണ രേഖ, സമാധാനം, സുരക്ഷ എന്നിവയെല്ലാം.

ഇന്ത്യയെപ്പോലെ ശബ്ദായമാനമായ ഒരു ജനാധിപത്യത്തില്‍ വാചകക്കസര്‍ത്ത് ഒഴിവാക്കാനാകില്ല. പക്ഷേ സങ്കീര്‍ണമായ ഇന്ത്യ-പാകിസ്ഥാന്‍ ബന്ധത്തെ കൈകാര്യം ചെയ്യാനോ, മെച്ചപ്പെടുത്താനോ ഒന്നും അതുകൊണ്ടാവില്ല. ഇപ്പോള്‍ പ്രധാനമന്ത്രി മോദി ശരിയായ ദിശയിലാണ് നീങ്ങുന്നത്. അതിനെ വഴിതിരിച്ചുവിടാന്‍ ഇടവരുത്തരുത്.

സമ്മിശ്ര ചര്‍ച്ച, അഥവാ പിന്നീട് പുനരാരംഭിച്ച സംഭാഷണം അല്ലെങ്കില്‍ സമഗ്ര സംഭാഷണം എന്നറിയപ്പെട്ട , പരസ്പര പ്രാധാന്യമുള്ള 8 വിഷയങ്ങള്‍ ഇരുകൂട്ടരും ചര്‍ച്ച ചെയ്ത രീതിയില്‍ നിന്നും വിട്ടുമാറുക എന്നതാണ് മികച്ച വഴി.

അതിനെ ഉപേക്ഷിച്ചേക്കുക. അതൊരു നീണ്ട പ്രക്രിയയാണ്. മിക്കപ്പോഴും ഒരു ഫലവും ഉണ്ടാക്കിയിട്ടുമില്ല. രണ്ടു രാജ്യങ്ങളിലും ഒരു മന്ത്രാലയം പറഞ്ഞതിനെ മറ്റൊരു മന്ത്രാലയം തള്ളിപ്പറയും. രാജ്യത്തിന്റെ നയസമീപനങ്ങളില്‍ സൈന്യം നിര്‍ണായക സ്വാധീനം ചെലുത്തുന്ന പാകിസ്ഥാനില്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാണ്.

ഇതിന് പകരം, ബാങ്ഗോക്കില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച മൂന്ന് ഉദ്യോഗസ്ഥരെ-ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍, പ്രധാനമന്ത്രിയുടെ ഭീകരവാദ വിരുദ്ധ പ്രത്യേക ദൂതന്‍ ആസിഫ് ഇബ്രാഹിം- പാകിസ്ഥാനിലെ തങ്ങളുടെ സമശീര്‍ഷരുമായി ചര്‍ച്ചകള്‍ തുടരാന്‍ അനുവദിക്കുകയാണ് വേണ്ടത്. അവരില്‍ പ്രധാനമന്ത്രിക്ക് വിശ്വാസമുണ്ട്. അവര്‍ക്ക് തമ്മില്‍തമ്മിലും ഈ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യാനാകും. കൃത്യമായ ഇടവേളകളില്‍ ഇരു പ്രധാനമന്ത്രിമാര്‍ക്കും നടപടികള്‍ അവലോകനം ചെയ്യാം.

സംസ്കാരം തൊട്ട് വാണിജ്യം വരെയുള്ള നിരവധി വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഒരുകൂട്ടം സെക്രട്ടറിമാരെ നിയോഗിക്കുന്നതിലും ഗുണം ചെയ്യും ഈ സംവിധാനം. പാകിസ്ഥാന്റെ പുതിയ ദേശീയ സുരക്ഷ ഉപദേഷ്ടാവ് നസീര്‍ ജനൂജയ്ക്കും കാര്യമായ സംഭാവനകള്‍ നല്‍കാനാകും. ഒരു സൈനിക കമാണ്ടര്‍, റഹീല്‍ ഷരീഫിന്റെ വിശ്വസ്തന്‍ എന്ന നിലകളിലെ ജനൂജയുടെ പശ്ചാത്തലം പാകിസ്ഥാന്‍ ഭരണകൂടത്തില്‍ നിന്നുള്ള അനുമതികള്‍ക്ക് സഹായിച്ചതിനാല്‍ ഇരുപക്ഷത്തിനും അര്‍ത്ഥവത്തായ സംഭാഷണങ്ങളിലേര്‍പ്പെടാനും വഴിതുറന്നു.

പാകിസ്ഥാന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനമാണ് അതിന്റെ ഏറ്റവും വലിയ ആനുകൂല്യം. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, ഭീകരവാദത്തിനെതിരായ ഒരു പോരാട്ടവും പാകിസ്ഥാനെ മാറ്റിനിര്‍ത്തിക്കൊണ്ട് ആസൂത്രണം ചെയ്യാന്‍ ഒരു പടിഞ്ഞാറന്‍ രാജ്യത്തിനുമാകില്ല. ആ രാജ്യത്തു സ്വതന്ത്രമായി വിഹരിക്കുന്ന അസംഖ്യം ഭീകരസംഘടനകള്‍ ഉള്ളതുകൊണ്ടുമാണിത്. ഭീകര സംഘടനകളെ ഇന്ത്യക്കെതിരായി ഉപയോഗിയ്ക്കുന്ന തങ്ങളുടെ ദീര്‍ഘകാല നയം ഒറ്റയടിക്ക് ഉപേക്ഷിക്കാനും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരെ ഇന്ത്യക്ക് കൈമാറാനും പാകിസ്ഥാന്‍ നാളെ തയ്യാറാകും എന്നുമല്ല ഇതിനര്‍ത്ഥം. പക്ഷേ പാകിസ്ഥാന്‍ എന്ന യാഥാര്‍ത്ഥ്യം വ്യക്തമാക്കുന്നത് ചര്‍ച്ചകള്‍ക്ക് പകരം വെക്കാന്‍ മറ്റൊന്നുമില്ല എന്നാണ്. ആ പഴയ നാടകക്കാരന്‍ പറഞ്ഞ പോലെ “better part of valour is discretion (ധീരതയുടെ ഏറെഭാഗവും വകതിരിവാണ്)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍