UPDATES

ട്രെന്‍ഡിങ്ങ്

പാകിസ്താൻ ഇപ്പോഴും ശവങ്ങളെണ്ണുന്നു; പ്രതിപക്ഷം ആക്രമണത്തിന്റെ തെളിവ് ചോദിക്കുന്നു: നരേന്ദ്രമോദി

രാജ്യത്തെ ശാസ്ത്രജ്ഞരെയും പട്ടാളക്കാരെയും അപമാനിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്ന് പ്രസംഗത്തിൽ മോദി പറഞ്ഞു.

പുൽവാമ ഭീകരാക്രമണത്തിനു പിന്നാലെ ബാലാകോട്ടിൽ ഇന്ത്യ നടത്തിയ ആക്രമണത്തിനു ശേഷം പാകിസ്താൻ ഇപ്പോഴും മൃതദേഹങ്ങൾ എണ്ണിത്തിട്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സാഹചര്യം ഇങ്ങനെയായിരിക്കെ ഇപ്പോഴും പ്രതിപക്ഷം ആക്രമണത്തിൽ പാക് ഭീകരർ കൊല്ലപ്പെട്ടതിന് തെളിവ് ചോദിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒഡിഷയിൽ ലോകസഭാ-നിയസഭാ തെരഞ്ഞെടുപ്പുകളുടെ പ്രചാരണറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

‘ഒരുമാസത്തോളമായി, പാകിസ്താൻ ഇപ്പോഴും ഭീകരരുടെ മൃതദേഹങ്ങൾ എണ്ണുന്ന തിരക്കിലാണ്. ഇവിടെ ചിലയാളുകൾ തെളിവ് ചോദിച്ചു കൊണ്ടിരിക്കുന്നു.’ -മോദി പറഞ്ഞു. ഇന്ത്യ ഭീകരർക്കെതിരെ പ്രവർത്തിക്കുകയും ശത്രുവിന്റെ വീട്ടിൽപ്പോയി ആക്രമണം നടത്തുകയും ചെയ്യുമ്പോൾ ഇവർക്ക് തെളിവകൾ വേണമെന്നാണ് പറയുന്നതെന്നും മോദി പറഞ്ഞു.

‘മിഷൻ ശക്തി’ വിക്ഷേപണം സംബന്ധിച്ചുയർന്ന പ്രതിപക്ഷ വിമർശനങ്ങൾക്കും മോദി പരിപാടിയിൽ മറുപടി നൽകി. “ഇന്ത്യ ഇപ്പോൾ ഒരു ബഹിരാകാശ ശക്തിയായി മാറി. ലോകം ഇന്ത്യയെ ശ്രദ്ധിക്കുന്നു. ബഹിരാകാശത്തും ഇന്ത്യ ‘ചൗക്കിദാരി’ (കാവൽപ്പണി) ചെയ്യുന്നു. ലോകം ശ്രദ്ധിക്കുകയും നമ്മൾ അഭിമാനിക്കുകയും ചെയ്യുമ്പോൾ രാജ്യത്തിന്റെ നേട്ടങ്ങളെ ചോദ്യം ചെയ്യുകയും അവമതിക്കുകയുമാണ് പ്രതിപക്ഷം ചെയ്യുന്നതെന്ന് മോദി കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലിരിക്കുമമ്പോൾ ശാസ്ത്രജ്ഞരുടെ നേട്ടങ്ങളെ തന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ഉപയോഗിച്ചെന്ന ആരോപണവുമായി പ്രതിപക്ഷം എത്തിയതിനെയാണ് മോദി സൂചിപ്പിച്ചത്. പെരുമാറ്റച്ചട്ടം ലംഘിക്കാൻ മോദിക്ക് മൗനാനുമതി നൽകിയ തെരഞ്ഞെടുപ്പു കമ്മീഷനെ വിമർശിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തിയിരുന്നു. ശാസ്ത്രജ്ഞർക്ക് തങ്ങളുടെ നേട്ടം രാജ്യത്തോട് വിളിച്ചു പറയാൻ അവസരം നൽകാതെ അത് കവർന്നെടുത്ത പ്രധാനമന്ത്രിയുടെ നടപടിയും വിമർശനവിധേയാമായി.

രാജ്യത്തെ ശാസ്ത്രജ്ഞരെയും പട്ടാളക്കാരെയും അപമാനിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്ന് പ്രസംഗത്തിൽ മോദി പറഞ്ഞു. പ്രതിപക്ഷത്തെ ശിക്ഷിക്കേണ്ടതല്ലേയെന്നും മോദി ചോദിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍