UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മിന്നലാക്രമണം നീണ്ടത് നാലു മണിക്കൂര്‍; 38 ഭീകര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍

Avatar

അഴിമുഖം പ്രതിനിധി

 

പാക് അധിനിവേശ കാശ്മീരില്‍ കടന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണം നീണ്ടു നിന്നത് നാലു മണിക്കൂര്‍. ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 38 ഭീകരര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ‘ഇകണോമിക് ടൈംസ്’ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. രണ്ട് പാക് സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ യുദ്ധത്തിലല്ലാത്ത സമയത്ത് ആദ്യമായാണ് ഇത്തരമൊരു ആക്രമണം നടത്തുന്നത്. ലഭിച്ച ഇന്റലീജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ആക്രമണം.

 

ബുധനാഴ്ച രാത്രി 12.30-നാണ് ആക്രമണം ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌പെഷ്യല്‍ ഫോഴ്‌സില്‍ നിന്നുള്ള പാരാട്രൂപ്പേഴ്‌സും ആക്രമണത്തില്‍ പങ്കെടുത്തിരുന്നു. നിയന്ത്രണ രേഖയില്‍ ഇവരെ വായൂമാര്‍ഗം എത്തിക്കുകയും തുടര്‍ന്ന് സൈന്യം പാക് അതിര്‍ത്തി കടക്കുകയുമായിരുന്നു.

 

മിന്നലാക്രമണം നടത്താന്‍ ഇന്ത്യന്‍ സൈന്യം നിയന്ത്രണ രേഖയില്‍ നിന്ന് മൂന്ന് കിലോമീറ്ററോളം ഉള്ളില്‍ കടന്നതായാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

 

നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന്റെ ഭാഗത്തുള്ള ഭീംബര്‍, ഹോട്ട്‌സ്പ്രിംഗ്, കേല്‍ ആന്‍ഡ് ലിപാ മേഖല എന്നിവിടങ്ങളിലായിരുന്നു ആക്രമണം. ആക്രമണത്തില്‍ ഏഴ് ഭീകര കേന്ദ്രങ്ങള്‍ തകര്‍ന്നുവെന്നാണ് സൈന്യത്തെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍.

 

38 ഭീകരര്‍ക്കു  പുറമെ രണ്ട് പാക് സൈനികരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഹെലികോപ്റ്ററുകളും ആക്രമണത്തില്‍ പങ്കെടുത്തതായും വെളുപ്പിന് നാലരയ്ക്കാണ് ആക്രമണം അവസാനിപ്പിച്ചതെന്നുമാണ് സൈനിക വൃത്തങ്ങള്‍ പറയുന്നത്.

 

അതിര്‍ത്തി കടന്നുള്ള നുഴഞ്ഞുകയറ്റം വര്‍ധിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു ആക്രമണം വേണ്ടി വന്നതെന്നും സൈന്യം പറഞ്ഞു. അതിര്‍ത്തി കടക്കാന്‍ കാത്ത് ഭീകരര്‍ക്കു വേണ്ടി ഇത്തരം നിരവധി ക്യാമ്പുകളാണ് പാക് അധിനിവേശ കാശ്മീരില്‍ പ്രവര്‍ത്തിച്ചിരുന്നത്. കാശ്മീരിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും കുഴപ്പങ്ങളുണ്ടാക്കുകയാണ് ഇവരുടെ ലക്ഷ്യം. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു ആക്രമണം നടത്തിയതെന്നും സൈന്യം വ്യക്തമാക്കി. തുടര്‍ന്ന് പാക്കിസ്ഥാനെ ഇക്കാര്യം അറിയിച്ചിരുന്നുവെന്ന് മിലിട്ടറി ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.

 

വലിയ ആസൂത്രണങ്ങളൊന്നും കൂടാതെ തന്നെ നടത്താന്‍ സാധിക്കുന്നതാണ് ഇത്തരം മിന്നലാക്രമണങ്ങള്‍. ആക്രമണം നടത്താന്‍ ഉദ്ദേശിച്ച കേന്ദ്രങ്ങളെ കുറിച്ച് വിവരം ലഭിക്കുകയും അക്കാര്യത്തില്‍ വ്യക്തതയുണ്ടാകുകയും ചെയ്താല്‍ മറ്റ് ഭാഗങ്ങളിലോ ജനങ്ങള്‍ക്കോ അപകടമുണ്ടാകാതെ അത്തരം കേന്ദ്രങ്ങള്‍ മാത്രം ആക്രമിക്കുന്ന രീതിയാണിത്.

 

ഇത്തരം മിന്നലാക്രമണങ്ങളെ യുദ്ധമായി കണക്കാക്കാറില്ല. ശത്രുകേന്ദ്രങ്ങളില്‍ ആക്രമിക്കേണ്ടവ കണക്കാക്കുകയും പിഴവുകളില്ലാതെ മിന്നല്‍ ആക്രമണം നടത്തി തിരിച്ചു പോരികയും ചെയ്യുന്ന രീതി ലോകം മുഴുവന്‍ നിലവിലുള്ളതാണ്. ഇന്ത്യ പിഴവകുകളില്ലാതെയാണ് ഇത്തരമൊരു ആക്രമണം നടത്തിയത് എന്നതുകൊണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തില്ല. എന്നാല്‍ ഇത്തരമൊരു കാര്യമേ സംഭവിച്ചിട്ടില്ലെന്ന നിലപാടിലാണ് പാക്കിസ്ഥാന്‍. അതിര്‍ത്തിയില്‍ ഇരു സൈന്യവും തമ്മിലുണ്ടായ വെടിവയ്പില്‍ തങ്ങളുടെ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു എന്നാണ് പാക്കിസ്ഥാന്റെ അവകാശവാദം.

 

ആക്രമണത്തിനു ശേഷം രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് എന്നിവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവരങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു. ജമ്മു-കാശ്മീര്‍ ഗവര്‍ണര്‍, മുഖ്യമന്ത്രി എന്നിവരെയും വിവരങ്ങള്‍ അറിയിച്ചിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍