UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അതിര്‍ത്തിയില്‍ ‘യുദ്ധം ആരംഭിച്ചു കഴിഞ്ഞു’; പലായനത്തിന്റെ ദിനങ്ങളും

Avatar

നിഷിത ജാ

ഡസന്‍ കണക്കിന് പാകിസ്ഥാനി തീവ്രവാദികളെ കൊന്നു എന്നവകാശപ്പെട്ടുകൊണ്ട് ഇന്ത്യ കഴിഞ്ഞ വ്യാഴാഴ്ച രാവിലെ അതിര്‍ത്തി കടന്നു നടത്തിയ സൈനിക നടപടിയോട് പാകിസ്ഥാന്‍ എങ്ങനെ പ്രതികരിക്കും എന്നതിനെ കുറിച്ച് പട്ടാളമേധാവികളും അവതാരകരും ഘോരഘോരം ചര്‍ച്ചകള്‍ നടത്തുന്ന ടെലിവഷന്‍ ചാനലുകളെ സംബന്ധിച്ചിടത്തോളം, യുദ്ധം എന്നത് ചക്രവാളത്തിന്റെ വിദൂരതയില്‍ എവിടെയോ കിടക്കുന്ന ഒരു സാധ്യത മാത്രമാണ്.

എന്നാല്‍ പഞ്ചാബിലെ ഫിറോസെപൂര്‍ ജില്ലയിലെ കാലു വാല ഗ്രാമത്തില്‍ താമിസിക്കുന്ന 86-കാരിയായ ബിന്ദര്‍ കൗറിനെ സംബന്ധിച്ചിടത്തോളം, പലായനത്തിന് സമയമായെന്ന പ്രാദേശിക ഗുരുദ്വാരയുടെ പ്രഖ്യാപനത്തോടെ യുദ്ധം വ്യാഴാഴ്ച രാത്രിയില്‍ തന്നെ ആരംഭിച്ചുകഴിഞ്ഞു.

സ്ഥലം വിടണം എന്ന് മാത്രമേ അവര്‍ക്ക് അറിയൂ. എങ്ങോട്ട്, എത്ര ദൂരം എന്നതിനെ കുറിച്ച് അവര്‍ക്കോ മക്കളായ ബിബിക്കും പ്രേം സിങ്ങിനുമോ യാതൊരു ധാരണയുമില്ല. ‘വിഭജനത്തെ കുറിച്ചോ 1971നെ കുറിച്ചോ എന്റെ മകനും മകള്‍ക്കും യാതൊന്നുമറിയില്ല. ചില കഥകള്‍ കേട്ടിട്ടുണ്ട് എന്നല്ലാതെ. സ്ഥലം വിടൂ, സ്ഥലം വിടൂ…പാകിസ്ഥാന്‍ വന്നുകൊണ്ടിരിക്കുകയാണ് എന്ന് അവരോട് അലമുറയിടാനേ എനിക്ക് സാധിക്കുന്നുള്ളു.’ കൗര്‍ പറയുന്നു.

ഒടുവില്‍  കുറച്ചു വസ്ത്രങ്ങളും മൂന്ന് കട്ടിലുകളും ട്രാക്ടറിലാക്കി വെളുപ്പിന് മൂന്ന് മണിക്ക് ആ കുടുംബം 26 കിലോമീറ്റര്‍ അകലെയുള്ള ബാരെ കിയിലേക്ക് യാത്രയായി. പഞ്ചാബിന്റെ അതിര്‍ത്തി ജില്ലകളായ അമൃതസര്‍, തരണ്‍ തരണ്‍, ഗുരുദാസ്പൂര്‍, ഫെറോസെപൂര്‍, പത്താന്‍കോട്ട്, ഫസില്‍ക എന്നിവടങ്ങളില്‍ നിന്നും പലയാനം ചെയ്ത 15 ലക്ഷം ജനങ്ങളില്‍ ഈ കുടുംബവും ഉള്‍പ്പെടുന്നു. കൗറിന്റെ കുടുംബത്തിനെപ്പോലെ ചിലര്‍ രാത്രിയുടെ ഇരുണ്ട യാമങ്ങള്‍ യാത്രയ്ക്കായി തിരഞ്ഞെടുത്തപ്പോള്‍, മറ്റു ചിലരെ പ്രഭാതത്തില്‍ പട്ടാളത്തിന്റെ അകമ്പടിയോടെ ഒഴിപ്പിക്കുകയുകയായിരുന്നു. ചില കുടുംബങ്ങളാകട്ടെ സംസ്ഥാനത്തിനകത്തേക്ക് പോകുന്ന ബസുകളില്‍ തിങ്ങിക്കയറുകയായിരുന്നു. ആരും കുടുംബങ്ങളില്‍ അവശേഷിക്കുന്നില്ല എന്നുറപ്പാക്കിക്കൊണ്ടുള്ള കൂട്ട പലായനത്തിനാണ് പഞ്ചാബിന്റെ അതിര്‍ത്തി ജില്ലകള്‍ സാക്ഷ്യം വഹിക്കുന്നത്.

അതിര്‍ത്തിയില്‍ നിന്നും പത്തുകിലോമീറ്റര്‍ വരെയുള്ള ഗ്രാമങ്ങളാണ് അടിയന്തിരമായി ഒഴിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ, എളുപ്പം വീടുകളിലേക്ക് മടങ്ങാം എന്ന പ്രതീക്ഷയില്‍ മിക്കവരും പത്തുകിലോമീറ്റര്‍ അതിര്‍ത്തി കഴിയുന്നിടത്ത് തന്നെ തമ്പടിക്കാന്‍ ശ്രമിക്കുന്നു. ചില ഭാഗ്യശാലികള്‍ക്ക് ബന്ധുക്കള്‍ത്തന്നെ ആതിഥ്യം ഒരുക്കുകയും ചെയ്യുന്നു.

തങ്ങള്‍ ഭക്ഷണവും ശുദ്ധജലവും കിടക്കാനുള്ള സൗകര്യങ്ങളും മരുന്നുകളും വിതരണം ചെയ്യുന്നുണ്ടെന്നും അതിനാല്‍ പരാതികള്‍ക്ക് അടിസ്ഥാനമില്ലെന്നും ഗുരുദ്വാര പ്രബന്ധക് സമിതി അംഗം അജിത് സിംഗ് പറയുന്നു. എന്നാല്‍ സ്ഥലം സന്ദര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകരോടും രാഷ്ട്രീയക്കാരോടും പരാതി പറയുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്.

അന്താരാഷ്ട്ര അതിര്‍ത്തിക്ക് അടുത്തുള്ള പഞ്ചാബില്‍ സൈനിക നീക്കങ്ങള്‍ പുതുമയുള്ളതല്ല. എന്നാല്‍ ഇപ്പോള്‍ പട്ടാള ട്രക്കുകള്‍ക്ക് പിന്നിലായി ഗൃഹോപകരണങ്ങളെയും കന്നുകാലികളെയും വഹിച്ചുകൊണ്ടുള്ള വാഹനങ്ങളുടെ നീണ്ടനിരകള്‍ പ്രത്യക്ഷപ്പെടുന്നു. എപ്പോഴും സന്ദര്‍ശകരെയും വഴിവാണിഭക്കാരെയും കൊണ്ടു നിറയുന്ന വാഗ അതിര്‍ത്തിയിലെ വാരാന്ത്യങ്ങളുടെ ആഘോഷങ്ങള്‍ക്കും വിരാമമായിരിക്കുന്നു. കഴിഞ്ഞ ശനിയാഴ്ച വാഗയും ഫെറോസെപൂരിലെ ഹുസൈനിവാലയും പൂര്‍ണമായും നിശബ്ദമായിരുന്നു. അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെ ഈ സ്ഥിതി തുടരുമെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥനായ ബി എസ് യാദവ് പറയുന്നു.

അഭയാര്‍ത്ഥി ക്യാമ്പുകള്‍ ചോദ്യങ്ങളാല്‍ മുഖരിതമാണ് എന്തുകൊണ്ട് രാജസ്ഥാനിലെ അതിര്‍ത്തിപ്രദേശങ്ങള്‍ ഒഴിപ്പിക്കുന്നില്ല? ഇന്ത്യ പ്രത്യാക്രമണം പ്രതീക്ഷിക്കുന്ന ഈ സമയത്ത് പാകിസ്ഥാന്‍ ആക്രമണം നടത്തുമോ അതോ ജനങ്ങള്‍ വീടുകളിലേക്ക് മടങ്ങുകയും മുന്നറിയിപ്പുകള്‍ മറക്കുകയും ചെയ്യുമ്പോഴായിരിക്കുമോ അത് സംഭവിക്കുക? മോദി എന്താണ് പറയുന്നത്? അമേരിക്ക എന്താണ് പറയുന്നത്? പാകിസ്ഥാന്റെ മറുപടി എന്താവും?

പ്രധാനമന്ത്രി മോദിക്കുള്ള ഭീഷണി സന്ദേശങ്ങളുമായി ഒക്ടോബര്‍ രണ്ടിന് അതിര്‍ത്തി കടന്ന് മഞ്ഞ ബലൂണുകള്‍ പറന്നെത്തിയതായി പറയപ്പെടുന്നു. പത്താന്‍കോട്ട്, ഫരീദ്‌കോട്ട്, കാര്‍താര്‍പൂര്‍ എന്നിവിടങ്ങളില്‍ ഇത് കാണാമായിരുന്നുവത്രെ. ലോകത്തിലെ ഏറ്റവും മൂര്‍ച്ചയേറിയ ആയുധം തങ്ങളുടെ കൈയിലുണ്ടെന്ന് ചിലവ മോദിയെ ഓര്‍മ്മിക്കുമ്പോള്‍, കാശ്മീരിലൂടെ ഇന്ത്യ നശിപ്പിക്കപ്പെടുമെന്ന് മറ്റു ചിലവ മുന്നറിയിപ്പ് നല്‍കുന്നു.

ഇവയിലൊന്നും സമാധാനത്തിന്റെ സൂചനകള്‍ കാണാനില്ല. അതുകൊണ്ടുതന്നെ അതിര്‍ത്തിയിലെ ജനജീവിതം സാധാരണനിലയിലെത്താന്‍ കുറച്ചുകാലം പിടിക്കും. കാലു വാല ഗ്രാമത്തില്‍ നിന്നും പലായനം ചെയ്ത 86-കാരി ബിന്ദര്‍ കൗര്‍ പറയുന്നതാണ് സത്യം. അതിര്‍ത്തിയില്‍ യുദ്ധം ആരംഭിച്ചു കഴിഞ്ഞു.

(ഓണ്‍ലൈന്‍ പോര്‍ട്ടലായ സ്ക്രോള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ സ്വതന്ത്ര പരിഭാഷ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍