UPDATES

Site Default

കാഴ്ചപ്പാട്

Site Default

ന്യൂസ് അപ്ഡേറ്റ്സ്

അതിര്‍ത്തിയില്‍ വെടി മുഴങ്ങുമ്പോള്‍ ഒരു കശ്മീരി ഓര്‍മ്മിപ്പിക്കുന്നത്

Site Default

സദാ ഗൌരവം. ജമീല്‍ ഖാന്റെ ജീവിതത്തിന് ഒരു ടാഗ് ലൈന്‍ എഴുതാന്‍ പറഞ്ഞാല്‍ സഹപ്രവര്‍ത്തകരെല്ലാം ഒരേ പോലെ എഴുതുക ആ വാചകങ്ങളാണ്. അത് അങ്ങനെ തന്നെയാണ് എന്ന് തെളിയിക്കും ഓരോ നേരവും അയാളുടെ പ്രവൃത്തികള്‍.  

 

തമാശ പോലുള്ള മൃദുല നിമിഷങ്ങള്‍ ദൃഡമായ ആ മുഖത്തിന് ചേരില്ല എന്നു തോന്നും പലപ്പോഴും. എപ്പോഴും മുഖം കനത്തിരിക്കും. ജോലിയും അതിനു പറ്റിയതാണ്.  പ്രശസ്തമായ ഒരു ഫുഡ് പ്രോസസിംഗ് കമ്പനിയുടെ സെയില്‍സ് മാനേജര്‍. കീഴില്‍ അനേകം ജീവനക്കാര്‍. മുന്നില്‍ തീര്‍ത്താലും തീരാത്ത പ്രശ്നങ്ങള്‍, ടാര്‍ഗറ്റുകള്‍. സദാ സംഘര്‍ഷം. ഒരു പക്ഷേ, ജോലിയാവും അയാളെ അങ്ങനെ ആക്കിയിരിക്കുക എന്നു തോന്നും. എന്നാല്‍, ആ ജോലിക്ക് വേണ്ടി പിറന്നതാണ് താനെന്ന്  തെളിയിക്കും എപ്പോഴും ആ മുഖവും ശരീരഭാഷയും.

 

എപ്പോഴും ഉച്ചത്തിലാണ് സംസാരം. അന്നന്നത്തെ സെയിൽസിനും, അച്ചീവ് ചെയ്യാനാവാത്ത ടാർഗറ്റുകൾക്കും മീതെ ഭീഷണിയുടെ മുഴക്കമാവും എപ്പോഴും അയാളുടെ സ്വരത്തില്‍. ശമ്പളം  കട്ട് ചെയ്യും എന്ന മുന്നറിയിപ്പ്. കമ്മീഷന്‍ വെട്ടിച്ചുരുക്കും എന്ന് പേടിപ്പിക്കും. തൊട്ടടുത്തിരുന്ന് ജോലി ചെയ്യുന്ന എനിക്കാണ് അതേറ്റവും അലോസരം ഉണ്ടാക്കുക. അടുത്തു വരുന്നവരോടൊക്കെ ഉച്ചത്തില്‍ കലഹിക്കുന്ന ഒരാളുടെ സാന്നിധ്യം ആര്‍ക്കാണ് ഇഷ്ടപ്പെടുക? 

ടീമിലെ മലബാറികള്‍ അയാളെ “പച്ച” എന്നാണ് വിളിക്കുക. പാക്കിസ്താനികളെ കുറിച്ച് സ്ഥിരം പറയുന്ന പരുഷമൊഴി. അയാള്‍ കാണാതെ, പുറകില്‍ നിന്ന് ചീത്ത വിളിക്കുമ്പോള്‍ കിട്ടുന്ന ആത്മസംതൃപ്തിയാണ് ചിലപ്പോള്‍ അവരെ ഇവിടെ നിലനിര്‍ത്തുന്നത് എന്നു തോന്നിപ്പോവും. 

തനിക്കു നേര്‍ക്കുള്ള അജ്ഞാതമായ തെറിയിളക്കങ്ങള്‍ ഒന്നും അയാള്‍ ഗൌനിക്കാറില്ല. തൊട്ടു മുന്നില്‍ ഇരുന്ന് വേവുന്നവരുടെ തളര്‍ന്ന മുഖമോ കണ്ണീരോ ഒന്നും. തികയ്ക്കാനുള്ള ടാർഗറ്റുകളുടെ നെടുനീളന്‍ പാച്ചിലുകള്‍ക്കിടെ അതിനൊക്കെ എന്തു പ്രസക്തി എന്ന മട്ട്. പച്ച എന്ന വിളിയൊക്കെ അന്തരീക്ഷത്തില്‍ തൂവിപ്പോവും അയാളുടെ ഓരോ നിമിഷങ്ങളിലും. എങ്കിലും ഒന്നു നെടുവീര്‍പ്പിടാന്‍, ‘പച്ച’ എന്ന് അടക്കിപ്പിടിച്ച് വിളിക്കാതിരിക്കാനുമാവില്ല സഹപ്രവര്‍ത്തകര്‍ക്ക്. 

ആ മനുഷ്യനാണ് ഇപ്പോള്‍ കമ്പ്യൂട്ടറിനു മുന്നില്‍ വിളറി വെളുത്തിരിക്കുന്നത്! ഞാനാകെ അന്തം വിട്ടു പോയി. പതിവ് ബഹളങ്ങള്‍ ഒന്നുമില്ല. തികഞ്ഞ ശാന്തത. ആകെ തളര്‍ന്നതു പോലുള്ള മുഖം. കണ്ണുകളില്‍ സദാ ഫിറ്റ് ചെയ്തു വെച്ചിരിക്കുന്ന ഊര്‍ജസ്വലതയില്ല. പരിക്ഷീണന്‍. 

 

 

എന്താണാവോ അയാള്‍ക്ക്? ആദ്യം ആലോചിച്ചത് അതാണ്. അടുത്തിടെ അവധി കഴിഞ്ഞു വന്നതിന്റെ പതിവു പ്രവാസ ദു:ഖമാവാം. ക്ലാസ്സില്‍ കയറാതെ ഉഴപ്പി നടക്കുന്നുവെന്ന് ചിലപ്പോഴൊക്കെ പറയാറുള്ള മുതിര്‍ന്ന മകനെ കുറിച്ചുള്ള ആകുലതയുമാവാം. അല്ലെങ്കില്‍ എന്തെങ്കിലും കുടുംബ വഴക്ക്. അതുമല്ലെങ്കില്‍, ജോലിക്കിടെ വന്നു പെട്ട എന്തോ പരീക്ഷണങ്ങള്‍. 

എന്തങ്കിലും ആവട്ടെ എന്നു തന്നെ കരുതി  സ്ഥിരം ജോലികളിലേയ്ക്ക് ഞാന്‍ മുഖം പൂഴ്ത്തി. എങ്കിലും അയലത്തെ അസാധാരണമായ നിശ്ശബ്ദത എന്നെ ഇടക്കിടെ ഇളക്കി. 

കസേര അല്പം പുറകിലേയ്ക്ക് നീക്കി അയാളുടെ മോണിട്ടറിലേയ്ക്ക് കണ്ണെറിഞ്ഞപ്പോള്‍ അതില്‍ നിറയെ തുറന്നുവെച്ച വെബ്സൈറ്റുകള്‍. ഓരോ സൈറ്റിലൂടെയും വിശന്നു വലഞ്ഞ പൂച്ചയെ പോലെ അയാള്‍ നടക്കുകയായിരുന്നു. തികച്ചും അസ്വസ്ഥന്‍. എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട് അയാള്‍ക്കെന്ന് തോന്നി. 

ചോദിക്കാതിരിക്കാന്‍ പറ്റിയില്ല, എന്തു പറ്റി ജമീല്‍ ഭായി? 

ചോദ്യം കേട്ടിട്ടും മിണ്ടാതെ അയാള്‍ മോണിറ്ററില്‍ മുഖം പൂഴ്ത്തി. വേഗത്തിലും അക്ഷമയോടെയും അയാളുടെ മൌസ് ക്ലിക്കുകള്‍ എവിടെയൊക്കെയോ പരതി നീങ്ങുന്നുണ്ടായിരുന്നു. സൂക്ഷിച്ചു നോക്കിയപ്പോള്‍ മനസ്സിലായി, ഉറുദു പത്രങ്ങളുടെ ഒണ്‍ലൈന്‍ സൈറ്റുകളാണവ. 

ഒന്നു നിര്‍ത്തി, എന്നെ നോക്കാതെ അയാള്‍ പെട്ടെന്ന് പറഞ്ഞു. ‘നാട്ടിലാകെ പ്രശ്നമാണ്’.

അമ്പരപ്പോടെ ഞാന്‍ മുഖം കൂര്‍പ്പിച്ചു. 

അയാള്‍ തുടര്‍ന്നു:  ‘റാവല്‍കോട്ടിലും മുസാഫറാബാദിലുമൊക്കെ കുഴി ബോംബ് സ്ഫോടനങ്ങള്‍ നടക്കുകയാണ്’. 

അവിടെയാണ് അയാളുടെ കുടുംബം. ഉറ്റവര്‍. മരിച്ചവരുടെയും പരിക്കേറ്റവരുടെയും പേരുവിവരങ്ങളാണ് സൈറ്റുകളില്‍ അയാള്‍ തിരയുന്നത്. രക്തവും ഭീതിയും പറ്റിപ്പിടിച്ച വാര്‍ത്താ വരികള്‍ക്കിടയില്‍നിന്ന് അയാള്‍ സ്വന്തം ചോരയുടെ മണം തേടുകയാണ്.  

പിന്നെ അയാള്‍ പറഞ്ഞത്, അയാളെപ്പോലുള്ള ഒരാളില്‍നിന്ന് പ്രതീക്ഷിക്കാനാവാത്ത ചില വാചകങ്ങളാണ്. അക്ഷരാര്‍ത്ഥത്തില്‍ ഉള്ളു തുറന്നു പകര്‍ത്തുന്ന വാചകങ്ങള്‍. 

‘നോക്കൂ, ഞാനൊരു കശ്മീരി ആണ്. നിങ്ങളുടെ ഇന്ത്യനും അല്ല, അവരുടെ പാകിസ്ഥാനിയും അല്ല. എന്നാണ് ഞങ്ങളുടെ ഈ വിധി ഒന്നവസാനിക്കുക എന്നറിയില്ല. ആരുടേതുമല്ലാത്ത ഒരു നാട്ടിലിരുന്ന് രണ്ട് രാജ്യങ്ങളുടെ വിഷം തീണ്ടുകയാണ് ഞങ്ങള്‍. ആരുടേതുമാവേണ്ട, ഒന്ന് ജീവിക്കാന്‍ അനുവദിച്ചാല്‍ മതി’. 

ബെസ്റ്റ് ഓഫ് അഴിമുഖം 

നമുക്ക് മനസിലാകില്ല കാശ്മീരിന്റെ വേദന
കാശ്മീര്‍ ലക്ഷ്യമിട്ട് സംഘപരിവാര്‍
ഇന്ത്യ-പാക്: മോദി സര്‍ക്കാരിന്‍റേത് തിരിച്ചടിക്കുന്ന തീരുമാനം
ആരാണ് അജിത് ദോവല്‍?
അയലത്തെ അദ്ദേഹം

കച്ചവടമോ ജോലിയോ പരമ്പരാഗത തുന്നല്‍ വേലയോ ഒന്നും ചെയ്യാന്‍ ആവാത്ത അവസ്ഥയിലാണ് തന്റെ നാടെന്ന് അയാള്‍ പിന്നീട് പറഞ്ഞു. ഗ്രാമങ്ങള്‍ ദാരിദ്യ്രത്തിലും ഭീതിയിലും ആണ്. പിന്നെ,അസാധാരണമായ ഒരു മാനസികാവസ്ഥയില്‍  സ്വന്തം ഫേസ്ബുക്ക് പേജിില്‍ അപ് ലോഡ് ചെയ്ത ആപ്പിള്‍ പോലെ ചുവന്നു തുടുത്ത അയാളുടെ കുടുംബത്തിലെ കുട്ടികളുടെ ചിത്രങ്ങള്‍ കാണിച്ചു തന്നു. പൈന്‍ മരങ്ങളും മഞ്ഞു നിറഞ്ഞ തെരുവുകളും കാണിച്ചു തന്നു. വസന്തത്തിലെ  തെളിഞ്ഞ വെയിലും പൂക്കളും ആപ്പിള്‍ മരങ്ങളും കാണിച്ചു തന്നു. അമ്മീജാനിനെയും അബ്ബാ ജാനിനെയും കാണിച്ചു തന്നു. 

പെട്ടെന്ന് എന്റെ കണ്ണുകള്‍ നിറഞ്ഞു. സൈറണ്‍ മുഴക്കി ഏതോ പട്ടാളവാഹനം ആ കുന്നുകളിലേക്ക് പാഞ്ഞു കയറുന്ന കാഴ്ച ഞാന്‍ കണ്ടു. പിന്നെ, ഒറ്റ സ്ഫോടനത്തില്‍ പലതായി ചിതറി തെറിക്കുന്ന അനേകം ശരീരങ്ങളുടെ ദൃശ്യങ്ങള്‍ ഒന്നിച്ച് കണ്ണില്‍ നിറഞ്ഞു. കാതില്‍ നിര്‍ത്താത്ത വിലാപങ്ങള്‍. ഖബറിടത്തിനു മുന്നില്‍ പച്ച മണ്ണു വാരിയിടുന്ന ആരുടെയൊക്കെയോ അവ്യക്തമായ ദൃശ്യങ്ങള്‍. കൊളാഷ് പോലെ ഒരു ദേശത്തിന്റൈ തീയും പുകയും ചോരയും.  

അയാളുടെ കണ്ണുകളും നിറഞ്ഞുവെന്ന് തോന്നി. പെട്ടെന്നയാള്‍ കസേരയില്‍നിന്ന് എഴുന്നേറ്റു. “ബഹന്‍, റോസീ റോടീ കേലിയെ ഹം കോ തോ ധൂപ് മൈന്‍ നികല്‍നാ ഹേ” എന്ന് പറഞ്ഞു ഉച്ചവെയിലിലേയ്ക്ക് അയാള്‍ ഇറങ്ങി.

അത്  കഴിഞ്ഞും അയാള്‍ തൊട്ടടുത്തു തന്നെ ഇരുന്ന് ജോലി ചെയ്തിരുന്നു. മുമ്പത്തെ അതേ ആളായി. കനത്ത സ്വരത്തില്‍ ആളുകളെ അയാള്‍ കുടഞ്ഞു തെറിപ്പിക്കുന്നത് തൊട്ടടുത്തിരുന്ന് കണ്ടു, കേട്ടു. മൃദുല വികാരങ്ങള്‍ ഇല്ലാത്ത കടുപ്പം പിടിച്ച സെയില്‍സ് മാനേജറുടെ മുഖം അയാള്‍ വീണ്ടും എടുത്തണിഞ്ഞു. 

ആ സ്ഫോടനത്തില്‍ ഉറ്റവര്‍ ആരെങ്കിലും പെട്ടോ എന്ന് ചോദിക്കാന്‍ പലപ്പോഴും തോന്നിയിട്ടുണ്ട്. എന്നാല്‍, ഒരിക്കലുമത് ചോദിച്ചില്ല. നാട്ടിലെ വാര്‍ത്തകളില്‍ അസ്വസ്ഥനായി മോണിറ്ററില്‍ അയാള്‍ മുറിഞ്ഞു വീഴുന്നത് പിന്നെയും പല വട്ടം കണ്ടു. എന്നിട്ടും ഒന്നും ചോദിച്ചില്ല. എന്തായിരിക്കും അയാള്‍ക്ക് പറയാനുണ്ടാവുക എന്ന അകാരണമായ ഭീതിയാവാം കാരണം. 

കുറച്ചു കാലം മുമ്പ് ഞാന്‍ ആ സ്ഥാപനം വിട്ടു. പുതിയ ജോലികള്‍. പുതിയ തിരക്കുകള്‍. മറ്റെല്ലാം പോലെ ആ ഓഫീസ് മുറിയുടെ കീബോര്‍ഡ് ഇളക്കങ്ങളുടെ ഒച്ചയും സെയില്‍സും ടാര്‍ഗറ്റും കൂടി സൃഷ്ടിക്കുന്ന അസ്വസ്ഥകളും ഞാന്‍ മറന്നു. 

ഇന്നിപ്പോള്‍, ടിവി കാണുമ്പോള്‍ പെട്ടെന്ന് അയാളെ ഓര്‍ത്തു. കശ്മീര്‍ വീണ്ടും ചോരക്കളിയുടെ കേന്ദ്രമായിരിക്കുന്നു. അതിര്‍ത്തിയില്‍ വെടിവെപ്പും ചോരക്കളികളും.  യുദ്ധ കാഹളങ്ങള്‍ അതിര് ഭേദിക്കുകയാണ്. ഇന്ത്യക്കാരനും പാകിസ്ഥാനിയും ഓണ്‍ലൈന്‍ മൈതാനങ്ങളിലും കൊമ്പ് കോര്‍ക്കുന്നു. ദേശീയതയുടെയും ജാതീയതയുടെയും രാഷ്ട്രീയത്തിന്റെയും വര്‍ഗീയതയുടെയും ഒക്കെ അജണ്ടകള്‍ വിഷമിറ്റുന്ന കോമ്പല്ലുകള്‍ വെളിവാക്കുന്നു. അതിര്‍ത്തി ഗ്രാമങ്ങളില്‍ മനുഷ്യര്‍ മരിക്കുന്നു. 

‘ഞങ്ങള്‍ക്ക് സമാധാനം മതിയായിരുന്നു. ഇന്ത്യയോ പാക്കിസ്ഥാനോ വേണ്ട!’ എവിടെ നിന്നോ അയാളുടെ വിവശമായ സ്വരം മുഴങ്ങുന്നു. 

പെട്ടെന്ന് അയാളെ വിളിക്കാന്‍ തോന്നി. പതിവു പോലെ തിരക്കിലായിരുന്നു ജമീല്‍. എങ്കിലും, അഭിവാദ്യങ്ങളൊന്നുമില്ലാതെ അയാള്‍ സംസാരിച്ചു. യുദ്ധം എന്ന വാക്കിന് സൃഷ്ടിക്കാനാവുന്ന സര്‍വ്വ ഭീതിയും ഉള്‍ച്ചേര്‍ന്നിരുന്നു അയാളുടെ സ്വരത്തില്‍. 

‘അതിര്‍ത്തിയില്‍ നിന്ന് 45 കി.മീ അകലെയാണ് ഗ്രാമം. 45 കി.മീ അത്ര വലിയ ദൂരം ഒന്നും അല്ല, ഒരു വേള യുദ്ധം ശരിക്കും പൊട്ടി പുറപ്പെട്ടാല്‍…’ 

അങ്ങിനെ പറഞ്ഞാണ് ജമീല്‍ ഫോണ്‍ വെച്ചത്. 

ടി.വിയില്‍ ഇപ്പോഴും അതിര്‍ത്തി സംഘര്‍ഷത്തെ കുറിച്ചുള്ള വാക്കുകള്‍. 

‘ലൌട്ടാ ദേ ജന്നത് വോ മേരീ….ഓ ഖുദാ യാ….ലൌട്ടാ ദേ’… കൈലാഷ് ഖേറിന്റെ ശബ്ദം റൂഹില്‍ വന്നു തൊടുന്നു.

Site Default

Site Default

മാധ്യമപ്രവര്‍ത്തക, എഴുത്തുകാരി, അഴിമുഖം കോളമിസ്റ്റ്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍