UPDATES

യാത്ര

ഇന്ത്യാ-പാക്കിസ്ഥാന്‍ അതിര്‍ത്തി മുറിച്ചുകടക്കുമ്പോള്‍

ഇന്‍ഡ്യന്‍സ് ഇന്‍ പാകിസ്ഥാന്‍ (ബ്ലോഗ്)

ഇന്ത്യയില്‍ നിന്ന് പാക്കിസ്ഥാനിലേയ്ക്ക് സ്ഥിരമായി ഞാന്‍ വിമാനത്തിലാണ് യാത്രചെയ്യാറ്. എന്നാല്‍ ആദ്യമായി ഞാന്‍ ലാഹോര്‍-ഡല്‍ഹി ബസില്‍ യാത്ര ചെയ്യാന്‍ തീരുമാനിച്ചു. പ്രശസ്തമായ വാഗാ ബോര്‍ഡര്‍ കാണുകയാണ് ലക്‌ഷ്യം. പാക്കിസ്ഥാന്‍ ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍റെ ലാഹോര്‍ ടെര്‍മിനസില്‍ ചെന്ന് അവിടുത്തെ പരുക്കന്‍സ്വഭാവക്കാരായ ജോലിക്കാരെയും പോര്‍ട്ടര്‍മാരെയും കണ്ടതോടെ ബസില്‍ പോകാന്‍ തീരുമാനിച്ചത് അബദ്ധമായോ എന്ന് തോന്നി. സ്കാനറുകള്‍ ഒന്നും ഇല്ലാതിരുന്നതുകൊണ്ട് സ്പെഷ്യല്‍ ബ്രാഞ്ച് ജീവനക്കാര്‍ എന്റെ പെട്ടികള്‍ മുഴുവന്‍ ഓരോന്നായി തുറന്നുപരിശോധിക്കുന്നതിനിടെ ഞാന്‍ ക്ഷമയോടെ കാത്തിരുന്നു. ഇതിനിടെ ഒരു സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ എന്റെ സാധനങ്ങള്‍ അലക്ഷ്യമായി മേശപ്പുറത്ത് നിരത്തുന്നത് കണ്ട് ഞാന്‍ ഒന്ന് പേടിച്ചു. എതിര്‍ക്കാന്‍ നോക്കിയപ്പോള്‍ ഒരിക്കല്‍ കള്ളനോട്ട് കടത്തിയ ഒരു സ്ത്രീയെ പിടിച്ച കഥ അയാള്‍ വിളമ്പി. എന്റെ കൂടെ യാത്ര ചെയ്തിരുന്ന എന്റെ മാതാപിതാക്കള്‍ക്കും ഭര്‍തൃസഹോദരിക്കും ഇതേ അനുഭവം തന്നെയാണ് ഉണ്ടായത്. അധികം വൈകാതെ അവരുടെ പെട്ടികളിലെ സാധനങ്ങളും നിലത്ത് നിരന്നു. ബസ് വിടാന്‍ പതിനഞ്ചുമിനുറ്റ് മാത്രം ഉണ്ടായിരുന്നത് കൊണ്ട് ഞങ്ങള്‍ ഇരുന്ന് ധൃതിയില്‍ എല്ലാം പെട്ടികളില്‍ കുത്തിനിറയ്ക്കാന്‍ തുടങ്ങി.

അതിനുശേഷം സ്പെഷ്യല്‍ ബ്രാഞ്ചിലെ ഒരു സ്ത്രീ ഞങ്ങളുടെ ശരീരപരിശോധന നടത്തി. എന്റെ ബാഗിലുള്ളതെല്ലാം അവരുടെ മേശയില്‍ നിരത്തി എന്റെ പെര്‍ഫ്യൂം അവരുടെ ഉടുപ്പില്‍ ആവോളം ചീറ്റിച്ചു. എന്റെ പേഴ്സിലെ പണം ഞാന്‍ തിരിച്ചുചോദിക്കുവോളം കയ്യില്‍ വെച്ചു. എന്റെ അമ്മായിയമ്മയുടെയും ഭര്‍തൃസഹോദരിയുടെയും ബാഗുകള്‍ പരിശോധിച്ച് അവരോട് ഒരു സണ്‍സ്ക്രീന്‍ ലോഷന്‍ “ഗിഫ്റ്റ്” ആയി ആവശ്യപ്പെട്ടു. “ഗിഫ്റ്റ്” സ്വീകരിക്കുന്നതിനുമുന്‍പ് ഇതെങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നും അവര്‍ ചോദിക്കാന്‍ മറന്നില്ല. 

 

വാഗാബോര്‍ഡറില്‍ എത്തിയപ്പോള്‍ പാക്കിസ്ഥാനി എമിഗ്രേഷന്‍ ഓഫീസര്‍ എന്റെ പാസ്പോര്‍ട്ട് സ്റ്റാമ്പ്‌ ചെയ്യാന്‍ വിസമ്മതിച്ചു. മുന്പ് ബസ്-ട്രെയിന്‍ ഉപയോഗിച്ച് യാത്ര ചെയ്യാത്തത് കൊണ്ട് ഇന്ത്യയിലേയ്ക്ക് വിമാനമാര്‍ഗം മാത്രമേ എനിക്ക് പോകാനാകൂ എന്നായിരുന്നു അയാളുടെ വാദം. ബോര്‍ഡര്‍ നടന്നുകടക്കാന്‍ മാത്രമേ എനിക്ക് അനുവാദമില്ലാത്തതുള്ളൂ എന്നും (ഡിപ്ലോമാറ്റിക് ആളുകള്‍ക്ക് മാത്രം പറ്റുന്ന ഒരു കാര്യമാണത്) ബസോ ട്രെയിനോ ഉപയോഗിക്കുന്നതില്‍ പ്രശ്നമില്ലെന്നും ഞാന്‍ വിശദീകരിക്കാന്‍ ശ്രമിച്ചു. അയാള്‍ എന്നോട് പോയിരിക്കാന്‍ ആജ്ഞാപിച്ചു.

എന്നെ ഏറ്റവും അവസാനമാണ് വിളിച്ചത്. അയാള്‍ എന്നോട് പോലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. എനിക്ക് ലഭിച്ച വിസ പ്രകാരം എന്നെ പോലീസ് റിപ്പോര്‍ട്ടിങ്ങില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന്‍ ഞാന്‍ പറഞ്ഞു. അയാള്‍ സംശയത്തോടെ എന്നെ നോക്കിയശേഷം ബോസിന്റെ മുറിയില്‍ പോയി തിരിച്ചുവന്നു എന്നെ ഇമിഗ്രേറ്റ് ചെയ്യാന്‍ അനുവദിച്ചു. ഈ നേരമത്രയും ലാഹോറില്‍ എന്റെ ലഗേജ് പരിശോധിച്ച സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ കൌണ്ടറിനരികില്‍ നിന്ന് ഇത് ആസ്വദിച്ച് രസിക്കുകയായിരുന്നു.

അഞ്ചുനിമിഷം കഴിഞ്ഞ് ഇമിഗ്രേഷന്‍ ഓഫീസര്‍ എന്നെ വിളിച്ച് എന്റെ ഇമിഗ്രേഷന്‍ കാന്‍സല്‍ ചെയ്യുകയാണെന്ന് പറഞ്ഞു. ഞാന്‍ നടുങ്ങിപ്പോയി. കരമാര്‍ഗം യാത്ര ചെയ്യാന്‍ എനിക്ക് അനുവാദമില്ലെന്ന് അയാള്‍ പറഞ്ഞു. ഞാന്‍ വീണ്ടും എന്റെ കേസ് വിശദീകരിച്ചു. അയാള്‍ അയാളുടെ ബോസിന്റെ മുറിയില്‍ പോയശേഷം തിരിച്ചുവന്നു. “നിങ്ങള്‍ എന്തിനാണ് സഹോദരീ ദേഷ്യപ്പെടുന്നത്? ഞാന്‍ നിങ്ങളുടെ ജോലി ചെയ്യുകയാണല്ലോ”, അയാള്‍ പറഞ്ഞു.

 

 

ഞാന്‍ വീണ്ടും ഇമിഗ്രേറ്റ് ചെയ്യപ്പെട്ടു. കൌണ്ടറില്‍ നിന്ന് നടന്നുനീങ്ങുമ്പോള്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ വിളിച്ച് പറഞ്ഞു “അള്ളാ രക്ഷിക്കട്ടെ”.

ഞങ്ങള്‍ ഇന്ത്യയിലേയ്ക്ക് കടന്ന് ബസില്‍ കയറി യാത്ര തുടര്‍ന്നു. ഇന്ത്യയില്‍ എത്തിയതില്‍ ഞാന്‍ സന്തോഷിച്ചു. എന്റെ കഷ്ടപ്പാടുകള്‍ കഴിഞ്ഞുവെന്ന് ഞാന്‍ കരുതി. പക്ഷെ ഞാന്‍ തെറ്റിപ്പോയിരുന്നു.

ഇമിഗ്രേഷന്‍ഫോം പൂരിപ്പിക്കുന്നതിനിടെ അവരുടെ പേര്‍സില്‍ ഉണ്ടായിരുന്ന പതിനായിരം രൂപ നഷ്ടപ്പെട്ടതായി എന്റെ അമ്മായിയമ്മ അറിയിച്ചു. എന്റെ ബാഗ് പരിശോധിച്ചപ്പോള്‍ അതിലുണ്ടായിരുന്ന ആഭരണങ്ങളും പോയതായി കണ്ടു. ലാഹോറില്‍ വെച്ച് ആ സ്പെഷ്യല്‍ ബ്രാഞ്ച് ജീവനക്കാരി തുറന്നപ്പോഴല്ലാതെ ഞങ്ങളുടെ ബാഗുകള്‍ തുറന്നിരുന്നില്ല.

കുറച്ചുനിമിഷങ്ങള്‍ കഴിഞ്ഞ് ഷര്‍ട്ടിന്‍റെ ബട്ടണുകള്‍ ഒക്കെ തുറന്നിട്ടിരുന്ന ഒരു മനുഷ്യന്‍ എന്റെ തോളില്‍ തട്ടിവിളിച്ചു. അയാളെ കണ്ടപ്പോള്‍ ഒരു ഉദ്യോഗസ്ഥനായൊന്നും തോന്നിയില്ല. “പാസ്പോര്‍ട്ട്” അയാള്‍ ആവശ്യപ്പെട്ടു. എന്റെ സാധനങ്ങള്‍ മോഷ്ടിക്കപ്പെട്ട ഉടന്‍ തന്നെ ഏതോ ഒരാള്‍ എന്റെ പാസ്പോര്‍ട്ടുമായി പോകുന്നത് ഞാന്‍ താല്പ്പര്യപ്പെട്ടിരുന്നില്ല. അയാളുടെ ഐഡന്റിറ്റി കാര്‍ഡു കാണിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു. അയാള്‍ വെറുപ്പോടെ എന്നെ നോക്കിയ ശേഷം സഹപ്രവര്‍ത്തകന്റെ ചെവിയില്‍ എന്തോ പറഞ്ഞു.

കൌണ്ടറില്‍ ഉള്ള ഓഫീസര്‍ക്ക് ഞാന്‍ എന്റെ പാസ്പോര്‍ട്ട് കൊടുത്തുകഴിഞ്ഞ് പിന്നെയുണ്ടായത് നരകമാണ്. അയാള്‍ കുറേ നേരം അതിലേയ്ക്ക് നോക്കിയിരുന്നശേഷം മറ്റുള്ള ഓഫീസര്‍മാര്‍ക്ക് അത് എറിഞ്ഞുകൊടുത്തു. കുറച്ചുസമയം എന്റെ പാസ്പോര്‍ട്ട് കൈമറിഞ്ഞശേഷം മൂന്ന് ഉദ്യോഗസ്ഥര്‍ എന്നെ മാറ്റി നിറുത്തി. “നിങ്ങള്‍ പാക്കിസ്ഥാനിലാണോ താമസിക്കുന്നത്?” ഒരാള്‍ ചോദിച്ചു.

“അതെ, രണ്ടുവര്‍ഷമായി അവിടെയാണ് ഞാന്‍ താമസിക്കുന്നത്.” ഞാന്‍ മറുപടി പറഞ്ഞു.

“നിങ്ങള്‍ കരമാര്‍ഗം സഞ്ചരിക്കാന്‍ പാടില്ലാത്തതാണ്.”, കൌണ്ടറിനപ്പുറത്തുനിന്നും ഓഫീസര്‍ വിളിച്ച് പറഞ്ഞു. “ഇങ്ങനെ യാത്ര ചെയ്യണമെങ്കില്‍ നിങ്ങള്‍ക്ക് പാക്കിസ്ഥാന്‍ ഗവണ്മെന്റിന്റെ പക്കല്‍ നിന്നുള്ള കത്ത് വേണം.”, ഒരുപാട് യാത്രക്കാര്‍ നോക്കിനില്‍ക്കെ ഓഫീസര്‍മാര്‍ എന്നോട് തട്ടിക്കയറി.

“പക്ഷെ പാക്കിസ്ഥാനില്‍ നിന്ന് എന്നെ പോകാന്‍ അനുവദിച്ചല്ലോ”, ഞാന്‍ വാദിച്ചു.

അധികം വൈകാതെ ഞാന്‍ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ കാബിനില്‍ എത്തി. ഞാന്‍ ഇത് തന്നെ ആവര്‍ത്തിച്ചു. ഇമിഗ്രേഷന്‍ ഓഫീസിലെ ബോസാണ് എന്ന് പറഞ്ഞാണ് എന്നെ പരിചയപ്പെടുത്തിയതെങ്കിലും അയാള്‍ക്ക് ഒന്നും മനസിലാകുന്നത് പോലെ തോന്നിയില്ല. 

 

അപ്പോഴേയ്ക്കും ഞാന്‍ തളര്‍ന്നിരുന്നു. അയാളുടെ ഫോണ്‍ ഉപയോഗിച്ചോട്ടെ എന്ന് ഞാന്‍ ചോദിച്ചു. “ഫോണ്‍ കേടാണ്” അയാള്‍ പറഞ്ഞു. “നിങ്ങളെ ഞങ്ങള്‍ക്ക് പാക്കിസ്ഥാനിലേയ്ക്ക് തിരിച്ച് അയയ്ക്കേണ്ടിവരും.”, അയാള്‍ അറിയിച്ചു. ഇമിഗ്രേഷന്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന വേറെ ഏതെങ്കിലും ഫോണ്‍ ഉണ്ടോ എന്ന് ഞാന്‍ തിരക്കി. “ഞാന്‍ നുണ പറയുന്നുവെന്നാണോ?” അയാള്‍ കുരച്ചു.

ഞാന്‍ ബോര്‍ഡറില്‍ പെട്ടുപോയിരിക്കുകയാണ് എന്ന് എന്റെ ഓഫീസില്‍ അറിയിക്കണം എന്ന് ഞാന്‍ പറഞ്ഞു. “നിങ്ങളുടെ പത്രക്കാരെ വെച്ച് എന്നെ വിരട്ടാന്‍ നോക്കണ്ട”, അയാള്‍ കടുപ്പിച്ചുപറഞ്ഞു.

എന്നെ കാണാതെ എന്റെ കൂടെയുള്ളവര്‍ പേടിക്കുന്നുണ്ടാവും എന്ന് അപ്പോഴാണ്‌ ഞാന്‍ ഓര്‍ത്തത്. ഞാന്‍ ഇവിടെയുണ്ടെന്ന് അവരോടു പോയി പറഞ്ഞോട്ടെ എന്ന് ഞാന്‍ ചോദിച്ചു. അയാള്‍ സമ്മതിച്ചില്ല.

അപ്പോഴേയ്ക്കും അയാളുടെ ചോദ്യങ്ങള്‍ക്കെല്ലാം ഞാന്‍ പലവട്ടം മറുപടി പറഞ്ഞുകഴിഞ്ഞിരുന്നു. “എപ്പോഴാണ് നിങ്ങള്‍ പാക്കിസ്ഥാനില്‍ പോയത്?” “എന്നാണ് അവസാനം ഇന്ത്യയില്‍ വന്നത്?” “പാക്കിസ്ഥാനില്‍ എന്താണ് ചെയ്യുന്നത്?” “ഭര്‍ത്താവിനു അവിടെ എന്താണ് ജോലി?” “എന്തിനാണ് വിമാനത്തില്‍ പോകാതെ ബസില്‍ പോകാന്‍ തീരുമാനിച്ചത്? “എനിക്ക് എത്ര പാക്കിസ്ഥാനികളെ അറിയാം?”

ഞാന്‍ തളര്‍ന്നിരുന്നു. അയാള്‍ എന്നെ തുറിച്ചുനോക്കിയശേഷം ചോദിച്ചു, “നിങ്ങള്‍ എന്തിനാണ് പരിഭ്രമിക്കുന്നത്?” എനിക്ക് പരിഭ്രമമൊന്നും ഇല്ലെന്നു ഞാന്‍ പറഞ്ഞു. അയാള്‍ കൈവീശിക്കൊണ്ട് പറഞ്ഞു, “നിങ്ങള്‍ പേടിക്കുന്നുണ്ട്. നിങ്ങളുടെ മുഖം കണ്ടാല്‍ അറിയാമല്ലോ.”

ഞാന്‍ അയാളെ പറഞ്ഞുമനസിലാക്കാന്‍ ശ്രമിക്കല്‍ നിറുത്തി. എന്നെ “കുടുക്കാന്‍” ഇറങ്ങിത്തിരിച്ചിരിക്കുന്ന ഒരാളോട് പറഞ്ഞിട്ട് കാര്യമില്ലല്ലോ. ഡല്‍ഹിയിലും ഇസ്ലാമാബാദിലും പരിചയമുള്ളവരുടെ വിവരങ്ങള്‍ അയാള്‍ തിരക്കി. ഞാന്‍ ദല്‍ഹിയിലെ എന്റെ സഹോദരിയുടെയും എന്റെ അമ്മാവനും മുതിര്‍ന്ന ഐഎ എസ് ഓഫീസറുമായ ആളുടെയും നമ്പര്‍ കൊടുത്തു. ഇസ്ലാമാബാദിലെ പരിചയക്കാരുടെ വിവരം ചോദിച്ചപ്പോള്‍ ഞാന്‍ ഒരു ഉയര്‍ന്ന നയതന്ത്രഉദ്യോഗസ്ഥന്റെ നമ്പര്‍ കൊടുത്തു.

അയാള്‍ കണ്ണടയൂരിക്കൊണ്ട് ചോദിച്ചു. “അയാളെ എങ്ങനെ അറിയാം?”

അപ്പോഴാണ്‌ എന്നെ ലോബിയിലേയ്ക്ക് വിടാന്‍ അയാള്‍ തീരുമാനിച്ചത്. ഞാന്‍ ഓടിപ്പോകുന്നുണ്ടോ എന്ന് നോക്കാന്‍ എന്റെ അടുത്തു ഷര്‍ട്ട് തുറന്നിട്ട ഓഫീസറും.

അവിടെയെത്തിയപ്പോള്‍ എന്റെ അമ്മായിയമ്മ കരഞ്ഞുകൊണ്ട് കൈകൂപ്പി ആളുകളോട് എന്നോട് സംസാരിക്കാന്‍ അനുവദിക്കണമെന്ന് അപേക്ഷിക്കുനത് കണ്ടു. എന്റെ ഭര്‍തൃസഹോദരിയും കരയുന്നുണ്ടായിരുന്നു. മയക്കുമരുന്നോ ബോംബോ സൂയിസൈഡ് ജാക്കറ്റോ സഹിതം പിടിക്കെപ്പെട്ടാലെന്നപോലെ എന്റെ സഹയാത്രികര്‍ എന്നെ തുറിച്ചുനോക്കുന്നുണ്ടായിരുന്നു.

എന്റെ പാസ്പോര്‍ട്ട് ഇല്ലാതെ അരമണികൂര്‍ ഞാന്‍ അവിടെ ഇരുന്ന്. അതിനുശേഷം ചില ഓഫീസര്‍മാര്‍ വന്ന് ഞാന്‍ പറഞ്ഞതു ശരിയാണെന്നും എനിക്ക് യാത്ര ചെയ്യാന്‍ അനുമതിയുണ്ടെന്നും പറഞ്ഞു. ബോസാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ എന്നോട ഞാന്‍ നിരപരാധിയാണ് എന്ന് ഒരു കടലാസില്‍ എഴുതാന്‍ ആവശ്യപ്പെട്ടു. ഞാന്‍ നിരപരാധിയാണെന്നും അത് കടലാസില്‍ എഴുതേണ്ടകാര്യമില്ലെന്നും ഞാന്‍ പറഞ്ഞു. 

 

അയാള്‍ എന്നെ തുറിച്ചുനോക്കിയശേഷം എനിക്ക് ബോര്‍ഡര്‍ കടക്കാന്‍ പാടില്ല എന്നത് അറിയില്ലായിരുന്നു എന്ന് എഴുതികൊടുക്കാന്‍ ആവശ്യപ്പെട്ടു. വേറെ നിവര്‍ത്തിയില്ലാതെ ഞാന്‍ അങ്ങനെ എഴുതിക്കൊടുത്തു. എന്നാല്‍ പ്രശ്നങ്ങള്‍ കഴിഞ്ഞിരുന്നില്ല. അടുത്ത ചോദ്യം കസ്റ്റംസ് ഓഫീസറുടെ വകയായിരുന്നു. “ഇന്റലിജന്‍സ് ബ്യൂറോ നിങ്ങളെ എന്തിനാണ് കൂട്ടിക്കൊണ്ടുപോയത്? അയാള്‍ ചോദിച്ചു.

പിന്നീട് ബസില്‍ എത്തിയപ്പോള്‍ ഞാന്‍ മറ്റുപല പീഡനകഥകളും കേട്ടു. ഒരു സ്ത്രീക്ക് ആയിരവും മറ്റൊരാള്‍ക്ക് മൂവായിരവും രൂപ കൈക്കൂലി കൊടുക്കേണ്ടിവന്നു. എന്നെ തടഞ്ഞുവെച്ചത് കൊണ്ട് ബസ് അപ്പോള്‍ തന്നെ ഒന്നര മണിക്കൂര്‍ വൈകിയിരുന്നു. അപ്പോള്‍ മുതല്‍ പൈസ കിട്ടാഞ്ഞിട്ടാണോ അതോ ഒരു ഒഫീസറോട് ഐഡി ചോദിച്ചതിനാണോ എന്നെ തടഞ്ഞുവെച്ചത് എന്ന് ഞാന്‍ ആലോചിച്ചുകൊണ്ടിരുന്നു.

തിരിച്ചുള്ള യാത്ര
എന്റെ സാധനങ്ങള്‍ വലിച്ചുവാരിയിട്ട സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെതിരെ ഞാന്‍ കൊടുത്ത പരാതി പാക്ക് മേലധികാരികള്‍ ഗൌരവമായിത്തന്നെ എടുത്തു. എന്റെ കുടുംബത്തിന്‍റെ അനുഭവം പാക്കിസ്ഥാനി പത്രമാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. അധികം വൈകാതെ പ്രധാനപ്പെട്ട പലരും എന്റെ ഭര്‍ത്താവിനെ വിളിച്ച് അവരുടെ ഖേദം രേഖപ്പെടുത്തി. ഇന്ത്യന്‍ മാധ്യമങ്ങളും ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഞങ്ങള്‍ക്ക് നേരിട്ട പ്രശ്നങ്ങളെപ്പറ്റി റിപ്പോട്ട് ചെയ്തു.

ഈ സംഭവത്തിന്റെ നടുക്കത്തില്‍ നിന്ന് പുറത്തുവരാന്‍ കുറച്ചുദിവസമെടുത്തു. വീണ്ടും ബസില്‍ തിരിച്ചുപോകാന്‍ പേടിച്ച ഞാന്‍ വിമാനമാര്‍ഗം തിരികെപ്പോകാനുള്ള അപേക്ഷ കൊടുത്തു. പോര്‍ട്ട്‌ ഓഫ് ഇമിഗ്രേഷന്‍ മാറ്റാന്‍ കഴിയാത്തതുകൊണ്ട് എന്റെ അപേക്ഷ നിരസിക്കപ്പെട്ടു. 

വീണ്ടും ഒരു ബസ് യാത്രയ്ക്ക് ഞാന്‍ ധൈര്യം സംഭരിച്ചു. എന്റെ പതിനഞ്ചുകാരി സഹോദരീപുത്രിയും അതേ ദിവസം ലാഹോറിലേയ്ക്ക് ഫ്ലൈറ്റില്‍ യാത്ര ചെയ്യുന്നുണ്ട്. എനിക്ക് ബോര്‍ഡര്‍ കടക്കാന്‍ പറ്റിയില്ലെങ്കില്‍ അവള്‍ ടിക്കറ്റ് കാന്‍സല്‍ ചെയ്യുമെന്നായിരുന്നു പറഞ്ഞിരുന്നത്.

ബസ് ടിക്കറ്റ് വാങ്ങാന്‍ പോയപ്പോള്‍ എന്റെ പാസ്പോര്‍ട്ടിലെ വിസാസ്റ്റാമ്പ്‌ തെളിയാത്തതുകൊണ്ട് എനിക്ക് ടിക്കറ്റ് തരാന്‍ പറ്റില്ലെന്ന് അവര്‍ പറഞ്ഞു. എന്നെ ബോര്‍ഡര്‍ കടക്കാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞെങ്കിലും ഞാന്‍ ഒരു ടിക്കറ്റ് വാങ്ങിച്ചു. ദല്‍ഹിയിലെ മിനിസ്ട്രി ഓഫ് എക്സ്റ്റെര്‍ണല്‍ അഫയര്സില്‍ നിന്ന് ഒരു സുഹൃത്ത്‌ മുഖേന എന്റെ യാത്ര എളുപ്പമാക്കാനുള്ള ഒരു കത്ത് ഞാന്‍ സംഘടിപ്പിച്ചു. അതിര്‍ത്തിയിലെ ഇമിഗ്രേഷന്‍ ഇന്‍ ചാര്‍ജിനു ഈ കത്ത് ഫാക്സ് ചെയ്തുകൊടുത്തിരുന്നു. ഒപ്പം ഒരു കോപ്പി എന്റെ കയ്യിലും സൂക്ഷിച്ചിരുന്നു.

ഡല്‍ഹിയിലെ ബസ് ടെര്‍മിനലില്‍ വെളുപ്പിന് നാലുമണിക്കും അല്‍പ്പം മുന്‍പ് തന്നെ ഞാന്‍ റിപ്പോര്‍ട്ട് ചെയ്തു. ഞാന്‍ കയറുന്നതുവരെ അവിടെ കാത്തുനില്‍ക്കാന്‍ എന്റെ സഹോദരിയോടു ഞാന്‍ ആവശ്യപ്പെട്ടു. എന്റെ ബാഗുകള്‍ പരിശോധിച്ചുകഴിഞ്ഞ് അര ഡസന്‍ ഉദ്യോഗസ്ഥര്‍ എന്നോട് സംസാരിച്ചു. പ്രതീക്ഷിച്ചത് പോലെ തന്നെ എന്റെ വിസാ സ്റ്റാമ്പ് കണ്ടു അവര്‍ തടസം പറഞ്ഞു. “ഇതില്‍ ഒന്നും വായിക്കാന്‍ പറ്റില്ലല്ലോ”. ഒരു ഓഫീസര്‍ പറഞ്ഞു. ഞാന്‍ അതിലെ തീയതികള്‍ വായിച്ചുകൊടുത്തെങ്കിലും അയാള്‍ സമ്മതിച്ചില്ല. എന്റെ പാസ്പോര്‍ട്ട് ആളുകള്‍ ഇട്ടുതട്ടുന്നത് ഞാന്‍ കണ്ടു. എന്റെ ഹൃദയം തകര്‍ന്നു. ഞാന്‍ എന്റെ പക്കലുള്ള കത്ത് കാണിച്ചു. അവര്‍ എന്നെ കടത്തിവിട്ടു.

അതിര്‍ത്തിവരെയുള്ള യാത്രയില്‍ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. എന്റെ ഭര്‍ത്താവും സുഹൃത്തുക്കളും ബന്ധുക്കളും എല്ലാം വിളിച്ച് അന്വേഷിച്ചുകൊണ്ടേയിരുന്നു. ഉച്ചകഴിഞ്ഞ് രണ്ടരയായപ്പോള്‍ ഞാന്‍ അട്ടാരിയിലെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ എത്തി.

ബസില്‍ നിന്ന് ഞങ്ങള്‍ ഇറങ്ങിയപ്പോള്‍ ഒരു സൌത്ത് ആഫ്രിക്കന്‍ സ്ത്രീയെ മയക്കുമരുന്നുസഹിതം ഈയിടെ പിടിച്ചുവെന്നും ഞങ്ങളുടെ പക്കല്‍ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ വേഗം തുറന്നുപറയണമെന്നും ആവശ്യപ്പെട്ടു. എന്റെ പിന്നിലുണ്ടായിരുന്ന ഒരു പാക്കിസ്ഥാനി സ്ത്രീ “എന്റെ കയ്യിലൊന്നുമില്ല” എന്ന് പറയുന്നത് കേട്ട് എനിക്ക് ചിരി വന്നു.

കുഴപ്പമൊന്നും വരാതിരികാന്‍ ഞാന്‍ പ്രാര്‍ത്ഥിച്ചു. ഉണ്ടാകാന്‍ പോകുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ തയ്യാറെടുത്തു. ഞാന്‍ കൌണ്ടറില്‍ എത്തി. എനിക്ക് മുന്നിലുണ്ടായിരുന്ന ആളോട് മാറിനില്‍ക്കാന്‍ പറഞ്ഞു ഓഫീസര്‍ എന്റെ പാസ്പോര്‍ട്ട് വാങ്ങി. ഒരുമിനുറ്റ് കൊണ്ട് അയാള്‍ എന്റെ പാസ്പോര്‍ട്ട് സ്റ്റാമ്പ്‌ ചെയ്തു. എന്റെ കയ്യിലുണ്ടായിരുന്ന കത്ത് കൊടുതപ്പോള്‍ അതൊന്നും വേണ്ട എന്ന് പറഞ്ഞു. എന്റെ പിറകില്‍ നിന്ന മറ്റൊരു ഓഫീസര്‍ എന്നെ കസ്റംസ് ക്ളിയറന്സിനു കൊണ്ടുപോയി. എന്റെ ബാഗ് പരിശോധിക്കുകപോലും ചെയ്യാതെ എന്നെ ക്ലിയര്‍ ചെയ്തു.

വെറും അഞ്ചുമിനുറ്റ് കൊണ്ട് എല്ലാം കഴിഞു. ഞാനാണ് ആദ്യം ക്ലിയര്‍ ചെയ്യപ്പെട്ടത്. എന്റെ കൂടെ വന്ന ഓഫീസര്‍ എനിക്ക് ചായ വേണോ എന്ന് ചോദിച്ചു. ഞാന്‍ ഒരു ഗ്ലാസ് വെള്ളം കുടിച്ചു. മുന്‍പ് ഉണ്ടായ പ്രശ്നങ്ങള്‍ക്ക് അയാള്‍ മാപ്പ് പറഞ്ഞു. എപ്പോഴാണ് ബസ് ലാഹോറില്‍ എത്തുക എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അയാള്‍ ബസ് സൂപ്പര്‍വൈസറെ പരിചയപ്പെടുത്തി. വേണമെങ്കില്‍ നേരത്തെ എത്തിക്കാം എന്ന് അയാള്‍ പറഞ്ഞു.

ബസില്‍ കയറിയപ്പോള്‍ എന്റെ അടുത്ത പേടി വാഗാബോര്‍ഡര്‍ കടക്കുന്നതായിരുന്നു. അടുത്ത പത്തുമിനുറ്റ് കൊണ്ട് ഞങ്ങള്‍ അവിടെയെത്തി. അവിടെ വലിയ ഒരു ക്യൂ ഉണ്ടായിരുന്നു. ഇമിഗ്രെഷനിലെ പാക്കിസ്ഥാനി ഓഫീസര്‍ അയാളുടെ സീറ്റില്‍ നിന്ന് എണീറ്റ് എന്റെ അടുത്തു വന്നു. “ആദ്യം ഇവരെ വിടുക” എന്ന് അയാള്‍ പറഞ്ഞു. ഞാന്‍ അമ്പരന്നു. അയാള്‍ എനിക്കുവേണ്ടി എന്റെ ഫോം ഫില്‍ ചെയ്യുക പോലും ചെയ്തു. ഇന്ത്യയിലേയ്ക്ക് പോകുമ്പോള്‍ കണ്ട അതെ കസ്റ്റംസ് ഓഫീസറുടെ അടുത്തു ഞാന്‍ എത്തി. അങ്ങോട്ടും ഇങ്ങോട്ടും ഒരുപാട് പോകുന്നുണ്ടല്ലോ എന്ന് അയാള്‍ പറഞ്ഞു. “എന്നെ ഓര്‍ക്കുന്നില്ലേ?” ഞാന്‍ അയാളോട് ചോദിച്ചു. അയാള്‍ എന്റെ മുഖത്ത് നോക്കിയ ശേഷം ഉറക്കെ പറഞ്ഞു. “അയ്യോ, ഇത് ആ പരാതി കൊടുത്ത ലേഡിയല്ലേ. ഇവരുടെയല്ലേ മോഷണം പോയത്…”

എല്ലാവരും എന്നെ തന്നെ നോക്കിനില്‍ക്കെ ഞാന്‍ പുറത്തുകടന്നു. എന്റെ സഹോദരിയെ വിളിച്ചു. പിന്നീട് ലാഹോറിലെ എന്റെ സുഹൃത്തിനോട്‌ അഞ്ചുമണിക്ക് എന്നെ വന്നുവിളിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ബസ് നാലരയ്ക്ക് എത്തി. “ഞങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി നേരത്തെ എത്തിയതാണ്”, സൂപ്പര്‍വൈസര്‍ ഉറക്കെ പറഞ്ഞു. ടെര്‍മിനലില്‍ എന്റെ സുഹൃത്തുവരാനായി ഞാന്‍ അരമണിക്കൂര്‍ കാത്തിരുന്നു.

(http://indiansinpakistan.blogspot.in)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍