UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുഞ്ഞാലിക്കുട്ടിമാര്‍ ദേശസ്നേഹം ഉദ്ഘോഷിക്കേണ്ടി വരുമ്പോള്‍

Avatar

ബച്ചു മാഹി


പാക്കിസ്ഥാനെതിരെ ‘പോർമുഖം’ നയിച്ചുവെന്ന്‍ നമ്മുടെ മാധ്യമങ്ങൾ വിശേഷിപ്പിച്ച വിരാട് കോഹ്ലിയുടെ പടവുമായി അസാധാരണമായി ഒരു ആഹ്ലാദപോസ്റ്റ്‌ ഇടാൻ മന്ത്രി കുഞ്ഞാലിക്കുട്ടിയെ പ്രേരിപ്പിച്ചിരിക്കുക എന്തായിരിക്കും? മുൻപൊരിക്കലും ഒരു ക്രിക്കറ്റ് ഫാൻ ആയി അദ്ദേഹത്തെ പറഞ്ഞു കേട്ടിട്ടില്ല. മലപ്പുറത്തിന്റെ സ്ഥായിയായ ഫുട്ബോൾ ജ്വരം രക്തത്തിൽ ഉണ്ടെങ്കിലും. പോസ്റ്റ്‌ ഇട്ട ഉടൻ തന്നെ പണി കിട്ടി എന്ന് പറഞ്ഞാൽ മതിയല്ലോ. ‘താൻ എന്തായാലും ഉള്ളുകൊണ്ട് ഒരു പാക്കിസ്ഥാൻ പ്രേമിയാണെന്ന് മലയാളികൾക്കൊക്കെ അറിയാം’ എന്നായിരുന്നു ഉടനടി കിട്ടിയ ഒരു കമൻറ്. ‘പ്രിയ സുഹൃത്തേ ഞാൻ ഒരിന്ത്യക്കാരൻ ആണ്; ഒരിന്ത്യക്കാരൻ ആയി തുടരുകയും ചെയ്യും, ജയ്‌ ഹിന്ദ്‌.’ എന്ന് മന്ത്രിയദ്ദേഹം മറുപടി കുറിക്കുകയും ചെയ്തു. (ഈ കമന്‍റുകള്‍ ഇപ്പോള്‍ നീക്കം ചെയ്തിട്ടുണ്ട്). ന്യായമായ ജനകീയ ആവശ്യവുമായി ഒരിക്കൽ പാർട്ടി സമ്മേളനത്തിൽ എത്തിയ സ്വന്തം അണികളോട്, ‘കളി എൻറടുത്ത് വേണ്ട’ എന്ന് രോഷാകുലനായ അതേ കുഞ്ഞാലിക്കുട്ടിയെ, കളയുകയോ അവഗണിക്കുകയോ ചെയ്യേണ്ട ഒരു വിദ്വേഷ പരാമർശത്തിനു മുന്നിൽ പതറാനും ഉത്തരമായി ഇങ്ങനെ ഒരു ഏറ്റുപറച്ചിൽ നടത്താനും ബാധ്യതപ്പെടുത്തുന്നത് എന്തായിരുന്നിരിക്കാം?!

 

 

ജനങ്ങളിൽ ഒരു ന്യൂനപക്ഷത്തിൻറെ അധീശത്വം, ഭൂരിപക്ഷ ദേശീയതയായി ചോദ്യം ചെയ്യപ്പെടാതെ അവരോധിക്കപ്പെടണമെങ്കിൽ മറ്റനേകം സ്വത്വങ്ങളെ ഞെക്കിയോ നക്കിയോ ഇല്ലാതാക്കുകയോ അപ്രസക്തമാക്കുകയോ ചെയ്യേണ്ടതുണ്ട്. അതിനുള്ള എളുപ്പവഴി ഹിംസാത്മക ദേശീയതക്ക് മറുപക്ഷത്ത് ഒരു അപരസ്വത്വവും അതിനെ ബന്ധിപ്പിക്കുന്ന ഒരു അപരത്വപ്രതീകവും പ്രതിഷ്ഠിക്കുകയാണ്; അങ്ങനെ ദേശീയത X അപരത്വം എന്നൊരു സാങ്കല്പികസംഘട്ടനം പൊതുബോധത്തിൽ നിലനിറുത്തുകയാണ്. ആ അപരനും അപരപ്രതീകവുമാണ് യഥാക്രമം ‘മുസ്ലിം’ / ‘പാക്കിസ്ഥാൻ’ എന്നീ സംജ്ഞകൾ. കാലങ്ങളായി ഒരു ജനസമൂഹത്തെ അരികുവൽക്കരിക്കാനും ‘ഒറ്റു’മുദ്ര ചാർത്താനുമുള്ള നീക്കങ്ങൾ ‘ഹിന്ദുത്വ’യുടെ സിംഹാസനാരോഹണത്തോടെ പുതിയമാനം കൈവന്നിട്ടുണ്ട്. മുൻപ് ഒളിവിലും തെളിവിലും നടത്തിയിരുന്ന അത്തരം മുദ്രണങ്ങൾ ഇന്ന് ആർക്കെതിരെയും എപ്പോൾ വേണമെങ്കിലും നേർക്ക്നേർ എയ്ത് വിടാമെന്നായിട്ടുണ്ട്‌. ഉപരാഷ്ട്രപതിക്ക് എതിരെ ഈയിടെ സോഷ്യൽ മീഡിയയിൽ നടന്ന ആക്രമണം ഓർക്കുക. അതിദേശീയവാദികൾ പൊതുബോധത്തിലേക്ക് കുത്തിവയ്ക്കുന്ന ‘അപരസ്വത്വ’ത്തെ കുറിച്ച സംശയവും ഭയവും ആ വിഭാഗത്തിൽ പെട്ടവരിൽ അരക്ഷിതത്വമോ അപകർഷതയോ സൃഷ്ടിക്കാൻ പര്യാപ്തമാണ്.

 

 

കാലങ്ങളായി ഇന്ത്യ-പാക്‌ ക്രിക്കറ്റ് മത്സരങ്ങൾ ചോര പൊടിയാത്ത യുദ്ധങ്ങളായി പ്രൊജക്റ്റ് ചെയ്യപ്പെടുകയും അതിലെ കളിരസം പാടെ ഊർന്ന് ജിൻഗോയിസം സൃഷ്ടിക്കുന്ന അതിവൈകാരികത മാത്രം ബാക്കിയാവുകയും ചെയ്യുന്നുണ്ട്. പാക്കിസ്ഥാനുമായി കളിക്കുമ്പോൾ, ഇന്ത്യൻ ടീമിലെ മുസ്ലിം കളിക്കാർ അനുഭവിക്കുന്ന മാനസികസമ്മർദ്ദത്തെ കുറിച്ച് ചരിത്രകാരനും സാമൂഹ്യനിരീക്ഷകനുമായ രാമചന്ദ്രഗുഹ മുൻപൊരിക്കൽ നിരീക്ഷിച്ചത് ഓർക്കുന്നു. ഏതൊരു മോശം പ്രകടനവും തങ്ങൾക്ക് മേൽ പ്രത്യേകം വിരൽചൂണ്ടലുകളായി മാറിയേക്കാം എന്ന ഭീതിയാണത്രെ അവരെ സമ്മർദ്ദത്തിൽ ആഴ്ത്തുന്നത്. ഈ മന:ശാസ്ത്രമോ പൊതുബോധ സ്വാധീനമോ തന്നെയാകണം തൻറെ ദേശസ്നേഹം പ്രകടിപ്പിക്കാൻ അത്തരമൊരു പോസ്റ്റ്‌ ഇടാൻ കുഞ്ഞാലിക്കുട്ടിയെ പ്രേരിപ്പിച്ചിരിക്കുക. ഒരു ഹിന്ദുത്വ റേസിസ്റ്റ്ന്റെ അസംബന്ധ പരാമർശത്തിന്റെ മുന്നിൽ ചൂളി നില്ക്കാൻ കേരളരാഷ്ട്രീയത്തിലെ പവർമാനെ പ്രേരിപ്പിച്ചിരിക്കുക, തൻറെ സ്വത്വം ഏതൊരാൾക്കും അപഹസിക്കാനും കൈചൂണ്ടാനും ഇടം ഒരുക്കുന്നുണ്ട്‌ എന്ന് അബോധതലത്തിൽ എവിടെയോ സൂക്ഷിക്കുന്ന അധമബോധം ആകണം. അത് പൊതുസമൂഹത്തിനും തൻറെ പാർട്ടി പ്രതിനിധാനം ചെയ്യുന്ന സമുദായത്തിനും നല്കുന്ന സന്ദേശം പക്ഷെ ക്രിയാത്മകമായില്ല എന്നദ്ദേഹം ഓർക്കണമായിരുന്നു.

 

(മാഹി സ്വദേശിയായ ബച്ചു വിദേശത്തു ജോലി ചെയ്യുന്നു; ആനുകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട് ഓണ്‍ലൈനിലും മറ്റു പ്രസിദ്ധീകരണങ്ങളിലും എഴുതാറുണ്ട്)

 

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍