UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യ-പാക്: മോദി സര്‍ക്കാരിന്‍റേത് തിരിച്ചടിക്കുന്ന തീരുമാനം

Avatar

ടീം അഴിമുഖം

ആഗസ്റ്റ് ഒമ്പതിന് ഇസ്ലാമബാദില്‍, കരസേന മേധാവിയും ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ് തലവനും ഉള്‍പ്പെടെയയുള്ള ഉന്നതര്‍ പങ്കെടുത്ത ഉന്നതതല ദേശീയ സുരക്ഷാ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് പറഞ്ഞു, ‘ചൈന ഒഴിച്ചുള്ള ഒരു അയല്‍രാജ്യവുമായും നമുക്ക് നല്ല ബന്ധങ്ങളല്ല ഉള്ളത്. വികസനത്തിനും പുരോഗതിക്കും സാമ്പത്തിക വളര്‍ച്ചയ്ക്കും പാകിസ്ഥാന്‍ അതിന്റെ എല്ലാ അയല്‍രാജ്യങ്ങളുമായും, പ്രത്യേകിച്ചും ഇന്ത്യയുമായും അഫ്ഗാനിസ്ഥാനുമായും, സൗഹാര്‍ദപരവും ഊഷ്മളവുമായ ബന്ധങ്ങള്‍ നിലനിറുത്തേണ്ടിയിരിക്കുന്നു’. ‘ഒറ്റപ്പെട്ട അവസ്ഥയില്‍ നിങ്ങള്‍ക്ക് പുരോഗതി കൈവരിക്കാനാവില്ല’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നവാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാന് ഇന്ത്യയുമായുള്ള ബന്ധത്തില്‍ പുരോഗമനപരമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് പറയാനുള്ള വ്യക്തമായ തെളിവുകളൊന്നുമില്ല. അദ്ദേഹം ആഭ്യന്തര പ്രതിസന്ധികളില്‍ പെട്ടിരിക്കുകയാണെന്ന് മാത്രമല്ല ഇന്ത്യയോടുള്ള നയങ്ങളെ നയിക്കുന്നത് സൈനിക, രഹസ്യാന്വേഷണ സ്ഥാപനങ്ങളുടെ താല്‍പര്യങ്ങളാണ്. എന്നാല്‍, പാകിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത് ഹുറിയത്ത് നേതാക്കളെ കണ്ടതിന്റെ പേരില്‍ പാകിസ്ഥാനുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ വേണ്ടെന്നുവയ്ക്കാനുള്ള ഇന്ത്യയുടെ തീരുമാനം ഇരു രാജ്യങ്ങള്‍ക്കും അയല്‍ക്കാര്‍ക്കും നല്ല നിമിത്തമല്ല. എന്നാല്‍ താന്‍ വ്യത്യസ്തനാണെന്നും കോണ്‍ഗ്രസ് സര്‍ക്കാരുകളില്‍ നിന്നും വിരുദ്ധമായി കാശ്മീര്‍ വിഘടനവാദികളുമായുള്ള പാകിസ്ഥാന്‍ ഹൈകമ്മീഷന്റെ കൂടിക്കാഴ്ചയെ അവഗണിയ്ക്കാനാവില്ലെന്നും മോദിക്ക് തെളിയിക്കേണ്ടതായിരിക്കാം കാരണം.

കാശ്മീരിന്‍ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കും. എന്നാല്‍ ലളിതമായ ഒരു ചോദ്യം ബാക്കി നില്‍ക്കുന്നു. ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം അതിന്റെ സുരക്ഷയ്ക്ക് ഏറ്റവും വെല്ലുവിളിയാകുന്ന വിഷയത്തില്‍, നിങ്ങളെ വെറുക്കുന്നവരെയാണോ അതോ സൗഹൃദം പുന:സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നവരെയാണോ നിങ്ങള്‍ പ്രോത്സാഹിപ്പിക്കുക. 

ഇരു രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തണമെന്നാണ് ഷെരീഫ് ആവശ്യപ്പെടുന്നത്. പാകിസ്ഥാനില്‍ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെടുന്ന പ്രധാനമന്ത്രിമാരെ സൈന്യത്തിന് പഥ്യമല്ലെന്നുള്ളത് സത്യമാണ്. അങ്ങനെ നോക്കുമ്പോള്‍ വലിയ ഒരു സാഹസമായിരുന്നു ഷെരീഫിന്റെ പ്രസ്താവന. പാകിസ്ഥാനിലെ മര്‍ക്കടമുഷ്ടിക്കാര്‍ എതിര്‍ത്തിട്ടും നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുക വഴി മറ്റൊരു സാഹസമാണ് അദ്ദേഹം കാട്ടിയത്. ന്യൂഡല്‍ഹിയില്‍ വച്ച് കാശ്മീരിനെ കുറിച്ച് ഒരു പരസ്യ പ്രസ്താവനയും നടത്താതെ പാകിസ്ഥാനിലേക്ക് മടങ്ങിപ്പോയത് ഷെരീഫിനെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് ആക്കം കൂട്ടി. 

കാശ്മീര്‍ വിഘടനവാദികളുമായി നടത്തപ്പെട്ട ഒരു അപ്രധാന കൂടിക്കാഴ്ചയുടെ പേരില്‍ പാകിസ്ഥാനുമായുള്ള ആദ്യ ചര്‍ച്ചകള്‍ റദ്ദാക്കാനുള്ള മോദി സര്‍ക്കാരിന്റെ അനാവശ്യ തീരുമാനം പാകിസ്ഥാനിലെ സമാധാന പ്രേമികളെ ദുര്‍ബലപ്പെടുത്തുമെന്ന് മാത്രമല്ല ഇന്ത്യയുമായി സ്ഥിര വൈര്യം നിലനിറുത്തണമെന്ന് ആഗ്രഹിക്കുന്നവരുമായുള്ള അവരുടെ സംവേദനം കൂടുതല്‍ ബുദ്ധിമുട്ടേറിയതാക്കുകയും ചെയ്യും. ചര്‍ച്ചകള്‍ നടത്താനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും താല്‍പര്യമില്ലാത്തത് ഇന്ത്യയ്ക്കാണെന്ന് വരുത്തി തീര്‍ക്കാന്‍ പാകിസ്ഥാനിലെ ഇന്ത്യാ വിരുദ്ധ ശക്തികള്‍ക്ക് ഇനി എളുപ്പം സാധിക്കും. മാത്രമല്ല, ഇന്ത്യ-പാക് ചര്‍ച്ചകള്‍ക്ക് മുമ്പായി കാശ്മീരിലെ വിഘടനവാദി നേതാക്കളുമായി പാക്കിസ്താന്‍ ഹൈക്കമ്മീഷന്‍ ചര്‍ച്ച നടത്തുന്നത് പുതിയ കാര്യമല്ല, ഹുറിയത്തിന്റെ പിറവി മുതല്‍ അതുണ്ട്. ഇന്ത്യയുമായി സന്ധി സംഭാഷണങ്ങള്‍ക്ക് പാകിസ്ഥാന്‍ വെമ്പല്‍ കൊള്ളുകയാണെന്ന് ഇതിനര്‍ത്ഥമില്ല. മാത്രമല്ല, പാകിസ്ഥാനി സൈന്യവും വലതുപക്ഷ രാഷ്ട്രീയ കക്ഷികളും മത സംഘടനകളും സൈനിക പ്രസ്ഥാനങ്ങളും ഒക്കെ തന്നെ സമാധാന സംഭാഷണങ്ങള്‍ നടക്കുന്നില്ല എന്ന് ഉറപ്പ് വരുത്താന്‍ ആഗ്രഹിക്കുന്നവരാണ്. ഇന്ത്യയിലെ വലതുപക്ഷം സംഭാഷണങ്ങള്‍ക്കെതിരെ ഉയര്‍ത്തുന്ന ന്യായങ്ങള്‍ തന്നെയാണ് അവരും പറയുന്നത്: അവരുടെ ഉദ്ദേശം നന്നല്ല, സംഭാഷം ഒരു നാടകം മാത്രമാണ്, അതില്‍ നിന്നും ഒന്നും ഉരുത്തിരിയാന്‍ പോകുന്നില്ല. 

എന്നിരുന്നാലും, പാകിസ്ഥാനോട് ചോദ്യങ്ങള്‍ ചോദിക്കാനും അല്‍പമെങ്കിലും വിശ്വാസ്യത ഉറപ്പാക്കാനും ചില വാഗ്ദാനങ്ങള്‍ നേടിയെടുക്കാനും അതിനനുസരിച്ച് അവര്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്താനും ജനകീയ സര്‍ക്കാരിനെ എത്രത്തോളം പിന്തുണയ്ക്കാന്‍ സൈന്യം തയ്യാറാവും എന്ന് തിരിച്ചറിയാനും സമാധാന ചര്‍ച്ചകള്‍ ഇന്ത്യയെ സഹായിക്കും. 

നിയന്ത്രണ രേഖയിലുണ്ടാവുന്ന വര്‍ദ്ധിച്ച വെടിനിറുത്തല്‍ ലംഘനങ്ങളോ തീവ്രവാദി ആക്രമണമോ ഒക്കെ ഇത്തരം ചര്‍ച്ചകള്‍ക്ക് തടസങ്ങള്‍ സൃഷ്ടിക്കും. എന്നാല്‍ ഇത്തരം ചര്‍ച്ചകള്‍ ഇല്ലെങ്കില്‍ പാകിസ്ഥാന്‍ ഒറ്റ ഉത്തരത്തിലേക്ക് ഒതുങ്ങും: ഭീകരവാദം.  സാമ്പ്രദായിക മാര്‍ഗത്തിലൂടെയല്ലാത്ത യുദ്ധം എന്ന് അവര്‍ അതിനെ ലളിതവല്‍ക്കരിച്ചേക്കാം. ഈ ആയുധമില്ലെങ്കില്‍ കാശ്മീരിനെ കുറിച്ചുള്ള പാകിസ്ഥാന്റെ അഭിപ്രായം ഇന്ത്യ മുഖവിലയ്‌ക്കെടുക്കില്ലെന്ന് അവര്‍ വിശ്വസിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍