UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യയോ പാകിസ്താനോ – ആര് ജയിച്ചാലും ആഘോഷിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്, നന്നായി കളിക്കുന്നവര്‍ ജയിക്കട്ടെ: മെഹബൂബ മുഫ്തി

ഇഷ്ട ടീമിനെ പ്രോത്സാഹിപ്പിക്കാനും അവരുടെ വിജയം ആഘോഷിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ട്. മികച്ച ടീം ജയിക്കട്ടെ. ആഘോഷപ്രകടനങ്ങളെ ഈ നിലയില്‍ കാണണമെന്നും മെഹബൂബ ട്വീറ്റ് ചെയ്തു.

ലോകകപ്പിലെ ഇന്നത്തെ മത്സരത്തില്‍ ജയിക്കുന്നത് ഇന്ത്യയായാലും പാകിസ്താനായാലും ആഘോഷിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട് എന്ന് ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹബൂബ മുഫ്തി. ഇഷ്ട ടീമിനെ പ്രോത്സാഹിപ്പിക്കാനും അവരുടെ വിജയം ആഘോഷിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ട്. മികച്ച ടീം ജയിക്കട്ടെ. ആഘോഷപ്രകടനങ്ങളെ ഈ നിലയില്‍ കാണണമെന്നും മെഹബൂബ ട്വീറ്റ് ചെയ്തു.

ഇന്ത്യ – പാകിസ്താന്‍ മത്സരങ്ങളില്‍ പാകിസ്താന്റെ വിജയം ആഘോഷിച്ചാല്‍ അത് വിവാദങ്ങളിലേയ്ക്കും സംഘര്‍ഷങ്ങളിലേയ്ക്കും തിരിയുന്നത് പതിവാണ്. കാശ്മീരില്‍ പാക് ക്രിക്കറ്റ് ടീമിനെ അനുകൂലിച്ചുള്ള പ്രകടനങ്ങള്‍ നടക്കാറുമുണ്ട്. ഈ സാഹചര്യത്തിലാണ് മെഹബൂബയുടെ പ്രതികരണം. 2014ല്‍ മീററ്റിലെ
സ്വാമി വിവേകാനന്ദ് ശുഭാര്‍തി യൂണിവേഴ്‌സിറ്റി, 67 കാശ്മീരി വിദ്യാര്‍ത്ഥികളെ പുറത്താക്കിയിരുന്നു. ഏഷ്യ കപ്പില്‍ പാകിസ്താന്‍ ഇന്ത്യയെ തോല്‍പ്പിച്ചത് ആഘോഷിച്ചതിനായിരുന്നു ഇത്. ഇത്തരം കാര്യങ്ങള്‍ അംഗീകരിക്കാനാകില്ല എന്നാണ് വൈസ് ചാന്‍സലര്‍ അന്ന് പറഞ്ഞത്. വിദ്യാര്‍ത്ഥികള്‍ മതസൗഹാര്‍ദ്ദം തകര്‍ത്തതായി പൊലീസ് ആരോപിച്ചിരുന്നു. രാജ്യദ്രോഹ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇന്ത്യ – പാക് മത്സരങ്ങളെ കായിക മത്സരങ്ങള്‍ എന്നതിലുപരി ഏറെ വൈകാരികമായും തീവ്ര ദേശീയതയുടെ അടിസ്ഥാനത്തിലുമാണ് ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികളില്‍ വലിയൊരു വിഭാഗം കാണുന്നത്. യുദ്ധം എന്ന് വരെ ഇന്ത്യ – പാക് മത്സരങ്ങള്‍ വിശേഷിപ്പിക്കപ്പെടുന്നുണ്ട്്. സോഷ്യല്‍മീഡിയയില്‍ ഇരു ടീമുകളുടേയും ആരാധകര്‍ തമ്മിലുള്ള വാക് പോരും സജീവമാണ്. ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ ഏറ്റുമുട്ടിയപ്പോളെല്ലാം ഇന്ത്യക്കായിരുന്നു ജയം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍