UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്തു നല്ല നടക്കാത്ത സ്വപ്നം; പാക്കിസ്ഥാന് ഒരു ഇന്ത്യന്‍ ദേശസ്നേഹിയുടെ മറുപടി

Avatar

വിവേക് സുരേന്ദ്രന്‍

( പാകിസ്താന്‍ നാടകകപ്രവര്‍ത്തകനും കൊമേഡിയനുമായ ഷെഹ്ഷാദ് ഘിയ എഴുതിയ-പാക്കിസ്ഥാനെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളേ…! എന്ന ആക്ഷേപഹാസ്യത്തിനു ബദലായി  മാധ്യമപ്രവര്‍ത്തകന്‍ വിവേക് സുരേന്ദ്രന്റെ കുറിപ്പ്)

നിങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണെങ്കില്‍, പാകിസ്ഥാന്റെ ആസ്ഥാനവിദൂഷകനായ ഷെഹ്ഷാദ് ഘിയാസ് എഴുതിയ ‘പാകിസ്ഥാനെ തോല്‍പ്പിക്കാനാവില്ല മക്കളെ…’ എന്ന ലേഖനം കണ്ടിരിക്കും. ഞാനൊരു ആസ്ഥാനവിദൂഷകനല്ല. ഭൂരിപക്ഷം ഇന്ത്യക്കാരെയും പോലെ തമാശകളില്‍ അഭിരമിക്കാത്ത ഒരു മാധ്യമപ്രവര്‍ത്തകനാണ് യഥാര്‍ത്ഥത്തില്‍ ഞാന്‍. അതുകൊണ്ടുതന്നെ ഷെഹ്ഷാദിനും പാകിസ്ഥാനും യുക്തമായ മറുപടി നല്‍കുന്നത് ഉചിതമായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. 

ഒരു കാര്യം വ്യക്തമാക്കിക്കൊണ്ട് ഞാന്‍ ആരംഭിക്കാം. പ്രിയ ഷെഹ്ഷാദ്, ഇന്ത്യയ്‌ക്കെതിരായ ഏതൊരു യുദ്ധവും പാകിസ്ഥാന്‍ ജയിക്കും, പക്ഷെ അത് സ്വപ്‌നങ്ങളില്‍ മാത്രമായിരിക്കും. അതിനുള്ള കാരണങ്ങള്‍ ഞാന്‍ വ്യക്തമാക്കാം. 

ആദ്യമായി, നിങ്ങള്‍ പാകിസ്ഥാനികള്‍ ഒരു പ്രത്യേക രീതിയിലാണ് ഇന്ത്യക്കാരെ നോക്കിക്കാണുന്നത്. ദേശസ്‌നേഹം എന്ന വികാരം ഇന്ത്യക്കാര്‍ക്ക് പൊതുവെ കുറവാണെന്നാണ് നിങ്ങളുടെ ധാരണ. പക്ഷെ അത് 2014ന് മുമ്പുള്ള അവസ്ഥയായിരുന്നു. ഞാന്‍ എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് നിങ്ങള്‍ക്ക് മനസിലായിക്കാണുമല്ലോ. എന്നാല്‍ 2014 മേയ് മാസത്തിന് ശേഷം, ചില ഉദാരവാദികളും ഭൂരിപക്ഷം മലയാളികളും ഒഴികെയുള്ള ഞങ്ങളില്‍ നല്ലൊരു വിഭാഗവും ദേശസ്‌നേഹം എന്ന ആശയത്തിലേക്ക് ചുറുചുറുക്കോടെ നടന്നടുത്തുകൊണ്ടിരിക്കുകയാണ്. എല്ലാ ദിവസവും, സാമൂഹിക മാധ്യമങ്ങളില്‍ മാത്രമല്ല ഒരു ചായയ്‌ക്കോ സിഗരറ്റിനോ ഉള്ള ഇടവേളകളില്‍ പോലും ആണവയുദ്ധത്തിന്റെ സാധ്യതകളെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന രീതിയിലേക്ക് ഈ ആവേശം വളര്‍ന്നുകഴിഞ്ഞു. 

ഇത്രയും വ്യക്തമാക്കിയ സ്ഥിതിക്ക്, ആവശ്യമെങ്കില്‍ ഇന്തോ-പാക് അതിര്‍ത്തിയിലെ നിയന്ത്രണരേഖ കടക്കാനും യുദ്ധം തുടങ്ങുന്നതിന് മുമ്പ് തന്നെ നിങ്ങള്‍ക്കെതിരായ യുദ്ധം ജയിക്കാനുമായി കുറഞ്ഞതു നാലു ലക്ഷം ജനങ്ങളെ (അദ്ദേഹത്തിന്റെ പരിപാടിയുടെ ടിആര്‍പി പ്രകാരം) ഒറ്റയ്ക്ക് അണിനിരത്താന്‍ കഴിയുന്ന ഒരു വാര്‍ത്ത അവതാരകന്‍ ഞങ്ങള്‍ക്കുണ്ടെന്നു കൂടി പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് ജനങ്ങളുടെ ഹൃദയം കവരുന്ന അദ്ദേഹം ഇപ്പോള്‍ തന്നെ നിങ്ങള്‍ക്കെതിരേ നൂറായിരക്കണക്കിന് യുദ്ധങ്ങള്‍ ജയിച്ചുകഴിഞ്ഞു. ഇന്ത്യന്‍ സിനിമയ്ക്ക് ഞങ്ങളുടെ താരം ഷാരൂഖ് ഖാന്‍ നല്‍യിട്ടുള്ള സംഭാവനയെക്കുറിച്ച് വിശദമായി അറിയാവുന്ന ആളെന്ന നിലയിലും ചെന്നൈ എക്‌സ്പ്രസ് പല തവണ കണ്ടിട്ടുള്ളതിനാലും അദ്ദേഹത്തിന്റെ ഒരു സംഭാഷണം ഞാനിവിടെ ഉദ്ധരിക്കുകയാണ്- ‘ഒരു ഇന്ത്യന്‍ അവതാരകന്റെ ശക്തി ഒരിക്കലും കുറച്ചു കാണരുത്.’ ഞങ്ങളുടെ ഇത്തരം കഴിവുകളുള്ള നിരവധി അവതാരകരില്‍ ഒരാള്‍ മാത്രമാണ് ഈ മനുഷ്യന്‍. 

ബോളിവുഡ് താരങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍, ക്രിക്കറ്റ് താരങ്ങള്‍, രാഷ്ട്രീയക്കാര്‍ തുടങ്ങി ഇന്ന് ഇന്ത്യയില്‍ നിങ്ങളുടെ മൊത്തം ജനസംഖ്യയെക്കാള്‍ കൂടുതല്‍ ദേശസ്‌നേഹികളുണ്ട്. ഒരേ മൂശയില്‍ വാര്‍ത്തെടുക്കപ്പെട്ടവാരാണ് നമ്മളൊക്കെ എന്നത് ഒരു യാഥാര്‍ത്ഥ്യമാണെങ്കിലും ഒരു യുദ്ധം വന്നാല്‍ ഒരു കാരുണ്യവും നിങ്ങള്‍ പ്രതീക്ഷിക്കരുത്. നിങ്ങളുടെ ടീമിനെതിരെ ഞങ്ങള്‍ ജയിച്ചിട്ടുള്ള അസംഖ്യം ക്രിക്കറ്റ് മത്സരങ്ങളുടെ ഉദാരണങ്ങള്‍ നിരത്താന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ലെങ്കിലും, അതൊക്കെ ഞങ്ങളുടെ ഭാഗത്തുനിന്നുള്ള ഒരു മുന്നറിയിപ്പായി കാണാന്‍ അഭ്യര്‍ത്ഥിക്കുന്നു. വരാനിരിക്കുന്ന കാര്യങ്ങളുടെ ഒരു ചെറുപതിപ്പ് മാത്രമാണത്. കാരണം ഞങ്ങളെ സംബന്ധിച്ചിടത്തോളം, ബിരിയാണിയെക്കാളും ദേശസ്‌നേഹത്തെക്കാളും ഞങ്ങളെ കൂട്ടിയിണക്കുന്നത് ക്രിക്കറ്റാണ്. ഞങ്ങളില്‍ നിന്നും സാനിയ മിര്‍സയെ നിങ്ങള്‍ തട്ടിപ്പറിച്ചത് മറക്കുകയോ പൊറുക്കുകയോ ചെയ്യില്ലെങ്കിലും, അവര്‍ ഞങ്ങള്‍ക്ക് വേണ്ടിയാണ് നിങ്ങള്‍ക്ക് വേണ്ടിയല്ല കളിക്കുന്നതെന്ന കാര്യം മാറക്കാതിരിക്കുക. 

ഇനി പ്രധാന വിഷയത്തിലേക്ക് വരാം- പാകിസ്ഥാന്‍ കലാകാരന്മാര്‍. മാസ്മരിക സൗന്ദര്യം കൊണ്ടും അന്യദൃശ്യമായ അഭിനയപാടവം കൊണ്ടും ഫവാദ് ഖാനെ ഞങ്ങള്‍ ഇഷ്ടപ്പെടുന്നു എന്നുവെച്ച്, തെറ്റായ വ്യാകരണവും അക്ഷരപ്പിശകുകളും ഉള്ള വ്യാജലേഖനങ്ങള്‍ ഞങ്ങള്‍ പ്രചരിപ്പിക്കില്ലെന്നും ഇന്ത്യക്കാര്‍ ഇടുങ്ങിയ മനസ്സുള്ളവരാണെന്ന് അയാള്‍ ശരിക്കും പറഞ്ഞതായി ലക്ഷക്കണക്കിന് ആളുകളെ തെറ്റിധരിപ്പിക്കില്ലെന്നും കരുതരുത്. മാത്രമല്ല, രാജ്യത്തിന് മുന്നില്‍ കലാകാരന്മാര്‍ വെറും മൂട്ടകളാണെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നുപറയാന്‍ ധൈര്യം കാണിക്കുന്ന ഒരു നാന പടേക്കറെ ഓരോ ഫവാദ് ഖാനും പകരംവെക്കാന്‍ ഞങ്ങള്‍ക്കുണ്ടാവും. 

ഓരോ താഹര്‍ ഷായ്ക്കും പകരം ഞങ്ങള്‍ക്കൊരു കമാല്‍ ആര്‍ ഖാനുണ്ട്. നോക്കു, ഞങ്ങള്‍ ജയിക്കുന്നു. എപ്പോഴും.

അതിഫ് അസ്ലത്തെയും ഷഫഖത്ത് അമാനത് അലി ഖാനെയും നസ്രത്ത് സാഹിബിനെയും രഹത്ത് സാഹിബിനെയും എറ്റവും ഒടുവിലത്തെ ആകര്‍ഷണമായ മോമിന സുഷതെഹ്‌സനെയും ഞങ്ങള്‍ ഇഷ്ടപ്പെടുന്നു എന്നതുകൊണ്ട് അവരെ ഇന്‍സ്റ്റാഗ്രാമില്‍ ഞങ്ങള്‍ പിന്തുടരില്ല എന്ന് നിങ്ങള്‍ തെറ്റിധരിക്കരുത്. അത് ഞങ്ങളുടെ ഉള്ളില്‍ ഉള്ളതാണ്. അത് ഞങ്ങള്‍ തുടരുകയും ചെയ്യും. 

പാകിസ്ഥാന്‍ കലാകാരന്മാരെ ഇന്ത്യയില്‍ വിലക്കുന്നതിനെതിരെ ശബ്ദമുയര്‍ത്തുന്ന ഓം പുരി, കരണ്‍ ജോഹര്‍, എല്ലാവരുടെയും സഹോദരനായ സല്‍മാന്‍ ഖാന്‍ തുടങ്ങിയവരെ പോലുള്ള ആളുകള്‍ ഞങ്ങള്‍ക്കിടയില്‍ ഉണ്ടെന്നുള്ളത് ഒരു ദുഃഖ സത്യമാണ്. പക്ഷെ അവരുടെ സ്ഥാനം എവിടെയാണ് എന്ന് കൃത്യമായി കാണിച്ചുകൊടുക്കുന്നതിനാവശ്യമായ സാമുഹികപരവും വ്യാക്തിപരവുമായ തീക്ഷണ ആരോപണങ്ങള്‍ ഞങ്ങള്‍ ഇതിനകം തന്നെ ഉന്നയിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, അമിതമദ്യപാനത്തിന്റെ പേരില്‍ ഞങ്ങള്‍ ഓംപുരിയുടെ വായടച്ചിട്ടുണ്ട്, ഒരു സ്വവര്‍ഗാനുരാഗിയാണെന്ന് പറഞ്ഞ് കരണ്‍ ജോഹറിനെ വിറപ്പിച്ചിട്ടുണ്ട്, കൂട്ടത്തില്‍ ഏറ്റവും എളുപ്പമുള്ള കാര്യമെന്ന നിലയില്‍ മുസ്ലീമാണെന്ന് ഓര്‍മ്മിപ്പിച്ച് സല്‍മാനെ വരുതിയിലാക്കിയിട്ടുണ്ട്. വ്യക്തമായും ഞങ്ങള്‍ ജയിച്ചിരിക്കുന്നു. അതും ബഹുതല വിജയമാണെന്ന് നിങ്ങള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാം. വ്യക്തിഹത്യയിലൂടെ (ഭീഷണിപ്പെടുത്തി എന്നും വായിക്കാം) ഞങ്ങളുടെ ഊതിവീര്‍പ്പിച്ച ദേശബോധ വികാരത്തെ തൃപ്തിപ്പെടുത്തി എന്നുമാത്രമല്ല പൊതുജനത്തിന്റെ സാമൂഹിക മനഃസാക്ഷിയെ സംതൃപ്തമാക്കുകയും ചെയ്തു. സംഭവം ഇരുതല മൂരിയാണ് സുഹൃത്തെ. 

എങ്ങനെയാണ് പാകിസ്ഥാനി പയ്യന്മാരെ വളഞ്ഞവഴിയില്‍ ചാരദൗത്യങ്ങള്‍ക്കായി പരിശീലിപ്പിക്കുന്നതെന്ന് നിങ്ങള്‍ പരാമര്‍ശിച്ച സ്ഥിതിക്ക് ചില കാര്യങ്ങള്‍ ഞാന്‍ പറയാം. ഞങ്ങളുടെ ജനസംഖ്യയുടെ പകുതിയോളം ദിവസവും തുറന്നയിടങ്ങളില്‍ വിസര്‍ജ്ജിക്കുന്നവരാണെന്ന് മാത്രമല്ല അവരുടെ പ്രവൃത്തി നടക്കുമ്പോള്‍ തന്നെ പിടിക്കപ്പെട്ടാലും ഭൂരിപക്ഷവും രക്ഷപ്പെടുകയും ചെയ്യുന്നു. അരവിന്ദ് കെജ്രിവാള്‍ മുതല്‍ യോഗി ആതിദ്യനാഥ് വരെയുള്ള ഉഗ്രന്‍ നാടകപ്രതിഭകളെ ദിവസവും കൈകാര്യം ചെയ്യുന്ന ഞങ്ങളെ സംബന്ധിച്ചിടത്തോളം പര്‍വേസ് മുഷാറഫിനെ തളയ്ക്കുന്നത് വെറും കുട്ടിക്കളിയാണ്. 

പിന്നെ ഗൂഢാര്‍ത്ഥങ്ങള്‍ പ്രയോഗിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ ഇതിനകം തന്നെ വളരെ വളരെ തോറ്റുകഴിഞ്ഞു. ഗൂഢാര്‍ത്ഥത്തില്‍ (ഒരു കൊട്ടോടെ) പാക് (PAK) എന്ന് ഓരോ വരിയിലും എഴുതാന്‍ ഞങ്ങള്‍ക്ക് സാധിക്കും. അതുപോലെ ഇസ്ലാമ’ബാഡ്’ (IslamaBAD) മുതല്‍ പെഷ’വാര്‍’ (PeshWAR) വരെ ഓരോ പ്രദേശത്തെയും നിലയ്ക്കുനിറുത്തുക മാത്രമല്ല, വേണമെങ്കില്‍ ഒരു പരിപൂര്‍ണ ‘പാക്’രാമനെ (PAKraman) വരെ ഞങ്ങള്‍ സൃഷ്ടിച്ചുകളയും. 

പ്രിയപ്പെട്ട ഷെഹ്ഷാദ്, ഇന്ത്യയിലെ മിക്കവരെയും പോലെ എനിക്കും നിങ്ങളുടെ ലേഖനം ഇഷ്ടമായി. പക്ഷെ ഈ മറുപടിയിലൂടെ നിങ്ങള്‍ നിലംപരിശാക്കി എന്നെനിക്കുറപ്പുണ്ട്.

*ഡെയിലിയോ പ്രസിദ്ധീകരിച്ച ആക്ഷേപ ഹാസ്യ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ

(വിവേക് സുരേന്ദ്രന്‍- എഞ്ചീനയര്‍, മാര്‍ക്കറ്റര്‍ എന്നീ നിലകളില്‍ ജോലിനോക്കിയശേഷം ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകനായി പ്രവര്‍ത്തിക്കുന്നു)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍