UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രം പഠിച്ചാല്‍ മോദി പലസ്തീനെ മാറ്റിനിര്‍ത്തില്ല

Avatar

ടീം അഴിമുഖം

പലസ്തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യവും ആ രാഷ്ട്രം നേരിടുന്ന പ്രശനങ്ങളോടുള്ള കാഴ്ചപ്പാടും സ്വാതന്ത്ര്യസമര കാലത്ത് മഹാത്മാ ഗാന്ധി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. പലസ്തീനിയന്‍ ജനത അനുഭവിക്കുന്ന പ്രശ്‌നങ്ങളോട് തന്മയീഭവിക്കാനും അവരോട് സൗഹൃദഭാവം പുലര്‍ത്താനും ഉതകുന്ന സമഗ്രമായൊരു വിദേശനയവും നമ്മള്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. 1947ല്‍ പലസ്തീന്‍ വിഭജനത്തിനെതിരെ ഐക്യരാഷ്ട്രസഭയില്‍ വോട്ട് ചെയ്തുകൊണ്ട് ഇന്ത്യ ആ കൂറ് വ്യക്തമാക്കിയതും ചരിത്രത്തിന്റെ ഭാഗമാണ്. 1974-ല്‍ പലസ്തീന്‍ ലിബറേഷന്‍ ഒര്‍ഗനൈസേഷനെ (പിഎല്‍ഒ) അംഗീകരിച്ചുകൊണ്ട് ഇത്തരമൊരു തീരുമാനത്തിലെത്തുന്ന ലോകത്തിലെ ആദ്യത്ത നോണ്‍-അറബ് രാജ്യമായും ഇന്ത്യ മാറി എന്ന വസ്തതുതയും സ്മരിക്കേണ്ടതാണ്. 1988ല്‍ പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ച രാജ്യങ്ങളില്‍ ഒന്നായും ഇന്ത്യ നിലകൊണ്ടു. ഒരു സ്വതന്ത്ര രാഷ്ട്രത്തോടുള്ള  മര്യാദയുടേയും വിദേശബന്ധം സുഖമമാക്കുന്നതിന്റെ ഭാഗമായും 1996-ല്‍ ഇന്ത്യ അതിന്റെ പ്രതിനിധികാര്യാലയം പാലസ്തീനില്‍ തുറന്നു. ഗാസയിലായിരുന്ന ഈ ഓഫിസ് 2003-ല്‍ റാമള്ളയിലേക്ക് മാറ്റുകയായിരുന്നു.

പലസ്തീനിലെ സ്ഥിതിഗതികള്‍ വ്യക്തമായി മനസ്സിലാക്കി, അതിനനുഗുണമായ റോള്‍ കൈകാര്യം ചെയ്യാനായിരുന്നു തുടക്കം മുതല്‍ ഇന്ത്യാ ഗവണ്‍മെന്റ് തയ്യാറായത്. സ്വന്തം സ്വത്വം നിലനിര്‍ത്താനുള്ള അവകാശവും അധികാരവും ഒരു ജനതയ്ക്ക് നഷ്ടപ്പെട്ടുകൂടാ എന്ന നിലപാടിലുറച്ചാണ് ഇന്ത്യ പാലസ്തീനിയന്‍ പ്രശ്നത്തില്‍ ഇടപെട്ടിരുന്നതും. 53-മത് യുഎന്‍ ജനറല്‍ അസംബ്ലി സെഷനില്‍ പലസ്തീനിയിന്‍ ജനതയുടെ അത്മനിര്‍ണ്ണയാവകാശത്തിനു വേണ്ടി ഇന്ത്യ വാദമുയര്‍ത്തിയതും ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു. 2003-ല്‍ നടന്ന യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഇസ്രയേല്‍ സുരക്ഷാമതില്‍ നിര്‍മ്മിക്കുന്നതിനെതിരെ പൊതുസഭയുടെ വികാരം പലസ്തീന് അനുകൂലമായി നിലകൊള്ളുന്നതിനായി നമ്മുടെ രാജ്യം വോട്ട് ചെയ്യുകയും ഉണ്ടായി.

2012 നവംബര്‍ 29ന് ചേര്‍ന്ന യുഎന്‍ ജനറല്‍ അസംബ്ലിയിലാണ് യുനെസ്‌കോയില്‍ പൂര്‍ണാംഗത്വം ലഭിക്കാനുള്ള അവകാശം പലസ്തീന് നല്‍കാനുള്ള തീരുമാനം സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ വോട്ട് ചെയ്തത്. പലസ്തീന്റെ ഈ ആവശ്യത്തിന് നിരുപാധിക പിന്തുണ നല്‍കാനും നമുക്ക് സാധിച്ചു.

ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ഉഭയകക്ഷിബന്ധം സുഗമമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് ഇന്ത്യയും പലസ്തീനും തുടക്കം മുതല്‍ ശ്രമിച്ചിരുന്നു. അന്തരിച്ച പലസ്തീന്‍ മുന്‍ പ്രസിഡന്റ് യാസര്‍ അറഫാത്ത് ഇന്ത്യയില്‍ ഒട്ടനേകം തവണ സന്ദര്‍ശനം നടത്തിയിരുന്നത് ഈ ബന്ധം സുദൃഢമാക്കുന്നതിന്റെ ഭാഗമായിരുന്നു. നിലവിലെ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ് ഇതിനകം നാലുവട്ടം തന്റെ സന്ദര്‍ശനം പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇന്ത്യന്‍ പ്രനിധികളും ഇതിനകം നിരവധി തവണ പലസ്തീന്‍ സന്ദര്‍ശനം നടത്തിയിരിക്കുന്നു. 2000-ല്‍ അന്നത്തെ ആഭ്യന്തര മന്ത്രി എല്‍ കെ അദ്വാനിയും ആ വര്‍ഷം തന്നെ വിദേശകാര്യമന്ത്രിയായിരുന്ന ജസ്വന്ത് സിങും പലസ്തീന്‍ സന്ദര്‍ശിച്ചിരുന്നു. യുപിഎ ഭരണകാലത്ത് വിദേശകാര്യ സഹമന്ത്രിയായിരുന്ന ഇ.അഹമ്മദ് മൂന്നു തവണയാണ് ആ രാജ്യംസന്ദര്‍ശിച്ചത്. 2012-ല്‍ വിദേശകാര്യ മന്ത്രിയായിരുന്ന എസ് എം കൃഷ്ണയും പലസ്തീനില്‍ എത്തി.

ബെസ്റ്റ് ഓഫ് അഴിമുഖം 

മോദിയുടെ ചരിത്ര വിഡ്ഢിത്തരങ്ങള്‍
മോദിയുടെ ചെവിയില്‍ ധാര്‍മികത ഓതരുത്
മോദി വന്നാല്‍ ബീഫ് കഴിക്കാമോ ചേട്ടാ?
മോദി പുകഴ്ത്തല്‍ മാത്രം കേള്‍ക്കുമ്പോള്‍
യഥാര്‍ഥത്തില്‍ ആരാണ് നരേന്ദ്ര മോദി?

അന്താരാഷ്ട്ര തലത്തില്‍ ശക്തമായ രാഷ്ട്രീയ പിന്തുണ നല്‍കി എന്നതിനു പുറമെ മറ്റ് രംഗങ്ങളിലും ഭൌതിക-സാങ്കേതിക സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ സഹായങ്ങള്‍ പലസ്തീന്‍ ജനതയ്ക്ക് നല്‍കാനുള്ള സന്മമനസ്സും ഇന്ത്യ കാണിച്ചു. ഉന്നതവിദ്യാഭ്യാസ രംഗത്ത് ആ രാജ്യത്തിന് നമ്മള്‍ നല്‍കിയ രണ്ടു മഹത്തായ സേവനങ്ങളായിരുന്നു ഗാസയിലെ അല്‍-അസര്‍ യൂണിവേഴ്‌സിറ്റിയില്‍ സ്ഥാപിച്ച ജവര്‍ഹാല്‍ നെഹ്‌റു ലൈബ്രറിയും ഗാസ മുനമ്പിലെ ദേര്‍-അല്‍-ബാലയില്‍ സ്ഥിതി ചെയ്യുന്ന പലസ്തീന്‍ ടെക്‌നിക്കല്‍ കോളേജിലെ മഹാത്മാ ഗാന്ധി സ്റ്റുഡന്റ് ആക്ടിവിറ്റി സെന്റര്‍ ആന്‍ഡ് ലൈബ്രറിയും. ഇന്ത്യ-ബ്രസില്‍-സൗത്ത് ആഫ്രിക്ക(IBSA) ഫോറത്തിന്റെ സഹായത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ റാമള്ളയിലെ  ഇന്‍ഡോര്‍ മള്‍ട്ടി പര്‍പപ്പസ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സും പാലസ്തീന്‍ ജനതയ്ക്കുള്ള ഇന്ത്യയുടെ ഉപഹാരമായിരുന്നു. ഇതു കൂടാതെ ഗാസയിലെ അല്‍-ഖുദ് ആശുപത്രിയുടെ പുനഃരുദ്ധാരണത്തിലും നാബ്ലൂസിലെ പുനരധിവാസ കേന്ദ്രത്തിന്റെ നിര്‍മ്മാണത്തിലും ഇന്ത്യന്‍ പങ്കാളിത്തമുണ്ട്.


ഗാസയിലെ അല്‍-അസര്‍ യൂണിവേഴ്‌സിറ്റിയിലെ  ജവര്‍ഹാല്‍ നെഹ്‌റു ലൈബ്രറി

1997ല്‍ ഇന്ത്യയും പലസ്തീനും ഒപ്പുവച്ച ധാരണാപത്ര പ്രകാരം ശാസ്ത്ര-സാങ്കേതിക-വ്യാവസായിക രംഗങ്ങളില്‍ പരസ്പര സഹകരണവും വിദഗ്ധ മേഖലകളില്‍ ആവശ്യമായ പരിശീലന സൗകര്യവും ഉറപ്പാക്കുന്നുണ്ട്. 2008-ല്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസിന്റെ സന്ദര്‍ശനവേളയില്‍ അബുദീസില്‍ ജവഹര്‍ലാല്‍ നെഹ്‌റു ഹൈസ്കൂള്‍ നിര്‍മ്മാണത്തിനുള്ള കരാറും ഇന്ത്യയുമായി ഒപ്പുവച്ചിരുന്നു. 2010-ല്‍ ഇന്ത്യ സന്ദര്‍ശിച്ച പലസ്തീന്‍ ധനമന്ത്രി ഡോ. ഹസന്‍ അബു ലിബയുടെ നേതൃത്വത്തില്‍ വാണിജ്യരംഗത്തെ മുന്നേറ്റത്തിനായി പലസ്തീന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഇന്‍ഡ്രസ്ട്രി ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഫെഡറേഷനും (EPCCIA) ഇന്‍ഡ്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡ്‌സ്ട്രി (FICCI)യും ധാരണാപത്രത്തില്‍ ഒപ്പുവച്ചിരുന്നു.

പലസ്തീനിലെ ഐടി വിദ്യാഭ്യാസ രംഗത്തെ നില മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിരുന്നു 2012ല്‍ മഹമ്മൂദ് അബ്ബാസ് വീണ്ടും ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഒപ്പുവച്ച മൂന്നു ധാരണാപാത്രങ്ങള്‍. ഇതിന്‍ പ്രകാരമായിരുന്നു ഇന്ത്യ രണ്ട് ഐടി സെ്ന്റര്‍ സ്‌കൂളുകളും അതിനാവശ്യമായ സാങ്കേതിക ഉപകരണങ്ങളും പലസ്തീന് കൈമാറിയത്. 2005-ലെ മഹമ്മൂദ് അബ്ബാസിന്റെ സന്ദര്‍ശനവേളയില്‍ 15 മില്യണ്‍ യുഎസ് ഡോളറിന്റെ സാമ്പത്തിക പാക്കേജ് പലസ്തീന് പ്രഖ്യാപിച്ചിരുന്നു. നിരവധി നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലും ഇന്ത്യയുടെ പങ്കാളിത്തം അന്ന് നാം ഉറപ്പു നല്‍കിയിരുന്നു. അതില്‍ ഒന്നായിരുന്നു ഇന്ത്യയിലെ പലസ്തീന്‍ എംബസി.

2007 ഡിസംബറില്‍ സംഘടിപ്പിച്ച പാരീസ് ഡോണേഴ്‌സ് കോണ്‍ഫറന്‍സില്‍ 5 മില്യണ്‍ യുഎസ് ഡോളര്‍ സഹായവാഗ്ദാനം നല്‍കിയ ഇന്ത്യ 2008-ല്‍ മഹമ്മൂദിന്റെ സന്ദര്‍ശന കാലത്ത് അന്ന് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ് പലസ്തീന്‍ നാഷണല്‍ അതോററ്റിക്ക് 10 മില്യണ്‍ യുഎസ് ഡോളറിന്റെ ഗ്രാന്‍റും പാലസ്തീന്‍ ഡവലപ്‌മെന്റ് പ്രോഗ്രാമിന് മറ്റൊരു 10 മില്യണ്‍ ഡോളര്‍ ധനസഹായവും പ്രഖ്യാപിച്ചു. ഈ തുക  2009ല്‍ പലസ്തീന്‍ നാഷണല്‍ അതോറിറ്റിക്ക് കൈമാറുകയും ചെയ്തു. 2010ലും ഇതേ തുക പലസ്തീന്‍ നാഷണ്‍ അതോറിറ്റിക്ക് ഇന്ത്യ ഗവണ്‍മെന്റ് നല്‍കിയിരുന്നു. രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് പലസ്തീന്‍ പ്രസിഡന്റിന്റെ സന്ദര്‍ശന കാലയളവിലാണ് മന്‍മോഹന്‍സിങ് ഗവണ്‍മെന്റ് 10 മില്യണ്‍ യുഎസ് ഡോളര്‍ ബജറ്റ് സഹായമായി പലസ്തീന് പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ ഉന്നതവിദ്യാഭ്യാസത്തിനായി എത്തിയിരിക്കുന്ന പലസ്തീനിയന്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്‍ഡ്യന്‍ കൌണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിന്‍റെ (ഐ സി സി ആര്‍) ജനറല്‍ കള്‍ച്ചറല്‍ സ്‌കോളര്‍ഷിപ്പ് സ്‌കീമും ഇന്ത്യാ ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പലസ്തീനില്‍ നിന്നുള്ള നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് വിവിധ ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികളില്‍ ഉന്നത വിദ്യാഭ്യാസാര്‍ഥം എത്തിയിട്ടുള്ളത്. വിദ്യാഭ്യാസരംഗത്ത് ഇന്ത്യ അകമഴിഞ്ഞ സംഭാവനകളാണ് പലസ്തീന് നല്‍കിവരുന്നതും. 2004 നവംബര്‍ 22 മുതല്‍ ഡിസംബര്‍ 17 വരെ നീണ്ടു നിന്ന സ്പെഷ്യല്‍ കോഴ്സ് ഫോര്‍ പലസ്തീന്‍ ഡിപ്ലോമാറ്റ്സ് (എസ് പി സി ഡി) എന്ന കോഴ്സ് ഫോറിന്‍ സെര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട് സംഘടിപ്പിക്കുകയുണ്ടായി. ഐ ടി ഇ സി പ്രോഗ്രാമില്‍ 40 സ്ലോട്ടുകളാണ് ഇന്ത്യ പലസ്തീന് നല്കിയിരുന്നത്. പിന്നീടത് 2008ല്‍ 60ഉം 2009ല്‍ 100ഉം ആയി ഉയര്‍ത്തി.

വ്യാപാര രംഗം പരിശോധിക്കുകയാണെങ്കില്‍ സ്ഥിരതയാര്‍ന്ന സഹകരണമാണ് ഇന്ത്യ പലസ്തീന് നല്‍കിപ്പോരുന്നത്. തുണിയുത്പ്പന്നങ്ങള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ഗൃഹോപകരണങ്ങള്‍, സ്റ്റേഷനറി ഉത്പന്നങ്ങള്‍, ലെതര്‍ ഉത്പന്നങ്ങള്‍, വ്യവസായ ഉപകരണങ്ങള്‍, ബസ്മതി അരി, വിവിധ വാക്‌സിനുകള്‍, മരുന്നുകള്‍, ശുചിത്വ സാമഗ്രികള്‍, മാര്‍ബിള്‍, ഗ്രാനൈറ്റ് എന്നിങ്ങനെയുള്ള ഉത്പന്നങ്ങള്‍ ഇന്ത്യ പലസ്തീനിലേക്ക് കയറ്റുമതി നടത്തുന്നുണ്ട്.

കലാ-സാംസ്‌കാരിക രംഗത്തും സജീവ സഹകരണമാണ് പലസ്തീനും ഇന്ത്യയുമായി നിലനില്‍ക്കുന്നത്. ഇതിന്റെ ഭാഗമായാണ് മദര്‍ തെരേസ സ്മാരക സ്റ്റാമ്പ് പുറത്തിറക്കാനും വിവിധ പലസ്തീന്‍ നഗരങ്ങളില്‍ ഇന്ത്യന്‍ ചലച്ചിത്ര പ്രദര്‍ശനം ഒരുക്കാനുമൊക്കെ സന്നദ്ധത പലസ്തീന്‍ കാണിച്ചത്. ഇന്ത്യ നല്‍കുന്ന പിന്തുണയ്ക്ക് അവരുടേതായ സംഭാവനകളായി ഇതിനെ കാണാവുന്നതാണ്.

ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണം ഇപ്പോഴും തുടരുകയാണ്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തണമെന്ന എം.പിമാരുടെ ആവശ്യത്തെ തുടക്കം മുതല്‍ നിഷേധ മനോഭാവത്തോടെയാണ് സര്‍ക്കാര്‍ സമീപിച്ചിട്ടുള്ളതും. പലസ്തീനിയന്‍ പ്രശ്നത്തില്‍ ചര്‍ച്ച നടത്തുന്നത് ഏതെങ്കിലും രാജ്യവുമായുള്ള നയതന്ത്രബന്ധത്തെ ഉലയ്ക്കുമെന്ന് പറയുന്നതിന് മുമ്പ് നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്യേണ്ടത് മേല്‍പ്പറഞ്ഞ ചരിത്ര പാഠങ്ങളിലൂടെ ഒന്ന്‍ കണ്ണോടിക്കുകയാണ്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍