UPDATES

ട്രെന്‍ഡിങ്ങ്

സ്വാതന്ത്ര്യസമരവും രാംദേവ് വില്‍ക്കുന്നു; സാമ്പത്തിക സ്വാതന്ത്ര്യത്തിനായി പതഞ്ജലി ഉപയോഗിക്കാന്‍ പരസ്യം

രാജ്യത്ത് സ്വാതന്ത്ര്യ ദിനാഘോഷ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് സാമ്പത്തിക സ്വാതന്ത്ര്യത്തിന് തങ്ങളുടെ അനിവാര്യത അവകാശപ്പെട്ടുള്ള ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തിന്റെ പരസ്യവും വന്നിരിക്കുന്നത്

സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാര്‍ഷികത്തില്‍ പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ ബാബാ രാംദേവിന്റെ പുതിയ പരസ്യതന്ത്രം. ആര്‍എസ്എസും ബിജെപിയുമായും അടുത്ത ബന്ധമുള്ള രാംദേവ് സ്വാതന്ത്ര്യ സമരത്തിന്റെ പേരിലാണ് ഉത്പ്പന്നങ്ങള്‍ വില്‍ക്കാനുള്ള പുതിയ തന്ത്രം മെനഞ്ഞിരിക്കുന്നത്. ആര്‍എസ്എസ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്തവരാണ് എന്ന ആരോപണം നിലനില്‍ക്കെയാണ് ഇത്.

ഒരു വീട്ടില്‍ ഏതാനും സ്ത്രീകള്‍ ഒന്നിച്ചിരിക്കുന്നിടത്ത് ഒരു കുട്ടിയുടെ ചോദ്യത്തില്‍ നിന്നാണ് പരസ്യം തുടങ്ങുന്നത്. ‘അമ്മേ സ്വാതന്ത്ര്യസമരം എത്രകാലം നീണ്ടു നിന്നു’ എന്നാണ് ചോദ്യം. നമ്മുടെ സ്വാതന്ത്ര്യസമരം ഇപ്പോഴും തുടരുകയാണെന്നും സാമ്പത്തിക സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരമാണ് അതെന്നുമാണ് വിശദീകരണം. കൂട്ടത്തില്‍ ഏറ്റവും പ്രായമുള്ള സ്ത്രീ ‘ഞങ്ങളുടെ കുട്ടിക്കാലത്ത് സ്വാതന്ത്ര്യ സമരത്തിനായി ഞങ്ങളുടെ ആഭരണങ്ങള്‍ വരെ ഊരിക്കൊടുത്തിരുന്നു. സാമ്പത്തിക സ്വാതന്ത്ര്യത്തിനായി നിങ്ങള്‍ എന്താണ് ചെയ്യുന്നത്’ എന്ന് ചോദിക്കുന്നു. ‘ഞങ്ങള്‍ക്കെന്ത് ചെയ്യാന്‍ സാധിക്കും’ എന്ന് കൂട്ടത്തിലെ ഒരു യുവതി ചോദിക്കുമ്പോള്‍ അതിനെല്ലാം വഴിയുണ്ട്, പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കൂ എന്ന് പറയുന്നതോടെ മാത്രമാണ് പരസ്യം പതഞ്ജലിയുടേതാണെന്ന് വ്യക്തമാകുന്നത്. പിന്നീട് പതഞ്ജലി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കായി എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും അതിന്റെ ഗുണഫലങ്ങളും വിശദീകരിക്കുന്നു.

രാജ്യത്ത് സ്വാതന്ത്ര്യദിനാഘോഷ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് സാമ്പത്തിക സ്വാതന്ത്ര്യത്തിന് തങ്ങളുടെ അനിവാര്യത അവകാശപ്പെട്ടുള്ള ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തിന്റെ പരസ്യവും വന്നിരിക്കുന്നത്. സ്വാതന്ത്ര്യദിനാഘോഷങ്ങളോടനുബന്ധിച്ച് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നുള്ള കോര്‍പ്പറേറ്റുകളുടെയും അല്ലാത്തതുമായ സ്ഥാപനങ്ങളുടെയും പരസ്യങ്ങള്‍ ധാരാളമുണ്ടാകാറുണ്ടെങ്കിലും സ്വാതന്ത്ര്യ സമരത്തില്‍ അവകാശമുന്നയിക്കുന്ന മറ്റൊരു പരസ്യം ഒരുകാലത്തും ഉണ്ടായിട്ടില്ല.

ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലേറിയതോടെയാണ് പ്രകൃതിദത്തമായ ഉത്പ്പന്നങ്ങള്‍ എന്ന അവകാശവാദവുമായി പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ക്ക് വ്യാപക പ്രചരണം ലഭിച്ചു തുടങ്ങിയത്. അതേസമയം പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ തുടര്‍ച്ചയായി ഫുഡ് സേഫ്റ്റി മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തപ്പെടുകയും ചെയ്തു. എന്നിട്ടും കേന്ദ്രസര്‍ക്കാരിലെ സ്വാധീനം ഉപയോഗിച്ച് രാംദേവ് തന്റെ ഉത്പ്പന്നങ്ങള്‍ വിപണിയിലിറക്കുന്നതും അതിന്റെ പ്രചരണം നടത്തുന്നതും തുടരുകയാണ്. ഭക്ഷണ ഉത്പ്പന്നങ്ങളും സൗന്ദര്യവര്‍ദ്ധക ഉത്പ്പന്നങ്ങളും ഉള്‍പ്പെടെ നിരവധി ഉത്പ്പന്നങ്ങളാണ് പതഞ്ജലിയുടെ പേരില്‍ വിപണിയിലെത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍