UPDATES

ട്രെന്‍ഡിങ്ങ്

ഇന്ത്യ 5 ട്രില്യൺ ഡോളര്‍ സാമ്പത്തിക വ്യവസ്ഥയാകുമ്പോൾ 1 ട്രില്യൺ സംഭാവന യുപിയിൽ നിന്ന്: ‘സന്യാസി’യെ മുഖ്യമന്ത്രിയാക്കിയതിന്റെ കാരണം വിശദീകരിച്ച് അമിത് ഷാ

യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അമിത് ഷാ പറഞ്ഞു. ഭരണച്ചുമതലകൾ വഹിച്ച് പരിചയമില്ലാത്ത ഒരു സന്യാസിയെ മുഖ്യമന്ത്രിയാക്കിയപ്പോൾ പലരും ആശങ്കപ്പെട്ടിരുന്നു.

ഭരണപരമായ മുൻപരിചയമില്ലാതിരുന്നിട്ടും ഒരു സന്യാസിയെ പിടിച്ച് തങ്ങൾ ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രിയാക്കിയത് അദ്ദേഹത്തിന്റെ കഴിവുകളിൽ തനിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഉത്തമ ബോധ്യമുണ്ടായിരുന്നതു കൊണ്ടാണെന്ന് ബിജെപി പ്രസിഡണ്ടും ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. ലഖ്നൗവിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൂടി പങ്കെടുത്ത ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. ഒരു ക്ഷേത്രം നടത്തിപ്പുകാരൻ മാത്രമായിരുന്ന യോഗി ആദിത്യനാഥിന് ഒരു മുനിസിപ്പാലിറ്റിയുടെ ഭരണം നിർവ്വഹിച്ച പരിചയം പോലുമില്ലായിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു.

യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അമിത് ഷാ പറഞ്ഞു. ഭരണച്ചുമതലകൾ വഹിച്ച് പരിചയമില്ലാത്ത ഒരു സന്യാസിയെ മുഖ്യമന്ത്രിയാക്കിയപ്പോൾ പലരും ആശങ്കപ്പെട്ടിരുന്നു. എന്നാൽ കഠിനാധ്വാനം ചെയ്യാനുള്ള യോഗി ആദിത്യനാഥിന്റെ ശേഷിയിൽ താനും മോദിയും വിശ്വാസമുള്ളവരായിരുന്നു. ആ വിശ്വാസം ശരിയാണെന്ന് യോഗി തെളിയിച്ചതായും അമിത് ഷാ അവകാശപ്പെട്ടു.

5 ട്രില്യൺ ഡോളർ സാമ്പത്തിക വ്യവസ്ഥയാകാനുള്ള ഇന്ത്യയുടെ ശ്രമത്തിന് ഉത്തർപ്രദേശിൽ നിന്ന് വലിയ പങ്ക് ലഭിക്കുമെന്ന് അമിത് ഷാ പറഞ്ഞു. സംസ്ഥാനം മാത്രം 1 ട്രില്യൺ സാമ്പത്തികവ്യവസ്ഥയായി മാറുമെന്ന് ഷാ അവകാശപ്പെട്ടു. ഇന്ത്യയെ 2024ാമാണ്ടോടെ 5 ട്രില്യൺ ഡോളർ സാമ്പത്തിക വ്യവസ്ഥയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ പ്രഖ്യാപിച്ചിരുന്നു. നീതി ആയോഗിന്റെ ഗവേണിങ് കൗൺസിൽ യോഗത്തിൽ സംസാരിക്കവെയാണ് ഈ പ്രഖ്യാപനം മോദി നടത്തിയത്. സംസ്ഥാനങ്ങൾ തങ്ങളുടെ ജിഡിപി വളർച്ചാ ലക്ഷ്യങ്ങൾ എത്തിപ്പിടിക്കാൻ ജില്ലാതലങ്ങള്‍ മുതൽ പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയായുണ്ടായി.

അതെസമയം രാജ്യത്തിന്റെ വളർച്ചാനിരക്ക് വലിയ തോതിൽ ഇടിയുകയും, തൊഴിലില്ലായ്മാ നിരക്ക് നാലുപതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം നിലയിലേക്ക് കൂപ്പുകുത്തുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഈ പ്രഖ്യാപനങ്ങളെന്നത് ശ്രദ്ധേയമാണ്. അഞ്ചു വർഷത്തിനുള്ളിൽ 5 ട്രില്യൺ ഡോളർ സാമ്പത്തിക വ്യവസ്ഥയായി മാറുകയെന്നത് അസാധ്യമാണെന്ന് ബിജെപി നേതാവും സാമ്പത്തിക വിദഗ്ധനുമായ സുബ്രഹ്മണ്യൻ സ്വാമി അടക്കമുള്ളവർ ചൂണ്ടിക്കാട്ടിയിരുന്നു.

5 ട്രില്യൺ സാമ്പത്തിക വ്യവസ്ഥയാകുമെന്ന ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനത്തെയും സുബ്രഹ്മണ്യൻ സ്വാമി അടക്കമുള്ളവർ ചോദ്യം ചെയ്യുകയുണ്ടായി. 5 ട്രില്യൺ സാമ്പത്തിക വ്യവസ്ഥയാകുന്നതിനായി 2022ാമാണ്ടോടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാമി ഇങ്ങനെയാണ് ഖണ്ഡിച്ചത്: “2018 ബേസ് ഇയറാക്കി 2022ഓടെ വരുമാനം ഇരട്ടിയാക്കുമെന്നാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറയുന്നത്. അതായത് കാർഷികരംഗത്തിന്റെ മൊത്ത ശരാശരി വളർച്ചാ നിരക്ക് 18 ശതമാനത്തിൽ എത്തിക്കുക എന്ന്. നിലവില്‍ കാർഷിക വരുമാന വളർച്ച വെറും 2 ശതമാനമാണ് എന്നോര്‍ക്കണം.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍