UPDATES

മായ ലീല

കാഴ്ചപ്പാട്

Perpendicular to the system

മായ ലീല

സംസ്കാരമെന്ന മനുഷ്യാവകാശ ലംഘനത്തിന് ഇനി എത്ര സ്ത്രീകളുടെ ജീവിതം വേണം?

ശരീരം സൂക്ഷിക്കാൻ ജനിക്കുന്ന അന്നുമുതൽ പഠിപ്പിക്കും, അത് മാത്രമേ പഠിപ്പിക്കുകയും ഉള്ളൂ. മനസ്സിനെ സൂക്ഷിക്കാൻ, മാനസികാരോഗ്യം കാത്തുസൂക്ഷിക്കാൻ ധൈര്യവും പ്രാപ്തിയും ഉള്ള പെണ്മക്കളെ നിങ്ങൾക്ക് വേണ്ടാത്തതെന്താണ് സമൂഹമേ?

മായ ലീല

“നീയിതു വരെ മരിച്ചില്ലേ” ക്യാൻസർ ആണെന്നറിഞ്ഞ് ചികിത്സ തുടങ്ങിയ കാലത്ത് ഭാര്യയോട് അവരുടെ ഭർത്താവ് ഒരു ദിവസം രാവിലെ ചോദിച്ച ചോദ്യമാണ്…

കഥയാണ്, കഥ പോലെയേ പറയാൻ കഴിയൂ. അവരുടെ കുട്ടിക്ക് dyslexia ആണ്, ഇംഗ്ലീഷിൽ തെറാപ്പി എടുക്കാനാണ് എന്നെ അങ്ങോട്ട് വിളിപ്പിച്ചത്. വളരെ സൗഹൃദത്തിൽ ആയിരുന്നു ഞങ്ങൾ അവിടുന്നങ്ങോട്ട്. ഞാൻ ചെല്ലുമ്പോൾ തന്നെ അവർക്ക് കാൻസർ ആണെന്നത് സ്ഥിരീകരിച്ച് ചികിത്സയും തുടങ്ങിയിരുന്നു. ആറു വര്‍ഷം മുന്നേ തുടങ്ങിയതാണ്, ഞാൻ കാണുന്നത് രണ്ടു വർഷങ്ങൾക്ക് മുന്നേ. എല്ലാ ആഴ്ചയും ക്ലാസ് കഴിഞ്ഞ് പിന്നേയും കുറേ നേരം എന്നെ വർത്തമാനം പറയാൻ ഇരുത്തുമായിരുന്നു. ആന്ധ്രാക്കാരിയാണ്, സിനിമകളെ കുറിച്ചും ഭക്ഷണത്തെ കുറിച്ചും അവരുടെ മകളുടെ കാര്യങ്ങൾ പറഞ്ഞും ഒക്കെ കുറേയധികം നല്ല സായാഹ്നങ്ങൾ. കുട്ടിയുടെ dyslexia-യുടെ കാര്യം അന്വേഷിച്ചു തുടങ്ങിയപ്പോഴാണ് അവരുടെ ജീവിതം കെട്ടഴിച്ച് എൻ്റെ മുന്നിൽ വച്ചത്. അതുവരേയും വളരെ സന്തുഷ്ട കുടുംബം ആയാണ് അവരുടെ വീട്ടിലെ അന്തരീക്ഷം. ഒരു തവണ മാത്രം, ശനിയാഴ്ച ക്ലാസിനു വരട്ടേ എന്ന് ചോദിച്ചപ്പോൾ വേണ്ട പുള്ളിക്കാരൻ വീട്ടിൽ കാണും എന്ന് പറഞ്ഞു. അയാൾ ഉണ്ടെങ്കിൽ എന്താ ക്ലാസ് എടുത്തൂടെ എന്ന് അന്നൊരു കല്ല് കടിച്ചതാണ്; ചോദിച്ചിരുന്നില്ല.

പതിമൂന്ന് വയസ്സുണ്ട് ആ മകൾക്ക് ഇപ്പോൾ, ചുറുചുറുക്കും ഓർമ്മശക്തിയും ഒക്കെയുള്ള മിടുക്കി, ഡോക്ടർ ആവണമെന്ന് ഇപ്പോഴേ തീരുമാനിച്ചു വച്ചിട്ടുണ്ട്, ഡാൻസിനും സ്പോർട്സിനും ഒക്കെ താത്പര്യത്തോടെ ഓടിനടന്ന് പങ്കെടുക്കും, അമ്മയാണ് എല്ലായിടത്തും കൊണ്ടുപോയിരുന്നതും. കുഞ്ഞു മകളാണ് പലപ്പോഴും അമ്മയുടെ കൂടെ ആശുപത്രിയിൽ കൂട്ട് പോയതും, ഭർത്താവ് തിരക്കിലാണല്ലോ… ഭർത്താക്കന്മാരെല്ലാം സദാ തിരക്കിലാണല്ലോ! ഈ കുട്ടിയുടെ വായിക്കാനും എഴുതാനും ഉള്ള ബുദ്ധിമുട്ടുകൾ പെട്ടെന്ന് കൂടിയതാണ്. വല്യ കഥാപ്രസംഗം ഒക്കെ നല്ല ഇംഗ്ലീഷിൽ പറയും. പക്ഷെ എഴുതാനോ വായിക്കാനോ പറഞ്ഞാൽ ഏറ്റവും എളുപ്പമുള്ള സ്പെല്ലിങ് വരെ തെറ്റിക്കും. ഒരിക്കൽ വല്ലാതെ ദേഷ്യം വന്നിട്ട് ഞാൻ ചൂടായി, അമ്മയെ ക്ലാസ് നടക്കുന്ന ഇടത്തേക്ക് വിളിച്ചിട്ടു ചോദിച്ചു ഇതെന്താ ഈ കുട്ടി ഒട്ടും ശ്രദ്ധ കൊടുക്കാത്തത് വായനയിൽ എന്ന്…

അവരുടെ ഭർത്താവിന്റെ മാനസിക പീഡനം സഹിക്കാൻ വയ്യാതെ ഇവരൊരിക്കൽ കുട്ടിയേയും എടുത്ത് അവരുടെ വീട്ടിലേയ്ക്ക് പോയിരുന്നു. രണ്ടു കൊല്ലം മുൻപ്. അന്നിയാൾ ആ കുട്ടിയെ ആണത്രേ സ്ഥിരമായി വിളിച്ച്, തിരികെ വരാൻ പറഞ്ഞു കൊണ്ടിരുന്നത്. അച്ഛന് മകളോട് സംസാരിക്കാനുള്ള അവകാശം നിഷേധിക്കാകാഞ്ഞത് കൊണ്ട് ഇയാൾ എന്തൊക്കെ പറഞ്ഞതിനെ പേടിപ്പിച്ചു എന്നറിയില്ല, എന്തായാലും വലിച്ചിഴച്ച് അവർ തിരികെ ഇയാളുടെ കൂടെ കഴിയാൻ എത്തി. ഉച്ചത്തിൽ സംസാരിച്ചാൽ, ചിരിച്ചാൽ ഒക്കെ അച്ഛൻ ബെൽറ്റ് കൊണ്ട് അടിക്കുമത്രേ. പേടിയാണ് ആ കുഞ്ഞിനെ ബാധിച്ചത്, അതിൻ്റെ ശ്രദ്ധ ഇല്ലാതാക്കിയത്. ജനിതകമായി ഉണ്ടായേക്കാം എന്ന dyslexia-യുടെ സാധ്യതയെ മുഴുവനായും പുറത്തേക്ക് എത്തിച്ചത്. അത് മകൾക്ക് പറ്റിയത്, തെറാപ്പി കൊണ്ട് ഒരു പരിധി വരെ പിടിച്ചു നിർത്താൻ കഴിയുന്നത്.

അമ്മയ്ക്ക് സംഭവിച്ചത് അർബുദം ആണ്. ആദ്യമായി ബ്രെസ്റ്റ് കാന്‍സര്‍ വന്നപ്പോൾ മുതൽ ഡോക്ടർ പറയുന്നത്രേ, ആവശ്യമില്ലാതെ മാനസിക സമ്മർദ്ദമാണ് അവർക്ക് കാണാൻ ഇതില്‍ കാണാന്‍ കഴിയുന്ന ഒരേയൊരു കാരണം. ബ്രെസ്റ്റ് കാന്‍സറും മാനസിക സമ്മർദ്ദവുമായി ബന്ധമുണ്ടെന്നത് പൊതുവിൽ അംഗീകരിക്കപ്പെട്ട ഒരു കാര്യമല്ല, മറ്റു കാരണങ്ങളുടെ അഭാവത്തിൽ ഇതാകാം കാരണം എന്ന തിയറി മാത്രമാണ് വൈദ്യശാസ്ത്രം പറയുക. ഈ സ്ത്രീയ്ക്ക് മറ്റൊരു രീതിയിലും അർബുദം വരാനുള്ള കാരണങ്ങൾ അവർക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. അന്ന് മുതലേ കൗൺസിലിങ് ഒക്കെ കൊടുക്കുന്നുണ്ട്, മാനസികമായി അവരുടെ ആരോഗ്യം വീണ്ടെടുക്കാൻ കൂടി. പക്ഷേ ജീവിക്കുന്നത് ഇയാളുടെ കൂടെയല്ലേ, മരിച്ചില്ലേ മരിച്ചില്ലേ എന്ന് കാത്തിരിക്കുന്ന ഒരാളുടെ കൂടെ ജീവിക്കുന്ന അവരെങ്ങനെ സമ്മർദ്ദം ഇല്ലാതിരിക്കും!

അവരൊരു ടീച്ചർ ആയിരുന്നു. ഉണ്ടായിരുന്ന ജോലിയൊക്കെ വിട്ട് ഇയാൾ യൂറോപ്പിൽ വന്നപ്പോൾ കൂടെ വന്നതാണ്. ഇവിടെ കിട്ടിയ ചികിത്സയുടെ മെച്ചം കൊണ്ട് അവർക്ക് ജീവിതം ആറു വർഷം നീട്ടിക്കിട്ടി. ഇഷ്ടമില്ലാതെയാണ് അയാൾ ഇവരെ വിവാഹം കഴിച്ചത്, അയാൾക്ക് ഉണ്ടായിരുന്ന പ്രണയം ജാതിയുടെ പേരിൽ വീട്ടിൽ സമ്മതിക്കാത്തതിനാല്‍ കൊണ്ടുപോയി കെട്ടിച്ചതാണ് ഇവരെ, ജാതിയും ജാതകവും ഒക്കെ നോക്കി. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതൊക്കെ കുറ്റമായി, അതിന്റെ എല്ലാ അർത്ഥത്തിലും. അവരുടെ സകല അനക്കങ്ങളും അയാൾ കൈപ്പിടിയിൽ ഒതുക്കി വെച്ചു, അയാൾ മറ്റു സ്ത്രീകളുമായി ധാരാളം ബന്ധങ്ങളും നടത്തിപ്പോന്നു.

പത്ത് വയസ്സുള്ള പെൺകുട്ടിയെ ബെൽറ്റ് കൊണ്ട് അടിക്കും എന്നത് വരെ കേട്ടപ്പോൾ എനിക്ക് മതിയായിരുന്നതാണ്. ഇക്കഥകൾ എല്ലാം അവരെന്നോട് കരഞ്ഞുകൊണ്ടാണ് പറയുന്നത്. ദേഷ്യം സഹിക്കാൻ വയ്യാതെ എഴുന്നേറ്റ് നടന്നാണ് ഞാനിതൊക്കെ കേൾക്കുന്നത്. അവരുടെ ഫോണും അതിലെ മെസേജുകളും അവരുടെ വാട്സ്ആപ്പും ഒക്കെ ഇയാളുടെ നിരീക്ഷണത്തിലാണ്. ഫേസ്ബുക്കിൽ ഒന്നും പോകാൻ സമ്മതിക്കുക തന്നെയില്ല. ഒരുപാട് സോഷ്യൽ ആക്ടിവിറ്റീസ് ഒക്കെ ഉണ്ടായിരുന്ന സ്ത്രീയാണ്. അവരെ കുട്ടിയെ നോക്കലും കഞ്ഞീം കറീം വെക്കലും മാത്രമായി ചുരുക്കി കെട്ടി.

പിന്നേയും എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട്, മാനസിക പീഡനവും ശാരീരിക പീഡനവും ഒക്കെയും. ഞാൻ ചോദിച്ചില്ല. പകരം അവരോട് എന്തിനാണ് ഇനിയും ഇവിടെ നിൽക്കുന്നതെന്ന് ചോദിക്കാനേ പറ്റിയുള്ളൂ. ചികിത്സയുടെ മെച്ചം ഇവിടെ ആയതുകൊണ്ടാണ് ഇല്ലെങ്കിൽ വീണ്ടും ഇന്ത്യയിലേയ്ക്ക് തിരികെ പോയേനെ എന്നവർ. കൂനിന്മേൽ കുരു പോലൊരു അവസ്ഥ! അവരുടെ മുന്നിൽ വച്ച് കരഞ്ഞില്ല, വീട്ടിൽ വന്ന് കുറേ കരഞ്ഞു. എന്തിനാണ് നമ്മുടെ സ്ത്രീകൾ ഇങ്ങനെ ചത്ത് ജീവിക്കുന്നത്? ഉപദ്രവിക്കുന്നവരെ സഹിക്കാൻ വേണ്ടി മാത്രം പെൺകുഞ്ഞുങ്ങളെ ഈ നശിച്ച സമൂഹം എന്തിനാണ് വളർത്തി വിടുന്നത്?

ശരീരം സൂക്ഷിക്കാൻ ജനിക്കുന്ന അന്നുമുതൽ പഠിപ്പിക്കും, അത് മാത്രമേ പഠിപ്പിക്കുകയും ഉള്ളൂ. മനസ്സിനെ സൂക്ഷിക്കാൻ, മാനസികാരോഗ്യം കാത്തുസൂക്ഷിക്കാൻ ധൈര്യവും പ്രാപ്തിയും ഉള്ള പെണ്മക്കളെ നിങ്ങൾക്ക് വേണ്ടാത്തതെന്താണ് സമൂഹമേ? പെൺശരീരങ്ങൾക്ക് കൊടുക്കുന്ന പ്രാധാന്യം അവളുടെ മനസ്സിനില്ലാതെ പോയതെന്താണ്! എല്ലാം സഹിക്കാൻ അവളെ പഠിപ്പിച്ച് പഠിപ്പിച്ച് ജീവിതം അവസാനിപ്പിച്ച് കൊന്നുകളയുകയാണ് നിങ്ങൾ ചെയ്യുന്നത്. സ്നേഹിക്കപ്പെടാനും ബഹുമാനിക്കപ്പെടാനും ഏതൊരു സ്ത്രീയും അർഹയാണ്. ഇനിയും എന്നാണിത് സമൂഹം അംഗീകരിക്കാൻ പോകുന്നത്?

അവരെ അവസാനം കാണുമ്പോൾ ഏറ്റവും ഭീകരമായ അവസ്ഥയായിരുന്നു… മുഖമെല്ലാം വീർത്തുകെട്ടി, മുടിയെല്ലാം പോയി, കൂഞ്ഞികൂടി ഒരു മൂലയ്ക്ക് ഒരു ബ്ലാങ്കറ്റിന്റെ അടിയിൽ… ആറു വര്‍ഷം അവർ ഇതിനെ പ്രതിരോധിച്ചു. അവസാനം ഒരു മോർച്ചറിയിൽ തണുപ്പിൽ കിടക്കുന്നുണ്ട്. എന്റെ ഫോണിൽ അവര്‍ രണ്ടു ദിവസം മുൻപ് അയച്ച മെസേജ് ഉണ്ട്, അടുത്തയാഴ്ച ക്ലാസിനു ചെല്ലേണ്ടുന്നതിനെ പറ്റി. എൻ്റെ സ്വപ്നത്തിലും അവരെന്നോട് എൻ്റെ മോളുടെ പഠനം നോക്കിക്കോണേ എന്ന് പറയുന്നുണ്ടായിരുന്നു. കടന്നു ചിന്തിച്ചിതെന്റെ ഉത്തരവാദിത്തം ആക്കേണ്ടതില്ല, പക്ഷേ ഒരു സമൂഹത്തിന് ഈ മരണത്തിനു മേൽ ഉത്തരവാദിത്തമുണ്ട്. ജാതിയുടെ പേരിൽ വിവാഹങ്ങൾ തടയുന്ന, കുടുംബ ബന്ധങ്ങളുടെ പേരിൽ പീഡനം സഹിക്കാൻ പഠിപ്പിക്കുന്ന സംസ്കാരത്തിന് ഉത്തരവാദിത്തമുണ്ട്. സ്ത്രീകളുടെ മാനസികാരോഗ്യം നിങ്ങളുടെയും ഉത്തരവാദിത്തമാണ് സമൂഹമേ. പ്രശ്നങ്ങളുമായി വരുന്ന സ്ത്രീകളെ സഹിക്കാൻ പഠിപ്പിക്കല്ലേ ഇനിയെങ്കിലും, കൗൺസിലിങ്ങിന്റെ പേരിൽ സദാചാര സംസ്കാര ക്ളാസുകൾ എടുക്കാതിരിക്കൂ. അവരുടെ പ്രശ്നങ്ങളെ നേരിടാനും വേണമെങ്കിൽ എല്ലാം ഒഴിവാക്കി സമാധാനത്തോടെ കഴിയാനും ഉള്ള പ്രാപ്തി കൊടുക്കുകയാണ് നിങ്ങൾ ചെയ്യണ്ടത്.

സ്ത്രീകളുടെ ജീവന്റെ വിലയില്ല ഈ നശിച്ച സമൂഹത്തിന്റെ അടിത്തറയ്ക്ക്, സംസ്കാരത്തിന്റെ വർണ്ണക്കടലാസിന്. കല്യാണം കഴിഞ്ഞാൽ, ഒരമ്മയായാൽ പിന്നെ സകലതും തിരിയുന്നത് ഭർത്താവിന്റെയും മക്കളുടേയും നിലനിൽപ്പിനായി ആണെന്ന പിടിവാശി ഇനിയെങ്കിലും കളയണം. സ്ത്രീകൾക്ക് അവരുടേതായ ആവശ്യങ്ങളും അവകാശങ്ങളും ഉണ്ട്, കൂട്ടുകാരുമായി പുറത്തു പോകാൻ, സ്വന്തമായി അദ്ധ്വാനിച്ച് സമ്പാദിക്കാൻ, സോഷ്യൽ ആക്ടിവിറ്റീസില്‍ പങ്കെടുക്കാൻ, സിനിമയ്ക്ക് പോകാൻ, യാത്രകൾ പോകാൻ, നൃത്തം ചെയ്യാൻ, ഹോബികൾ വളർത്താൻ; ഏറ്റവും പ്രാധാന്യമാണ് ഒരു ആരോഗ്യമുള്ള മനസ്സ് നിലനിർത്താൻ അവർക്കും അവകാശമുണ്ട്. പരസ്പരം ഒരുമിച്ച് പോകാൻ കഴിയുന്നില്ലെങ്കിൽ ആ ബന്ധം വേർപെടുത്താൻ, ആവശ്യം ഉണ്ടെങ്കിൽ അത് ചെയ്യാൻ നിങ്ങൾ സ്ത്രീകളെ പ്രാപ്തരാക്കൂ, സഹനം സഹനം എന്ന പേരിൽ പീഡനം വച്ച് പുലർത്താതെ. ഭയങ്കര പീഡനമാണിത്. ഭർത്താവും കുട്ടിയും ഒരുമിച്ച് ജീവനോടിരിക്കാൻ ഒരു സ്ത്രീയും ജീവൻ കളയേണ്ട കാര്യമില്ല. ഒരിക്കലും അതിൻ്റെ ആവശ്യമില്ല. മനുഷ്യാവകാശ ലംഘനം എന്ന് വേണം ഒറ്റവാക്കിൽ ഈ ഇന്ത്യൻ സംസ്കാരത്തെ പറ്റി പറയാൻ, സ്ത്രീകളുടെ കാര്യത്തിൽ. ഇനിയെങ്കിലും ആ സംസ്കാരം സംസ്കരിച്ചെടുക്കണം.

കഴിഞ്ഞ ദിവസം കണ്ട മറ്റൊരു ഭർത്താവ് അയാളുടെ ഭാര്യയെ പറ്റി വേറൊരു സ്ത്രീയോട് പറഞ്ഞതിന്റെ സ്ക്രീൻഷോട്ട് ആണിത്!

നോക്കൂ അയാളെന്ത് ഉറക്കെയാണ് അയാളുടെ ഭാര്യ വെറുമൊരു മാംസക്കഷ്ണം ആണെന്ന് പ്രഖ്യാപിക്കുന്നത്! അവരെന്ത് മാനസികപീഡനങ്ങളിൽ കൂടെയാണ് കടന്നു പോകുന്നുണ്ടാവുക! ചിന്തിക്കാൻ കഴിയുന്നില്ല.

ഇതാ ഇന്ന് വെളുപ്പിനെ ഞാനറിഞ്ഞു, എന്റെ സുഹൃത്ത് മരിച്ചു. പ്രതീക്ഷകളിലും സ്നേഹത്തിലും വളർത്തിയ ഒരു മകൾ മരിച്ചു, പതിമൂന്ന് വയസ്സുള്ള ഒരു കുട്ടിയുടെ അമ്മ മരിച്ചു… കൂട്ടത്തിൽ തലവേദന ആയിരുന്ന വേണ്ടാത്ത ഒരു ഭാര്യയും മരിച്ചു.
അവർ മരിച്ചു പോയി… താലിയുടെ പവിത്രത കാത്തുസൂക്ഷിച്ചുകൊണ്ടവർ മരിച്ചു പോയി, ഭർത്താവിനെ അനുസരിച്ച് അവർ മരിച്ചു പോയി… കൊല്ലപ്പെട്ടെന്ന് ഞാൻ പറയും, ഞാൻ ഉച്ചത്തിൽ പറയും, അവരെ കൊന്നതാണ്.

 

 

മായ ലീല

മായ ലീല

പാവപ്പെട്ടവരെ എല്ലാക്കാലത്തും ചൂഷണം ചെയ്യുന്നതും അസമത്വം വളര്‍ത്തുന്നതും സ്ത്രീകളോട് മനുഷ്യത്വരഹിതമായി പെരുമാറുന്നതും അവരെ സമൂഹത്തിന്റെ പാര്‍ശ്വധാരയിലേക്ക് തള്ളി മാറ്റുന്നതുമായ വ്യവസ്ഥിതിയോട് ഒരു തരത്തിലുള്ള സന്ധിയും പാടില്ല. അതാണ് എന്റെ രാഷ്ട്രീയവും എന്റെ ഐഡന്റിറ്റിയും. അത്തരം വ്യവസ്ഥിതിയോടുള്ള കലഹങ്ങളും പോരാട്ടങ്ങളുമാണ് Perpendicular to the system. അത് സമൂഹത്തിന്റെ മുഖ്യധാരയോട് ചേര്‍ന്നു നില്‍ക്കുന്നതായിക്കൊള്ളണമെന്നുമില്ല. അധ്യാപികയും ഗവേഷകയുമാണ് മായ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍