UPDATES

ട്രെന്‍ഡിങ്ങ്

പിഡിപി എംപിമാരോട് രാജിവെയ്ക്കാന്‍ മെഹബൂബ മുഫ്തി, കാശ്മീരില്‍ അറസ്റ്റ് തുടരുന്നു, ശ്രീനഗറിലെത്തുന്ന ഗുലാം നബി ആസാദിനെ തിരിച്ചയച്ചേക്കും

സുരക്ഷാ സൈന്യം പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ 17 കാരന്‍ ഝലം നദിയില്‍ ചാടി മരിച്ചു.

കാശ്മീര്‍ വിഭജനത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ട മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പിഡിപി എംപിമാരോട് രാജിവെയ്ക്കാന്‍ നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ട്. അറസ്റ്റില്‍ കഴിയുന്ന മെഹ്ബൂബ ഇതു സംബന്ധിച്ച നിര്‍ദ്ദേശം പാര്‍ട്ടിയുടെ രാജ്യസഭയിലെ രണ്ട് എംപിമാര്‍ക്ക് നല്‍കിയതായാണ് റിപ്പോര്‍ട്ട്.

പിഡിപിയ്ക്ക് രണ്ട് രാജ്യസഭ എംപിമാരാണുള്ളത്. കാശ്മീര്‍ വിഭജനത്തിനായുള്ള ബില്ല് അവതരിപ്പിച്ചപ്പോള്‍ എം പിമാരായ മിര്‍ ഫായസും നാസിര്‍ അഹമ്മദ് ലാവെയും ഭരണഘടന കീറി കളയാന്‍ ശ്രമിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇവരെ രണ്ടുപേരെയും രാജ്യസഭ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സഭയില്‍നിന്ന് വാച്ച് ആന്റ് വാര്‍ഡ് നീക്കം ചെയ്യുകയായിരുന്നു.

വീട്ടുതടങ്കലില്‍നിന്ന് ഗസ്റ്റ് ഹൗസിലേക്ക് മാറ്റുന്നതിനിടെയാണ് എം പിമാര്‍ക്ക് രാജിവെയ്ക്കാനുള്ള നിര്‍ദ്ദേശം നല്‍കിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മുന്‍ മുഖ്യമന്ത്രിയെ ഹരിസിംങ് നിവാസ് ഗസ്റ്റ് ഹൗസില്‍നിന്നും ചേഷ്മാ സാഹി ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റൊരു മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും അറസ്റ്റിലാണ്.

അതിനിടെ തുടര്‍ച്ചയായ നാലാം ദിവസവും കാശ്മീരില്‍ നിരോധനാജ്ഞ തുടരുകയാണ്. വാര്‍ത്താ വിനിമയ ബന്ധങ്ങള്‍ ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല.

നാനൂറോളം പേരെ ഇന്നലെ സുരക്ഷ സൈന്യം കസ്റ്റഡിയിലെടുത്തതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ കോളെജ് അധ്യാപകനും മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളിലും വിഘടന വാദ സംഘടനകളിലും പെട്ട ആളുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സുരക്ഷാ സൈന്യം പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ 17 കാരന്‍ ഝലം നദിയില്‍ ചാടി മരിച്ചു.

പിഡിപിയുടെയും നാഷണല്‍ കോണ്‍ഫറന്‍സിന്റെയും നൂറു കണക്കിന് പ്രവര്‍ത്തകരെ ഷെര്‍ ഇ കാശ്മീര്‍ അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ തടവില്‍വെച്ചിരിക്കയാണെന്നും വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ബാരാമുള്ളയിലേയും ഗുറെസിലെയും കേന്ദ്രങ്ങളിലും വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ പ്രവര്‍ത്തകരെ തടവിലിട്ടുണ്ട്.

കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ഇന്ന് ശ്രീനഗര്‍ സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തെ വിമാനത്താവളത്തില്‍നിന്ന് പുറത്തുകടക്കാന്‍ അനുവദിക്കില്ലെന്നാണ് സൂചന. അവിടെനിന്നുതന്നെ ഗുലാം നബി ആസാദിനെ തിരിച്ചയച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ദോവല്‍ ശ്രീനഗറില്‍ ക്യാമ്പ് ചെയ്ത് സ്ഥിതി ഗതികള്‍ വിലയിരുത്തിയിരുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍